കോൺഗ്രസിന്റെ താഴെത്തട്ടിലുള്ള പുന: സംഘടനയുമായി ബന്ധപ്പെട്ട് വീണ്ടും കുരുക്ക്. പുനഃസംഘടനയിൽ പരമ്പരാഗത രീതിയിലുള്ള ഗ്രൂപ്പ് വീതം വയ്പ് വേണ്ടെന്നാണ് കെപിസിസി തീരുമാനമെങ്കിലും, ഗ്രൂപ്പുകൾക്ക് കിട്ടുന്ന ഭാരവാഹികളുടെ എണ്ണം ആദ്യമേ നിശ്ചയിച്ചതിനു ശേഷം മാത്രം മതി ബാക്കി കാര്യങ്ങൾ എന്ന പിടിവാശിയിൽ കീഴ്ഘടകങ്ങൾ ഉറച്ചുനിൽക്കുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ പട്ടിക സമർപ്പിക്കേണ്ട അവസാന ദിവസം ഈ മാസം അഞ്ചിലേക്ക് നീട്ടി നൽകിയെങ്കിലും അവിടെയും നിൽക്കാതെ ഇപ്പോൾ 15 എന്ന് ഒടുവിലായി നിശ്ചയിച്ചിരിക്കുകയാണ്. പക്ഷേ, പുതിയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ അവിടെയും നിൽക്കുമെന്ന് ആരും കരുതുന്നില്ല. പുന: സംഘടനയ്ക്കായി നിയോഗിക്കപ്പെട്ട സമിതികൾ കൂടിക്കാഴ്ചയ്ക്കായി താഴെത്തട്ടിലെത്തിയപ്പോഴാണ്, പല ജില്ലകളിലും കാര്യം വഷളായിരിക്കുന്നത്. പഴയ പോലെ ഇക്കുറി ഗ്രൂപ്പുകൾക്ക് ക്വോട്ട ഉണ്ടാവില്ലെന്ന് സമിതി നേതാക്കൾ അറിയിച്ചെങ്കിലും ഗ്രൂപ്പുകൾക്കുള്ള ഭാരവാഹികളുടെ ക്വാട്ട നിശ്ചയിച്ചിട്ടുമതി ബാക്കി കാര്യങ്ങൾ എന്ന് താഴെത്തട്ടിലെ പ്രവർത്തകർ നിർബന്ധം പിടിക്കുകയാണ്. തങ്ങൾക്കുള്ള ഭാരവാഹികളുടെ എണ്ണം എത്രയെന്ന് കാലേക്കൂട്ടി വ്യക്തമാക്കിയാൽ, അതിനു പറ്റുന്ന ആളുകളുടെ പേരുകൾ പറയാം എന്നാണ് അണികളുടെ നിലപാട്.
ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ പകുതിപ്പേർ പുതുമുഖങ്ങളും 50 വയസിനു താഴെയുള്ളവരുമായിരിക്കണമെന്നും സഹകരണ, തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡനന്റുമാരെ സ്ഥാനങ്ങളിലേക്ക് പരിഗണിക്കരുതെന്നും കെപിസിസി നിർദേശിക്കുമ്പോൾ, ഇങ്ങനെയുള്ള വേർതിരിവുകളൊന്നും കൽപ്പിക്കാതെ, മികച്ച പ്രതിഛായയും ആൾബലവും അണികളിൽ സ്വാധീനവുമുള്ളവരെയാണ് സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടത് എന്നാണ് വലിയൊരു വിഭാഗത്തിന്റെ പക്ഷം. മുൻ കെപിസിസി അധ്യക്ഷനായിട്ടു പോലും പുന:സംഘടന സംബന്ധിച്ച ഒരു കാര്യവും തന്നോട് ആലോചിക്കാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രനും മറ്റും ഈ അഭിപ്രായക്കാരാണ്.
അഴിച്ചു പണിയിൽ പദവികൾ നഷ്ടപ്പെടുന്ന ബ്ലോക്ക്, മണ്ഡലം തലത്തിലുള്ളവരെ കുടിയിരുത്താൻ ഡിസിസി ജനറൽ ബോഡികൾ പുന: സംഘടിപ്പിക്കണമെന്ന നേതൃത്വത്തിന്റെ നിർദേശത്തോടും പലർക്കും യോജിപ്പില്ല. അങ്ങനെ വരുമ്പോൾ ഡിസിസി ജനറൽ ബോഡികൾ കൂടാൻ വിശാലമായ മൈതാനങ്ങൾ കണ്ടെത്തേണ്ടതായി വരും എന്ന പരിഹാസം ഈ വിഭാഗം മറച്ചു വയ്ക്കുന്നില്ല.
മുൻ കെപിസിസി അംഗങ്ങൾ, പോഷക സംഘടനകളുടെ മുൻ ജില്ലാ — ബ്ലോക്ക് പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, മുൻപ് ഡിസിസി ഭാരവാഹികളായും ബ്ലോക്ക് പ്രസിഡന്റുമാരുമായി പ്രവർത്തിച്ചവർ, മുൻപ് യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരുമായി പ്രവർത്തിച്ചവർ, ട്രേഡ് യൂണിയൻ സംസ്ഥാന നേതാക്കൾ, ജില്ലാ പ്രസിഡണ്ടുമാർ തുടങ്ങിയവരെയൊക്കെ ഡിസിസി ഭാരവാഹി, നിർവാഹക സമിതിയംഗം, ബ്ലോക്ക് പ്രസിഡന്റ് പദവികളിലേക്ക് പരിഗണിക്കണമെന്ന കെപിസിസി നിർദ്ദേശവും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.