24 November 2024, Sunday
KSFE Galaxy Chits Banner 2

ടുണീഷ്യയിൽ അഭയാർത്ഥി ബോട്ടുകൾ മറിഞ്ഞ് 29 മരണം

web desk
റോം
March 27, 2023 10:20 pm

മെഡിറ്ററേനിയൻ കടൽ കടന്ന് ഇറ്റലിയിലേക്ക് പോകാൻ ശ്രമിക്കവെ ടുണീഷ്യയിൽ അഭയാർത്ഥി ബോട്ടുകൾ മറിഞ്ഞ് 29 മരണം. മണിക്കൂറുകൾക്കുള്ളിൽ രണ്ട് ബോട്ടുകളാണ് ട്യുണീഷ്യയുടെ തീരത്ത് മറിഞ്ഞത്. ആദ്യത്തെ ബോട്ട് അപകടത്തിൽ 19 പേരാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ടുണീഷ്യൻ തീരത്ത് മുങ്ങുന്ന അഞ്ചാമത്തെ ബോട്ടാണിത്. ഇതിൽ 67 പേരെ കാണാതാവുകയും ഒമ്പത് പേർ മരിക്കുകയും ചെയ്തിരുന്നു. ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരാണ് മരിച്ചതെന്ന് ടുണീഷ്യൻ തീരസംരക്ഷണ സേന അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ട്യുണീഷ്യയുടെ വടക്ക് മഹ്ദിയ തീരത്ത് നിന്ന് 11 അഭയാർത്ഥികളെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

ദാരിദ്ര്യവും മറ്റ് പ്രശ്നങ്ങളും മൂലം ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും ഇറ്റലിയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ഈ വർഷം ഇറ്റലിയുടെ തീരത്ത് വന്നിറങ്ങിയ 12,000 കുടിയേറ്റക്കാരെങ്കിലും ടുണീഷ്യൻ തീരത്ത് നിന്ന് പുറപ്പെട്ടവരാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇറ്റാലിയൻ തീരത്ത് വന്നെത്തിയത് 1,300 കുടിയേറ്റക്കാർ ആയിരുന്നു. രേഖകളില്ലാത്ത ആഫ്രിക്കൻ കുടിയേറ്റക്കാർക്കെതിരെ ടുണീഷ്യ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ ഇറ്റലിയിലേക്ക് പുറപ്പെട്ട 80 ബോട്ടുകൾ ടുണീഷ്യയിൽ തടഞ്ഞുവച്ചിട്ടുണ്ട്. ഈ ബോട്ടുകളിൽ ഉണ്ടായിരുന്ന 3000 കുടിയേറ്റക്കാരെ തടവിലാക്കിയതായും അധികൃതർ അറിയിച്ചു.

തെക്കൻ ഇറ്റാലിയൻ തീരത്ത് നടത്തിയ രണ്ട് ഓപ്പറേഷനുകളിലായി 750 ഓളം കുടിയേറ്റക്കാരെ രക്ഷിച്ചതായി കഴിഞ്ഞ ആഴ്ച ഇറ്റാലിയൻ തീരദേശസേന അറിയിച്ചിരുന്നു. യൂറോപ്പിലേക്ക് കടൽ മാർഗം എത്താൻ ശ്രമിക്കുന്ന അഭയാർത്ഥികളുടെ പ്രധാന ലാൻഡിങ് പോയിന്റുകളിൽ ഒന്നാണ് ഇറ്റലി. സെൻട്രൽ മെഡിറ്ററേനിയൻ റൂട്ട് എന്ന് വിളിക്കപ്പെടുന്ന ഈ പാത ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ഒന്നായാണ് അറിയപ്പെടുന്നത്. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ മിസിങ് മൈഗ്രന്റ്സ് പ്രോജക്ട് അനുസരിച്ച്, 2014 മുതൽ മെഡിറ്ററേനിയൻ പ്രദേശത്ത് 20,333 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

 

Eng­lish Sam­mury: 29 dead after refugee boats cap­size in Mediter­ranean Sea Tunisia

 

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.