22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
August 24, 2024
July 17, 2024
July 17, 2024
February 6, 2024
January 16, 2024
September 3, 2023
August 2, 2023
June 29, 2023

അണ്‍സ്റ്റോപ്പബിള്‍; അര്‍ജന്റീനയ്ക്ക് ആറാം ഫൈനല്‍ പ്രവേശനം

Janayugom Webdesk
ദോഹ
December 14, 2022 11:22 pm

എത്ര വലിയ മാന്ത്രിക പൂട്ടിട്ട് പൂട്ടിയാലും അയാളെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചു. കാരണം മിശിഹ എന്ന് ലോകം വാഴ്ത്തുന്ന ലയണല്‍ മെസി തന്റെ ടീമിനോടൊപ്പം ആ സ്വപ്നഫൈനലിലെത്തിയിരിക്കുന്നു. ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളു‍കള്‍ക്ക് തകര്‍ത്ത് ആധികാരിക ജയത്തോടെയാണ് അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ കടന്നത്. അർജന്റീനയുടെ ആറാം ഫൈനൽ പ്രവേശനമാണ് ഇത്. 2018 ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയോട് ഏറ്റ തോ­ൽവിക്ക് പകരംവീട്ടി അർജന്റീന. റഷ്യൻ ലോകകപ്പിൽ ഏതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യ അർജന്റീനയെ തോൽപ്പിച്ചിരുന്നു. അതേ സ്കോറിൽ ക്രൊയേഷ്യയെ തോൽപ്പിച്ചാണ് അർജന്റീനയുടെ മധുരപ്രതികാരം.

ഒരു ഗോള്‍ നേടുകയും മൂന്നാം ഗോളിനു വഴിയൊരുക്കുകയും ചെയ്ത മെസിയുടെ മാജിക്കല്‍ പ്രകടനമാണ് അര്‍ജന്റീനയെ കലാശപ്പോരിനു യോഗ്യത നേടാന്‍ സഹായിച്ചത്. കളിയുടെ ആദ്യ 20 മിനിറ്റില്‍ ക്രൊയേഷ്യയുടെ സ­മ്പൂര്‍ണ ആധിപത്യമാണ് കണ്ടതെങ്കില്‍ ലീഡ് നേടിയ ശേഷം അര്‍ജന്റീന എതിരാളികള്‍ക്കുമേല്‍ കത്തിക്കയറുകയായിരുന്നു. അഞ്ചു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ അടിച്ചുകൂട്ടിയാണ് മെസിയും സംഘവും കളി വരുതിയിലാക്കിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ അര്‍ജന്റീനയും ക്രൊയേഷ്യയും ആക്രമണ ഫുട്‌ബോളാണ് കാഴ്ചവച്ചത്. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞു. ക്രൊയേഷ്യയാണ് കൂടുതല്‍ പന്തടക്കം കാണിച്ചത്. 16-ാം മിനിറ്റില്‍ ക്രൊയേഷ്യ മത്സരത്തിലെ ആദ്യ കോര്‍ണര്‍ കിക്ക് നേടിയെടുത്തു. 25-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ലോങ്‌റേഞ്ചര്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് തട്ടിയകറ്റി. മത്സരത്തിലെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റായിരുന്നു അത്. പിന്നാലെ ക്രൊയേഷ്യയ്ക്ക് ഫ്രീ കിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ ടീമിനായില്ല. 31-ാം മിനിറ്റില്‍ പെരിസിച്ചിന്റെ ചിപ് ബാറിന് അല്പം മുകളിലൂടെ പോയി.

മുന്നിലെത്തിച്ച് മെസി

34-ാം മിനിറ്റില്‍ മത്സരഗതിക്കു വിപരീതമായി അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ബോക്‌സിലേക്കു നീട്ടി നല്‍കിയ മനോഹരമായ ബോളുമായി ഒറ്റയ്ക്കു ഓടിക്കയറിയ അല്‍വാരസിനെ ക്രൊയേഷ്യന്‍ ഗോളി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് അര്‍ജന്റീനയ്ക്കു പെനാല്‍റ്റിയും നല്‍കി. കിക്കെടുത്തത് മെസിയായിരുന്നു. നേരത്തേ രണ്ടു ഷൂട്ടൗട്ടുകളിലടക്കം നിരവധി കിടിലന്‍ സേവുകള്‍ നടത്തിയ ഗോളി ലിവാക്കോവിച്ചിനെ നിഷ്‌പ്രഭനാക്കി വെടിയുണ്ട കണക്കെയുള്ള പെനാല്‍റ്റിയിലൂടെ മെസി അര്‍ജന്റീനയുടെ അക്കൗണ്ട് തുറക്കുകയായിരുന്നു.

അല്‍വാരസിന്റെ ക്ലാസിക്ക് ഗോള്‍

ഈ ഗോളിന്റെ ഞെട്ടല്‍ മാറുംമുന്‍പേ ക്രൊയേഷ്യന്‍ പോസ്റ്റില്‍ അര്‍ജന്റീന അടുത്തവെടി പൊട്ടിച്ചു. ഇത്തവണ യുവതാരം ജൂലിയന്‍ അല്‍വാരസാണ് ആല്‍ബിസെലസ്റ്റുകള്‍ക്കായി വലകുലുക്കിയത്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്. 39-ാം മിനിറ്റിലാണ് അല്‍വാരസിന്റെ സോളോ ഗോള്‍ പിറന്നത്.

മെസിയുടെ കട്ടും അല്‍വാരസിന്റെ ടച്ചും

69-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ വിജയവും ഫൈനല്‍ ബെര്‍ത്തും ഉറപ്പാക്കി അല്‍വാരസ് മൂന്നാം ഗോളും കണ്ടെത്തി. മെസിയെന്ന മജീഷ്യന്റെ അസാധാരണ പാടവം വിളിച്ചോതുന്ന ഗോളായിരുന്നു ഇത്. ത്രോയ്‌ക്കൊടുവില്‍ ലഭിച്ച ബോളുമായി വലതു മൂലയിലൂടെ ബോക്‌സിലേക്കു പറന്നുകയറിയ മെസി ഒരു കട്ട്ബാക്ക് പാസ് നല്‍കുകയായിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അല്‍വാരസിനു അതു വലയിലേക്കു പ്ലേസ് ചെയ്യേണ്ട ചുമതല മാത്രമേയുണ്ടായിരുന്നുള്ളൂ. ഇതോടെ മൂന്ന് ഗോളിന്റെ വിജയം ഉറപ്പിച്ച് അര്‍ജന്റീന ഫൈനലിലേക്കും.

Eng­lish Summary:Unstoppable; Argenti­na to final

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.