22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024
October 16, 2024
October 12, 2024
September 24, 2024
September 19, 2024

ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ അദാലത്തുകൾ നടത്തും: കെ രാജന്‍

Janayugom Webdesk
കൊച്ചി
December 23, 2022 10:53 pm

ഭൂമിയുടെ തരംമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര നടപടി കൈക്കൊള്ളുമെന്നും അടുത്ത വർഷം അദാലത്ത് വർഷമായി ആചരിക്കുമെന്നും റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. ഇടപ്പള്ളിയിൽ റവന്യൂവകുപ്പ് മേഖലാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജില്ലകളിലും താലൂക്കുതലത്തിലും അദാലത്ത് നടത്തി ഭൂപ്രശ്നങ്ങൾക്ക് സത്വര പരിഹാരം കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 200 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടന്നു വരികയാണ്. നാലു വർഷത്തിനുള്ളിൽ കേരളത്തിലെ 1550 വില്ലേജുകളിൽ റീസർവേ നടത്തുന്നതിനുള്ള എല്ലാ സഹായങ്ങളും വകുപ്പ് ലഭ്യമാക്കും. എല്ലാ വില്ലേജുകളിലും വില്ലേജ് തല ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ കേന്ദ്രീകൃതമായിരുന്ന റവന്യൂ വകുപ്പിനെ ജനാധപത്യവല്‍ക്കരിക്കാൻ ഇതുവഴി കഴിഞ്ഞു.
വില്ലേജ്തല ജനകീയ സമിതികളിൽ ഉയർന്നു വരുന്ന പ്രശ്നങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരാനും പരിഹരിക്കാനും കഴിയുന്ന വിധത്തിൽ എല്ലാ സമിതികളിലും ചാർജ് ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനിച്ചു. 

തരംമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വലിയ വേഗത കൈവരിക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് 2,06,000ത്തിലേറെ അപേക്ഷകൾ പരിഹരിക്കാൻ സബ് കളക്ടർമാർ, ആർഡിഒമാർ എന്നിവരുടെ നേതൃത്വത്തിലുളള സമിതികൾക്ക് കഴിഞ്ഞു. താല്‍ക്കാലികമായി നിയമിച്ചിട്ടുള്ള 990 ജീവനക്കാരെയും 341 വാഹനങ്ങളും കമ്പ്യൂട്ടർ ഉൾപ്പടെയുള്ള സേവനങ്ങളും ആറുമാസത്തേക്ക് കൂടി തുടർന്ന് നൽകാനാണ് സർക്കാർ തീരുമാനം.
ഓൺലൈൻ അപേക്ഷകളാണ് ഇനി തീർപ്പാക്കാനുളളവയിലധികവും. ഈ അപേക്ഷകളിൽ പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ തയാറാക്കും. അതിനായി സബ് കളക്ടർമാരുടെ ശില്പശാല സംഘടിപ്പിക്കും. അവരുടെ കൂടി അഭിപ്രായങ്ങൾ തേടി പ്രശ്നം പരിഹരിക്കാൻ കഴിയും. റവന്യൂവിലേക്ക് തരംമാറ്റേണ്ട രേഖകളിൽ കുറവുകളുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള സംവിധാനവും ആലോചിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന റവന്യൂ വകുപ്പിന്റെ 2021–26 വർഷത്തെ ദൗത്യവുമായി ബന്ധപ്പെട്ട ആശയങ്ങൾ നടപ്പാക്കുന്നതിനാണ് യോഗം സംഘടിപ്പിക്കുന്നത്. എറണാകുളം, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം എന്നീ അഞ്ച് ജില്ലകളിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്.
പട്ടയവിതരണം, വില്ലേജ്തല ജനകീയ സമിതി, പാട്ടകുടിശ്ശിക, സർക്കാർ ഭൂമിയിലെ കൈയേറ്റം, ജീവനക്കാര്യം, നിലം തരം മാറ്റം, കെട്ടിട നികുതി/ആഡംബര നികുതി, റവന്യൂ കമ്പ്യൂട്ടർവല്‍ക്കരണം, ഡിജിറ്റൽ റീസർവേ, റവന്യൂ ഇ‑സാക്ഷരത, റവന്യൂ റിക്കവറി തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച അഞ്ച് ജില്ലകളിലെയും കളക്ടർമാരും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും ആശയങ്ങൾ പങ്കുവയ്ക്കുകയും അഭിപ്രായങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഈ ജില്ലകളിലെ ഓരോ താലൂക്കിലെയും പ്രശ്നങ്ങളും ചർച്ച ചെയ്തു. 

Eng­lish Sum­ma­ry: Adalats will be held to resolve land issues: K Rajan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.