26 April 2024, Friday

എസ്‌വിബി തകർച്ച: ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനം

സി ജെ ആട്കിൻസ് 
March 17, 2023 4:30 am

സിലിക്കൺ വാലി ബാങ്ക് തകർച്ച ആഴമേറിയ സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സമ്മതിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ഇല്ലാതാക്കിയതാണ് തകർച്ചയുടെ മുഖ്യകാരണമായി ബൈഡൻ ചൂണ്ടിക്കാട്ടുന്നതും. ധനമൂലധനം രാജ്യത്തെ ബാങ്കിങ് മേഖലയെ പുതിയ പ്രതിസന്ധിയിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കടുത്ത സാമ്പത്തിക മാന്ദ്യത്തിന് വഴിയൊരുക്കിയ ലേമാൻ ബ്രദേഴ്സിന്റെ തകർച്ചയുടെയും അവശിഷ്ടങ്ങൾ ഇവിടെ പല്ലിളിച്ചു നിൽക്കുന്നുമുണ്ട്. 2008ൽ തുടങ്ങിയ ദുരിത കാലങ്ങളുടെ ഓർമ്മയിലാകാം യുഎസ് സർക്കാർ തകർച്ചയിലാണ്ട രണ്ട് ബാങ്കുകളുടെയും നിയന്ത്രണം എറ്റെടുത്തത്. കാലിഫോർണിയ കേന്ദ്രീകരിച്ചുള്ള സിലിക്കൺ വാലി ബാങ്കിന് (എസ്‌വിബി) ഉപഭോക്താക്കളുടെ നിക്ഷേപം മടക്കി നൽകാൻ കൈവശമുള്ള യുഎസ് ട്രഷറി ബോണ്ടുകൾ നഷ്ടത്തിൽ വിറ്റഴിക്കേണ്ടി വന്നു. അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആദ്യ സൂചനകളായി ഇത്. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച എസ്‌വിബി സിലിക്കൺ വാലിയിലെ സാങ്കേതിക കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും പ്രിയപ്പെട്ട ബാങ്കായിരുന്നു. അമേരിക്കയിലെ 16-ാമത്തെ വലിയ ബാങ്കായി ഉയർന്നു. ലോക്ക്ഡൗൺ കാലയളവിൽ വീട്ടിൽ കുടുങ്ങിയവർ എസ്‌വിബിയുടെ സാമ്പത്തികസഹായം തേടി. സാങ്കേതിക മേഖലയ്ക്ക് ഇവർ നൽകിയിരുന്ന പരിഗണന എസ്‌വിബിയുടെ ധനസഹായം തേടിയുള്ളവരുടെ എണ്ണവും വർധിപ്പിച്ചു. എട്സി, റോകു, വോക്സ് മീഡിയ തുടങ്ങിയവ എസ്‌വിബിയുടെ എണ്ണപ്പെട്ട ഇടപാടുകാരായിരുന്നു. കമ്പനികൾ ശമ്പളത്തിനും ബിസിനസ് ചെലവുകൾക്കുമായി നിക്ഷേപം നടത്തി. എല്ലാ ബാങ്കുകളും എന്നപോലെ, ഉപഭോക്തൃ നിക്ഷേപങ്ങൾ പലിശയും ലാഭവിഹിതവും ഉണ്ടാക്കുന്നതിനായി ദീർഘകാല സർക്കാർ ബോണ്ടുകളിൽ നിക്ഷേപിച്ചു. ബോണ്ടുകൾ യുഎസ് ട്രഷറി പുറത്തിറക്കുന്നതാണ്. അവ സുരക്ഷിത നിക്ഷേപമായാണ് പരിഗണിക്കുന്നതും.

പക്ഷെ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ തുടങ്ങിയപ്പോൾ ബോണ്ട് വിലകൾ കുറഞ്ഞു. ഓരോ പുതിയ നിരക്ക് വർധനയിലും എസ്‌വിബിയുടെ നിക്ഷേപ മൂല്യം ക്രമാനുഗതമായി ഇടിഞ്ഞു. സമ്പദ്‌വ്യവസ്ഥയിലെ തിരിച്ചടി പാൻഡെമിക് ടെക് സ്റ്റാർട്ടപ്പുകളെ ബാധിക്കാൻ തുടങ്ങി. തുടർന്ന് ഇടപാടുകാരിലേറെ അവരുടെ വർധിച്ച ചെലവുകൾക്കായി പണം പിൻവലിക്കാനും പണം ഉറപ്പാക്കുന്നതിന് ബാങ്ക് കൈവശമുള്ള യുഎസ് ട്രഷറി ബോണ്ടുകൾ വിൽക്കാനും തുടങ്ങി. വിവിധകാരണങ്ങളാൽ അവയുടെ മൂല്യം താഴേയ്ക്കായിരുന്നു. എസ്‌വിബിയുടെ വില്പന നഷ്ടത്തിൽ കലാശിച്ചു. വിപണിയിൽ വസ്തുതകൾ വെളിപ്പെടുത്തിയ ബാങ്ക് 1.75 ബില്യൺ ഡോളർ മൂലധനം സമാഹരിക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചു. എസ്‌വിബിയുടെ പുതിയ ഓഹരികൾ വാങ്ങാൻ ആരും മുന്നിട്ടിറങ്ങിയുമില്ല, എസ്‌വിബിയുടെ ഷെയറുകൾ വിറ്റഴിക്കാൻ സ്റ്റോക്ക് മാർക്കറ്റ് തിരക്കുമായി. കമ്പനിയുടെ ഓഹരി വില 60 ശതമാനം ഇടിഞ്ഞു. തങ്ങളുടെ പണം സൂക്ഷിക്കാൻ സുരക്ഷിതമായ സ്ഥലമല്ലെന്ന തോന്നലിൽ കൂടുതൽ ഇടപാടുകാർ നിക്ഷേപം പിൻവലിക്കാൻ എത്തി. ഇടപാടുകാർ വലിയ കമ്പനികൾ ആയതിനാൽ പിൻവലിക്കപ്പെട്ട തുകകൾ വളരെ വലുതായിരുന്നു. ഒറ്റ ദിവസത്തിൽ 42 ദശലക്ഷം ഡോളർ വരെ പിൻവലിക്കപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ ബാങ്ക് പാപ്പരായെന്നും സർക്കാർ ഏറ്റെടുത്തു എന്നുള്ള വാർത്തകൾ പുറത്തുവന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് തകർച്ചയായിരുന്നു ഇത്. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ (എഫ്ഡിഐസി) ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്തു. എന്നാൽ എഫ്ഡിഐസി 2,50,000 ഡോളർ വരെയുള്ള നിക്ഷേപങ്ങൾക്ക് മാത്രമേ ഗ്യാരന്റി നൽകുന്നുള്ളൂ.


ഇതുകൂടി വായിക്കൂ:  സിലിക്കൺ വാലി ബാങ്ക് ഒരു മുന്നറിയിപ്പാണ്


ഇടപാടുകാരിലേറെയും ഇതിന്റെ ഇരട്ടിയിലേറെ നിക്ഷേപമുള്ളവരാണ്. കൂടുതൽ ബാങ്കുകൾ തകരുകയാണെങ്കിൽ, കനത്ത നഷ്ടമെന്ന ഭയത്തിന് എഫ്ഡിഐസിയുടെ ബാധ്യതാ പരിധി കാരണമായി. ബാങ്ക് ഓഹരികൾ വാരാന്ത്യത്തിലുടനീളം ഇടിഞ്ഞു. ഇതും പരിഭ്രാന്തിക്ക് ആക്കംകൂട്ടി. മറ്റൊരു തകർച്ച തടയാൻ ന്യൂയോർക്ക് ആസ്ഥാനമായുള്ള സിഗ്നേച്ചർ ബാങ്ക് എന്ന രണ്ടാമത്തെ ബാങ്കും പിടിച്ചെടുക്കുകയാണെന്ന് ഒരു ദിവസം രാവിലെ സർക്കാർ പ്രഖ്യാപിച്ചു. സിഗ്നേച്ചറിന്റെ ഉപഭോക്താക്കൾ കൂടുതലും നിയമ സ്ഥാപനങ്ങളാണ്, റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും മറ്റ് നിയമ നടപടികൾക്കുമായി അവരുടെ ഇടപാടുകാരുടെ പണം കൈവശം വയ്ക്കാൻ എസ്ക്രോ (രണ്ടു കക്ഷികൾക്കിടയിലെ ധനപരമായ ഇടപാടിനായി മൂന്നാമതൊരാൾ കൈവശം വയ്ക്കുന്ന അക്കൗണ്ട് സംവിധാനം) അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തുന്നു. ഇടപാടുകാരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് സർക്കാർ ഇടപെടലുകളുണ്ടായി. ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ, ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ, എഫ്ഡിഐസി ചെയർ മാർട്ടിൻ ഗ്രുൻബെർഗ് തിങ്കളാഴ്ച രാവിലെ അവരുടെ പണം പിൻവലിക്കാൻ കഴിയുമെന്ന് ഉറപ്പു നൽകി. നിലവിലുള്ള പ്രത്യേക 25 ബില്യൺ ഡോളർ എമർജൻസി സ്റ്റബിലൈസേഷൻ ഫണ്ടിൽ നിന്ന് ഇതിനാവശ്യമായ തുക വഹിക്കുമെന്ന് അവർ പറഞ്ഞു. അപകടസാധ്യതകൾ ഒഴിക്കാൻ മറ്റ് ബാങ്കുകൾക്ക് സർക്കാർ വായ്പ നൽകുമെന്നും വാഗ്ദാനം ചെയ്തു. “സുരക്ഷിത” സർക്കാർ സെക്യൂരിറ്റികൾ മുഖേനയുള്ള വായ്പകൾക്കൊപ്പം വരും വർഷത്തേക്കെങ്കിലും ഫെഡറൽ റിസർവിൽ നിന്ന് പരിധിയില്ലാത്ത തുകകൾ വായ്പയെടുക്കാൻ ബാങ്കുകളെ അനുവദിക്കുമെന്നും അറിയിച്ചു.

ഗവൺമെന്റിന്റെ ഉയർന്ന പലിശനിരക്ക് കാരണം മൂല്യം നഷ്ടപ്പെട്ട ട്രഷറി ബോണ്ടുകൾ വിൽക്കുന്നത് ഒഴിവാക്കാൻ ബാങ്കുകൾക്ക് പണം കടം കൊടുക്കുകയാണ്. സർക്കാരിന്റെ നിലപാട് ബാങ്കുകൾക്ക് അടിത്തറയില്ലാത്ത മൂലധനത്തിലേക്ക് പ്രവേശനം നൽകുകയാണ്. എന്നാൽ സാധാരണക്കാരന് പലിശനിരക്കുകളുടെയും പണപ്പെരുപ്പത്തിന്റെയും അനന്തരഫലങ്ങൾ നേരിടാൻ ആരുടെയും സഹായമില്ല. പലിശ കുമിയുന്നതിനാൽ വായ്പ താങ്ങാൻ കഴിയാത്ത കുടുംബങ്ങളെ സഹായിക്കാൻ അടിയന്തര ഫണ്ടില്ല. വർഷാവസാനം വിദ്യാർത്ഥികളുടെ കടാശ്വാസം ഇല്ലാതാകുമ്പോൾ ഉടലെടുക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരവുമില്ല. നിലവിലെ പ്രതിസന്ധിക്ക് നിയന്ത്രണങ്ങൾ നീക്കിയത് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ബാങ്കുകളുടെ നിയമങ്ങൾ കർശനമാക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടതായും പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ചു. 50 ദശലക്ഷം ഡോളറോ അതിൽ കൂടുതലോ ആസ്തിയുള്ള എല്ലാ ബാങ്കുകളെയും “പരാജയപ്പെടാൻ കഴിയാത്തത്ര വലുത്” എന്ന് തരംതിരിക്കുകയും അവയെ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഡൊണാൾഡ് ട്രംപ് ഒപ്പുവച്ച 2018ലെ ബാങ്ക് ഡീറെഗുലേഷൻ ബില്ലിന്റെ നേരിട്ടുള്ള ഫലമാണ് എസ്‌വിബിയുടെ പരാജയം. 100 ബില്യൺ ഡോളറിനും 250 ബില്യൺ ഡോളറിനും ഇടയിൽ ആസ്തിയുള്ള ഒരു വലിയ സാമ്പത്തിക സ്ഥാപനം പരാജയപ്പെടാനുള്ള സാധ്യത ഈ നിയമനിർമ്മാണം വർധിപ്പിക്കുമെന്ന് അഞ്ച് വർഷം മുമ്പ്, കോൺഗ്രസിന്റെ ബജറ്റ് ഓഫിസിലെ റിപ്പബ്ലിക്കൻ ഡയറക്ടർ പോലും മുന്നറിയിപ്പ് നൽകിയിരുന്നു. ബാങ്കിങ് മേഖലയിൽ എന്ത് സംഭവിക്കും എന്ന് ആർക്കും തിട്ടമില്ലാത്ത അവസ്ഥ നിലനിൽക്കുന്നു.


ഇതുകൂടി വായിക്കൂ:   ഉണ്ണുന്ന ചോറിൽ മണ്ണിടുന്നവരും വിശക്കുന്നവരെ ഊട്ടുന്നവരും


ബാങ്കിങ് പ്രതിസന്ധി പലിശ നിരക്ക് വർധനവിൽ നിന്ന് പിന്തിരിപ്പിക്കുമെന്ന് പല നിക്ഷേപകരും വിശ്വസിക്കുന്നു. എസ്‌വിബിയുടെ തകർച്ചയിലേക്ക് നയിച്ച സമ്പ്രദായങ്ങൾ ഇൻവെസ്റ്റ്മെന്റ് മാനേജർ ഫ്രെഡറിക് റസ്സൽ പറഞ്ഞു. തകർച്ചയ്ക്ക് മുമ്പ് മാസങ്ങളോളം എസ്‌വിബി റിസ്ക് മാനേജ്മെന്റ് ഓഫിസർ തസ്തിക ഒഴിവാക്കിയിട്ടു. “ബാങ്കുകൾ പലപ്പോഴും അമിത ആത്മവിശ്വാസം പുലർത്തുകയാണ്, ഗുണനിലവാരവും താഴ്ത്തുന്നു. ” എസ്‌വിബി അതുകൊണ്ടു തന്നെ ആവർത്തിച്ചേക്കാം, അദ്ദേഹം ഓർമ്മിപ്പിക്കുന്നു. (ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.