അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ മ്യൂങ്ങ് ബാക്കിന് ശിക്ഷയില്‍ ഇളവ്. നീതിന്യായ വകുപ്പ് മന്ത്രി ഹാന്‍ഡോങ്ങ് ഹൂനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രത്യേക മാപ്പ് ലഭിച്ച 1300 പേരുടെ പട്ടികയില്‍ ലീയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് യൂന്‍ സൂക്ക് യോളുമായുള്ള കാബിനറ്റ് ചര്‍ച്ചയ്ക്കു ശേഷം മന്ത്രി അറിയിച്ചു. മുന്‍ ഹ്യൂണ്ടായി സിഇഒ ആയ ലീക്കെതിരെ 16 ക്രിമിനല്‍ കേസുകളാണ് 2018 ല്‍ ചുമത്തിയത്. 2020 മുതല്‍ ജയില്‍വാസം അനുഭവിക്കുകയാണ് ലീ.
17 വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നുവെങ്കിലും പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും മുന്‍നിര്‍ത്തി ജൂണില്‍ താല്ക്കാലിക മോചനം ലഭിച്ചിരുന്നു. കോടിക്കണക്കിന് ഡോളറുകളുടെ കൈക്കൂലി ആരോപണത്തിലും നികുതി വെട്ടിപ്പില്‍ ജയിലിലായ അന്തരിച്ച മുന്‍ സാംസങ്ങ് മേധാവി ലീ കൂണ്‍ ഹീക്ക് കൈക്കൂലിക്ക് പകരമായി പ്രസഡന്റ് അധികാരം ഉപയോഗിച്ച് ജയില്‍ ശിക്ഷയില്‍ ഇളവ് നല്കിയതിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ലീക്ക് ശിക്ഷ വിധിച്ചത്. 2008 മുതല്‍ 2013 വരെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റായിരുന്ന ലീ, രാജ്യത്തെ ലോക സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് നയിക്കുകയും 2018 ശീതകാല ഒളിമ്പിക്സിന് ആതിഥേയരാകാനുള്ള ലേലം വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷത്തില്‍ നിന്ന് ‘രാജ്യത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും അടിച്ചമര്‍ത്തുന്നു’ തുടങ്ങിയ കടുത്ത ആരോപണങ്ങളും നേരിട്ടിട്ടുണ്ട്. ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ശിക്ഷായിളവ് പ്രാഭല്യത്തില്‍ വരും. മേയില്‍ അധികാരമേറ്റ ശേഷം പ്രസിഡന്റ് യൂനിന്റെ രണ്ടാമത്തെ ദയാനടപടിയാണിത്.
ദക്ഷിണ കൊറിയയില്‍ മുന്‍കാല പ്രസിഡന്റുമാര്‍ കുറ്റാരോപിതരാകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. തൊണ്ണൂറുകളില്‍ മുന്‍ സൈനിക മേധാവികളായിരുന്ന ചുന്‍ ഡൂഹ്വാനും റോഹ് തായ്‌വൂവും അഴിമതി കുറ്റത്തില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുശേഷം ശിക്ഷയിളവും ലഭിച്ചു. മുന്‍ പ്രസിഡന്റ് റോഹ് മൂഹ്യൂന്‍ തന്റെ കുടുംബം ഉള്‍പ്പെട്ട കൊഴവിവാദത്തില്‍ ചോദ്യം ചെയ്യലിനുശേഷം ആത്മഹത്യ ചെയ്തിരുന്നു. ലീയുടെ യാഥാസ്ഥിതിക പിന്‍ഗാമി പാര്‍ക്ക് ഗുന്‍ ഹൈയ്ക്കെതിരെ ചുമത്തിയ കൈക്കൂലി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളിലും 20 വര്‍ഷത്തെ ജയില്‍ ശിക്ഷയിലും കഴിഞ്ഞ വര്‍ഷം ഇളവ് നല്കിയിരുന്നു. 2017 ല്‍ ഉണ്ടായ അഴിമതി ആരോപണത്തില്‍ രാജ്യമെമ്പാടുമുണ്ടായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഹൈ രാജിവച്ചിരുന്നു.
English Summary;corruption case; Ex-South Korean president gets commuted sentence
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.