ജഡ്ജിമാരുടെ നിയമനവിഷയത്തില്‍ സുപ്രീം കോടതി കൊളീജിയത്തിനെതിരെ വീണ്ടും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. സുതാര്യത, വസ്തുനിഷ്ഠത, സാമൂഹിക വൈവിധ്യം എന്നിവ ഉറപ്പാക്കി കൊളീജിയം സംവിധാനം മെച്ചപ്പെടുത്തണമെന്ന് അവശ്യപ്പെട്ട് വിവിധ സ്രോതസ്സുകളിൽ നിന്ന് സര്‍ക്കാരിന് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നുണ്ടെന്ന് നിയമമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ജഡ്ജിമാരുടെ നിയമനത്തിലെ കൊളീജിയം സമ്പ്രദായത്തില്‍ സുതാര്യതയും സാമൂഹിക വൈവിധ്യവും കുറവാണ്. നിലവിലുള്ള ഒഴിവുകൾ വേഗത്തിൽ നികത്താൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും, ജഡ്ജിമാരുടെ വിരമിക്കൽ, രാജി, സ്ഥാനക്കയറ്റം എന്നിവ കാരണവും എണ്ണം വർധിക്കുന്നതിനാലും വൈകുകയാണെന്നും മന്ത്രി പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചു.
മുമ്പും സമാന അഭിപ്രായപ്രകടനങ്ങള്‍ റിജിജു നടത്തിയിട്ടുണ്ട്. നിലവില്‍ വിഷയം സുപ്രീം കോടതിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബലപരീക്ഷണമായി മാറുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതികളിലേക്കും സുപ്രീംകോടതിയിലേക്കും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് (മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യർ) അനുബന്ധമായുള്ള സർക്കാർ നിർദേശങ്ങൾ കൊളീജിയത്തിന് കൈമാറിയിട്ടുണ്ടെന്നും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. ഉന്നത ജുഡീഷ്യറിയിലെ ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും മാർഗനിർദേശം നൽകുന്ന രേഖയാണ് മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യർ.
ഹൈക്കോടതികളിലെ 179 ഒഴിവുകളിലേക്ക് ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാർശകൾ ഇനിയും ലഭിക്കാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും സുപ്രീം കോടതി കൊളീജിയവും തമ്മിലുള്ള തർക്കം ആശങ്കപ്പെടുത്തുന്നതാണ്. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട 20 ഫയലുകൾ പുനഃപരിശോധിക്കാൻ സർക്കാർ സുപ്രീം കോടതി കൊളീജിയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശുപാർശ ചെയ്ത പേരുകളെക്കുറിച്ച് സർക്കാർ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. വിവിധ ഹൈക്കോടതികളിലെ പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ട പേരുകള്‍ സർക്കാർ മടക്കി അയക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.