30 April 2024, Tuesday

Related news

April 29, 2024
April 12, 2024
March 1, 2024
February 23, 2024
February 2, 2024
January 22, 2024
January 9, 2024
January 3, 2024
December 28, 2023
December 26, 2023

2006ന് ശേഷം മിച്ചഭൂമി സ്വന്തമാക്കിയവര്‍ക്ക് സംരക്ഷണമില്ല‍‌: മന്ത്രി രാജന്‍

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
December 12, 2022 11:32 pm

2006ന് ശേഷം മിച്ചഭൂമി സ്വന്തമാക്കിവച്ചവർ എത്ര ഉന്നതരായാലും കർശനമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി കെ രാജൻ. രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടുകളുടെ ഭാഗമായി ഹാരിസൺ ഉൾപ്പെടെയുള്ള 68 തോട്ടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നടപടികൾ നിലവിലുണ്ട്.
നിയമനിർമ്മാണം നടത്തിയാണെങ്കിലും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് കൊടുക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. കൈവശക്കാർക്കു മാത്രമല്ല തണ്ടപ്പേരിനുപോലും അവകാശമില്ലാത്ത പ്രാക്തന ഗോത്രവർഗക്കാരുൾപ്പെടെയുള്ളവർക്ക് ആ ഭൂമി കൈമാറും. 2021‑ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി), 2022ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ (ഭേദഗതി) എന്നീ ബില്ലുകളുടെ ചർച്ചയ്ക്കു മറുപടി നൽകുകയായിരുന്നു റവന്യൂ മന്ത്രി.
മിച്ചഭൂമിയുമായി ബന്ധപ്പെട്ട് 2005 വരെയുള്ള വിഷയങ്ങള്‍ അവസാനിപ്പിക്കാനാണ് 7ഇ ഭേദഗതി നടപ്പിലാക്കിയത്. 2005 ലെ പ്രസ്തുത ഭേദഗതി പ്രാബല്യത്തിലായ 2006 വരെയുള്ളവരെ മാത്രമേ മിച്ചഭൂമിക്ക് അർഹതയുള്ള പാട്ടക്കാരായി കരുതൂ. 1964നും 2005 നുമിടയിൽ മിച്ചഭൂമി വിലയ്ക്കു വാങ്ങിയ വ്യക്തിക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ലാന്റ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് 2021‑ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) ബിൽ. 1964 ന് മുമ്പ് കൈവശം വച്ചതോ അതിനുശേഷം വിലയ്ക്ക് വാങ്ങിയതോ ആയ മിച്ചഭൂമി (നാല് ഏക്കർ വരെ)യുടെ ഉടമയെ കുടിയാനായി കണക്കാക്കി ക്രയസർട്ടിഫിക്കറ്റ് നൽകാൻ നേരത്തെ വ്യവസ്ഥ കൊണ്ടുവന്നിരുന്നു. ഇതുസംബന്ധിച്ച് ലാന്റ് ട്രൈബ്യൂണൽ പുറപ്പെടുവിക്കുന്ന ഉത്തരവ് ചോദ്യം ചെയ്യാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ല. ലാന്റ് ട്രൈബ്യൂണലുകളുടെ ഉത്തരവിൽ അപ്പീൽ നൽകാൻ അനുവാദം നൽകുന്നതാണ് പുതിയ ഭേദഗതി. 

അന്യാധീനപ്പെട്ട സർക്കാർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചപ്പോൾ ഹൈക്കോടതിയിൽ എതിർകക്ഷികൾ നിയമനടപടികൾ ആരംഭിച്ചു. സ്പെഷ്യൽ ഓഫീസർക്ക് ഭൂമി തർക്കങ്ങളിൽ ഉടമസ്ഥത നിശ്ചയിക്കാൻ അധികാരം ഇല്ലെന്നും ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് സർക്കാരിന് തർക്കമുണ്ടെെങ്കിൽ സിവിൽ കോടതി വഴി പരിഹാരം തേടണമെന്നും കോടതി നിർദേശിച്ചു. നാളിതുവരെ 68 കേസുകളിലായി 1,60,695.15 ഏക്കർ ഭൂമി സർക്കാരിന്റെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമി തിരിച്ച് പിടിക്കുന്നതിന് 68 സിവിൽ കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു, മന്ത്രി വിശദീകരിച്ചു. 

മണൽവാരലുമായി ബന്ധപ്പെട്ട് ചട്ടലംഘനത്തിനുള്ള പിഴത്തുക 25,000 രൂപയിൽ നിന്ന് അഞ്ചു ലക്ഷമായി ഉയർത്തുന്നതാണ് 2022‑ലെ കേരള നദീസംരക്ഷണവും മണൽവാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ. മണൽവാരലുമായി ബന്ധപ്പെട്ട ചട്ടലംഘനത്തിന് രണ്ടു വർഷം വരെ തടവ് ശിക്ഷയോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ എന്നതിൽ പിഴ അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തി ഭേദഗതി വരുത്തി. ചട്ടലംഘനം തുടരുന്ന ഓരോ ദിവസത്തിനും 1000 രൂപയായിരുന്ന അധിക പിഴ 50,000 ആക്കി വർധിപ്പിച്ചു. ഇത്തരം കേസുകളിൽ കണ്ടുകെട്ടുന്ന മണലിന്റെ മതിപ്പ് വില ജില്ലാ കളക്ടർ നിശ്ചയിച്ച് നടപടി ക്രമങ്ങൾ പാലിച്ച് വിവിധ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ലേലത്തിലൂടെ വില്പനനടത്താനും വ്യവസ്ഥയുണ്ട്. ബില്ലുകൾ നിയമസഭ പാസാക്കി. 

Eng­lish Sum­ma­ry: No pro­tec­tion for those who acquired sur­plus land after 2006: Min­is­ter Rajan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.