29 September 2024, Sunday
KSFE Galaxy Chits Banner 2

സ്റ്റേറ്റ് ബാങ്കിൽ സംഭവിക്കുന്നത്

കെ എസ് കൃഷ്ണ 
(ദേശീയ ജോയിന്റ് സെക്രട്ടറി, എഐബിഇഎ)
March 19, 2023 4:58 am

ജനങ്ങളെയും ജീവനക്കാരെയും തൊഴിലന്വേഷകരെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളാണ് കേരളത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യിൽ ഉയർന്നു വന്നിരിക്കുന്നത്. ഇവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ബിഐയിലെ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനിൽ സംയോജിത സംഘടന സമരമുഖത്താണ്. വൻകിട കോർപറേറ്റ് കമ്പനികളുടെ താല്പര്യങ്ങൾക്ക് വഴങ്ങി നടപ്പാക്കിയ എസ്ബിഐ‑എസ്ബിടി ലയനം കഴിഞ്ഞ് ആറു വർഷം പിന്നിടുമ്പോൾ സാധാരണ ബാങ്കിടപാടുകാർക്കും സംസ്ഥാനത്തിനും ഉണ്ടായ നേട്ടങ്ങള്‍ എന്താണ് എന്ന ചോദ്യം പ്രസക്തമാണ്. ബാങ്കിങ് സേവനങ്ങളിലും വായ്പാ വിതരണത്തിലും സംഭവിച്ച മാറ്റങ്ങൾ ആർക്കും ഗുണകരമായില്ല എന്ന യാഥാർത്ഥ്യമാണ് പ്രകടമാകുന്നത്. 2022 ലെ കണക്കുകളനുസരിച്ച് രണ്ടു ലക്ഷം കോടി രൂപ നിക്ഷേപങ്ങളുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകളായി കേരളത്തിൽ വിതരണം ചെയ്തിട്ടുള്ളത് ഒരു ലക്ഷം കോടി രൂപയിൽ താഴെയാണ്. വായ്പാ-നിക്ഷേപ അനുപാതം ഏറെ കുറഞ്ഞാണ് നിൽക്കുന്നത്. ശാഖാസേവനങ്ങളിലും വായ്പാ വിതരണത്തിലും സംഭവിച്ചിട്ടുള്ള കുറവുകളുടെ യഥാർത്ഥ കാരണം കണ്ടെത്തി പരിഹരിക്കുന്നതിനു പകരം ജനങ്ങൾക്കും ജീവനക്കാർക്കും പ്രയാസങ്ങൾ വർധിപ്പിക്കുന്നതിനിടയാക്കുന്ന വികലമായ വിപണന വില്പന പദ്ധതികളാണ് സർക്കിൾ മാനേജ്മെന്റ് നടപ്പാക്കാൻ ശ്രമിക്കുന്നത്.

കേരളത്തിൽ 1,200ലേറെ ശാഖകളും കാര്യാലയങ്ങളും രണ്ടുലക്ഷം കോടി രൂപ നിക്ഷേപവും ഒരു ലക്ഷം കോടി രൂപ വായ്പയും ഇരുപത്തി അയ്യായിരം കോടി രൂപ മുതല്‍മുടക്കുമായാണ് എസ്ബിഐ പ്രവർത്തിക്കുന്നത്. ഇക്കാലയളവിൽ ഇരുനൂറോളം ശാഖകൾ സംയോജിപ്പിക്കപ്പെട്ടു. വായ്പാ-നിക്ഷേപ അനുപാതം 40–50 ശതമാനമായി കുറഞ്ഞു. ഇത് സംസ്ഥാന ശരാശരിയേക്കാൾ 34–24 ശതമാനം കുറവാണ്. കേരളത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിലെ ബാങ്കിങ് സേവനങ്ങളെ ഇനിയും തകിടംമറിക്കുംവിധമുള്ള പുതിയൊരു വിപണന പദ്ധതിയാണ് മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ് എന്ന പേരിൽ നടപ്പാക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നത്. നല്ലൊരു ഭാഗം ജീവനക്കാരെ ശാഖകളിൽ നിന്നും പിൻവലിച്ച് ബാങ്ക്, ബാങ്കിതര സ്ഥാപനങ്ങളുടെ പദ്ധതികളുടെ വില്പനയ്ക്കും വിപണനത്തിനുമായി വിനിയോഗിക്കുവാനാണ് നീക്കം. ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, ഓഹരി വിപണിബന്ധിത നിക്ഷേപങ്ങൾ എന്നിവ കയ്യാളുന്ന കമ്പനികളുടെ ഉല്പന്നങ്ങളുടെ വിപണനത്തിലും വില്പനയിലുമാണ് ഊന്നൽ. എസ്ബിഐ കേരള സർക്കിളിൽ ജീവനക്കാരുടെ എണ്ണം പ്രത്യക്ഷത്തിൽത്തന്നെ കുറഞ്ഞിട്ടും, നിരവധി ഒഴിവുകൾ ഉണ്ടായിട്ടും ജീവനക്കാർ കൂടുതലാണെന്നാണ് അധികാരികൾ പ്രചരിപ്പിക്കുന്നത്.

 


ഇതുകൂടി വായിക്കു; എസ്‌വിബി തകർച്ച: ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനം


 

2017–22 കാലയളവിൽ 3,000 ജീവനക്കാരുടെ കുറവ് എസ്ബിഐയിൽ സംഭവിച്ചിട്ടുണ്ട്. ബിസിനസ്, അക്കൗണ്ട്, സേവനങ്ങൾ എന്നിവ ഗണ്യമായി വർധിച്ചു. ജീവനക്കാരുടെ അധ്വാനത്തെയും ജോലിഭാരക്കൂടുതലിനെയും മാനേജ്മെന്റ് ഒട്ടും വിലമതിക്കുന്നില്ല. തോന്നുംപടി ജീവനക്കാരെ വില്പനയ്ക്കും വിപണനത്തിനും ശാഖകളിൽ നിന്നും മാറ്റി വിന്യസിക്കുമ്പോൾ ഗുണഭോക്തൃ സേവനങ്ങളും ജോലിക്രമങ്ങളുമാണ് താറുമാറാകുന്നത്. അതിനാലാണ് വികൃതമായ എംപിഎഎസ്എഫ് വിപണന വില്പന മോഡൽ പിൻവലിച്ച് ആവശ്യാധിഷ്ഠിത നിയമനങ്ങൾ നടത്തണമെന്ന് ടിഎസ്ബിഇഎ ആവശ്യപ്പെടുന്നത്. ഇടപാടുകളും വരുമാനവും ലാഭവും വർധിപ്പിക്കുവാനെന്ന പേരിൽ ശാഖകളിൽ നിന്നും ജീവനക്കാരെ ഗണ്യമായി കുറച്ച് വിപണന ജോലിയിലേക്ക് മാറ്റുമ്പോൾ ശാഖകളിലെ സേവനങ്ങൾ അവതാളത്തിലാകുന്നു. കൗണ്ടറുകളിലെത്തുന്ന ഇടപാടുകാരുടെ ദൈനംദിന ആവശ്യങ്ങൾ നിർവഹിക്കപ്പെടാതെ വരുന്ന സാഹചര്യം സംജാതമായിട്ടുണ്ട്.
സവിശേഷമായ വിപണന ജോലികൾക്ക് അനുയോജ്യരും ആവശ്യവുമായ ജീവനക്കാരെ നിയമിക്കാതെ ശാഖാ കൗണ്ടറുകളിൽ നിന്നും നിലവിലെ ജീവനക്കാരെ പിൻവലിച്ച് മാർക്കറ്റിങ് ജോലികൾക്ക് നിയോഗിക്കുന്നത് അപ്രായോഗികമാണ്. ബാങ്ക് ശാഖകളിൽ ജീവനക്കാരുടെ ഒഴിവുകൾ സ്ഥിരംനിയമനങ്ങളിലൂടെ നികത്തേണ്ടത് അത്യാവശ്യമാണ്. ഇടപാടുകാർക്ക് തടസരഹിതവും മെച്ചപ്പെട്ടതുമായ സേവനങ്ങൾ ലഭ്യമാക്കണം. സാങ്കേതിക വിദ്യാ പ്രയോഗത്തിൽ സംഭവിക്കുന്ന തകരാറുകൾ ബാങ്കിടപാടുകാരെയും ജീവനക്കാരെയും സംഘർഷത്തിലാഴ്ത്തുന്നു. ഇത് പരിഹരിക്കണം. ബാങ്കിൽ അന്തസുള്ള തൊഴിൽ ജീവിത സാഹചര്യങ്ങളും മൂല്യാധിഷ്ഠിത തൊഴിൽശക്തി സൗഹൃദനയങ്ങളും ഉറപ്പാക്കണം.

കിട്ടാക്കടങ്ങൾ സൃഷ്ടിക്കുന്ന വരുമാനലാഭ ചോർച്ചയ്ക്ക് പ്രതിവിധിയെന്ന നിലയിൽ ജീവനക്കാരുടെ എണ്ണം വീണ്ടുംവീണ്ടും കുറച്ച് ചെലവുചുരുക്കാൻ മാനേജ്മെന്റ് പദ്ധതികൾ തയ്യാറാക്കുമ്പോൾ, ബാങ്കിടപാടുകാർക്ക് അവശ്യം ലഭിക്കേണ്ട സേവനങ്ങളാണ് തകിടംമറിയുന്നത്. ലാഭകരമല്ലാത്ത ഇടപാടുകളും ഇടപാടുകാരും ആവശ്യമില്ല എന്ന സമീപനം ബാങ്ക് മാനേജ്മെന്റ് സ്വീകരിക്കുന്നു. ഇത് അനുചിതവും ജനകീയ ബാങ്കിങ്ങിന് വിരുദ്ധവുമാണ്. ഇതിന്റെ ദുരിതം കൂടുതൽ അനുഭവിക്കേണ്ടി വരിക സാധാരണക്കാരും പാവപ്പെട്ടവരുമാണ്. ഇപ്പോൾത്തന്നെ പല ശാഖകളിലും, സേവനങ്ങൾ ലഭിക്കാൻ ക്രമാതീതമായി സമയമെടുക്കുന്നു എന്ന് പരാതികളുണ്ട്. ആയിരക്കണക്കിന് ഒഴിവുകൾ ഉണ്ടായിട്ടും നികത്താതെ പോകുമ്പോൾ സേവനങ്ങളും വായ്പാ വിതരണവും അവതാളത്തിലാകുന്നു. അർഹതപ്പെട്ട അനേകം ഉപയോക്താക്കൾക്കും സംരംഭകർക്കും വായ്പകൾ നല്കുവാൻ കഴിയാതെ പോകുന്ന സ്ഥിതി ആശാസ്യമല്ല. എല്ലാ വിഭാഗങ്ങളിലുമുള്ള ഒഴിവുകൾ അടിയന്തരമായി നികത്തണം. മുൻഗണനാ വിഭാഗം വായ്പകളുടെ വിതരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിഷ്കർഷിച്ചിട്ടുള്ള അളവിനേക്കാൾ കുറഞ്ഞാണ് നിൽക്കുന്നത്. ഗുരുതരമായ ഈ പ്രശ്നങ്ങൾ കേരള നിയമസഭയിലും ഉന്നയിക്കപ്പെട്ടിരുന്നു. സിപിഐ പാർലമെന്ററി പാർട്ടി ലീഡർ പി എസ് സുപാൽ എംഎൽഎ കഴിഞ്ഞ ഫെബ്രുവരി എട്ടിന് നിയമസഭയിൽ ഈ പ്രശ്നങ്ങൾ സബ്മിഷൻ രൂപേണ അവതരിപ്പിച്ചു. പ്രശ്നപരിഹാരങ്ങൾക്കായി സാധ്യമാംവിധം ഇടപെടാമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി പറയുകയും ചെയ്തു.

ധനപരമായ ഉൾച്ചേർക്കലിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ നൂറുശതമാനം പൗരന്മാർക്കും ബാങ്ക് അക്കൗണ്ടുകളുണ്ട്. ബാങ്കിങ് സേവനാവശ്യങ്ങൾക്ക് അവർ ശാഖകൾ സന്ദർശിക്കുന്നത് സ്വാഭാവികമാണ്. അവർക്ക് അർഹതപ്പെട്ട സേവനങ്ങൾ ശാഖകളില്‍ നൽകണം. കൃഷി, ചെറുകിട വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളിൽ വായ്പാ വിതരണം വർധിപ്പിക്കണം. സമീപകാലത്ത് സ്ഥാപിതമായ സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് ലിമിറ്റഡ് (എസ്ബിഒഎസ്എസ്) എന്ന സബ്സിഡിയറിയിലൂടെ കൂടുതൽ അടിസ്ഥാന ബാങ്കിങ് സേവനങ്ങൾ കരാർവല്‍ക്കരിക്കപ്പെടുകയാണ്. ബാങ്കിന്റെ വിശ്വാസ്യതയെയും മികച്ച സേവന രീതികളെയും തകർക്കുന്നതും വലിയ തൊഴിൽ ചൂഷണത്തിന് സൗകര്യമൊരുക്കുന്നതുമായ ബിസിനസ് സേവന മാതൃകയാണിത്. ബാങ്കിലെ സ്ഥിരം തൊഴിലവസരങ്ങൾ എന്നെന്നേക്കുമായി വരുംതലമുറകൾക്ക് നിഷേധിക്കപ്പെടും. ബാങ്കിങ് ഇടപാടുകളുടെ രഹസ്യാത്മകതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടാൻ ഇത് കാരണമായേക്കും. നേരത്തേതന്നെ തുടങ്ങിവച്ച ബിസിനസ് കറസ്പോണ്ടന്റ് മാതൃകയും അടിസ്ഥാന ബാങ്കിങ് സേവനങ്ങളുടെ പുറംകരാർവൽക്കരണത്തിന്റെ രൂപം തന്നെയാണ്. ഗ്രാമങ്ങളിലും അർധ നഗരങ്ങളിലുമെല്ലാം ബാങ്ക് ശാഖകൾ സ്ഥാപിച്ച് സ്ഥിരം ജീവനക്കാരെ നിയമിച്ച് ബാങ്കിങ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന് പകരം തൊഴിലില്ലായ്മയെ ചൂഷണം ചെയ്യുന്നതും സാധാരണ ജനതയ്ക്ക് അർഹതപ്പെട്ട വിശ്വസ്ത ബാങ്കിങ് സേവനങ്ങളുടെ നിരാസവുമാണ് ബിസി മാതൃക.


ഇതുകൂടി വായിക്കു;  സിലിക്കൺ വാലി ബാങ്ക് ഒരു മുന്നറിയിപ്പാണ്


ബാങ്കിന്റെ ശാഖാതല സേവനങ്ങൾ ഇടപാടുകാർക്ക് കൂടുതൽ പ്രിയങ്കരമാകണം. ഒഴിവുകൾ നികത്തണം. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. കേരളത്തിൽ ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം ഗണ്യമായി ഉയരണം. കേരളത്തിലെ സ്റ്റേറ്റ് ബാങ്ക് ഇടപാടുകാർക്ക് അർഹതപ്പെട്ട മികച്ച സേവനം ബാങ്ക് ശാഖകളിൽ ലഭിക്കുവാനും ജീവനക്കാർക്ക് അന്തസോടെ ജോലിയെടുക്കാനും സമാധാനത്തോടെ ജീവിക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കാൻ ബാങ്കധികാരികൾ ബാധ്യസ്ഥരാണ്. ഇതിനായുള്ള സംഘടനാ ഇടപെടലുകളുടെ ഭാഗമായിട്ടാണ് എഐബിഇഎടി-എസ്ബിഇ എ പ്രക്ഷോഭവും പണിമുടക്ക് സമരവും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നടപ്പാക്കുന്ന എംപിഎസ്എഫ് വിപണന വില്പന പദ്ധതി പിൻവലിക്കുക, ജീവനക്കാരുടെ കുറവ് സ്ഥിരം നിയമനങ്ങളിലൂടെ നികത്തുക, ടിഎസ്ബിഇഎ അംഗങ്ങൾക്കെതിരായ പ്രതികാരനടപടികളും ദ്രോഹപരമായ സ്ഥലം മാറ്റങ്ങളും അവസാനിപ്പിക്കുക, വായ്പാ നിക്ഷേപ അനുപാതവും മുൻഗണനാ വിഭാഗം വായ്പകളും വർധിപ്പിക്കുക, പുറംകരാർവല്‍ക്കരണം ഉപേക്ഷിക്കുക, ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നല്കുക, തടസരഹിത സേവനങ്ങൾ ഉറപ്പാക്കുക, ജീവനക്കാർക്ക് അന്തസുള്ള തൊഴിൽ ജീവിതം ഉറപ്പാക്കുക, മൂല്യാധിഷ്ഠിത, തൊഴിൽശക്തി സൗഹൃദ എച്ച്ആര്‍ നയങ്ങൾ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ട്രാവന്‍കൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷ(എഐബിഇഎ)ന്റെ ആഹ്വാന പ്രകാരം എസ്ബിഐ ജീവനക്കാർ ഈമാസം 30ന് പണിമുടക്കും.

സമര പരിപാടികളുടെ ഭാഗമായി ഇന്ന് എറണാകുളത്ത് സമര വിളംബര സമ്മേളനവും 22 ന് സായാഹ്ന ധർണകളും 29ന് റാലികളും നടക്കും.
ഇതേ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 24ന് ജീവനക്കാർ പണിമുടക്കിയിരുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ പണിമുടക്കിയ ജീവനക്കാർക്കെതിരെ ശിക്ഷണ നടപടികളും വിദൂര സ്ഥലംമാറ്റങ്ങളുമായി ബാങ്കധികാരികൾ രംഗത്ത് വന്നിരിക്കുകയാണ്. തൊഴിലാളിദ്രോഹപരവും ജനാധിപത്യ വിരുദ്ധവുമായ ഇത്തരം നടപടികൾക്കെതിരെ സമരം ശക്തമാക്കും. ബാങ്കിന്റെയും ബാങ്കിടപാടുകാരുടെയും നന്മയ്ക്കും ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനും ഉദ്യോഗാർത്ഥികൾക്ക് അർഹതപ്പെട്ട തൊഴിലിനും വേണ്ടിയാണ് ഈ സമരം. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ ട്രേഡ് യൂണിയൻ ബഹുജന ഗുണഭോക്തൃ സംഘടനകളുടേയുമെല്ലാം ഇടപെടലുകളും പിന്തുണയും സമരത്തിന് അനിവാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.