23 November 2024, Saturday
KSFE Galaxy Chits Banner 2

ഫാസിസത്തെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷ ഐക്യം അനിവാര്യം: മംഗത് റാം പസ് ല

ആര്‍എംപിഐ ദേശീയ സമ്മേളനത്തിന് തുടക്കം
Janayugom Webdesk
കോഴിക്കോട്
February 23, 2023 8:55 pm

ഫാസിസത്തെ ചെറുക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് ആർഎംപിഐ ജനറൽ സെക്രട്ടറി മംഗത് റാം പസ് ല പറഞ്ഞു. ആർ എം പി ഐ രണ്ടാമത് ദേശീയ സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലെ ഭഗത് സിംഗ് നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം അത്യന്തം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകര്‍ത്ത് തീവ്ര ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള മോഡി സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. മനുസ്മൃതിയിൽ അധിഷ്ഠിതമായ ഭരണക്രമമാണ് കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നത്. രാജ്യമെങ്ങും മത ന്യൂനപക്ഷങ്ങൾ കടന്നാക്രമണങ്ങൾക്ക് വിധേയമാകുന്നു.

സ്ത്രീകള്‍ വലിയതോതില്‍ കടന്നാക്രമണങ്ങള്‍ക്ക് വിധേയമാകുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമായി. കോർപ്പറേറ്റ് മൂലധനശക്തികളുടെ താല്പര്യം മാത്രമാണ് മോഡി സർക്കാരിന്റേത്. രാജ്യത്തിന്റെ പരമാധികാരംപോലും മോഡി സര്‍ക്കാര്‍ കോർപ്പറേറ്റുകൾക്ക് അടിയറവെയ്ക്കുന്നു. ഇതിനെതിരെ ഇടതുപക്ഷ മതേതര കൂട്ടായ്മ രൂപപ്പെടേണ്ടിയിരിക്കുന്നു. ഐതിഹാസികമായ കര്‍ഷക സമരത്തിനു മുമ്പില്‍ മോഡി സര്‍ക്കാരിന് അടിയറവ് പറയേണ്ടിവന്നത് ഇത്തരം കൂട്ടായ്മയുടെ ഫലമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആർഎംപിഐ ചെയർമാൻ കെ ഗംഗാധർ സമ്മേളന നഗരിയിൽ പതാക ഉയർത്തി. സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് എംസിപിഐയു ജനറൽ സെക്രട്ടറി അശോക് ഓംകാർ, സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ, സിപിഐ. എംഎൽ റെഡ്സ്റ്റാർ ജനറൽ സെക്രട്ടറി പി ജെ ജയിംസ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ പി കുമാരൻകുട്ടി സ്വാഗതം പറഞ്ഞു. കെ. ഗംഗാധർ, കെ കെ രമ എംഎൽഎ, പർഗത് സിങ് ജമരി, തേജിന്ധർ സിങ് ദിൻഡ്, രമേഷ് താക്കൂർ, എൻ വേണു എന്നിവരടങ്ങിയ പ്രസീഡിയവും കെ ഗംഗാധർ, മംഗത്റാം പസ് ലാ, രാജേന്ദ്ര പരഞ്ജ് പേ, ഹർകൻവൽസിങ്, കെ എസ്. ഹരിഹരൻ, അഡ്വ. പി കമാരൻ കുട്ടി എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. 26 ന് പൊതുസമ്മേളനത്തോടും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പോടുംകൂടി സമ്മേളനം സമാപിക്കും.

Eng­lish Sum­ma­ry; Left uni­ty essen­tial to defeat fas­cism: Man­ga­tram Pas La

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.