30 April 2024, Tuesday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

സാർവത്രിക പെൻഷൻ പദ്ധതി ആവിഷ്കരിക്കണം

(സിപിഐ ദേശീയ കൗൺസിൽ അംഗീകരിച്ച പ്രമേയങ്ങൾ)
Janayugom Webdesk
March 2, 2023 4:15 am

ർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സാർവത്രിക പെൻഷൻ പദ്ധതി ആവിഷ്കരിക്കണമെന്ന് സിപിഐ ദേശീയ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കോർപറേറ്റുകൾക്കും അതിസമ്പന്നർക്കും പ്രത്യേക നികുതി ചുമത്തി ഇതിനായുള്ള പണം സമാഹരിക്കണമെന്ന് യോഗം നിർദേശിച്ചു. എല്ലാ കോണുകളിൽനിന്നും ഇത്തരം ആവശ്യം ഉയർന്നിട്ടുണ്ട്. സർക്കാർ മേഖലയിൽ പുതിയതായി നടപ്പിലാക്കിയ ദേശീയ പെൻഷൻ പദ്ധതി വേണ്ടെന്ന് വയ്ക്കണമെന്നും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നും ഇപിഎഫ് പെൻഷൻ കറഞ്ഞത് 7,500 രൂപയും ക്ഷാമബത്തയും ചേർന്ന് നല്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാണ്. പെൻഷൻ പദ്ധതി ആവിഷ്കരിക്കണമെന്ന ആവശ്യം കർഷകരും മുന്നോട്ടുവയ്ക്കുന്നുണ്ട്. ദേശീയ പെൻഷൻ പദ്ധതി, പിഎം ശ്രം യോഗി മന്ധൻ യോജന എന്നിവയുടെ ഗുണഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന വിഹിതം കോർപറേറ്റുകൾക്ക് ലാഭമുണ്ടാക്കുന്നതിന് ഓഹരി വിപണിയിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ മുതിർന്ന പ്രായക്കാരുടെ പെൻഷൻ വിപണിയുടെ അപകടാവസ്ഥയെ ആശ്രയിച്ചായിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ; ബിജെപി ഹഠാവോ; സിപിഐ പദയാത്ര ഏപ്രിൽ 14 മുതൽ മേയ് 15 വരെ


പെൻഷൻ എന്ന ആവശ്യം അംഗീകരിക്കുകയാണെങ്കിൽ അത് സർക്കാരിനെ പാപ്പരീകരിക്കുമെന്നാണ് കേന്ദ്രവും പ്രധാനമന്ത്രിയും പറയുന്നത്. ഈ വാദം അടിസ്ഥാനരഹിതമാണ്. ഏതെങ്കിലും കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതുമല്ല. പഴയ പെൻഷൻ പദ്ധതി, മറ്റ് പെൻഷൻ പദ്ധതികൾ എന്നിവയിലെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന പെൻഷൻ വിഹിതം അതാതിടങ്ങളിലെ വിപണികളിലാണ് വിനിയോഗിക്കപ്പെടുന്നത്. ഇത് വിപണി ആവശ്യം കൂട്ടുകയും സമ്പദ്ഘടനയെ ചലനാത്മകമാക്കി നിർത്തുകയും ചെയ്യും. പല ബിജെപി ഇതര സംസ്ഥാന സർക്കാരുകളും പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ജീവനക്കാർ നൽകിയിരിക്കുന്ന വിഹിതം തിരിച്ചു നല്കുവാൻ കേന്ദ്രം തയ്യാറാകുന്നില്ല. കേന്ദ്ര സർക്കാർ പുതിയ പെൻഷൻ പദ്ധതിയിൽ ഉറച്ചു നിൽക്കുകയുമാണ്. പ്രസ്തുത വിഹിതം തിരികെ നൽകണമെന്നും സാർവത്രിക പെൻഷൻ പദ്ധതി ആവിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഹിൻഡന്‍ബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അഡാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അഡാനി ഗ്രൂപ്പിനെതിരായ ഗുരുതര ആരോപണങ്ങളുമായി ജനുവരി 24ന് ഹിൻഡന്‍ബർഗ് റിപ്പോർട്ട് പുറത്തുവന്നത് മുതൽ രാജ്യത്തെയും പാർലമെന്റിനെയും പിടിച്ചു കുലുക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനമന്ത്രി നിർമ്മലാ സീതാരാമനും ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഗുരുതരമായ ആരോപണത്തെയും ചങ്ങാത്ത മുതലാളിത്തം തുറന്നുകാട്ടപ്പെട്ടതിനെയും കുറിച്ച് പൂർണമായും മൗനം പാലിക്കുകയാണ്. എൽഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള പൊതു സംരംഭങ്ങളിലെ പൊതുപണം അഡാനി ഗ്രൂപ്പിന്റെ ഓഹരിക്കായി നിക്ഷേപിച്ചത് സംബന്ധിച്ച ചോദ്യങ്ങളും പൊതുസമൂഹത്തിൽ നിന്നുയരുന്നുണ്ട്. എന്നിരിക്കിലും സർക്കാർ മൗനത്തിൽതന്നെയാണ്. ഒരു സ്വകാര്യ കമ്പനിയിൽ കേവലം ഒരു കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് എൽഐസിക്ക് അനുമതി നല്കിയത് പുറത്തുവന്നതിനെ തുടർന്നാണ് മുന്ദ്ര കുംഭകോണമെന്ന പേരിൽ വിവാദമാകുകയും കേന്ദ്ര മന്ത്രി ടി ടി കൃഷ്ണമാചാരിക്ക് രാജിവയ്ക്കേണ്ടി വരികയും ചെയ്തതെന്ന് ഈ സന്ദർഭത്തിൽ ഓർക്കണം. തെരഞ്ഞെടുപ്പ് കാലത്ത് അഡാനിയുടെ വിമാനം ഉപയോഗിച്ചതുൾപ്പെടെ അഡാനിയും നരേന്ദ്ര മോഡിയും തമ്മിലുള്ള ഉറ്റചങ്ങാത്തം എല്ലാവർക്കും അറിവുള്ളതുമാണ്. അതുകൊണ്ടുതന്നെ ഹിൻഡന്‍ബർഗ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ ഓരോ ആളും വിശദീകരണം പ്രതീക്ഷിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ; എന്തുകൊണ്ട്; എന്തിനായി ഇടതുപക്ഷം?


ഈ സാഹചര്യത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും നരേന്ദ്ര മോഡി സർക്കാരിന് വിദേശ — ദേശീയ കോർപറേറ്റുകളുമായുള്ള അസാധാരണമായ കൂട്ടുകെട്ട് പുറത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ആത്മഹത്യകൾ അവസാനിപ്പിക്കുന്നതിന് കൗൺസലിങ് നിർബന്ധമാക്കണമെന്ന് സിപിഐ ദേശീയ കൗൺസിൽ ആവശ്യപ്പെട്ടു. മൂന്നു ദിവസങ്ങൾക്ക് മുമ്പാണ് തെലങ്കാനയിലെ കകാഡിയ മെഡിക്കൽ കോളജിലെ ബിരുദാനന്തര വിദ്യാർത്ഥിയായ പ്രീതി, റാഗിങ്ങിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായത്. ജാതി, പ്രദേശം, വിവേചനം എന്നിവയുടെ പേരിൽ താഴ്ന്ന ക്ലാസുകളിലെ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. നേരത്തെ 18 കാരനായ ദർശൻ സോളങ്കിയെന്ന വിദ്യാർത്ഥി റാഗിങ്ങിന്റെ പേരിലുള്ള അതിക്രമങ്ങളെ തുടർന്ന് മുംബൈ ഐഐടിയിൽ ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായി. സമാനമായ സംഭവങ്ങൾ മറ്റു ചില വിദ്യാഭ്യാസ — സാങ്കേതിക സ്ഥാപനങ്ങളിലും നടക്കുകയുണ്ടായി. നിയമവിരുദ്ധമായ റാഗിങ് തടയുന്നതിന് ഫലപ്രദമായ സംവിധാനങ്ങൾ ഇല്ലാത്തതാണ് അവ ആവർത്തിക്കുന്നതിന് കാരണമാകുന്നത്. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്നാണ് സിപിഐ ദേശീയ കൗൺസിൽ നിലപാട്. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനും അനീതിയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ പ്രത്യേക കോഴ്സുകൾ നടത്തുന്നതിനും സംവിധാനമുണ്ടാക്കണം. പ്രീതിയുടെയും ദർശൻ സോളങ്കിയുടെയും ആത്മഹത്യാ പ്രേരകരെ കണ്ടെത്തുന്നതിന് ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷകൾ ഉറപ്പുവരുത്തണമെന്നും ദേശീയ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തങ്ങളിലും സാഹചര്യങ്ങളിലും ഉണ്ടാകുന്ന നാശനഷ്ടത്തിന് സമാശ്വാസം നല്കുന്ന നയത്തിൽ ഭേദഗതി വരുത്തണമെന്ന് യോഗം മറ്റൊരു പ്രമേയത്തിൽ ആവശ്യപ്പെട്ടു. വരൾച്ച, വെള്ളപ്പൊക്കം, ധാന്യങ്ങൾക്കും പച്ചക്കറികൾക്കുമുണ്ടാകുന്ന കീടങ്ങളുടെ ആക്രമണം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ വൻവർധനയാണുള്ളത്. ലാഭത്തിനായുള്ള കോർപറേറ്റ് ആർത്തി സുസ്ഥിരതയെ അവഗണിക്കുന്നു. ഇതിന്റെ ഫലമായി കർഷകരും ഗ്രാമീണ തൊഴിലാളികളും അധ്വാനിക്കുന്ന ജനങ്ങളുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്.


ഇതുകൂടി വായിക്കൂ; ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍


ബിജെപി-ആർഎസ്എസ് നേതൃത്വം നൽകുന്ന നരേന്ദ്രമോഡി സർക്കാർ പ്രധാനമന്ത്രി ഫസൽ ഭീമ യോജന(പിഎംഎഫ്ബിവൈ)യ്ക്കു കീഴിലുള്ള വിള ഇൻഷുറൻസ് പദ്ധതി ആവിഷ്കരിച്ചു. ഈ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് മോഡി സർക്കാർ വരൾച്ച ദുരിതാശ്വാസ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുകയും ദുരന്ത നിവാരണ ഫണ്ട് നിർത്തലാക്കുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുറംകരാർ നൽകുന്ന രീതിയായിരുന്നു യഥാർത്ഥത്തിൽ പിഎം എഫ് ബിവൈ. ബഹുരാഷ്ട്ര ഇൻഷുറൻസ് ഭീമന്മാരായ 13 ദേശീയ, ബഹുരാഷ്ട്ര സംരംഭങ്ങൾ, സർക്കാരിനൊപ്പം വൻ ലാഭമുണ്ടാക്കി. 2017 മുതൽ ഈ പദ്ധതിക്ക് കീഴിൽ ഈ കമ്പനികൾ 2.25 ലക്ഷം കോടി വിറ്റുവരവുണ്ടാക്കി, അതിന്റെ ഫലമായി അവരുടെ അറ്റവരുമാനം 1.25 ലക്ഷം കോടിയായിരുന്നു. ദുരന്തബാധിതരായ കോടിക്കണക്കിന് കർഷകർക്ക് വളരെ തുച്ഛമായ നഷ്ടപരിഹാരം മാത്രമേ ലഭിച്ചിട്ടുള്ളൂ, അതിനാൽ ആത്മഹത്യകൾ വർധിക്കുന്ന പ്രവണത തുടരുകയാണ്. കോർപറേറ്റ് ആർത്തിക്ക് വഴങ്ങിയുള്ള മോഡി സർക്കാരിന്റെ വികസന നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഉത്തരാഖണ്ഡിലെ ജോഷിമഠ്. അശാസ്ത്രീയവും ജനവിരുദ്ധവുമായ വികസനമാണ് ഇവിടെ പിന്തുടർന്നത്. വിവിധ പാരിസ്ഥിതിക നിയമങ്ങളും ചട്ടങ്ങളും മോഡി സർക്കാർ ദുർബലപ്പെടുത്തി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അത്തരത്തിൽ എല്ലാത്തിനെയും മറികടന്നുള്ളതായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ സിഒപി 27 കണ്‍വെൻഷന്റെ പ്രധാന സന്ദേശം മലിനീകരണമുണ്ടാക്കുന്നവർ പരിഹാരമുണ്ടാക്കണമെന്നായിരുന്നു. അതുകൊണ്ട് ദുരന്ത പ്രതികരണത്തിനും ദുരിതാശ്വാസത്തിനും സമഗ്രമായ നടപടികൾ ഉണ്ടാകണം. പാരിസ്ഥിതിക നഷ്ടപരിഹാരം കാലാനുസൃതമായി പരിഷ്കരിക്കണം. ഗ്രാമീണ ജനങ്ങൾക്കും കർഷകർക്കും ആശ്വാസകരമാകുന്ന വിധത്തിൽ നിയമനിർമ്മാണം നടത്തുകയും വേണം. പുതുച്ചേരിക്ക് സ്വതന്ത്ര സംസ്ഥാന പദവി നല്കണമെന്നും ദേശീയ കൗൺസിൽ യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചിരിക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന പ്രമേയവും കന്റോൺമെന്റ് ബോർഡുകളുടെ തെരഞ്ഞെടുപ്പ് നടത്തുക, തമിഴ്‌നാട് ഗവർണർ ആർ എൻ രവിയെ നീക്കം ചെയ്യുക തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. പുതുച്ചേരിയിൽ ഫെബ്രുവരി 26 മുതൽ മൂന്നു ദിവസമാണ് ദേശീയ കൗൺസിൽ യോഗം ചേർന്നത്. പഞ്ചാബ് സംസ്ഥാന സെക്രട്ടറി ബന്ത് സിങ് ബ്രാർ, പുതുച്ചേരി സംസ്ഥാന സെക്രട്ടറി എ എം സലിം, ദേശീയ എക്സിക്യൂട്ടീവ് അംഗം എം വനജ എന്നിവർ അധ്യക്ഷരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.