23 November 2024, Saturday
KSFE Galaxy Chits Banner 2

തൊഴിലില്ലായ്മ രാഷ്ട്രീയ വികസനത്തിന്റെ ഫലം

പ്രൊഫ. കെ അരവിന്ദാക്ഷൻ
February 22, 2023 4:30 am

പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ പതിവുതെറ്റാതെ‍, ബജറ്റ് ചര്‍ച്ചക്കു മുന്നോടിയായുള്ള പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചിരുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പത്തില്‍ ഊന്നിയായിരുന്നു. 2019 ല്‍ രണ്ടാംവട്ടം അധികാരത്തിലെത്തിയ ഉടനെ 2024–25 ആകുന്നതോടെ രാജ്യത്തെ അഞ്ച് ട്രില്യണ്‍‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറ്റുമെന്നും ഏറെത്താമസിയാതെ ബ്രിട്ടനെ പിന്നിലാക്കി ആഗോളതലത്തില്‍ അഞ്ചാമത് വന്‍ശക്തിയായി മാറ്റാന്‍ കഴിയുമെന്നുമായിരുന്നു പ്രഖ്യാപനം. 2022 അവസാനം ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം-കണ്‍സള്‍ട്ടന്‍സി സെന്റര്‍ ഫോര്‍ ഇക്കണോമിക് ആന്റ് ബിസിനസ് റിസര്‍ച്ച് (സിഇബിആര്‍) പ്രവചിച്ചത് 2035 ആകുമ്പോള്‍ ഇന്ത്യ 10 ട്രില്യണ്‍‍ ഡോളറോടെ ഒരു കുതിച്ചുചാട്ടം നടത്തുകയും 2037 ആകുമ്പോള്‍ ആഗോളതലത്തില്‍ മൂന്നാം സമ്പദ്‌വ്യവസ്ഥ എന്ന പദവി നേടുമെന്നുമാണ്. ഇത്തരം പ്രവചനങ്ങളും ശുഭാപ്തി വിശ്വാസ പ്രകടന കോലാഹലങ്ങളും നല്ലതുതന്നെ. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. പ്രായോഗികതയുടെ വശം. അത് പെരുകിവരുന്ന തൊഴിലില്ലായ്മയുടെ ഭയാനകമായ ചിത്രമാണ്.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ – ഭാവി എന്ത് ?


ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ തൊഴില്ലായ്മയുമായി ബന്ധപ്പെട്ട് ആധികാരികമായ പഠനവും ഗവേഷണവും നടത്തുന്ന സ്ഥാപനമാണ് സെന്റര്‍ ഫോര്‍ മോണിറ്റിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ). ഇതിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മഹേശ് വ്യാസ് എഴുതിയ ഒരു ലേഖനത്തില്‍ (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്-ഫെബ്രുവരി 7,2022) പറയുന്നത് 2022 ഡിസംബറിനും 2023 ജനുവരിക്കും ഇടയ്ക്ക് തൊഴിലില്ലായ്മയുടെ നിരക്ക് 8.3 ശതമാനത്തില്‍ നിന്ന് 7.7 ശതമാനത്തിലേക്ക് ഇടിവുണ്ടായിരിക്കുന്നു എന്നാണ്. തൊട്ടുമുമ്പുള്ള രണ്ടു മാസക്കാലവും ശരാശരി നിരക്ക് എട്ടു ശതമാനമായിരുന്നു. ഇതില്‍ നിന്നും ഡോ. വ്യാസ് എത്തിച്ചേരുന്ന നിഗമനം, സാധാരണഗതിയില്‍ ഇന്ത്യന്‍ തൊഴിലില്ലായ്മയുടെ നിരക്ക് ഏഴു ശതമാനമാണെന്നും ഇത് ആഗോളതലത്തില്‍ ഏറ്റവും വേഗം സാമ്പത്തിക വളര്‍ച്ച നേടുകയാണെന്ന് അവകാശപ്പെടുന്നൊരു രാജ്യത്തിന് അഭിമാനിക്കാന്‍ ഇട നല്കുന്ന ഒന്നല്ലെന്നുമാണ്. 43 രാജ്യങ്ങളുടെ പട്ടികയില്‍ വെറും ഒമ്പത്‍രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയുടേതിനേക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഗ്രീസ്, തുര്‍ക്കി, ഇറ്റലി, സ്പെയിന്‍, ബ്രസീല്‍, ചിലി, കൊളംബിയ, ഈജിപ്റ്റ്, സൗദി അറേബ്യ എന്നിവയാണിത്. തൊഴിലില്ലായ്മ നിരക്കില്‍‍ 30 രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. അതേസമയം അവയെല്ലാം സാമ്പത്തിക മാന്ദ്യത്തിന്റെ കടുത്ത ഭീഷണി യിലാണെന്ന വസ്തുതയുമുണ്ട്. 2022 ഡിസംബറിലെ തൊഴിലില്ലായ്മയുടെ താരതമ്യ പഠനത്തില്‍ ഗ്രീസ്, തുര്‍ക്കി, കൊളംബിയ, ദക്ഷിണാഫ്രിക്ക, സ്പെയിന്‍ എന്നിവ മാത്രമാണ് ഇന്ത്യയെക്കാള്‍ മോശം നിലവാരത്തിലുണ്ടായിരുന്നത് എന്നും ലേഖനത്തിലുണ്ട്. അപ്പോഴും ഏറ്റവും വേഗതയില്‍ വളര്‍ച്ച കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന അവകാശവാദമാണ് നരേന്ദ്രമോഡിയും ബിജെപിയും നടത്തിയിരുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രതിമാസ തൊഴിലില്ലായ്മാ നിരക്കുകള്‍ കൃത്യതയോടെയുള്ളതല്ല. കാരണം അതില്‍ ഏറെയും അസംഘടിത മേഖലകളിലെ അനൗപചാരിക സ്വഭാവമുള്ളതാണ് എന്നതുതന്നെ. രാജ്യത്തെ തൊഴിലില്ലായ്മയുടെ സുതാര്യമായ ചിത്രം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ ശേഖരിക്കാതെ അസാധ്യമായിരിക്കും. കോവിഡ് ലോക്ഡൗണുകള്‍ക്കു ശേഷം 2021 സെപ്റ്റംബര്‍-ഡിസംബര്‍ കാലയളവിലും 2022 സെപ്റ്റംബര്‍-ഡിസംബര്‍ കാലയളവിലും നടന്ന സര്‍വേകളിലൂടെ വെളിപ്പെട്ടത് ഏഴ് ശതമാനം തൊഴിലില്ലായ്മാ നിരക്ക് തുടര്‍ച്ചയായ പ്രതിഭാസമായിരുന്നുവെന്നാണ്. ഇത് തികച്ചും ആശങ്കാജനകം തന്നെയാണ്.


ഇതുകൂടി വായിക്കൂ: ആരോഗ്യം ക്ഷയിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ


സാമ്പത്തിക വികസന പ്രക്രിയയിലൂടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതു തന്നെയാണ് കാരണം. 2023 ജനുവരിയില്‍ തൊഴില്‍ ലഭ്യതാ നിരക്കില്‍ 0.95 മില്യണ്‍ ഇടിവാണുണ്ടായത്. ഇത് സാധാരണയില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു എന്നതും ശ്രദ്ധേയമാണ്. വികസനത്തിന്റെ പ്രതിഫലനമെന്ന നിലയിലോ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കു വിധേയമായോ തൊഴിലവസരങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്ന പ്രവണത ആശാസ്യമായി കാണാന്‍ കഴിയില്ല. ഒരു കാര്യം വ്യക്തമാണ്; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിക്കുന്നത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും തുടര്‍ന്നുള്ള വിലക്കയറ്റവുമാണ്. ജിഡിപി വളര്‍ച്ചാനിരക്കു മാത്രം ഉയര്‍ത്തിക്കാട്ടി സമ്പദ്‌വ്യവസ്ഥ അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്ന് അവകാശപ്പെടുന്നത് തീര്‍ത്തും അര്‍ത്ഥശൂന്യമാണ്. ഇത് വികസനത്തിന്റെ രാഷ്ട്രീയമായ ജനനന്മ സൃഷ്ടിക്കുന്നുമില്ല. ഇതേ ജനുവരിയില്‍ തൊഴില്‍രഹിതരുടെ എണ്ണത്തില്‍ 5.7 ശതമാനം ഇടിവും ഉണ്ടായിരിക്കുന്നു. ഇതിനര്‍ത്ഥം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു എന്നല്ല, അങ്ങനെയെങ്കില്‍ ഇതനുസരിച്ച് തൊഴില്‍മേഖലയില്‍ ഉണര്‍വ് പ്രകടമാകുമായിരുന്നു. ജനുവരിയില്‍ അധ്വാനശക്തി ചുരുങ്ങിപ്പോവുകയായിരുന്നു. ഇതിനിടയാക്കിയത് രണ്ട് കാര്യങ്ങളാണ്: ഒന്ന്, 0.95 മില്യണ്‍ തൊഴിലവസരവീഴ്ച ഉണ്ടായതും രണ്ട്, തൊഴില്‍രഹിതരുടെ എണ്ണത്തില്‍ 5.7 മില്യണ്‍ കുറവുണ്ടായതും. ഇക്കാലയളവില്‍ തൊഴില്‍പങ്കാളിത്തം 40.5ല്‍ നിന്ന് 39.8 ശതമാനമായി കുറയുകയും ചെയ്തു. ഈ പ്രവണതയാണ് ആധുനിക കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഏറ്റവും ഗൗരവതരമായ വെല്ലുവിളിയും. തൊഴില്‍ വിപണി ശോഷണം നേരിടുന്നത്, തൊഴിലുകളുടെ ലഭ്യതയില്‍ കുറവുണ്ടാകുന്ന അവസരത്തിലാണ്. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ തൊഴില്‍രഹിതരായി പരിഗണിക്കപ്പെടുന്നില്ല. ഇക്കാരണത്താലാണ് തൊഴിലില്ലായ്മാ നിരക്കില്‍ കുറവുണ്ടാകുന്നതായി വ്യാഖ്യാനിക്കപ്പെടുകയും അതിന്റെ പേരില്‍ ഭരണകൂടങ്ങള്‍ ഊറ്റംകൊള്ളുകയും ചെയ്യുന്നത്. ജിഡിപി വളര്‍ച്ചാനിരക്ക്, കോവിഡ്കാല കെടുതികളെ അതിജീവിക്കുകയും അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടരുകയും ചെയ്തിരിക്കുന്നു എന്നവര്‍ അവകാശപ്പെടും. തൊഴില്‍ വിപണിയിലെ ഈ മാറ്റം തീര്‍ത്തും പ്രോത്സാഹനജനകമാണെന്ന് അവര്‍ സൗകര്യാര്‍ത്ഥം വ്യാഖ്യാനിക്കും. ഔദ്യോഗിക ഏജന്‍സികളെക്കാള്‍ ആധികാരികവും സുതാര്യവുമായ മാര്‍ഗങ്ങളിലൂടെ രാജ്യത്തെ തൊഴില്‍ മേഖലകളെ സംബന്ധിച്ച് പഠന-ഗവേഷണം നടത്തുന്ന സിഎംഐഇയുടെ പഠനങ്ങളും കണ്ടെത്തലുകളും ആശ്വാസത്തിനു വക നല്കുന്നതല്ല. വരുന്ന ഒന്നര പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യ 10 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി കുതിച്ചുചാട്ടം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും സംഘവും എത്രവട്ടം ആവര്‍ത്തിച്ച് അവകാശപ്പെട്ടാലും ലക്ഷ്യത്തിലെത്തില്ലെന്നത് ഉറപ്പാക്കാവുന്നതാണ്. മലയാളിയും പ്രമുഖ ധനശാസ്ത്രജ്ഞനുമായ ഡോ. പുലാപ്ര ബാലകൃഷ്ണന്റെ, തൊഴിലുകളും പരിസ്ഥിതി സംരക്ഷണവും തമ്മില്‍ പൊരുത്തപ്പെടുത്തിക്കൊണ്ട് നടത്തുന്ന വികസന യത്നങ്ങള്‍ മാത്രമേ വിജയിക്കുകയുള്ളു എന്ന വാദം പരിഗണിക്കപ്പെടേണ്ടതാണ്.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സ്റ്റാഗ്ഫ്ലേഷന്റെ പിടിയില്‍


ഭരണാധികാരിവര്‍ഗം ഇക്കോളജിയെ അപ്പാടെ അവഗണിച്ചുകൊണ്ടുള്ള വികസനതന്ത്രം നടപ്പാക്കുന്നതിലൂടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് അദ്ദേഹം വെളിവാക്കുന്നത്. ഇത്തരമൊരു വികസനതന്ത്രം സമ്പദ്‌വ്യവസ്ഥയെ കൊണ്ടെത്തിക്കുക ‘ഡിസ്ടോപിയ’ എന്ന സ്ഥിതിവിശേഷണത്തിലായിരിക്കുമെന്ന് പ്രൊഫ. ബാലകൃഷ്ണന്‍ സ്ഥാപിക്കുന്നു. വരുന്ന 15 വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യ 10 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി രൂപാന്തരപ്പെടുമെന്ന മോഡിയുടെ അവകാശവാദം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ല. ഈ ഭാവന യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള വ്യഗ്രതയില്‍ പരിസ്ഥിതിശാസ്ത്രത്തിന്റെ പ്രസക്തിയും പ്രാധാന്യവും തീര്‍ത്തും വിസ്മരിക്കപ്പെടുകയാണ്. ഫലത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ തന്നെ നാശത്തിലേക്കായിരിക്കും വികസന പ്രക്രിയകള്‍ കൊണ്ടെത്തിക്കുക. ഇത്തരമൊരു വിനാശകരമായ സ്ഥിതിവിശേഷമാണ് ‘ഡിസ്ടോപിയ’. ‘ഉട്ടോപ്യ’ ലക്ഷ്യമാക്കിയുള്ള നെട്ടോട്ടത്തിനിടെ നാശത്തിലേക്കാണ് സമ്പദ്‌വ്യവസ്ഥ ചെന്നെത്തുക എന്നര്‍ത്ഥം. വികസനതന്ത്രവും ബന്ധപ്പെട്ട പ്രക്രിയകളും ഒരിക്കലും നിഷേധഫലങ്ങള്‍ ഉളവാക്കുന്നതായിരിക്കരുത്. മറിച്ച്, സൃഷ്ടിപരവും സാമൂഹ്യവളര്‍ച്ചയ്ക്ക് അനുകൂല ഫലങ്ങള്‍ ഒരുക്കുന്ന വിധവുമായിരിക്കണം. ഈയവസരത്തില്‍ ഡോ. കെ എന്‍ രാജിന്റെ പേരാണ് മനസിലെത്തുന്നത്. ഇന്ത്യയിലെ സാമ്പത്തികാസൂത്രണത്തിന്റെ നേട്ടങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരിലേക്കെത്താതെ ഉന്നതശ്രേണിയിലുള്ളവരിലും സമ്പന്നരിലും മാത്രം ഒതുങ്ങിപ്പോകുന്നു എന്ന ആശങ്ക അക്കാദമികതല ചര്‍ച്ചകളില്‍ ബലപ്പെട്ടുവന്ന കാലഘട്ടത്തില്‍ അദ്ദേഹം ഉയര്‍ത്തിയ ഒരു ചോദ്യവുമുണ്ട്. ‘വികസനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്താണ്?’ എന്നത്. വികസനത്തിന്റെ രാഷ്ട്രീയമാണോ, രാഷ്ട്രീയത്തിന്റെ വികസനമാണോ കൂടുതല്‍ അഭികാമ്യം? എന്ന ചര്‍ച്ചയില്‍ ഡോ. രാജ് മുന്‍തൂക്കം നല്കിയത് വികസനത്തിന്റെ രാഷ്ട്രീയത്തിനാണ്. വികസനത്തിന്റെ ലക്ഷ്യം, ജനനന്മയാണ്, സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ സഹായിക്കുകയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണ്. അത് ഒരിക്കലും രാഷ്ട്രീയ പാര്‍ട്ടികളുടെ, ഭരണാധികാരിവര്‍ഗത്തിന്റെ ലക്ഷ്യപ്രാപ്തിക്ക് സഹായകമായ വിധത്തിലായിരിക്കരുത്. ഇന്ത്യയിലെ സാമ്പത്തിക വികസനപ്രക്രിയ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നത് ജനവിരുദ്ധ പാതയിലാണ്. അതില്‍ നിന്നും ഉണ്ടാകുന്ന നിഷേധഫലങ്ങള്‍ രാഷ്ട്രീയ നേതൃത്വം പരിഗണിക്കാറില്ല. അവര്‍ക്ക് മുഖ്യം വികസനത്തിന്റെ രാഷ്ട്രീയമല്ല, രാഷ്ട്രീയത്തിന്റെ വികസനമാണ്. ഇതിന്റെ ഏറ്റവും വലിയ ഇര രാജ്യത്തെ യുവജനങ്ങളാണ്; അവര്‍ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയാണ്.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.