18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 14, 2024
November 14, 2024

കോഴിക്കോട് മെഡിക്കൽ കോളജില്‍ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന് കീഴിൽ അപൂർവ്വ ശസ്ത്രക്രിയ

Janayugom Webdesk
കോഴിക്കോട്
December 13, 2022 7:31 pm

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന് കീഴിൽ അപൂർവ്വ ശസ്ത്രക്രിയ. അറ്റ് താഴെ വീണ രണ്ട് പേരുടെ കൈപ്പത്തികളാണ് പ്ലാസ്റ്റിക് സർജറി വിഭാഗം തുന്നിച്ചേർത്തത്. കോഴിക്കോട് മെഡിക്കൽ കോളെജിൽ ഇത്തരത്തിലൊരു നേട്ടം ആദ്യത്തേതാണെന്ന് മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി അറിയിച്ചു. തൃശ്ശൂർ ചെറുതുരുത്തി സ്വദേശി നിബിൻ (22), അതിഥി തൊഴിലാളിയായ അസം സ്വദേശി അയിനൂർ (32) എന്നിവരുടെ അറ്റുപോയ കൈപ്പത്തികളാണ് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തത്. കുടുംബ കലഹത്തെ തുടർന്ന് കത്തി കൊണ്ടുള്ള വെട്ടേറ്റാണ് നിബിന്റെ വലതു കൈ അറ്റുപോയത്. ഈർച്ചമിൽ ജീവനക്കാരായ അയിനൂറിന്റെ ഇടത് കൈപ്പത്തി മെഷിനിൽ കുടുങ്ങി അറ്റുപോവുകയായിരുന്നു.

നിബിനെ ഈ മാസം ഏഴിനും അയിനൂറിനെ കഴിഞ്ഞ മാസം പതിനാലിനുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 13 മണിക്കൂർ എടുത്താണ് നിബിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. അയിനൂറിന്റെ ശസ്ത്രക്രിയയ്ക്ക് എട്ട് മണിക്കൂറും സമയമെടുത്തു. സ്വകാര്യ ആശുപത്രിയിൽ ഏകദേശം നാലു ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയയാണ് മെഡിക്കൽ കോളെജിൽ തീർത്തും സൗജന്യമായി ചെയ്തതെന്ന് മെഡിക്കൽ കോളെജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. എ പി പ്രേംലാൽ വ്യക്തമാക്കി.

ശസ്ത്രക്രിയ ചെയ്ത അവയവങ്ങളുടെ പ്രവർത്തനം എൺപത് ശതമാനത്തോളം പഴയ രൂപത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരുവർക്കും എട്ട് ആഴ്ച കഴിഞ്ഞ് ഫിസിയോ തെറാപ്പി ആരംഭിക്കും. സ്പർശന ശേഷി തിരികെ കിട്ടുന്നതിന്ന് ഒന്നര വർഷം വേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം. ആധുനിക മൈക്രോസ്കോപ്പ് ഉപയോഗിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെയാണ് രക്തധമനികളും അസ്ഥികളും തുന്നിച്ചേർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രക്തധമനികളെ തമ്മിൽ ചേർക്കുന്നതിന് സഹായിക്കുന്ന ഓപറേറ്റിംഗ് മൈക്രോസ്കോപ് ആശുപത്രിയിൽ പുതുതായി എത്തിയതാണ്. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് മെഡിക്കൽ കോളെജിന്റെ പുതിയ മുന്നേറ്റം.

ശസ്ത്രക്രിയക്ക് പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. എൻ പ്രവീൺ, ഡോ. അനു ആന്റോ കല്ലേരി, ഡോ. കുഞ്ഞുമുഹമ്മദ്, ഡോ. നജീബ് മുഹമ്മദ്, ഡോ. അക്ഷത മെനഡൽ, ഡോ. റോഷ് ജോ, ഡോ. പ്രിയവ്രത, ഡോ. വരുൺ, ഡോ: . അക്ഷയ, അനസ്തേഷ്യേ വിഭാഗത്തിലെ ഡോ. അബ്ദുൽ ലത്തീഫ്, ഡോ. എലിസബത്ത്, ഡോ. അസ്മ, ഡോ. ആതിര, ഡോ. ഋതുൽ, ഡോ. ഹസ്ന, ഡോ. വ്യാസ്, ഡോ. അനു, ഡോ. സഹല, അസ്ഥിരോഗ വിഭാഗത്തിലെ ഡോ. ജേക്കബ് മാത്യു, ഡോ. കെ. രാജു, ഡോ. മനു, ഡോ. ഖയാസ്, ഡോ. അക്ഷയ് എന്നിവരും സ്റ്റാഫ് നഴ്സുമാരായ അഭിജിത്ത്, ഷൈമ, മീര, ദിവ്യ എന്നിവരും ചേർന്ന സംഘമാണ് നേതൃത്വം നൽകിയത്.

അവയവം ആശുപത്രിയിലെത്തിക്കുമ്പോൾ ജാഗ്രത പുലർത്തണം:ഡോക്ടർ

അപകടത്തിൽ മുറിഞ്ഞുപോയ അവയവം ആശുപത്രിയിലെത്തിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ. അവയവം ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ശേഷം ഐസ് കട്ടകൾ നിറച്ച മറ്റൊരു കവറിലിടുകയാണ് വേണ്ടത്. ഐസ് കഷ്ണങ്ങൾ അവയവത്തിൽ നേരിട്ട് സ്പർശിക്കരുത്. എത്രയും പെട്ടന്ന് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞാൽ അത്രകണ്ട് തുന്നിച്ചേർക്കൽ പ്രക്രിയ വിജയകരമായി നടത്താൻ കഴിയും. സമയം വൈകുന്തോറും കോശങ്ങൾ നശിക്കും. വെച്ചു പിടിപ്പിച്ച അവയവം ഭൂരിപക്ഷം കേസുകളിലും എൺപത് ശതമാനത്തോളം പ്രവർത്തനക്ഷമമാകാറുണ്ട്. സ്പർശന ശേഷി തിരിച്ചു കിട്ടാൻ ഏകദേശം ഒരു വർഷത്തോളമെടുക്കും. ഈ കാലയളവിൽ വെച്ചു പിടിപ്പിച്ച അവയനത്തിൽ ചൂടുവെള്ളം കൊണ്ട് സ്പർശിക്കരുതെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

Eng­lish Summary:Rare surgery under plas­tic surgery depart­ment at Kozhikode Med­ical College
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.