മൊറോക്കൊയെ തകര്‍ത്ത് ഖത്തര്‍ ലോകകപ്പിന്റെ മൂന്നാം സ്ഥാനം നേടി ക്രൊയേഷ്യ. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ ജയം.സെമിയിൽ പരാജയപ്പെട്ട ടീമിൽ കാര്യമായ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ക്രൊയേഷ്യൻ നിരയിൽ അഞ്ച് മാറ്റങ്ങളാണ് വരുത്തിയത്. അർജന്റീനയ്ക്കെതിരെ പരിക്കേറ്റ് മൈതാനത്തുനിന്നു കയറിയ ഡിഫൻഡർ മാർസലോ ബ്രൊസോവിച്ച്, ജുറാനോവിച്ച്, ലോവ്റെൻ, സോസ, പസാലിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ പകരക്കാരുടെ ബെഞ്ചിലേക്ക് മാറിയത്.
മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് ആദ്യപകുതിയിലായിരുന്നു. കളിതുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഒരു തകര്‍പ്പന്‍ ഗോളിലൂടെ ക്രൊയേഷ്യ മുന്നിലെത്തി. ഏഴാം മിനിറ്റില്‍ ജോസ്‌കോ ഗ്വാര്‍ഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. ബോക്‌സിലേക്ക് വന്ന ഒരു ഫ്രീ കിക്ക് ഇവാന്‍ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാര്‍ഡിയോളിന് മറിച്ച് നല്‍കുന്നു. മുന്നോട്ടുചാടി തകര്‍പ്പനൊരു ഹെഡറിലൂടെ ഗ്വാര്‍ഡിയോള്‍ ആ പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മൊറോക്കൊ തിരിച്ചടിച്ചു. അച്റഫ് ദാരിയുടെ വകയാണ് മൊറോക്കോയുടെ ഗോൾ. 19-ാം മിനിറ്റില്‍ പെരിസിച്ചിന്റെ ക്രോസില്‍ നിന്നുള്ള ക്രാമറിച്ചിന്റെ ഹെഡര്‍ മൊറോക്കോ ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനു പിടിച്ചെടുത്തു. 24-ാം മിനിറ്റില്‍ ഇരട്ട സേവിലൂടെ ബോനു മൊറോക്കോയുടെ രക്ഷയ്ക്കെത്തി. ആദ്യം മോഡ്രിച്ചിന്റെ ഷോട്ട് തട്ടിയകറ്റിയ ബോനു, പിന്നീട് റീബൗണ്ട് വന്ന പന്ത് മുന്നിലുണ്ടായിരുന്ന പെരിസിച്ചിന് ടാപ് ചെയ്യാനാകും മുമ്പ് തട്ടിയകറ്റുകയും ചെയ്തു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ 42 -ാം മിനിറ്റിൽ മിസ്ലാവ് ഓസിച്ചിലൂടെ ക്രൊയേഷ്യ ലീഡ് തിരിച്ചുപിടിച്ചു.
രണ്ടാം പകുതിയില്‍ ഗോളടിക്കാന്‍ മൊറോക്കൊ പരിശ്രമിച്ചെങ്കിലും ക്രൊയേഷ്യന്‍ പ്രതിരോധനിര അതിനനുവദിച്ചില്ല. ഇതോടെ ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടി. തോറ്റെങ്കിലും സ്വപ്നക്കുതിപ്പാണ് മൊറോക്കൊ ലോകകപ്പില്‍ പുറത്തെടുത്തത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി സെമിയിലെത്തുന്ന ആഫ്രിക്കന്‍ രാജ്യമെന്ന നേട്ടം സ്വന്തമാക്കി. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനേയും ക്വാര്‍ട്ടറില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനേയും കീഴടക്കിയാണ് സെമിയിലെത്തിയത്. എന്നാല്‍ സെമിയില്‍ ഫ്രാന്‍സിനെ കളത്തില്‍ വെള്ളം കുടിപ്പിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം.
English Summary:Morocco loss the match
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.