11 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 8, 2024
September 26, 2024
September 22, 2024
April 3, 2024
January 14, 2024
January 13, 2024
November 13, 2023
November 6, 2023
October 12, 2023

ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാര്‍ത്തകള്‍; ചുരുക്കത്തില്‍

Janayugom Webdesk
March 31, 2023 9:52 pm

1. ദുരിതാശ്വാസ ഫണ്ട് വകമാറ്റി എന്നാരോപിച്ച് മുഖ്യമന്ത്രിക്കെതിരായി നല്‍കിയ കേസിൽ ലോകായുക്തയില്‍ ഭിന്നാഭിപ്രായംവന്നതിനെ തുടര്‍ന്ന് ഫുള്‍ ബെഞ്ചിനു വിട്ടു. ഹര്‍ജി മൂന്ന് അംഗ ബഞ്ചിനാണ് വിട്ടത്. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. തീയതി പിന്നീട് പ്രഖ്യാപിക്കും.ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ അൽ റഷീദും ആണ് വിധി പ്രസ്താവിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ പൊതുപ്രവർത്തകൻ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരമുള്ള കേസിലാണ് വിധി.

2. വൈസ് ചാന്‍സലര്‍ സിസ തോമസ് വിരമിക്കുന്ന സാഹചര്യത്തില്‍ സാങ്കേതിക സര്‍വകലാശാലയുടെ താല്‍കാലിക വിസിയായി ഡിജറ്റല്‍ സര്‍വകലാശാല വിസിയായിരുന്ന ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. സര്‍ക്കാര്‍ നല്‍കിയ പാനലില്‍നിന്നാണ് സജി ഗോപിനാഥിനെ ഗവര്‍ണര്‍ നിയമിച്ചത്. സജി ഗോപിനാഥ് ശനിയാഴ്ച ചുമതലയേല്‍ക്കും. സിസ തോമസ് വിരമിക്കുന്ന സാഹചര്യത്തില്‍ പകരം വിസിയെ നിയമിക്കുന്നതിന് സര്‍ക്കാരിനോട് ഗവര്‍ണര്‍ പാനല്‍ ആവശ്യപ്പെട്ടിരുന്നു.

3. തിരുവനന്തപുരം നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസ് — വത്സല ദമ്പതികളുടെ ഏകമകളായ സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തുകയും അമ്മ വത്സലയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അശോകൻ മകൻ അരുൺ(29) ന് ജീവപര്യന്തം കഠിനതടവും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം.

4. പ്രമുഖ സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്ദാവനത്ത് മകളുടെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.സംസ്കാരം നാളെ പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയില്‍. നൂറിലേറെ ചെറുകഥകളും 17 നോവലുകളുമെഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ‘ജീവിതം എന്ന നദി‘ എന്ന ആദ്യനോവൽ 34‑ആം വയസ്സിൽ പുറത്തിറങ്ങി. നാര്‍മടിപ്പുടവ, ദൈവമക്കള്‍, അഗ്നിശുദ്ധി, ചിന്നമ്മു, വലക്കാര്‍, നീലക്കുറിഞ്ഞികള്‍ ചുവക്കും നേരി, ഗ്രഹണം, തണ്ണീര്‍പ്പന്തല്‍, യാത്ര, കാവേരി എന്നിവയാണ് സാറാ തോമസിന്റെ ശ്രദ്ധേയ കൃതികള്‍.

5. കടബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ചു. ഇടുക്കി പുന്നയാറിൽ കാരാടിയിൽ ബിജു(46), ഭാര്യ ടിന്റു(40) എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് കുട്ടികൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാർ ചൂടൻ സിറ്റിയിലാണ് ബിജുവും കുടുംബവും താമസിക്കുന്നത്. 11 വയസ്സുള്ള പെൺകുട്ടിയും എട്ടും രണ്ടും വയസ്സുള്ള ആൺകുട്ടികളുമാണ് ആശുപത്രിയിൽ കഴിയുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബിജുവും ടിന്റുവും കഞ്ഞിക്കുഴിയിൽ ചെറിയ ഹോട്ടൽ നടത്തുകയാണ്.

6. സ്വർണാഭരണങ്ങളിൽ എച്ച് യു ഐ ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. എച്ച് യു ഐഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ ഇന്നു മുതൽ വിൽക്കാവൂ എന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് ഹർജി നൽകിയത്. നിലവിലെ സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കാനടക്കം കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി മൂന്ന് മാസത്തേക്ക് കൂടി സമയം അനുവദിച്ച് നൽകിയിരിക്കുന്നത്.

7. ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹറിലെ കൃഷിയിടത്തിനു നടുവിലുള്ള വീട്ടില്‍ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബാംഗങ്ങളാണ് മരിച്ചത്. അഭിഷേക് (20), റയീസ് (40), ആഹാദ് (05), വിനോദ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയുണ്ട്. പൊലീസും നാട്ടുകാരും സ്ഫോടന സ്ഥലവും പരിസരവും പരിശോധിച്ചുവരികയാണ്. ജില്ലാ ഭരണകൂടം, അഗ്നിശമന സേന, സിഎംഒ സംഘം എന്നിവയും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

8. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്ന വീണ അപകടത്തില്‍ മരണസംഖ്യ 35 ആയി ഉയര്‍ന്നു. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. ഇയാള്‍ക്കായി എന്‍ഡിആര്‍എഫും സൈന്യവും അടക്കമുള്ളവര്‍ തിരച്ചില്‍ നടക്കുകയാണെന്ന് ഇന്‍ഡോര്‍ ജില്ലാ കലക്ടര്‍ ഡോ. ടി ഇളയരാജ അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റ് 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം പരിക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. രാമനവമി ആഘോഷത്തിനിടെ ഇന്‍ഡോറിലെ ശ്രീ ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ കിണറാണ് തകര്‍ന്നത്.

9. കൊതുകു തിരിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ ശ്വാസംമുട്ടി മരിച്ചു. രാത്രിയിലുണ്ടായ അപകട വിവരം നാട്ടുകാരില്‍ നിന്ന് പൊലീസ് അറിയുന്നത് രാവിലെ ഒമ്പതുമണിയോടെ. വീടിനുള്ളില്‍ നിന്ന് മൃതദേഹങ്ങളടക്കം ഒമ്പത് പേരെ ആശുപത്രിയിലെത്തിച്ചതായി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജോയ് ടിര്‍ക്കി പറഞ്ഞു. മരിച്ച ആറ് പേരില്‍ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒന്നര വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

10. വിവാഹേതര ബന്ധം പുറത്തുപറയാതിരിക്കാന്‍ അശ്ലീല സിനിമകളിലെ താരത്തിന് പണം നല്‍കിയ കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റുചെയ്തേക്കും. 2016ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പോൺ താരം സ്റ്റോമി ഡാനിയൽസിന് ട്രംപ് പണം നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ന്യൂയോര്‍ക്കിലെ മന്‍ഹട്ടന്‍ കോടതിയില്‍ കേസിലെ കുറ്റപത്രം അടുത്ത ദിവസം സമര്‍പ്പിക്കുമെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.