23 May 2024, Thursday

Related news

May 23, 2024
May 22, 2024
May 16, 2024
May 11, 2024
May 11, 2024
May 10, 2024
May 8, 2024
May 4, 2024
May 2, 2024
April 30, 2024

ചുമമരുന്ന് മരണം: നിയമനടപടിയിലേക്ക്

ബൻജോത് കൗർ
July 25, 2023 4:30 am

മാരക രാസവസ്തുക്കള്‍ കലര്‍ന്ന ചുമ, ജലദോഷ മരുന്നുകളുടെ ഉപയോഗം മൂലം വൃക്കകൾ നശിച്ച് 70 പേര്‍ മരിച്ച കേസില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ കേസെടുക്കണമെന്ന് ഗാംബിയൻ പ്രസിഡന്റ് അദാമ ബറോ രൂപീകരിച്ച വിദഗ്ധസംഘം ശുപാർശ ചെയ്തു. രണ്ട് വയസിന് താഴെയുള്ള ശിശുക്കളായിരുന്നു മരിച്ചവരില്‍ ഭൂരിഭാഗവും. 2022 നവംബറിലായിരുന്നു സംഘം അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാർച്ചിൽ നല്‍കിയ റിപ്പോർട്ട് ഗാംബിയൻ സർക്കാർ ജൂലൈ 21 നാണ് പുറത്തിറക്കിയത്. മരുന്ന് ഇറക്കുമതി ചെയ്ത അറ്റ്ലാന്റിക് ഫാർമസ്യൂട്ടിക്കൽസ്, നിര്‍മ്മിച്ച മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് , ഇന്ത്യന്‍ സര്‍ക്കാര്‍ എന്നിവർക്കെതിരെ നിയമനടപടിക്കുള്ള സാധ്യത ഗാംബിയ സർക്കാർ ഉടൻ ആലോചിക്കണമെന്ന് സംഘം നിര്‍ദേശിച്ചിരിക്കുന്നു. ഇന്ത്യന്‍ മരുന്ന് നിർമ്മാതാക്കളായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനും ഗാംബിയയ്ക്ക് വേണ്ടി ഇന്ത്യയില്‍ നിന്ന് മരുന്നുകൾ വാങ്ങിയ യുഎസ് ആസ്ഥാനമായുള്ള ഇറക്കുമതിക്കാരായ അറ്റ്ലാന്റിക് ഫാർമസ്യൂട്ടിക്കൽസിനും എതിരെ നിയമനടപടിക്കുള്ള ശുപാർശയും ഗാംബിയൻ സർക്കാർ അംഗീകരിച്ചു. നിയമോപദേശത്തിനായി അന്താരാഷ്ട്ര നിയമ സ്ഥാപനവുമായി ബന്ധപ്പെട്ടതായും സ്ഥിരീകരിച്ചു.

ഇന്ത്യ ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഉല്പന്നങ്ങളില്‍ വിഷാംശമുള്ള രാസവസ്തുക്കളായ ഡൈഥലിൻ ഗ്ലൈക്കോൾ (ഡിഇജി), എഥിലിൻ ഗ്ലൈക്കോൾ (ഇജി) എന്നിവ അടങ്ങുന്നു എന്ന് വ്യക്തമാക്കുന്ന അഞ്ച് ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഗാംബിയൻ പാർലമെന്ററി കമ്മിറ്റിയും യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനും (സിഡിസി)യും അന്താരാഷ്ട്ര വിദഗ്ധരുടെ സംഘവും രോഗകാരണം വിലയിരുത്തി പ്രസിദ്ധീകരിച്ചതാണ് റിപ്പോർട്ടുകൾ. 2022 സെപ്റ്റംബറിൽ ലോകാരോഗ്യ സംഘടന വഴി സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ലാബില്‍ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് മരുന്നുകളില്‍ ഉയർന്ന അളവിൽ മാരക രാസവസ്തുക്കള്‍ അടങ്ങിയതിന്റെ തെളിവുകള്‍ പുറത്തുവന്നത്.


ഇതുകൂടി വായിക്കൂ: പാദരക്ഷകള്‍ക്ക് ഗുണനിലവാരം നിശ്ചയിക്കപ്പെടുമ്പോള്‍


2022 ജൂലൈ-ഒക്ടോബര്‍ കാലത്ത് വൃക്ക തകരാറിലായി 70 കുട്ടികളുടെ മരണത്തിന് കാരണമായത് ഇന്ത്യയിൽ നിന്നും അറ്റ്ലാന്റിക് ഫാർമസി ഇറക്കുമതി ചെയ്ത നാല് ചുമമരുന്നുകളില്‍ കണ്ടെത്തിയ മാരകവസ്തുക്കളുടെ ഫലമാണ് എന്ന് ആരോപണമുയര്‍ന്നു. ഗാംബിയയിലെ എഡ്വേർഡ് ഫ്രാൻസിസ് സ്മോൾ ടീച്ചിങ് ആശുപത്രിയിലെ ഡോക്ടര്‍ മുയോനെകെ ഉസോമാക വിവിയനും തെളിവെടുപ്പില്‍ ഇതേകാര്യം ആവര്‍ത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ ലാബ് റിപ്പോർട്ടുകളും മാരക രാസവസ്തുക്കളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട വിവിയന്റെ കണ്ടെത്തലുകൾ സ്ഥിരീകരിച്ചു.

കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയത്. വിദഗ്ധ ശുപാർശയെത്തുടർന്ന് നാല് മരുന്നുകളും വിപണിയിൽ നിന്ന് പിൻവലിച്ചതിന് ശേഷം, ഒക്ടോബറിൽ വൃക്കരോഗവുമായി ബന്ധപ്പെട്ട കേസുകൾ ഗണ്യമായി കുറഞ്ഞു. ഒന്നിലധികം അവയവങ്ങളുടെ പരാജയത്തിന് കാരണമാകുന്ന മാരക രാസവസ്തുക്കളുടെ സാന്നിധ്യം അങ്ങേയറ്റം ഉയർന്നതാണെന്ന് പത്തോളജിസ്റ്റും ലാബ് മേധാവിയുയായ ഗബ്രിയേൽ ഓഗനമായും വെളിപ്പെടുത്തി. ആക്ഷേപം ഉയര്‍ന്നതു മുതല്‍ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് തങ്ങളുടെ ഉല്പന്നങ്ങളിൽ വിഷാംശമോ രാസമാലിന്യങ്ങളോ കലർന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് അവകാശപ്പെട്ടു.

ഇന്ത്യൻ സർക്കാരും കഴിഞ്ഞ വർഷം സ്വന്തമായി ഒരു വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. മരണത്തിന് കാരണമാകുന്ന വയറിളക്കത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഈ റിപ്പോർട്ട് ലോകാരോഗ്യ സംഘടന അംഗീകരിച്ചില്ല. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിൽ തങ്ങളുടെ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തിയിട്ടില്ലെന്ന് അറ്റ്ലാന്റിക് ഫാർമ അന്വേഷണസംഘത്തോട് സമ്മതിച്ചു. ഇന്ത്യൻ ഡ്രഗ് റെഗുലേറ്റർ, മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന് നൽകിയ നിര്‍മ്മാണാനുമതിയെയാണ് ആശ്രയിക്കുന്നതെന്നും യുഎസ് ആസ്ഥാനമായുള്ള ഇറക്കുമതി കമ്പനി പറഞ്ഞു.


ഇതുകൂടി വായിക്കൂ: പിഎം കെയേഴ്സ്: കേന്ദ്രം സുതാര്യതയെ ഭയക്കുന്നു


2015ൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നിലവാരമില്ലാത്ത ഉല്പന്നങ്ങൾ ഗുജറാത്ത്, കേരള സർക്കാരുകള്‍ നിരോധിച്ചിരുന്നു. സാധാരണയായി മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിന് മുമ്പ് ഗാംബിയയുടെ ഡ്രഗ് റെഗുലേറ്ററിൽ ‘രജിസ്റ്റർ’ ചെയ്യണം. അറ്റ്ലാന്റിക് ഫാർമ കേവലം ‘ലിസ്റ്റ്’ ചെയ്യപ്പെട്ട കമ്പനിയാണെന്നും ‘രജിസ്റ്റർ’ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ലിസ്റ്റിങ് പ്രക്രിയയിൽ, ഉല്പന്നത്തിന്റെയും വിതരണക്കാരന്റെയും അടിസ്ഥാന വിവരങ്ങൾ മാത്രം രേഖപ്പെടുത്തിയാല്‍ മതി. രജിസ്ട്രേഷന്‍ ചെയ്യാന്‍ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് നിരവധി രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനമായി മരുന്നുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ബോധ്യമാക്കണം.

ഗാംബിയ റെഗുലേറ്ററി അതോറിറ്റി ലിസ്റ്റിങ് അനുവദിച്ചത് 2014ലെ മെഡിസിൻസ് ആന്റ് റിലേറ്റഡ് പ്രോഡക്ട്സ് ആക്ടിനും റെഗുലേഷൻ 2020ലെ നിയമങ്ങൾക്കും വിരുദ്ധമെന്നും അന്വേഷണസംഘം കണ്ടെത്തി. ‘ഉത്തരവാദിത്തങ്ങൾ അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്തതിന്’ ഉദ്യോഗസ്ഥരെ നീക്കം ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും ശുപാർശ ചെയ്തിട്ടുണ്ട്. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറെ ഉടൻ പ്രാബല്യത്തിൽ പിരിച്ചുവിട്ടതായും ഡെപ്യൂട്ടി ഡയറക്ടറുടെ സേവനം അവസാനിപ്പിച്ചതായും ഗാംബിയൻ സർക്കാർ ജൂലൈ 21ന് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.