19 December 2024, Thursday
KSFE Galaxy Chits Banner 2

കോമ്പല്ല് ഒരു കുറ്റമോ?

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
February 19, 2023 4:30 am

ഫോറസ്റ്റ് ബീറ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ച ആദിവാസി യുവാവിന് ഉന്തിയ പല്ല് ഉണ്ടായതുകൊണ്ട് പിഎസ്‌സി അയോഗ്യത കൽപ്പിച്ചതായി ഒരു വാർത്ത കാണുവാൻ ഇടയായി. ”രോഗം ഒരു കുറ്റമാണോ?” എന്നത് അശ്വമേധത്തിലെ ഒരു കേവല സംഭാഷണം മാത്രമല്ലല്ലോ. ജന്മവൈകല്യങ്ങൾ ആർക്കുമുണ്ടാകാം. അതിൽ ചിലത് ചികിത്സിച്ചു മാറ്റാവുന്നതും ചിലത് മാറ്റാൻ കഴിയാത്തതുമാണ്. എന്നാൽ ഒരു വൈകല്യമായിപ്പോലും കണക്കാക്കാൻ കഴിയാത്ത ”ഉന്തിയ പല്ല്” ഉപജീവനത്തിന് തടസമായി അധികാരികൾ കണ്ടാലോ? വാർത്തയ്ക്കാധാരമായ വിഷയത്തിന്റെ സത്യാവസ്ഥ ഉത്തരവാദപ്പെട്ടവരോട് അന്വേഷിച്ചപ്പോൾ വനംവകുപ്പിന്റെ സ്പെഷ്യൽ റൂൾസിൽ ‘ഉന്തിയപല്ല്’ ഒരയോഗ്യതയായിട്ടുണ്ട് എന്നാണ് ലഭിച്ച വിവരം. വനംവകുപ്പുകാർ അവരുടെ ജീവനക്കാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട സ്പെഷ്യൽ റൂൾസിൽ ഇങ്ങനെയെഴുതി വച്ചാൽ ഞങ്ങൾ എന്തു ചെയ്യും എന്ന് പിഎസ്‌സിക്കാർ വിലപിക്കുന്നു. അതുകൊണ്ട് വനം വകുപ്പിൽ അന്വേഷിച്ചു. ആ സ്പെഷ്യൽ റൂൾസിന്റെ ഒരു കോപ്പി കിട്ടിയാൽ ‘ഉന്തിയ പല്ല്’ എന്ന അയോഗ്യത മാറ്റാൻ ഒരു ശുപാർശയെങ്കിലും കൊടുത്തു നോക്കാം എന്നു കരുതി.


ഇതുകൂടി വായിക്കൂ: പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷാസമയം; വിവാദത്തില്‍ അടിസ്ഥാനമില്ല


വനംവകുപ്പിന്റെ സബോർഡിനേറ്റ് സർവീസിന്റെ സ്പെഷ്യൽ റൂൾസ് അസാധാരണ ഗസറ്റായി 2010 ആഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1962ലെ ”ഫോറസ്റ്റ് സബോർഡിനേറ്റ് സർവീസ്” സ്പെഷ്യൽ റൂൾസിനെ സൂപ്പർ സീഡ് ചെയ്തുകൊണ്ടാണ് (അസ്ഥിരപ്പെടുത്തി) 2010ലെ സ്പെഷ്യൽ റൂൾസ് പുറപ്പെടുവിക്കുന്നത് എന്ന് എസ്ആർഒ നമ്പർ 861/2010ൽ വ്യക്തമാക്കിയിട്ടുമുണ്ട്. അതിൽ എവിടെയും ഉന്തിയ പല്ലോ കോമ്പല്ലോ ഒരയോഗ്യതയായി പറഞ്ഞിട്ടില്ല. ഫോറസ്റ്റ് സബോർഡിനേറ്റ് സർവീസിൽ പതിനൊന്ന് കാറ്റഗറികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിലെ നാലാമത്തെ ഇനമാണ് ഫോറസ്റ്റ് ഗാർഡ് (ഇപ്പോഴുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ). അത് ഡയറക്ട് റിക്രൂട്ട്മെന്റാണ്. (പ്രൊമോഷൻ വഴിയല്ല, നേരിട്ടുള്ള നിയമനം എന്നർത്ഥം). 2010ലെ വിജ്ഞാപനത്തിലെ പട്ടിക ഒന്നിൽ ശാരീരിക ക്ഷമതയും പട്ടിക രണ്ടിൽ വൈദ്യ നിലവാര പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിക്കുന്നുണ്ട്. അതിൽ ചെവി-നല്ല കേൾവിശക്തി ഉണ്ടായിരിക്കണം. കണ്ണ്-കണ്ണടയില്ലാതെ കാഴ്ചശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തണം. ”ദൂരക്കാഴ്ച, സമീപക്കാഴ്ച, കളർവിഷൻ, നിശാന്ധത” ഇവയുടെയെല്ലാം ഇടതു-വലതു കണ്ണുകളുടെ കാഴ്ചശക്തിയുടെ തോത് പ്രത്യേകമായി കൊടുത്തിട്ടുണ്ട്. പേശികളും സന്ധികളും തളർവാതം ബാധിക്കാത്തതും എല്ലാ സന്ധികളും ആയാസരഹിതമായി ചലിപ്പിക്കാവുന്നതും ആയിരിക്കണം. നാഡീവ്യൂഹം പൂർണക്ഷമതയുള്ളതും പകർച്ചവ്യാധികളിൽ നിന്നും വിമുക്തവുമായിരിക്കണം. ഇത്രയും മാത്രമാണ് 2010 ലെ വിജ്ഞാപനത്തിൽ ഉള്ളത്.


ഇതുകൂടി വായിക്കൂ: വികസനക്കുതിപ്പ്, സാമൂഹ്യ സുരക്ഷ


എന്നാൽ വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക്, ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി സമൂഹത്തിനായി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ച കാറ്റഗറി നമ്പർ 092/2022ന്റെ മെഡിക്കൽ നിലവാരത്തിനുള്ള അടിക്കുറിപ്പിലാണ് വനംവകുപ്പിന് ആവശ്യമില്ലാത്ത ഒരു വ്യവസ്ഥ പിഎസ്‌സി ഉൾപ്പെടുത്തിയിട്ടുള്ളത്. വനംവകുപ്പിന്റെ പഴയ ഏതെങ്കിലും ഒഴിവാക്കപ്പെട്ട വിജ്ഞാപനത്തിൽ ഉണ്ടായിരുന്ന നിബന്ധന വല്ലതുമാണോ ഇത് എന്നറിയാനുള്ള ഗവേഷണത്തിന്റെ ആവശ്യം ഇപ്പോഴില്ല. വനംവകുപ്പ് ആവശ്യപ്പെടാതെ പിഎസ്‌സി ഉൾപ്പെടുത്തിയ വ്യവസ്ഥയിൽ മുട്ടുതട്ട്, പരന്ന പാദം, വളഞ്ഞ കാല്, കോമ്പല്ല് (മുൻപല്ല്) ഉന്തിയ പല്ലുകൾ, കൊഞ്ഞ ഇവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
കാക്കി യൂണിഫോം ധരിക്കുന്നവർക്ക് ചില ശാരീരിക വൈകല്യങ്ങൾ ഉണ്ടാകാൻ പാടില്ലായെന്ന വാദം അംഗീകരിക്കുമ്പോഴും കോമ്പല്ലും ഉന്തിയപല്ലും ഒരയോഗ്യതയായി കാണുന്ന നീതിശാസ്ത്രം അനീതിയുടേതാണ്. ആധുനിക കാലഘട്ടത്തിൽപോലും ദന്തചികിത്സയുടെ നൂതന മാർഗങ്ങൾ അറിഞ്ഞുകൂടാത്ത പാവപ്പെട്ട ആദിവാസികൾ പല്ല് തേക്കുന്നതിന് ഇപ്പോഴും വിവിധ മരച്ചില്ലകളെയാണ് ആശ്രയിക്കുന്നത്. പല്ല് ഉന്തിയതിന്റെ പേരിൽ കാട്ടിൽ കഴിയുന്ന ആദിവാസിക്ക് ജോലി നിഷേധിച്ചത് അപരാധം തന്നെയാണ്. വനംവകുപ്പിന്റെ വിജ്ഞാപനത്തിൽ ഇല്ലാത്ത വ്യവസ്ഥ അടിച്ചേൽപ്പിച്ച പിഎസ്‌സി നടപടിയെ ആർക്കാണ് ന്യായീകരിക്കാൻ കഴിയുക. ആദിവാസി യുവാക്കൾക്ക് വനംവകുപ്പിൽ പ്രത്യേക റിക്രൂട്ട്മെന്റ് മുഖേന ജോലി കൊടുക്കുന്നതിന് കേരള വനംവകുപ്പ് എടുത്ത തീരുമാനം എത്രയോ അഭിനന്ദനീയമായിരുന്നു. ഉന്തിയ പല്ലിനെ അയോഗ്യതയാക്കാൻ തീരുമാനിച്ചപ്പോൾ വനംവകുപ്പുമായി പിഎസ്‌സിയുടെ ബന്ധപ്പെട്ട അധികാരികൾ ചർച്ച ചെയ്തിട്ടുണ്ടോ എന്നറിയില്ല. നഗരസഭാ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടും ജില്ലാ പിഎസ്‌സി ഓഫീസുകൾ വ്യത്യസ്ത സമീപനങ്ങൾ കൈക്കൊണ്ടതിന്റെ ഫലമായും പിഎസ്‌സി നിയമനം നഷ്ടപ്പെട്ട ചവറയിലെ നിഷ ബാലകൃഷ്ണന്റെ അവസ്ഥയും ഈ സന്ദർഭത്തിൽ ഓർത്തു പോകുന്നു.


ഇതുകൂടി വായിക്കൂ:  ഭരണപരാജയങ്ങള്‍ക്ക് മറപിടിക്കുന്ന വിദ്യാഭ്യാസ നയം


എന്തായാലും ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ച കോളനിവാഴ്ചയുടെ ഭാഗമായ അധികാര ദണ്ഡിന്റെ ക്രൗര്യം കാലമെത്ര മാറിയിട്ടും ജനാധിപത്യയുഗത്തിലും നിലനിൽക്കുന്നു എന്നത് ലജ്ജാകരമാണ്. ഉന്തിയ പല്ലുകാരണം ജോലി നിഷേധിക്കപ്പെട്ട സാഹചര്യം സർക്കാർ തലത്തിൽ പുനർചിന്തനത്തിന് വിധേയമാക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.