25 November 2024, Monday
KSFE Galaxy Chits Banner 2

കലാകാരന്മാർ ഉണരുന്നു, കേരളവും

വത്സന്‍ രാമംകുളത്ത്
February 21, 2023 4:21 am

എഴുത്തുകാരനും കലാകാരനും വരൂ, നടനും നാടകകൃത്തും വരൂ, കൈകൊണ്ടോ തലച്ചോറുകൊണ്ടോ പ്രവർത്തിക്കുന്നവരെല്ലാം വരൂ… സ്വാതന്ത്ര്യത്തിന്റെയും സാമൂഹികനീതിയുടെയും ധീരമായൊരു ലോകം കെട്ടിപ്പടുക്കാനുള്ള ദൗത്യത്തിനായ്. ബോംബെയിൽ നിന്ന് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെ (ഇപ്റ്റ) കേന്ദ്ര ഓഫീസ് കൽക്കത്തയിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് പ്രൊഫ. ഹിരൺ മുഖർജി (ഹിരേന്ദ്രനാഥ് മുഖർജി) യുടെ ആഹ്വാനമായിരുന്നു ഈ മുഖവാചകം. സ്വാതന്ത്ര്യവും സാമൂഹികനീതിയും സാഹോദര്യവും മതേതരത്വവുമെല്ലാം വർഗീയ‑ഹിന്ദുത്വ ഭരണകൂടം ചവിട്ടിമെതിക്കുന്ന ഈ കെട്ടകാലത്ത് 1946ൽ ഹിരൺ മുഖർജി നടത്തിയ ആ ആഹ്വാനത്തിന് പ്രസക്തിയുണ്ട്. 1943ൽ പിറവികൊണ്ട ഇപ്റ്റ അതിന്റെ 80-ാം വാർഷികാഘോഷത്തിലാണ്. മാർച്ച് 17,18,19 തീയതികളിൽ ഝാർഖണ്ഡിലെ ഗൽത്തോൺഗഞ്ചിലാണ് ദേശീയ സമ്മേളനം നടക്കുന്നത്. അതിനുമുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി എറണാകുളത്ത് ചേരുകയാണ്. ദേശീയതയെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഇപ്റ്റ ഈ എൺപതാം വാർഷിക വേളയിൽ കൈക്കൊണ്ടിരിക്കുന്നത്. സംസ്ഥാന, ദേശീയ സമ്മേളനത്തിൽ അതിന്റെ പരിപാടികൾ രൂപംകൊള്ളും.
1942ൽ ബംഗാളിൽ ഉണ്ടായ പട്ടിണിയും കഷ്ടപ്പാടുമാണ് ഇപ്റ്റയുടെ പരിപാടികൾക്ക് എത്രത്തോളം ശക്തിയുണ്ടെന്ന് ലോകം തിരിച്ചറിയാനിടയാക്കിയത്. രാജ്യത്തുടനീളം ഇപ്റ്റയിലൂടെ കലാകാരന്മാർ മനുഷ്യരുടെ കാവൽക്കാരായിമാറി. മരണമുഖത്ത് ചലിക്കാൻ പോലും ശക്തിയില്ലാതെ കിടന്ന ലക്ഷങ്ങളുടെ വിശപ്പടക്കി. മരിച്ചുവീണ പതിനായിരങ്ങളുടെ ശരീരം മറവുചെയ്തു. കേവലം ആടാനും പാടാനും നടിക്കാനുമല്ല കലാകാരന്റെ മനസും ചിന്തയും ജീവനുമെന്ന് ഇപ്റ്റ മാലോകർക്ക് കാണിക്കുകയായിരുന്നു. ‌

 


ഇതുകൂടി വായിക്കു; യുവജനങ്ങൾക്ക് വേണം കാലാനുസൃത നെെപുണി


 

ഇപ്റ്റ എന്ന പ്രസ്ഥാനം രൂപീകരിക്കുന്നതിന് വിത്തുപാകിയ സിപിഐയുടെ പ്രഥമ ജനറൽ സെക്രട്ടറി പി സി ജോഷിക്കും അതിനൊപ്പം നിന്ന വിഖ്യാതകലാകാരന്മാർക്കും ഒരുലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. അത് സ്വാതന്ത്ര്യത്തിനും ദേശീയതയ്ക്കും വേണ്ടി കലാകാരന്മാരെയും അവരുടെ സർഗാത്മതയെയും ഉപയോഗിക്കുക എന്നതായിരുന്നു. കൈഫി ആസ്മിയുടെ നേതൃത്വത്തിൽ പുരോഗമന എഴുത്തുകാർ ഒത്തുചേർന്നു. കലയും സംസ്കാരവും ജീവിതത്തിൽ നിന്ന് അന്യമല്ലെന്ന് അവർ പ്രഖ്യാപിച്ചു. കലാകാരന്മാരുടെയും എഴുത്തുകാരുടെയും ഈ ഉണർവ്, ജനങ്ങളിൽ സാമൂഹിക‑രാഷ്ട്രീയ അവബോധം വളർത്തുക, ദേശീയോദ്ഗ്രഥനം രൂപപ്പെടുത്തുക എന്നീ ദൗത്യമായി വളർന്നു. അവിടെ ഇപ്റ്റ എന്ന മഹാപ്രസ്ഥാനം പിറന്നുവീഴുകയായിരുന്നു. 1943 മേയ് 25ന് ബോംബെയിൽ പല നാടുകളിൽ നിന്നും പല ഭാഷകൾ സംസാരിക്കുന്നവർ ഒരു കുടക്കീഴിലണിനിരന്നാണ് ഇപ്റ്റയ്ക്ക് ജന്മംകൊടുത്തത്. മഹാനായ ശാസ്ത്രജ്ഞൻ ഹോമി ഭാഭയാണ് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) എന്ന പേര് നൽകിയത്. ചിത്തപ്രസാദ് രൂപകല്പന ചെയ്ത ദുന്ദുഭി വാദകന്റെ രൂപം ഇപ്റ്റയുടെ അടയാളമുദ്രയുമായി. ബിജോൺ ഭട്ടാചാര്യ രചിച്ച അതിജീവനത്തിന്റെ മനുഷ്യഗാഥ വേദിയിൽ ഷോം ഭൂമിത്രയും തൃപ്തി ദാദുരിയുമടങ്ങിയ സംഘം അവതരിപ്പിച്ചു. അനിൽ ഡിസൽവ ജനറൽ സെക്രട്ടറിയും എൻ എം ജോഷി പ്രസിഡന്റുമായി ആദ്യ ദേശീയ കൗൺസിൽ നിലവിൽവന്നു.
ദേശീയവാദ രാഷ്ട്രീയം ഇന്ത്യയിൽ ശക്തിപ്രാപിച്ചതിനൊപ്പം, കൊളോണിയൽ വിരുദ്ധ സമരത്തിന്റെ അവിഭാജ്യഘടകമായി ഇപ്റ്റ മാറി. ജനങ്ങളുടെ ദേശീയാഭിലാഷങ്ങളെ അംഗീകരിച്ച്, തൊഴിലാളി വർഗ സമരങ്ങളെ പ്രകീർത്തിക്കുന്ന ജനകീയ പരിപാടികൾ രാജ്യത്തുടനീളം ഇപ്റ്റയുടെ നേതൃത്വത്തിൽ നടന്നു. പൃഥ്വിരാജ് കപൂറും ബൽരാജ് സാഹ്നിയും ചേതൻ ആനന്ദും സലിൽ ചൗധരിയും ഋത്വിക് ഘട്ടകും ഉത്പൽ ദത്തും പണ്ഡിറ്റ് രവിശങ്കറും പണ്ഡിറ്റ് ഉദയശങ്കറും ദേവ് ആനന്ദും ജ്യോതിരിന്ദ്ര മൊയ്ത്രയും നിരജ്ഞൻ സിങ്മാനും രാജേന്ദ്ര രംഘുവംശിയും എസ് തേരാ സങ്ങും ഹസൻ പ്രേമാനിയും ദീനാ ഗാന്ധിയും സോറാ സൈഗാളും കൈഫി ആസ്മിയും ബിമൽ റോയിയും സാഹിർ ലുധിയാൻവിയും അമിയ ബോസും ശുധിൻ ദാസ് ഗുപ്തയും എസ് ഡി ബർമനും പ്രേം ധവാനും തുടങ്ങി ഒട്ടേറെ കലാകാരന്മാർ പിൽക്കാലത്ത് ലോകസാംസ്കാരിക ഭൂമികയുടെ തന്നെ സമുന്നത വ്യക്തിത്വങ്ങളായി.

 


ഇതുകൂടി വായിക്കു; സഹകരണ ജീവനക്കാരുടെ അവകാശങ്ങള്‍


കേരളത്തിൽ ഇപ്റ്റയുടെ ചാപ്റ്റർ എന്ന നിലയിൽ കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ് (കെപിഎസി) രൂപീകരിക്കപ്പെട്ടു. 1953 ഏപ്രിലിൽ ബോംബെയിൽ നടന്ന ഏഴാമത് ഇപ്റ്റ ദേശീയ സമ്മേളനത്തിലെക്ക് കെപിഎസി ക്ഷണിക്കപ്പെട്ടു. കാമ്പിശേരിയും ഒ മാധവനും ഒഎൻവിയും ദേവരാജൻ മാസ്റ്ററും അഡ്വ. ജി ജനാർദ്ദനക്കുറുപ്പും സുലോചനയുമായിരുന്നു പ്രതിനിധി സംഘത്തിലെ പ്രധാനികൾ. പശ്ചാത്തലസംഗീത കലാകാരന്മാരായ പുനലൂർ രാമസ്വാമിയും കൊല്ലം പുരുഷനും ചങ്ങനാശേരി പാപ്പച്ചനും ഇവരെ അനുഗമിച്ചു. വിഖ്യാതമായ പൊന്നരിവാൾ അമ്പിളിയിൽ… സമ്മേളനവേദിയിൽ ദേവരാജന്റെ നേതൃത്വത്തിൽ സുലോചനയും കെ എസ് ജോർജും പാടിയ സ്മരണകള്‍ ഇന്നും ദീപ്തമാണ്. ഇപ്റ്റയുടെ കേരളഘടകം ഉജ്വലമായ മുന്നേറ്റമാണ് തുടരുന്നത്. ദേശീയ രാഷ്ട്രീയത്തിന് ബദലൊരുങ്ങുമ്പോൾ കലാകാരന് അതിൽ നിന്ന് മാറിനിൽക്കാനാവില്ല. രംഗകലകളുടെ സ്ഥാനം ഈ ഘട്ടത്തിൽ അതിനിർണായകമാണ്. എഴുത്തുകാരനും കലാകാരനും നടനും നാടകകൃത്തും കൈകൊണ്ടോ തലച്ചോറുകൊണ്ടോ പ്രവർത്തിക്കുന്നവരെല്ലാം ഇന്ന് വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കിരാതവാഴ്ചയ്ക്ക് ഇരകളാവുകയാണ്. തുറുങ്കുകൾക്കുള്ളിൽ എത്രയെത്ര പേരാണ് മരണം മുഖാമുഖം കണ്ട് കഴിയുന്നത്. പുറത്ത് ശേഷിക്കുന്നവർ സ്വാതന്ത്ര്യത്തിന്റെയും സാമൂഹികനീതിയുടെയും ധീരമായൊരു ലോകം കെട്ടിപ്പടുക്കാനുള്ള ദൗത്യത്തിനായ് കൈകോർക്കേണ്ടിയിരിക്കുന്നു. കേരളത്തിലുടനീളം ഇപ്റ്റയുടെ മുന്നേറ്റത്തിൽ ഇന്നുണ്ടായിരിക്കുന്ന അംഗശക്തിയും ഊർജസ്വലതയും കലാകാരന്മാർ ആ ആഹ്വാനം സ്വയം ഏറ്റെടുത്തു എന്നതിന്റെ തെളിവാണ്. എറണാകുളത്ത് നടക്കുന്ന ഇപ്റ്റയുടെ സംസ്ഥാന പ്രതിനിധി സമ്മേളനവും അടുത്തമാസം 17,18,19 തീയതികളിൽ ഝാർഖണ്ഡിലെ ഗൽത്തോൺഗഞ്ചിൽ ചേരുന്ന ദേശീയ സമ്മേളനവും പ്രഖ്യാപിക്കുന്ന പ്രവർത്തന പരിപാടികൾ ഈ മുന്നേറ്റത്തിന് കരുത്തേകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.