28 April 2024, Sunday

Related news

April 23, 2024
April 21, 2024
April 20, 2024
April 17, 2024
April 16, 2024
April 15, 2024
March 31, 2024
March 23, 2024
March 3, 2024
February 8, 2024

ഇന്ത്യ എന്ന സമൂര്‍ത്ത ആശയം

ഡി രാജ
August 5, 2023 4:45 am

1950 ജനുവരി 26ന്, നാം വൈരുധ്യങ്ങളുടെ ജീവിതത്തിലേക്കാണ് കടക്കാൻ പോകുന്നതെന്നും അവിടെ രാഷ്ട്രീയത്തിൽ തുല്യതയുംസാമൂഹ്യ‑സാമ്പത്തിക ജീവിതത്തിൽ അസമത്വവുമുണ്ടാകുമെന്ന് ഡോ. ബി ആർ അംബേദ്കർ ഏഴ് ദശകങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴും ആ വൈരുധ്യങ്ങൾ ഉയർന്നതോതിൽ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. സമത്വമെന്ന ആശയംതന്നെ സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ഏറ്റവും വിനാശകരമായ നടപടികളിൽ ഒന്ന് ആർഎസ്എസ് അനുശാസിക്കുന്ന അസമമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ക്രമം പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് രാജ്യത്തെ വലിയ ദുരിതത്തിലാക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം, ജാതീയതയുടെ ആധിക്യം വർധിച്ചുവരുന്ന സ്ത്രീവിരുദ്ധത, സമ്പത്ത് ചുരുക്കം ചിലരിൽ കേന്ദ്രീകരിക്കുന്നത് എന്നിങ്ങനെ എല്ലായിടത്തും അസമത്വം പ്രകടമാണ്. വളർന്നുവരുന്ന അസമത്വവും ആർഎസ്എസ്-ബിജെപി സംഘത്തിന്റെ ഏകശിലാത്മകമായ വർഗീയ ചങ്ങാത്തവും വേരോടെ ഇല്ലാതാക്കുന്നതിന് മതനിരപേക്ഷ‑ജനാധിപത്യ ശക്തികളുടെ ഐക്യമാണ് പരിഹാരമാർഗം. നമ്മുടെ മതേതര ജനാധിപത്യ ഘടനയ്ക്കെതിരായ ആക്രമണത്തെ ചെറുക്കാനും പരാജയപ്പെടുത്താനും ഇന്ത്യയെ രക്ഷിക്കാനും മതേതര ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്ന് കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.


ഇതുകൂടി വായിക്കൂ: ഇന്ത്യ; ഫാസിസ്റ്റ്‌വിരുദ്ധ ചേരിയുടെ ഉദയം


പുതിയതായി രൂപംകൊണ്ട ‘ഇന്ത്യ’ എന്ന ചുരുക്കപ്പേരിലുള്ള ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് ഇൻക്ലൂസീവ് അലയൻസ് വ്യാപകമായ ചർച്ചകളുടെയും സംവാദത്തിന്റെയും വിഷയമായിരിക്കുകയാണ്. ഒരു വശത്ത്, ‘ഇന്ത്യ’യുടെ ആവിർഭാവം നമ്മുടെ ജനങ്ങളിലെ മതനിരപേക്ഷ, ജനാധിപത്യ, പുരോഗമന വിഭാഗങ്ങൾക്ക് ആർഎസ്എസ്-ബിജെപി സഖ്യത്തിന്റെ വെറുപ്പും വിഭാഗീയതയും ചങ്ങാത്തമുതലാളിത്തപരവുമായ ഭരണത്തിന് പ്രായോഗിക ബദൽ നൽകുന്നു. മറുവശത്ത്, മതേതര-ജനാധിപത്യ ശക്തികളുടെ ഐക്യത്തിൽ ആകുലപ്പെടുന്ന ആർഎസ്എസ് നിയന്ത്രിതസംഘങ്ങൾ മതേതര, ജനാധിപത്യ റിപ്പബ്ലിക്ക് എന്ന ആശയം സംരക്ഷിക്കുന്നതിന് ഒന്നിച്ചു ചേർന്നിരിക്കുന്ന ശക്തികളുടെ ഐക്യത്തെ ഇകഴ്ത്തി സംസാരിക്കുന്നു. ‘ഇന്ത്യ’ സഖ്യത്തെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി താരതമ്യപ്പെടുത്തി രംഗത്തുവന്ന പ്രധാനമന്ത്രി മോഡിതന്നെ അതിന് നേതൃത്വം നൽകുകയാണ്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും അതിന്റെ സന്തതിയായുണ്ടായ ബ്രിട്ടീഷ് രാജും അവസാനിപ്പിക്കുന്നതിന് ഇടതുശക്തികളും ദേശാഭിമാനികളും പങ്കുവഹിച്ചതിന്റെ ചരിത്രത്തെ അദ്ദേഹം ബോധപൂർവം വിസ്മരിച്ചു. കൊളോണിയൽ ഭരണത്തിൽ നിന്നുള്ള വിമോചനത്തിനായി രാജ്യം പൊരുതുമ്പോൾ ബ്രിട്ടീഷുകാരുടെ വിശ്വസ്തസേവകർ ആരായിരുന്നു എന്ന് എല്ലാവർക്കും അറിയാമെന്നതിനാൽ ആ ഒഴിവാക്കൽ അദ്ദേഹത്തിന് ആവശ്യവുമായിരുന്നു.
ബിജെപി അധികാരത്തിലെത്തിയതിനു ശേഷമുള്ള കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിടയിൽ എല്ലാതലത്തിലും അസാധാരണമായ ദുർഭരണത്തിനാണ് രാജ്യമാകെ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സമ്പദ്ഘടനയെ സമ്പൂർണമായി താറുമാറാക്കിയ സ്വേച്ഛാപരമായ തീരുമാനമായിരുന്നു നോട്ട് നിരോധനം. എല്ലാ മേഖലകളെയും അത് ദോഷകരമായി ബാധിച്ചു. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ ചരക്കു സേവന നികുതി (ജിഎസ്‌ടി) ധൃതിപിടിച്ച് നടപ്പിലാക്കിയത് അനൗപചാരിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥത വലിയ തോതിലുള്ള തൊഴിലില്ലായ്മയ്ക്ക് കാരണമാകുകയും മറ്റൊരു കെടുകാര്യസ്ഥത മൂലം കോവിഡ് 19 പ്രതിസന്ധി വലിയൊരു ദുരന്തമായി തീരുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: കലാപഭൂമിയില്‍ ഇന്ത്യ; പ്രതിനിധികൾ


കോർപറേറ്റുകൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയതിലൂടെ അസമത്വം കുതിച്ചുയർന്നു. ഏറ്റവും അനിവാര്യമായ സഹായങ്ങൾ ആവശ്യമായ സാമൂഹിക മേഖലയ്ക്കാണ് ഇത്തരം നടപടികൾ വലിയ പ്രത്യാഘാതമുണ്ടാക്കിയത്. സാമൂഹ്യവും വികസനപരവുമായ എല്ലാ സൂചികളിലും രാജ്യത്തിന് സംഭവിച്ച പതനമാണ് ബിജെപി-ആർഎസ്എസ് ഭരണത്തിന്റെ സവിശേഷത. അതാകട്ടെ നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്ക് സംഭവിച്ച ഹാനികരമായ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അതിസമ്പന്നരുടെ സമ്പത്തിൽ പലമടങ്ങ് വർധനവ് ഉണ്ടായത് യാദൃച്ഛികമല്ല. പാവപ്പെട്ടവരുടെ കയ്യിൽനിന്നു എല്ലാം തട്ടിയെടുക്കുകയും കോർപറേറ്റ് മേഖലയെ ആനുകൂല്യങ്ങൾ കൊണ്ട് നിറയ്ക്കുകയും ചെയ്യുന്ന ബിജെപിയുടെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ചിത്രമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലവസരങ്ങൾ എന്നിവ സാധാരണക്കാർക്ക് താങ്ങാനാവാത്ത അവസ്ഥയിലായതോടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ പ്രതിഷേധത്തിലാണ്.
ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളുടെ വ്യാപകമായ ശോഷണത്തിനും മോഡിസർക്കാരിന്റെ നയങ്ങൾ കാരണമായി. ബിജെപിയുടെ അധികാരദാഹം ഇന്ത്യൻ സമൂഹത്തെ വിഭജിക്കുകയും ജനങ്ങൾക്കിടയിൽ ആഴത്തിലുള്ള ഭിന്നതകൾ സൃഷ്ടിക്കുകയും ചെയ്തു. മതം, ജാതി, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യപുരോഗതിയെ പിന്നോട്ടടിപ്പിക്കുകയാണ് ആർഎസ്എസ്-ബിജെപി ഭരണം ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങളുടെ ബ്രിട്ടീഷ് യജമാനന്മാരിൽ നിന്ന് പഠിച്ച, ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം ഉപയോഗിച്ച് ഭരിക്കുകയാണവര്‍. ഈ നീചമായ സമീപനങ്ങളുടെ വിനാശകരമായ ഫലങ്ങൾ രാജ്യത്തുടനീളം ദൃശ്യമാണ്. ഏറ്റവും ഒടുവിൽ മണിപ്പൂരിൽ കണ്ടത് അതാണ്. കലാപം ആളിക്കത്തിയിട്ടും പ്രധാനമന്ത്രി മാസങ്ങളായി മൗനം തുടരുന്നു. സർക്കാരിനെതിരെ ഉയർന്നുവരുന്ന വിമർശനങ്ങൾ ക്രൂരമായ നിയമങ്ങൾ ഉപയോഗിച്ചും ബലപ്രയോഗത്തിലൂടെയും നിശബ്ദമാക്കപ്പെടുന്നു.
നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനം വിഭാവനം ചെയ്തതും ഭരണഘടന ഉൾക്കൊള്ളുന്നതുമായ ജനാധിപത്യമൂല്യങ്ങളിലും ആദർശ നിഷ്ഠകളിലും പൊതുവായ ഇടിവ് സംഭവിച്ചു. ജനാധിപത്യത്തിന്റെ നിലനില്പ് തന്നെ ഏറ്റവും നിർണായകമായ ചോദ്യമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ വേണം ‘ഇന്ത്യ’യുടെ രൂപീകരണത്തെ കുറിച്ചുള്ള ചർച്ചകൾ നടത്തേണ്ടത്. ഭരണഘടനാ മൂല്യങ്ങൾ നിഷ്കരുണം ചവിട്ടിമെതിക്കുന്നതിനും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾക്കുമെതിരെ ഐക്യപ്രതിപക്ഷം എന്ന ആവശ്യം വളരെക്കാലമായി ഉന്നയിക്കപ്പെടുന്നതാണ്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തുന്നത് കേവലം ഭരണമാറ്റമല്ലെന്നും രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ തകർക്കുന്ന മാറ്റമാണെന്നും സിപിഐ നേരത്തെ അഭിപ്രായപ്പെട്ടതാണ്. ബിജെപിയെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നേരിടാൻ മതേതര ജനാധിപത്യ രാജ്യസ്നേഹ ശക്തികളുടെ ഐക്യത്തിനായും സിപിഐ വാദിച്ചു.


ഇതുകൂടി വായിക്കൂ: ഇന്ത്യ ഇന്ന് മണിപ്പൂരില്‍


ഹിന്ദുത്വ കൂട്ടുകെട്ടിനെതിരായ ബദൽ, ഇടതുപക്ഷ രാഷ്ട്രീയ ഘടനയിലുള്ളതും അജണ്ട തികച്ചും വ്യത്യസ്തവുമായിരിക്കണം. മുൻകാലങ്ങളിൽ രൂപപ്പെട്ട മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തമായ ഐക്യനിരയെ നേരിടുന്നതും ഭൂരിപക്ഷം നേടുന്നതും ബിജെപിക്കും അതിന്റെ സഖ്യകക്ഷികൾക്കും പ്രയാസകരമായിരുന്നുവെന്നതും ഓർക്കാവുന്നതാണ്. മതേതര ജനാധിപത്യ ശക്തികളുടെ ഐക്യം വോട്ട് വിഭജനത്തെ തടയുക മാത്രമല്ല ബദൽ പരിപാടി അവതരിപ്പിച്ച് എല്ലാ വിഭാഗങ്ങളുടെയും ശബ്ദമായി മാറുന്നതിലൂടെ ബിജെപിയുടെ സ്വേച്ഛാപരമായ നയങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ധാരണയും പരസ്പരവിശ്വാസവും വളർത്തിയെടുക്കുകയും എല്ലാവരെയും ഉൾക്കൊള്ളുകയും ചെയ്യുക എന്നതായിരിക്കണം അത്തരമൊരു കൂട്ടായ്മയുടെ ഘടകങ്ങൾ എന്നത് അടിവരയിടേണ്ടതാണ്.
ദേശീയതലത്തിൽ രൂപപ്പെട്ടുവരുന്ന പൊതു ഐക്യധാരയുടെ മുഖ്യലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുകയും രാജ്യത്തെ രക്ഷിക്കുകയും ചെയ്യുക എന്നതുതന്നെയാണ്. ഇതുറപ്പാക്കുന്നതിന് സംസ്ഥാനതലത്തിലുള്ള സവിശേഷതകൾ പരിഗണിക്കുകയും വേണം. ദേശീയ കൂട്ടായ്മയിലെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവാദിത്തമുണ്ട്. ഈ ലക്ഷ്യങ്ങളോടെയാണ് ജൂണിൽ പട്നയിൽ 15 രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ പങ്കെടുത്ത യോഗം ചേർന്നത്. പ്രതിപക്ഷ പാർട്ടികളെ ഒരു കുടക്കീഴിൽ അണിനിരത്താൻ ഈ യോഗത്തിൽ ധാരണയായി. ബംഗളൂരുവിൽ നടന്ന അടുത്ത യോഗത്തിൽ 26 രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തു. ഈ യോഗത്തിലാണ് യോജിച്ച വേദിക്ക് ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് ഇന്‍ക്ലുസീവ് അലയൻസ് ‘ഇന്ത്യ’ എന്ന് പേരു നൽകാൻ തീരുമാനിച്ചത്.


ഇതുകൂടി വായിക്കൂ: ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഉറച്ച് പ്രതിപക്ഷം


പ്രതിപക്ഷ ഐക്യ ശ്രമങ്ങൾ ബിജെപിയെ അസ്വസ്ഥമാക്കി എന്നതിന്റെ തെളിവാണ് ബംഗളൂരുവിൽ ‘ഇന്ത്യ’ യോഗം ചേർന്ന ദിവസം തന്നെ പ്രവർത്തനരഹിതമായിരുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ യോഗം ചേരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തീരുമാനം. തങ്ങൾ തനിച്ച് കരുത്തരാണ് എന്ന് മേനിനടിച്ചിരുന്ന ബിജെപിക്ക് 37 ഓളം കക്ഷികളുമായി യോഗംചേരേണ്ടി വന്നത് മതേതര ജനാധിപത്യ ശക്തികളുടെ ഐക്യത്തിന്റെ ആവിർഭാവത്തോടെയായിരുന്നു. പ്രതിപക്ഷ ഐക്യത്തിന്റെ പ്രാധാന്യവും ആർഎസ്എസ്-ബിജെപി-ഹിന്ദുത്വ കൂട്ടുകെട്ടിന്റെ നയങ്ങളിലുണ്ടാകുന്ന ദൗര്‍ബല്യവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ‘ഇന്ത്യ’യിലെ കക്ഷികൾക്ക് ബ്രിട്ടീഷ് കോളനിവാഴ്ചയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ സമ്പന്നമായ പാരമ്പര്യമുണ്ട്. പൊതുമേഖലയ്ക്ക് വേണ്ടി നിലകൊള്ളുകയും രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിന് ശ്രമിക്കുകയും ചെയ്തവരാണ് ഈ കക്ഷികൾ.
സാമൂഹികമായ വിവേചനം, ഭാഷാപരമായ വിഭജനം, ഫെഡറൽ വിരുദ്ധ രാഷ്ട്രീയം എന്നിവയ്ക്കെതിരായ പോരാട്ടത്തിലും ‘ഇന്ത്യ’യുടെ ഭാഗമായ ശക്തികൾ നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു. ഈ കക്ഷികൾക്ക് രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും വിശ്വാസമാർജിക്കുവാനും കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം കൊണ്ടുണ്ടായ നിരാശയിൽ നിന്നാണ് പ്രധാനമന്ത്രി ‘ഇന്ത്യ’യെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി താരതമ്യം ചെയ്തത്. ഈ ഘട്ടത്തിലെങ്കിലും ഇടതുപക്ഷ ദേശസ്നേഹ ശക്തികളുടെയും സ്വന്തം സംഘടനയായ ആർഎസ്എസിന്റെയും പ്രാഥമിക ചരിത്രം അദ്ദേഹം ഓർമ്മിക്കണം. ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ തങ്ങളുടെ രക്തവും വിയർപ്പും യൗവനവും സമർപ്പിച്ചവരാണ് ദേശസ്നേഹശക്തികൾ. അതേസമയം ആർഎസ്എസുകാര്‍ സ്വാതന്ത്ര്യ സമരത്തെ എതിർക്കുകയും തങ്ങളുടെ ബ്രിട്ടീഷ് യജമാനന്മാരെ പ്രീതിപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്. നമ്മുടെ സ്വാതന്ത്ര്യസമര നേതാക്കൾ ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ഐക്യരൂപത്തിലുള്ളതുമായ ഒരു രാജ്യമാണ് വിഭാവനം ചെയ്തത്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയായിരുന്നു അതിന്റെ അടിത്തറ. എന്നാൽ വർഗീയ ചേരിതിരിവുകളും ജാതിചിന്തകളും ലിംഗപരമായ അടിച്ചമർത്തലും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആർഎസ്എസ് ഈ ആശയത്തിന് എതിരായി നിൽക്കുന്നു. രാജ്യത്തെ വിദ്വേഷത്തിൽ നിന്നും മോചിപ്പിക്കാനും ഐക്യം രൂപപ്പെടുത്താനുമാണ് ‘ഇന്ത്യ’ ഉദയം ചെയ്തത്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയുറപ്പാക്കുവാനാണ് ‘ഇന്ത്യ’ ഒന്നിച്ചത്. ഈ ഐക്യത്തിൽ നമുക്ക് വിജയിക്കാനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.