20 December 2024, Friday
KSFE Galaxy Chits Banner 2

ഇല്ലാതാകുന്ന ജനാധിപത്യ മൂല്യങ്ങള്‍

Janayugom Webdesk
April 2, 2023 5:00 am

ജീവിതം അസാധ്യമായ വര്‍ത്തമാനകാലത്ത് ഇരട്ടപ്രഹരമായി പൊതുധനത്തിന്റെ കൊള്ളയും സാധാരണ ജനതയെ വേട്ടയാടുന്നു. മേല്‍ത്തട്ടില്‍ വിരാജിക്കുന്നവര്‍ക്കാകട്ടെ അവരുടെ താല്പര്യങ്ങള്‍ നേടിയെടുക്കുന്നതിനും വ്യവസ്ഥിതികളെ പൂര്‍ണമായും മറികടക്കാനും വലതുപക്ഷ ശക്തികള്‍ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി എക്കാലവും നഷ്ടം പേറേണ്ടിവരുന്നത് ഏറ്റവും താഴേത്തട്ടിലുള്ള ജനതയാണ്. അതിജീവനത്തിനായി അവര്‍ 16 മുതല്‍ 18 മണിക്കൂര്‍ വരെ കഠിനാധ്വാനം ചെയ്യുന്നു. പട്ടിണിക്കണക്കില്‍ 121 രാജ്യങ്ങളില്‍ ഇന്ത്യ 106-ാം സ്ഥാനത്താണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫിസ് കണക്കില്‍, ഔപചാരിക തൊഴിലവസരങ്ങള്‍ 7.5 ശതമാനമായി കുറഞ്ഞു. ഗ്രാമീണ തൊഴില്‍ നിരക്ക് 7.7 ശതമാനമായി താഴ്ന്നു. രണ്ടു ദശാബ്ദം മുമ്പുള്ള കണക്കുകള്‍ പോലും ഇതിലും മെച്ചമായിരുന്നു. കാര്‍ഷികേതര ഗ്രാമപ്രദേശങ്ങളിലാണ് ഇടിവ് പ്രകടം. 15 ദശലക്ഷത്തോളമായി ചുരുങ്ങിയിരിക്കുന്നു ഈ മേഖലയില്‍ തൊഴിലാളികള്‍. സകല ഇല്ലായ്മകളും ബാധിച്ചിരിക്കുന്നത് ദിവസവേതന തൊഴിലാളി വിഭാഗത്തെയും. എല്ലാറ്റിന്റെയും മറവില്‍ പടിപടിയായി ജനാധിപത്യ ഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുന്നു. രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ വീണ്ടെടുക്കാനാവാത്ത ദുഃസ്ഥിതിയിലേക്ക് വീണിരിക്കുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ബാങ്കിങ് സംവിധാനത്തിലുണ്ടായ ഘടനാപരമായ മാറ്റങ്ങള്‍ ഏറെയാണ്. മതിയായ മൂലധനവും തിരിച്ചടവ് ഉറപ്പുമില്ലെങ്കിലും ഇഷ്ടക്കാര്‍ക്ക് അമിതമായി വായ്പ നല്കുന്നു. ഇത്തരം നടപടികള്‍ സാമ്പത്തിക സ്ഥിരതയും ബാങ്കിങ് ആസ്തികളുടെ വളര്‍ച്ചയും ഇല്ലാതാക്കി. ബാങ്കിങ് സംവിധാനം ഉള്‍പ്പെടെ പ്രധാന മേഖലകളെ അപകടസാധ്യതകളില്‍ രക്ഷിക്കാന്‍ ദേശസാല്‍ക്കരണത്തിന്റെ കവചമുണ്ടായിരുന്നു. ആ കവചകുണ്ഡലങ്ങള്‍ ഇന്ന് പഴങ്കഥ. നിരവധി മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. 106 കല്‍ക്കരി ഖനികളുടെ വില്പന കഴിഞ്ഞദിവസമാണ് ആരംഭിച്ചത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ 3.5 ശതമാനം ഓഹരികള്‍ 2,450 രൂപ നിരക്കില്‍ വിറ്റഴിക്കാന്‍ ധാരണയായി. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിന്റെ 75 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. ബജറ്റ് ലക്ഷ്യമായ 65,000 കോടിയില്‍ 50,000 കോടി രൂപ വിറ്റഴിക്കല്‍ വരുമാനത്തില്‍ നിന്നാണ്. പൊതുമേഖലയിലെ ഓഹരി വിറ്റഴിക്കലില്‍ നിന്നും കേന്ദ്രം ഇതുവരെ സമാഹരിച്ചത് 31,106.64 കോടി രൂപയാണ്. സമാന്യ ജനതയുടെ അധ്വാനം സമ്മാനിച്ച വിഭവങ്ങളുടെ ചെലവിലാണ് കേന്ദ്രഭരണകൂടത്തിന്റെ ധൂര്‍ത്ത്. പകരം നല്കുന്നതോ തൊഴിലില്ലായ്മയും അടിച്ചമര്‍ത്തലും തീവ്രമായ വെറുപ്പിന്റെ സമീപനവും. ജാതിയുടെ അടിസ്ഥാനത്തിലും സമുദായികാടിസ്ഥാനത്തിലും പൗരന്മാര്‍ വിഭജിക്കപ്പെടുന്നു.


ഇതുകൂടി വായിക്കൂ: വറുതിയുടെ ഇരുണ്ട ദിനങ്ങൾ


സാമ്പത്തിക മേഖലയിലും ജാതിയും സമുദായവുമാണ് അടിസ്ഥാനം. ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് ഭരണകൂട നയം. ന്യൂനപക്ഷങ്ങള്‍ ഒറ്റപ്പെടുന്നു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇല്ലാതായി. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, തൊഴിലുകള്‍ തുടങ്ങിയവ അതിവേഗം താഴേക്കാണ്. തൊഴിലാളികളും കര്‍ഷകരും സംഘടിക്കുന്നത് പോലും ഭരണകൂടം വെറുക്കുന്നു. ജനക്കൂട്ടത്തിന്റെ നിശബ്ദതയും നിഷ്‌ക്രിയമായ കീഴടങ്ങലുമാണ് അവര്‍ക്ക് കരുത്തുപകരുന്നത്. ഭരണകൂടം ആഗ്രഹിക്കുന്നതും ഇതാണ്. ഭരണ ശക്തികളുടെ വിനാശകരമായ നടപടികള്‍ക്കെതിരെ ജനം കൂടുതല്‍ സംഘടിതരാകണമെന്ന് ഇക്കാര്യങ്ങള്‍ അടയാളപ്പെടുത്തുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും ഉയര്‍ന്നുവരുന്ന ഐക്യത്തെ അവര്‍ ഭയപ്പെടുന്നു. അതിനാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ തടസപ്പെടുത്താന്‍ ബലം പ്രയോഗിക്കുന്നു. അനീതിക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്ന ഇടങ്ങള്‍ ഇല്ലാതാക്കുകയാണ് ഭരണകൂടം. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ അനീതി അവസാനിപ്പിക്കാനുള്ള പോരാട്ടം ആരംഭിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കിടയില്‍ വളരുന്നതിനെ ഭരണകൂടം ഭയപ്പെടുന്നു. ഒരു എതിര്‍പ്പും വളരാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.

അന്ധമായ അനുസരണം മാത്രമാണ് അവര്‍ക്ക് വേണ്ടത്. ഈ നിഷേധാത്മകത കൊണ്ടുമാത്രമാണ് അവര്‍ മനുഷ്യത്വത്തെ കീഴടക്കാന്‍ ആഗ്രഹിക്കുന്നത്. മുഴുവന്‍ ജനങ്ങളോടും അധ്വാനിക്കുന്നവരോടും തൊഴിലാളിവര്‍ഗത്തോടും കര്‍ഷകരോടും ബുദ്ധിജീവികളോടും വിപ്ലവ വിഭാഗത്തിനെതിരെയും കടുത്ത പ്രതികാരം മാത്രമാണ് അവരില്‍ അവശേഷിക്കുന്നത്. ഇതാണ് വലതുപക്ഷ ശക്തികളുടെ യഥാര്‍ത്ഥ സ്വഭാവം. സാമ്പത്തിക മൂലധനം, സമ്പദ്‍വ്യവസ്ഥയെ പൂര്‍ണമായും വിഴുങ്ങുന്നു. നിരവധി രാജ്യങ്ങളില്‍ പ്രതിസന്ധി മൂലം സ്ഥാനഭ്രഷ്ടരായ ജനസമൂഹത്തെ വരുതിയിലാക്കാനും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ചില വിഭാഗങ്ങളുടെമേല്‍ അവകാശം സ്ഥാപിക്കാനും വലതുപക്ഷ ശക്തികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. വലതുപക്ഷത്തിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഒരിക്കലും പിന്തുണയ്ക്കില്ലായിരുന്നു.

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.