15 November 2024, Friday
KSFE Galaxy Chits Banner 2

ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം സര്‍വകാല റെക്കോഡില്‍, മാറുന്ന കാലത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 21, 2022 11:06 pm

മാറുന്ന കാലത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഗര വസന്തം പുഷ്‌പോത്സവത്തിന്റെയും റിഗാറ്റ നാട്യ സംഗീത കേന്ദ്രയുടെ 50-ാം വാര്‍ഷികത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പകല്‍ സമയങ്ങളിലെ അധ്വാനത്തിനു ശേഷം രാത്രി കാലങ്ങളില്‍ മാനസികോല്ലാസത്തിനായി കലാപരിപാടികള്‍ സംഘടിപ്പിക്കുക എന്നത് കേരളത്തിന്റെ പൈതൃകത്തിന്റെ ഭാഗമായിരുന്നു. ഇത്തരം രീതികളെ തിരിച്ചുകൊണ്ടുവരാനാണ് ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നഗര വസന്തംപോലുള്ള പരിപാടികള്‍ അത്തരം ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സമാധാനാന്തരീക്ഷം ടൂറിസം മേഖലയ്ക്കു മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ കണ്ടിരിക്കേണ്ട 50 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെ തെരഞ്ഞെടുത്ത് ഉത്തരവാദിത്വ ടൂറിസത്തിനു ലഭിച്ച അംഗീകരമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യാ രാജേന്ദ്രന് റോസാച്ചെടി നല്‍കിക്കൊണ്ട് നഗരവസന്തത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. റിഗാറ്റ നാട്യ സംഗീത കേന്ദ്ര ഡയറക്ടര്‍ ഗിരിജ ചന്ദ്രന് ചിലങ്ക നല്‍കിക്കൊണ്ട് റിഗാറ്റയുടെ 50-ാം വാര്‍ഷിക പരിപാടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരള സംസ്ഥാനം രൂപീകൃതമായ ശേഷം ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയ വര്‍ഷമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. 

ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് ഒന്നരക്കോടിയോളമാകുമെന്നും ഇതു സര്‍വകാല റെക്കോഡാണെന്നും മന്ത്രി പറഞ്ഞു. നഗരവസന്തത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ചടങ്ങില്‍ മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണി രാജു, റോഷി അഗസ്റ്റിന്‍, വി കെ പ്രശാന്ത് എംഎല്‍എ, ടൂറിസം വകുപ്പ് ഡയറക്ടര്‍ പ്രേം കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിനു ശേഷം റിഗാറ്റ നാട്യ സംഗീത കേന്ദ്രയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടി അരങ്ങേറി.

നഗരവസന്തത്തിലെ കാഴ്ചകള്‍ക്ക് തുടക്കം

നഗരവസന്തം പുഷ്‌പോത്സവത്തിലെ അത്ഭുതക്കാഴ്ചകള്‍ക്ക് നാളെ തുടക്കമാകും. പുഷ്‌പോത്സവത്തിന്റെ ഭാഗമായി കനകക്കുന്നില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശന നഗരിയിലേക്ക് ഇന്ന് വൈകിട്ട് മൂന്നു മണിമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
മുതിര്‍ന്നവര്‍ക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരക്ക് ഒഴിവാക്കുന്നതിനായി നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 

കനകക്കുന്നിനു മുന്‍വശം, മ്യൂസിയത്തിന്റെ എതിര്‍വശത്തുള്ള ടൂറിസം ഓഫീസ്, ജവഹര്‍ ബാലഭവനു മുന്‍വശത്തുള്ള പുഷ്പോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസ്, വഴുതയ്ക്കാട് ടാഗോര്‍ തിയേറ്റര്‍ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. പ്രദര്‍ശനം രാത്രി ഒരു മണിവരെ നീണ്ടു നില്‍ക്കും.
രാത്രി 12 മണിവരെ പ്രദര്‍ശനം കാണാനുള്ള ടിക്കറ്റുകള്‍ ലഭ്യമാകും. റിഗാറ്റ നാട്യ സംഗീത കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും നഗര വസന്തത്തിന് മാറ്റുകൂട്ടും. സിനിമാ താരങ്ങളായ പത്മപ്രിയ, രചന നാരായണന്‍കുട്ടി തുടങ്ങിയവരും നീന പ്രസാദ്, രാജശ്രീ വാര്യര്‍, ഗോപിക വര്‍മ, പ്രിയങ്ക വെമ്പട്ടി തുടങ്ങിയവരും നൃത്ത പരിപാടികള്‍ അവതരിപ്പിക്കും. പിന്നണി ഗായകരായ ഗായത്രി, രാജലക്ഷ്മി, പുഷ്പവതി, അഖില ആനന്ദ്, അപര്‍ണ രാജീവ്, നാരായണി ഗോപന്‍, ഖാലിദ് തുടങ്ങിയവരുടെ സംഗീത പരിപാടികളും കനല്‍ മ്യൂസിക്കല്‍ ബാന്‍ഡ്, ജനമൈത്രി പൊലീസിന്റെ സാംസ്‌കാരിക വിഭാഗം എന്നിവരുടെ കലാപരിപാടികളും അരങ്ങേറും. പൊതുനിരത്തുകളിലും സൂര്യകാന്തി പരിസരത്തുമായി സോളോ ഉപകരണ സംഗീത പരിപാടികളും ഉണ്ടായിരിക്കും.
കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20 ഓളം സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫുഡ്കോര്‍ട്ടും സൂര്യകാന്തിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Domes­tic tourist num­bers at all-time record, to har­ness oppor­tu­ni­ties of chang­ing times: Chief Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.