23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 14, 2024
October 20, 2024
July 15, 2024
July 13, 2024
June 29, 2024
June 26, 2024
June 14, 2024
May 7, 2024
February 28, 2024
January 15, 2024

ഉയര്‍ന്ന പണപ്പെരുപ്പം കുടുംബങ്ങളുടെ നിക്ഷേപം കാലിയാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
January 15, 2023 9:49 pm

ഉയര്‍ന്ന പണപ്പെരുപ്പത്തെ തുടര്‍ന്ന് രാജ്യത്തെ കുടുംബങ്ങളുടെ നിക്ഷേപങ്ങളില്‍ വന്‍ ഇടിവുണ്ടായതായി പഠനം. വർധിച്ചുവരുന്ന പണപ്പെരുപ്പം ഇടത്തരക്കാരുടെ വാങ്ങൽ ശേഷിയെ പ്രതികൂലമായി ബാധിച്ചു. പണപ്പെരുപ്പം വര്‍ധിച്ചതോടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനു വേണ്ടി കുടുംബങ്ങള്‍ നിക്ഷേപങ്ങള്‍ കുറച്ചുവെന്ന് മോത്തിലാല്‍ ഓസ്‌വാള്‍ സെക്യൂരിറ്റീസിന്റെ പഠനത്തില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ നിക്ഷേപം മൂന്ന് ദശാബ്ദങ്ങള്‍ക്കിടയിലെ താഴ്ന്ന സംഖ്യയായ 5.2 ലക്ഷംകോടി രൂപയിലേക്ക് ഇടിഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2022 സാമ്പത്തിക വര്‍ഷത്തില്‍ കുടുംബങ്ങളുടെ ആകെ സാമ്പത്തിക നിക്ഷേപം 17.2 ലക്ഷം കോടി ആയിരുന്നു. മൊത്തം ആഭ്യന്തര ഉല്പാദന (ജിഡിപി) ത്തിന്റെ നാല് ശതമാനം മാത്രമായി കുടുംബങ്ങളുടെ നിക്ഷേപം താഴ്ന്നു. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത അഞ്ച് ശതമാനമായി വര്‍ധിച്ചുവെന്ന് സാമ്പത്തിക വിദഗ്ധനായ നിഖില്‍ ഗുപ്ത പറഞ്ഞു. 2022 ലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കടബാധ്യത ആറ് ലക്ഷം കോടി വര്‍ധിച്ച് 83.65 ലക്ഷം കോടിയായി ഉയര്‍ന്നുവെന്നാണ് ആര്‍ബിഐ രേഖകള്‍ വ്യക്തമാക്കുന്നത്.

ആളുകൾ അടിസ്ഥാന ആവശ്യങ്ങൾക്കായി ചെലവഴിക്കാനും മുൻകാല വായ്പകൾ അടയ്ക്കാനും കടം വാങ്ങിയിരിക്കാമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഡിപിയുടെ 20 ശതമാനമായിരുന്ന കുടുംബങ്ങളുടെ സമ്പാദ്യം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 15.7 ശതമാനമായെന്നും റിപ്പോര്‍ട്ട് പറയുന്നു. 2019ല്‍ കുടുംബങ്ങളുടെ സമ്പാദ്യം ജിഡിപിയുടെ 7.9 ശതമാനം ആയിരുന്നു. 8.1 (2020), 12 (2021), 7.3 (2022) ശതമാനം വീതമായിരുന്നു തൊട്ടടുത്ത വര്‍ഷങ്ങളിലെ കണക്ക്. അതേസമയം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഉപഭോക്തൃ ഉല്പന്ന മേഖല 8.9 ശതമാനം വളർച്ച നേടിയതായി നീല്‍സണിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഇത് മുന്‍ പാദത്തേക്കാൾ രണ്ട് ശതമാനം കുറവാണ്.

വാങ്ങല്‍ ശേഷി സ്തംഭനാവസ്ഥയില്‍ 

ന്യൂഡല്‍ഹി: 2022–23 വര്‍ഷത്തില്‍ രാജ്യം ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് സാമ്പത്തിക വിദഗ്ധര്‍. പണപ്പെരുപ്പവും സാമ്പത്തിക ബാധ്യതയും കൂടിയതിനാല്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തില്‍ മികച്ച വളര്‍ച്ചനേടുമെന്ന വാദം തെറ്റാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് (പിഎഫ്‌സിഇ) 2022–23 ൽ ജിഡിപിയുടെ 57.2 ശതമാനമാണെന്നാണ് സർക്കാർ കണക്കുകൾ. കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ചെലവുകളുടെയും ആകെത്തുകയാണ് പിഎഫ്‌സിഇ.

2021–22 വര്‍ഷത്തില്‍ ഇത് 56.9 ശതമാനം ആയിരുന്നു. ഇതൊരു ശുഭ സൂചന ആണെങ്കിലും ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ന്യൂസ് ക്ലിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2020–21 വര്‍ഷത്തിലെ പിഎഫ്‌സിഇ ജിഡിപിയുടെ 57.3 ശതമാനമായിരുന്നു. തൊട്ടടുത്ത വര്‍ഷം സ്വകാര്യ ചെലവ് കുറഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിൽ അല്പം ഉയര്‍ന്നെങ്കിലും അത് ഇപ്പോഴും മഹാമാരിയുടെ ആദ്യ വർഷത്തിലെ നിലവാരത്തേക്കാൾ താഴെയാണ്. മഹാമാരിയില്‍ നിന്ന് സമ്പദ്ഘടന കരകയറിയെന്ന് അവകാശപ്പെടുമ്പോഴും ജനങ്ങളുടെ കയ്യില്‍ വാങ്ങല്‍ ശേഷിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: High Infla­tion Like­ly Pushed House­hold Finan­cial Sav­ings to Low
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.