23 December 2024, Monday
KSFE Galaxy Chits Banner 2

സംഭവിക്കട്ടെ നവയുഗോദയം

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
ഉള്‍ക്കാഴ്ച
December 28, 2022 4:30 am

മതം എന്നത് ഒരു പ്രതിഭാസം എന്ന നിലയിൽ ഏതെങ്കിലുമൊരു വിശ്വാസ സംഹിതയുടെ പ്രാദേശിക സംസ്കാരത്തിലെ പ്രകാശിത രൂപമാണ്. ഓരോ മതവും അതിന്റെ ശൈലിയിലും പശ്ചാത്തലമനുസരിച്ചും ആചരണങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മതമില്ലാത്തവരും തങ്ങളുടെ സിദ്ധാന്തത്തിനും തത്വസംഹിതയ്ക്കും അനുസരിച്ച് ദിനങ്ങളും ആചരണങ്ങളും ക്രമീകരിക്കുന്നു. ചുരുക്കത്തിൽ ഓരോ സമൂഹത്തിനും അതാതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള പ്രകടഭാവങ്ങളും ഉണ്ടായിരിക്കും. അവയെല്ലാം നവമാനവികതയുടെ പ്രകടഭാവങ്ങളെ വഹിക്കുന്നവയാകണം. ഇപ്രകാരമുള്ള ആചരണങ്ങളിൽ ഒന്നാണ് ക്രിസ്മസ്. ക്രൈസ്തവർ ദൈവത്തിന്റെ മനുഷ്യാവതാരം എന്ന് വിശ്വസിക്കുന്ന, യഹൂദ്യയിലെ ബേത്‌ലഹേമിൽ വളരെ പ്രാകൃത പശ്ചാത്തലത്തിൽ ജനിച്ച, യേശുവിന്റെ ജനന പെരുന്നാളായിട്ടാണ് ഇത് ആഘോഷിക്കുന്നത്. യേശു ജനിച്ചത് എന്നാണെന്ന് കൃത്യമായി പറയാൻ തക്കവണ്ണമുള്ള ചരിത്ര രേഖകളൊന്നുമില്ല. ജുഡിയൻ രാജാവായിരുന്ന ഹെരോദ് ദ് ഗ്രെയ്റ്റിന്റെ ബിസി നാലിലെ മരണവും ബൈബിളിലെ അത് സംബന്ധിച്ചുള്ള വിവരണവും ഗൗരവത്തിലെടുത്താൽ യേശു ബിസി നാലിനും ആറിനും ഇടയ്ക്ക് ഒരു വേനൽക്കാല ദിനത്തിൽ ജനിച്ചു എന്ന് കരുതാൻ കഴിയും. ക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് ഒരു കലണ്ടർ ആരംഭിക്കണം എന്നാഗ്രഹിച്ചവർ നടത്തിയ കണക്കുകൂട്ടലിൽ വന്ന പിഴവാണ് യേശു ഒന്നാം നൂറ്റാണ്ടിൽ ജനിച്ചു എന്നും അതോടനുബന്ധിച്ചുള്ള വർഷമാണ് എഡി (അനോ ഡോമിനി-നാഥന്റെ വർഷം) എന്നും പൊതുവെ കരുതാൻ കാരണം. പാശ്ചാത്യ ക്രൈസ്തവ സഭ യേശുവിന്റെ ജനനം ഒരു ഉത്സവദിനമാക്കണം എന്നാഗ്രഹിച്ചപ്പോൾ കണ്ടെത്തിയതാണ് ഡിസംബർ25. എഡി 274ൽ റോമൻ ചക്രവർത്തി ഔറേലിയൻ സൂര്യന്റെ പുനവതാര ദിനമായ ഡിസംബർ 25 ആചരിക്കാൻ നിശ്ചയിച്ചതിന് സമാന്തരമായിട്ടാണ് ക്രൈസ്തവർ ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു എന്ന് പ്രസ്താവിച്ച യേശുവിന്റെ അവതാരദിനം അതേ തീയതിയിൽ തന്നെ നിശ്ചയിച്ചത് എന്നൊരു വാദമുണ്ട്. റോമൻ പശ്ചാത്തലത്തിൽ ശൈത്യകാലത്തെ ഏറ്റവും ചെറിയ ദിനങ്ങൾക്ക് ശേഷമുള്ള സൂര്യന്റെ പുനരവതാരദിനമായ ഡിസംബർ 25 ആണ് സോൾ ഇന്വിക്റ്റസ് ദിനമായി ചക്രവർത്തി നിശ്ചയിച്ചത്. അതുതന്നെ പാശ്ചാത്യ ക്രൈസ്തവർ യേശുവിന്റെ ജന്മദിനമായി തീരുമാനിച്ചു എന്ന് കരുതേണ്ടിയിരിക്കുന്നു.


ഇതുകൂടി വായിക്കു; ദിശാബോധത്തോടെ, ഐക്യത്തോടെ മുന്നേറാം


എന്നാൽ പൗരസ്ത്യ ക്രൈസ്തവ സഭകളിൽ പലതും ജൂലിയൻ കലണ്ടർ പ്രകാരം ജനുവരി നാല്, ആറ്, ഏഴ് തീയതികളിലാണ് യേശുവിന്റെ ജനനദിനം ആചരിക്കുന്നത്. യേശു രക്ഷകൻ എന്ന് കരുതുന്ന ക്രൈസ്തവർ ആ അർത്ഥമുള്ള ക്രിസ്റ്റോസ് എന്ന ഗ്രീക്ക് പദത്തോട് കുർബാനയുടെ ലത്തീൻ പദമായ മാസ് എന്നതും ചേർത്താണ് ക്രിസ്മസ് എന്ന വാക്ക് സൃഷ്ടിച്ചത്. യേശുജനനത്തിന്റെ സന്ദർഭത്തിലെ ബൈബിളിലെ വിവരണങ്ങളെ ആധാരമാക്കി ആ ദിനത്തിലെ ആഘോഷങ്ങൾക്ക് പുൽക്കൂട്, ആട്ടിൻ കൂട്ടം, ഇടയന്മാർ, നക്ഷത്രം, അറിയിപ്പുകാർ തുടങ്ങിയവയോടൊപ്പം പിൽക്കാലത്ത് ചേർക്കപ്പെട്ട സാന്റാക്ലോസ്, മധുരവിതരണം, ഉപഹാര സമർപ്പണം, കരോൾ ഗാനാലാപനം, ഭവന സന്ദർശനം, മഞ്ഞുനിറഞ്ഞ ക്രിസ്മസ് ട്രീ തുടങ്ങിയവയും ചേർത്ത് ഇക്കാലത്ത് മോടി കൂട്ടുന്നു ക്രൈസ്തവ വിശ്വാസികൾ. താൻ ജനിച്ച മതത്തിലെ മനുഷ്യത്വരഹിതവും, അനീതിപരവും, അധാർമ്മികവും, വിവേചനപരവുമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച പൗരോഹിത്യ നേതൃത്വത്തിനെതിരെ നിരന്തരം വിമർശനപ്രതിഷേധ ശബ്ദമുയർത്തിയ, വിശ്വാസികൾ ദൈവപുത്രൻ എന്ന് വിളിച്ചപ്പോഴും, സ്വയം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിച്ച യേശുവിന്റെ ജനനം സാർവലൗകികമായ ശുദ്ധമാനവികതയുടെ ഉദയത്തിന്റെ പ്രഖ്യാപനമായിരുന്നു. മതപരമായ വ്യാഖ്യാനങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും അപ്പുറത്ത് ഈ ദിനത്തിന്റെ മൂല താല്പര്യം അന്ധകാരത്തിന്മേലുള്ള പ്രകാശത്തിന്റെ ഉദയം എന്നതാണ്. നമ്മുടെ നാടായ കേരളത്തിന്റെ വിശേഷനാമം ദൈവത്തിന്റെ സ്വന്തം നാട് എന്നാണ്. പക്ഷെ അനുബന്ധമായി ഉടൻ തന്നെ ഉയരുന്ന ചോദ്യം “ഏത് ദൈവത്തിന്റെ” എന്നാണ്. തിന്മയുടെയും അധാർമ്മികതയുടെയും വിവേചനത്തിന്റെയും ദൈവമോ എന്ന് ചോദിക്കേണ്ടവിധം ഇവിടെ കാര്യങ്ങൾ അധഃപതിക്കുന്നുവോ എന്ന സംശയം തീർച്ചയായും ഉന്നയിക്കേണ്ടിവരുന്നു. ഉവ്വ്, ധാരാളം നല്ല കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം പുരോഗമനം ലക്ഷ്യമിട്ട ഭരണകർത്താക്കളും പ്രസ്ഥാനങ്ങളും കൊണ്ടുവന്ന വിമോചനത്തിന്റെ തരംഗങ്ങൾ പൊതുവെയും, പ്രത്യേകമായി 2018ലെ പ്രളയ കാലത്ത് മുക്കുവരും കേരളത്തിലെ സർക്കാരും കാണിച്ച മാനവികതയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും ഭാവം. ലോകമെങ്ങും രോഗവും മരണവും വിതച്ച കോവിഡ് 19ന്റെ നാളുകളിൽ കേരള സർക്കാരും അതിന്റെ നിർദേശത്തിൽ അഹോരാത്രം ജോലി ചെയ്ത ആരോഗ്യ രംഗത്തെ പ്രവർത്തകരും അനേകമായ സന്നദ്ധ സംഘടനകളും വ്യക്തികളും ചെയ്ത സേവനം; ഒക്കെ ഈ നാടിന്റെ നന്മയുടെ പ്രാതിനിധ്യം പേറുന്നവയാണ്. ഈ ഭാവങ്ങളുടെ മുന്നോട്ടുള്ള വളർച്ചയ്ക്കും അതുമൂലമുണ്ടാകുന്ന സമ്പൂർണ വിമോചനത്തിനും നിയോഗമുള്ള നാം മറിച്ച് പല സന്ദർഭങ്ങളിലും, പല ഇടങ്ങളിലും നിഷേധത്തിന്റെ രൂപങ്ങൾ വളർത്തുന്നു എന്നത് തീരെ അംഗീകരിക്കപ്പെട്ടുകൂടാത്തതാണ്. ഭാരതത്തിന്റെ പൊതു പശ്ചാത്തലം കണക്കാക്കിയാലും കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിശോധിച്ചാലും പുതിയ പ്രതിലോമ പ്രവണതകൾ പ്രചരിക്കുന്നതായി കാണാം. മതസമൂഹങ്ങളായാലും, സാംസ്കാരിക സമൂഹങ്ങളായാലും രാഷ്ട്രീയ പ്രസ്ഥാനങ്ങളായാലും നവമാനവികതയുടെ ശുദ്ധതയിലേക്ക് സമൂഹത്തെ നയിക്കേണ്ടതാണ്. പക്ഷെ അടിമത്തത്തിന്റെയും വിഭാഗീയതയുടെയും അപ്രമാദിത്തത്തിന്റെയും ഭാവങ്ങളെ, ഭാരതത്തിന്റെ പൈതൃകത്തെയും മാനവിക ഭാവങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് അടിമത്തപരമായ രാഷ്ട്രീയ തത്വസംഹിതയുടെ അടിസ്ഥാനത്തിൽ കുത്തക മുതലാളിത്തത്തെയും ഏകപക്ഷീയതയെയും പ്രോത്സാഹിപ്പിക്കുന്ന ഭരണ നേതൃത്വമാണ് ഇന്ന് ഭാരതത്തിൽ നിലനിൽക്കുന്നത്. ഈ ശൈലിയെ ചെറുക്കുന്നവരെ തുറുങ്കിലടച്ചും പീഡിപ്പിച്ചും നിശ്ശബ്ദരാക്കി കൂരിരുളിന്റെ വ്യാപനം നിർവഹിക്കപ്പെടുന്നതായി കാണാം. ഇത് തന്നെയാണ് അന്നത്തെ മത‑രാഷ്ട്രീയ നേതൃത്വങ്ങൾ യേശുവിന്റെ കാലത്ത് ചെയ്തുകൊണ്ടിരുന്നത്. അക്കാലത്തെ തിരുത്തലിന്റെ ചരിത്രം ആവർത്തിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്യേണ്ടതുണ്ട്. അന്ധകാര പ്രവണതകൾക്കെതിരെ നമ്മിലെ നന്മയുടെ ഭാവങ്ങളുടെ ഉയിർത്തെഴുന്നേല്പ്, ചോദ്യങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. കേരള പശ്ചാത്തലം നോക്കിയാലും അന്ധകാരത്തിന്റെ ഭാവങ്ങൾ പല തലങ്ങളിലും ഇക്കാലത്ത് നമുക്ക് കാണാൻ കഴിയും.


ഇതുകൂടി വായിക്കു; തൊഴിലാളികളോട് കാലം ആവശ്യപ്പെടുന്നത്


 

മതത്തിന്റെയും ഈശ്വരാരാധനയുടെയും ലേബലിൽ അന്ധവിശ്വാസവും അനാചാരങ്ങളും ആഭിചാരങ്ങളും പൊതുസമൂഹത്തിൽ വളർത്താനും, അതിന്റെ ഭാഗമായി മറ്റുള്ളവരുടെ ആരോഗ്യവും ധനവും എന്തിന് ജീവൻപോലും ബലിയായി കവർന്നെടുക്കാനുള്ള ശ്രമവും വ്യാപിക്കുന്നു. സ്ത്രീപുരുഷ ബന്ധം പരസ്പരമുള്ള ആദരവിന്റെയും അംഗീകാരത്തിന്റെയും തുല്യതയുടെയും ഭാവങ്ങൾ ഉൾക്കൊള്ളേണ്ടിയിരിക്കേ, അവയെ നിഷേധത്തിന്റെയും കൊലപാതകത്തിന്റെയും അവസ്ഥയിലേക്ക് അധഃപതിപ്പിക്കുന്ന വാർത്തകളും കേൾക്കേണ്ടിവരുന്നു. പ്രേമം എന്ന വാക്ക് ഏറ്റവും സുന്ദരമായിരിക്കുമ്പോൾത്തന്നെ അതിനെ ഏറ്റവും പൈശാചികമാക്കുന്ന ആക്രമണത്തിന്റെയും കൊലപാതകത്തിന്റെയും പര്യായമാക്കുന്നതിനും നാം സാക്ഷിയാകേണ്ടിവരുന്നു. അഴിമതിയും സ്വജനപക്ഷപാതവും ധാരാളിത്തവും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെ ക്രിസ്മസിന്റെ മൂലസന്ദേശമായ പ്രകാശത്തിന്റെ ഉദയവും അതിജീവനവും വർധിച്ച ഊർജത്തോടെ സംഭവിക്കേണ്ടതിന്റെ അനിവാര്യത നമുക്ക് ബോധ്യമാകേണ്ടതുണ്ട്, പാരസ്പര്യത്തിന്റെ മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇത് നമ്മിലാണ് നടക്കേണ്ടത്, ഈ ഭാവം നമ്മെയാണുണർത്തേണ്ടത്. നവമാനവികതയുടെ ആർജവം നമ്മിൽ വർധിപ്പിക്കേണ്ടതുണ്ട്, അതുവഴി നവയുഗോദയം സംഭവിക്കാൻ.

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.