22 November 2024, Friday
KSFE Galaxy Chits Banner 2

മൂന്നാംനാള്‍ കാഴ്ചയുടെ മുറുക്കം ; കണ്ണൂര്‍ മുന്നേറുന്നു

Janayugom Webdesk
കോഴിക്കോട്
January 5, 2023 10:33 pm

മൂന്നാംനാള്‍ നാരകംപൂരത്തിൽ ചെണ്ടമേളം മുറുകിയപ്പോൾ അതിരാണിപ്പാടത്തെ ഒന്നാം വേദിയിൽ കുച്ചുപ്പുടി അരങ്ങിലെത്തി. കൂടല്ലൂരിൽ നാടകീയമായ കഥാഭിനയത്തോടെ കേരള നടനം ആടിത്തകർത്തു കലാകാരൻമാർ. പാലേരിയിൽ നിന്ന് മാപ്പിളപ്പാട്ടുകൾ ഒഴുകിയെത്തിയപ്പോൾ തിരുനെല്ലിയിൽ ഓടക്കുഴൽ നാദം സദസ് കീഴടക്കി. തസ്രാക്കിൽ ഭരതനാട്യനർത്തകർ വേദി കയ്യടക്കി. അറബനയും തുള്ളലും ബാന്റ് മേളവും യക്ഷഗാനവും കഥകളിയുമെല്ലാം ചേർന്ന് കലാവിസ്മയങ്ങൾ ആസ്വാദകരെ ആനന്ദത്തിലാറാടിച്ചു. ആട്ടവും പാട്ടുമായി കലോത്സവ വേദികളിൽ കൗമാര മാമാങ്കം തകർക്കുമ്പോൾ സംസ്ഥാന സ്കൂൾ കലോത്സവത്തെ ജനകീയ ഉത്സവമായി ഏറ്റെടുത്തിരിക്കുകയാണ് കോഴിക്കോട്ടുകാർ. വേദികളില്ലെല്ലാം വൻ ജനപങ്കാളിത്തമാണുള്ളത്. കലോത്സവം പ്രമാണിച്ച് കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധിയായതും കാണികളുടെ പങ്കാളിത്തം കൂടാൻ ഇടയാക്കി. ഒന്നാം വേദിയിൽ ഹയർസെക്കന്‍ഡറി വിഭാഗം മാർഗംകളി അരങ്ങേറിയപ്പോൾ ഗ്രൗണ്ടിൽ നിൽക്കാനിടമില്ലാത്തവിധം കാണികളായിരുന്നു.

ചട്ടയും മുണ്ടും ലോലാക്കുമിട്ട സുന്ദരിക്കുട്ടികളുടെ പ്രകടനം ആരെയും പിടിച്ചുനിർത്തുന്നതായി. ഒപ്പന മത്സരം നടന്ന തളിയിലെ രണ്ടാം വേദിയിലും ‘ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ’ വരുന്ന തിരുവാതിരക്കളിയുടെ മൂന്നാം വേദി സാമൂതിരി സ്കൂളിലും നിറഞ്ഞ സദസായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തെ ഒരേ മനസോടെയാണ് പൊതുജനങ്ങളും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ഏറ്റെടുത്തിരിക്കുന്നത്. മുന്നിൽ നിന്ന് നയിക്കുന്ന ജനപ്രതിനിധികളും, പൊതു പ്രവർത്തകരും, കലാസ്വാദകരും സർക്കാരും ഒക്കെ ചേർന്ന് കോഴിക്കോട്ടെ യുവജനോത്സവത്തെ ചരിത്രമാക്കുകയാണ്.

കേരള സ്കൂള്‍ കലോത്സവം മൂന്നു ദിവസം പിന്നിട്ടപ്പോൾ 653 പോയിന്റുമായി കണ്ണൂർ മുന്നേറ്റം തുടരുകയാണ്. 649 പോയിന്റുമായി പാലക്കാടും കോഴിക്കോടുമാണ് രണ്ടാം സ്ഥാനത്ത്. തൃശ്ശൂർ 621, എറണാകുളം 612, മലപ്പുറം 604, കൊല്ലം 602 എന്നിങ്ങനെയാണ് പോയിന്റ് നില. ഇന്നലെ കാണികളുടെ വന്‍ സാന്നിധ്യമായിരുന്നു പ്രധാന വേദികളിലെല്ലാം. നാലാം ദിവസമായ ഇന്ന് കലോത്സവ നഗരിയിലേക്ക് വന്‍ ജനക്കൂട്ടമെത്തും. ഹയര്‍സെക്കന്‍ഡറി വിഭാഗം തുള്ളലും വയലിന്‍, പദ്യംചൊല്ലല്‍, ശാസ്ത്രീയസംഗീതം, മൂകാഭിനയം, ഹൈസ്കൂള്‍ വിഭാഗം കവിത,-കഥാരചന തുടങ്ങിയവയാണ് ഇന്നത്തെ പ്രധാനമത്സരങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.