3 May 2024, Friday

വിഷമിക്കേണ്ട, അടുത്ത തവണ നല്ല കോഴിബിരിയാണി കഴിക്കാം

Janayugom Webdesk
കോഴിക്കോട്
January 5, 2023 10:19 pm

ബിരിയാണിയുടെ സ്വന്തം നാട്ടിലെത്തിയിട്ടും ബിരിയാണി മിസ്സാവുന്നതിലുള്ള വിഷമമായിരുന്നു പലർക്കും. സദ്യപ്പന്തലില്‍ ഉപ്പേരിയും പായസവുമെല്ലാം കൂട്ടി നല്ല സദ്യയുണ്ണുമ്പോഴും നോൺ വെജ് വിഭവങ്ങളുടെ അഭാവം പലരെയും നിരാശരാക്കി. സോഷ്യൽ മീഡിയയിൽ അതൊരു ചർച്ചയായും വളർന്നു. കലോത്സവവുമായി ബന്ധപ്പെട്ട് നോൺ വെജ് വിവാദം തടിച്ചുകൊഴുക്കുന്നതിനിടെയാണ് ആ സന്തോഷവാർത്തയെത്തിയത്. അടുത്ത വർഷം മുതൽ കലോത്സവത്തിൽ നോൺ വെജ് വിഭവങ്ങളും ഉണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വൈവിധ്യങ്ങളുടെ ഉത്സവമാണ് സംസ്ഥാന സ്കൂൾ കലോത്സവം.

വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നുണ്ടാവുകയെന്നും മന്ത്രി ഉറപ്പ് പറഞ്ഞു. സ്കൂൾ കലോത്സവത്തിൽ ഇതുവരെ നൽകി വന്നിരുന്നത് വെജിറ്റേറിയൽ വിഭവങ്ങളാണ്. അതിനൊരു മാറ്റമുണ്ടാകുമെന്ന മന്ത്രിയുടെ വാക്കുകൾ എല്ലാവരും സ്വാഗതം ചെയ്യുകയാണ്. എന്നാൽ ആരോഗ്യകരമായ ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മന്ത്രി രാഷ്ട്രീയലക്ഷ്യങ്ങളോടെയുളള ചർച്ചകൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും വ്യക്തമാക്കി. കലോത്സവത്തിന്റെ മാന്വൽ പരിഷ്ക്കരിക്കുന്നതിന് ആലോചനകൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭക്ഷണ വിവാദത്തിനൊപ്പം ചിലർ ഭക്ഷണം പാചകം ചെയ്യുന്ന പഴയിടം മോഹനൻ നമ്പൂതിരിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. ജാതി പരാമർശിച്ച് നടത്തിയ പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരിധി ലംഘിക്കുകയും ചെയ്തു. വർഷങ്ങളായി കലോത്സവ വേദികളിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന താൻ സർക്കാർ ഏൽപ്പിച്ച ജോലി ഭംഗിയായി നിർവഹിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ തന്ന മെനുവിൽ നോൺവെജ് ഇല്ല. ഉണ്ടായിരുന്നെങ്കില്‍ അതും താൻ പാകം ചെയ്യും. കായികമേളയിൽ താൻ നോൺ വെജ് ഭക്ഷണം പാകം ചെയ്യാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും മന്ത്രിയുടെ പ്രസ്താവനയോടെ വെജ്- നോൺ വെജ് വിവാദം അവസാനിച്ചിരിക്കുകയാണ്.

Eng­lish Summary;Don’t wor­ry, next time we will have a good chick­en biryani
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.