കോഴിക്കോടിന്റെ മണ്ണിൽ സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ചരിത്രം സൃഷ്ടിച്ച സംസ്ഥാന കലോത്സവം ഇന്ന് സമാപിക്കും. നാലുദിവസങ്ങളിലും പോയിന്റ് നിലയിൽ മുന്നിൽ നിന്നിരുന്ന കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് കുതിക്കുന്ന കാഴ്ചയായിരുന്നു നാലാംനാൾ.
പതിവിന് വിപരീതമായ നിലയിലായിരുന്നു ആദ്യ ദിനങ്ങളിൽ കണ്ണൂരിന്റെ മുന്നേറ്റം. നിരവധി തവണ ഒന്നാം സ്ഥാനത്തെത്തിയ ആതിഥേയരായ കോഴിക്കോടിനെയും നിലവിലെ ചാമ്പ്യൻമാരായ പാലക്കാടിനെയും പിന്നിലാക്കി കലോത്സവത്തിന്റെ ആദ്യദിനം മുതൽ തുടർന്ന കണ്ണൂരിന്റെ മുന്നേറ്റം ഇന്നലെ അവസാനിക്കുകയായിരുന്നു. 864 പോയിന്റുമായാണ് കോഴിക്കോട് മുന്നിലെത്തിയത്. 858 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 849 പോയിന്റുണ്ട്. തൃശൂർ 844, മലപ്പുറം 813, എറണാകുളം 810, കൊല്ലം 784 എന്നിങ്ങനെയാണ് പോയിന്റ് നില.
നാലാം ദിനം മുഴുവൻ വേദികളും കാലുകുത്താൻ ഇടമില്ലാത്ത രീതിയിൽ നിറഞ്ഞുകവിഞ്ഞിരുന്നു. രണ്ടാംവേദിയായ സാമൂതിരി സ്കൂൂളിലെ ഭൂമിയിൽ നാടകം കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പ്രധാനവേദിയായ വിക്രം മൈതാനിയിലെ അതിരാണിപ്പാടത്ത് ഇരിപ്പിടങ്ങള്‍ നിറഞ്ഞുകവിഞ്ഞു. വേദിക്ക് പുറത്തേക്കും നിറഞ്ഞ് കവിഞ്ഞ ജനലക്ഷങ്ങൾക്ക് മുന്നിൽ മിടുക്കികൾ സംഘനൃത്തവും തിരുവാതിരക്കളിയും ചുവട് തെറ്റാതെ അവതരിപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സമ്മാനിക്കും. വിജയികൾക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ എസ് ചിത്രയും നിർവഹിക്കും.
കലോത്സവ സുവനീർ ഗതാഗതമന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. എംപിമാരായ എളമരം കരീം, എം കെ രാഘവൻ, കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, സംഘാടക സമിതി വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു സ്വാഗതം പറയും. സംസ്ഥാന സ്കൂൾ കലോത്സവം വൻ വിജയമാക്കി തീർത്ത എല്ലാവർക്കും മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട ഗൗരവമുള്ള ഒരു പരാതിയും ഉയർന്നു വന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ചെറിയ പരാതികൾ അപ്പപ്പോൾ തന്നെ പരിഹരിച്ചു. എല്ലാ കമ്മിറ്റികളും മികച്ച രീതിയിൽ പ്രവർത്തിച്ചു. മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹകരണം ലഭിച്ചു. പ്രതിദിനം ഏതാണ്ട് മുപ്പതിനായിരത്തിൽപ്പരം പേർക്കാണ് ഊട്ടുപുരയിൽ ഭക്ഷണം നൽകിയത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രുചികരമായ ഭക്ഷണം ഏവരും ആസ്വദിച്ചു. ജനപങ്കാളിത്തം കൊണ്ട് കോഴിക്കോട് അമ്പരപ്പിച്ചുവെന്നും മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
English Summary: Battle for the title: Finals today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.