ജനുവരി മധ്യത്തോടെ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ആമസോൺ മഴക്കാടുകളുടെ ഉൾഭാഗങ്ങളിൽ ജീവിക്കുന്ന തദ്ദേശീയ ജനവിഭാഗമായ യനോമാമി സമൂഹത്തിന്റെ കൂട്ടക്കുരുതിക്ക് കാരണക്കാരനായ മുൻ പ്രസിഡന്റ് ജയ്ർ ബോൾസനാരോയെ കുറ്റപ്പെടുത്തുകയുണ്ടായി. വെനസ്വേലയും ബ്രസീലുമായി അതിർത്തി പങ്കിടുന്ന ആമസോൺ മഴക്കാടുകളുടെ ഉൾഭാഗങ്ങളിൽ അധിവസിക്കുന്ന ജനവിഭാഗമാണ് യനോമാമി. പോഷകാഹാരക്കുറവും മറ്റു രോഗങ്ങളുമാണ് ബ്രസീലിലെ യനോമാമി എന്ന തദ്ദേശീയ ആദിവാസി ജനവിഭാഗത്തിൽ മരണം വ്യാപകമാകുന്നതിന് കാരണമായത്. 1980കൾ മുതൽ ഈ വിഭാഗം പൂർണമായും ഒറ്റപ്പെട്ടു കഴിയുകയാണ്. അക്കാലത്താണ് ആ ആദിമ ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന വനപ്രദേശങ്ങളിൽ സ്വർണശേഖരം കണ്ടെത്തിയത്. അതിനുശേഷമുള്ള നാല് പതിറ്റാണ്ടുകൾക്കിടയിൽ ഏകദേശം 40,000 അനധികൃത ഖനന പ്രവർത്തനങ്ങളാണ് മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്. സ്വർണം കണ്ടെത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഉപയോഗിക്കുന്ന മെർക്കുറിയുടെ വ്യാപനം കാരണം പുഴകൾ മലിനീകരിക്കപ്പെടുകയും തദ്ദേശവാസികൾക്കിടയിൽ ട്യൂബർ കുലോസിസ്(ടിബി), മലേറിയ എന്നീ രോഗങ്ങൾ പടരുകയും ചെയ്തു. കഴിഞ്ഞ ജനുവരി 20ന് ബ്രസീലിന്റെ ആരോഗ്യമന്ത്രാലയം മേഖലയില്‍ ആ രോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബോൾസനാരോ പ്രസിഡന്റായിരുന്ന നാലു വർഷങ്ങൾക്കിടയിൽ പോഷകാഹാരക്കുറവും പകർച്ചവ്യാധികളും കാരണം മേഖലയിൽ 500 കുട്ടികൾ മരിച്ചു എന്നാണ് കണക്ക്.
ഇക്കാലയളവിൽ അനധികൃത ഖനന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും മാനുഷിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനും ബോൾസനാരോ ശ്രദ്ധിച്ചില്ലെന്നാണ് ആരോപണം. 1990കൾക്ക് ശേഷം നടന്ന നിരവധി പഠനങ്ങൾ മേഖലയിലെ 3000ത്തോളം വരുന്ന ജനവിഭാഗങ്ങൾക്കിടയിൽ വിപരീത ആരോഗ്യ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്വർണഖനനത്തെ തുടർന്നാണ് ടിബി, മലേറിയ, മെർക്കുറി വിഷബാധ, പോഷകാഹാരക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നത് എന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്. ഓരോ പ്രശ്നങ്ങളെക്കുറിച്ചും വ്യത്യസ്തമായ നിരവധി പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. പ്രദേശവാസികൾക്കിടയിൽ ആദ്യമായി ടിബി റിപ്പോർട്ട് ചെയ്യപ്പെടുന്നത് 1965ലായിരുന്നു. പിന്നീട് 1970കളില്‍ കുറച്ചുകൂടി രോഗബാധ സ്ഥിരീകരിക്കുകയുണ്ടായി. എന്നാൽ സ്വർണ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷമാണ് മേഖലയിൽ ഇത് പകർച്ചവ്യാധി പോലെ പടര്‍ന്നു തുടങ്ങിയതെന്ന് 1997ൽ, ബ്രസീലിയൻ ഗവേഷകരുടെ നേതൃത്വത്തിലുള്ള പിഎൻഎഎസ് എന്ന മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. മലേറിയയുടെ കാര്യവും ഇതുപോലെ തന്നെയാണ്. 2016നും 2020നുമിടയിൽ ഈ മേഖലയിലെ സ്വർണഖനന പ്രവർത്തനങ്ങള്‍ വലിയ തോതിൽ വർധിച്ചു. അതേകാലയളവിൽ തന്നെ മലേറിയ രോഗബാധിതരുടെ വർധന ജനവാസ കേന്ദ്രങ്ങളിൽ 1090 ശതമാനം ആയി ഉയര്‍ന്നു. ഖനന പ്രദേശങ്ങളിൽ ഇത് 7576 ശതമാനം ആയിരുന്നു. ഖനന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന മെർക്കുറി കാരണം ഉപജീവനമാര്‍ഗങ്ങളായ മത്സ്യബന്ധനം, മൃഗവേട്ട തുടങ്ങിയവയ്ക്ക് തദ്ദേശവാസികൾ ആശ്രയിക്കുന്ന പ്രദേശങ്ങളിലെല്ലാം അന്തരീക്ഷവും ജലവും മലിനീകരിക്കപ്പെട്ടു.
2019 മേയ് മാസത്തിൽ ബസ്റ്റാ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ അമേരിക്കൻ ഭൂഖണ്ഡത്തിൽ തദ്ദേശീയ ജനവിഭാഗങ്ങളിൽ കുട്ടികൾ ഏറ്റവും അധികം പോഷകാഹാരപ്രശ്നങ്ങൾ നേരിടുന്നത് യനോമാമി സമൂഹത്തിൽ ആണെന്ന് വിശദീകരിക്കുകയുണ്ടായി. വളർച്ചാമുരടിപ്പ്, ഭാരക്കുറവ്, ശാരീരിക ക്ഷീണം എന്നിവയെല്ലാം കുട്ടികൾക്കിടയിൽ വ്യാപകമായിരുന്നു. മെർക്കുറി കാരണം മലിനീകരിക്കപ്പെട്ട പുഴകളിലെ മത്സ്യങ്ങൾ പോലും ചത്തൊഴുകുന്ന സ്ഥിതിവിശേഷം ഉണ്ട്. അതുകൊണ്ട് പുഴവെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഖനന പ്രവർത്തനങ്ങൾ നടക്കാത്ത വനത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് നടന്നുപോയി ശേഖരിക്കുന്ന വെള്ളമാണ് കുടിക്കാനായി ഉപയോഗിക്കുന്നത്. പ്രദേശത്തിന്റെ പല ഭാഗങ്ങളിലും ഖനന പ്രവർത്തനം തദ്ദേശവാസികളുടെ ഭക്ഷ്യശൃംഖല തടസപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷവും ഉണ്ട്. യനോമാമി തദ്ദേശവാസികളുടെ ഭൂപ്രദേശം തങ്ങള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനും ചൂഷണം ചെയ്യുവാനുമുള്ളതാണെന്ന ധാരണയിലാണ് മാഫിയയുടെ പ്രവർത്തനം.
ബോൾസനാരോ ഭരണകൂടം അവരെ നിയന്ത്രിക്കുന്നതിനും തദ്ദേശവാസികളുടെ മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സന്നദ്ധമായില്ല. ഇതു കാരണം ഖനനമാഫിയയുടെ വിളയാട്ടമാണ് നടക്കുന്നതെന്ന് പ്രദേശത്തെ മനുഷ്യാവകാശങ്ങളെ കുറിച്ച് പഠനം നടത്തിയ ക്രിസ്റ്റിന ഹാവർകാംപ് പറയുന്നു. 30 വർഷങ്ങൾക്കു മുമ്പ് ഖനന മാഫിയ പ്രദേശത്ത് എത്തിയതിനുശേഷം ഒരുതരത്തിലുള്ള അധിനിവേശമാണ് നടന്നതെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ഇത്രയും രൂക്ഷമായ പരിസ്ഥിതി-ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടും അവയ്ക്ക് പരിഹാരം കാണുന്നതിനോ തദ്ദേശവാസികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിലോ ഭരണകൂടം പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് പുതിയതായി അധികാരം ഏറ്റെടുത്ത ലുല ഡ സിൽവ യനോമാമി ജനവിഭാഗത്തിന്റെ പ്രശ്നങ്ങളെ പ്രഥമ പരിഗണന നൽകി ഏറ്റെടുത്തിരിക്കുന്നത്. പ്രദേശത്തെ ഖനന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് കടുത്ത നടപടികളിലേക്ക് പോകുമെന്നാണ് ലുല ഡ സിൽവ വ്യക്തമാക്കിയിരിക്കുന്നത്. തീർച്ചയായും ആമസോൺ മഴക്കാടുകളുടെയും അവിടെ അധിവസിക്കുന്ന തദ്ദേശവാസികളുടെയും ആദിമ ഗോത്രവിഭാഗങ്ങളുടെയും വിനാശം അംഗീകരിക്കാനാകില്ലെന്ന പ്രതിബദ്ധതയാണ് ലുല ഡ സിൽവ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.