22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
November 12, 2024
November 11, 2024
November 5, 2024
September 15, 2024
July 13, 2024
July 12, 2024
June 23, 2024
June 20, 2024

ഛത്തീസ്ഗ‍ഡില്‍ 2000 കോടിയുടെ അനധികൃത മദ്യവില്പന; മുഖ്യസൂത്രധാരന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍

Janayugom Webdesk
റായ്പൂർ
May 7, 2023 8:41 pm

ഛത്തീസ്ഗഡിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥൻ 2000 കോടിയുടെ അനധികൃത മദ്യക്കച്ചവടത്തിന്റെ സൂത്രധാരനെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യവ്യവസായി അൻവർ ധേബറിനെ റിമാൻഡ് ചെയ്യണമെന്നുള്ള അപേക്ഷയിലാണ് ഇഡി ഇക്കാര്യം പറയുന്നത്. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായ അനിൽ ടുതേജക്കെതിരെയാണ് ആരോപണം. കോൺഗ്രസ് നേതാവും റായ്പൂർ മേയറുമായ ഐജാസ് ധേബറിന്റെ മൂത്ത സഹോദരനായ അൻവർ കഴിഞ്ഞദിവസമാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് മദ്യവില്പനയില്‍ 2,000 കോടിയിലധികം രൂപയുടെ അഴിമതി നടന്നതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. സംസ്ഥാന സർക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെ സംഘത്തിന് സഹായം ചെയ്തുവെന്നും ഇഡി ആരോപിക്കുന്നു. 

അന്‍വറും അനില്‍ ടുതേജയുമാണ് സംഘത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. അൻവർ 14.41 കോടി രൂപ ടുതേജയ്ക്ക് കൈമാറിയതിന് ഡിജിറ്റൽ തെളിവുകളുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. ഛത്തീസ്ഗഡിലെ മദ്യവില്പനയിൽ നിന്ന് സംഘം മൂന്ന് വ്യത്യസ്ത വഴികളിലൂടെയാണ് അനധികൃതമായി പണം സ്വരൂപിച്ചത്. മദ്യവിതരണക്കാരിൽ നിന്നുള്ള കമ്മിഷൻ, സർക്കാർ നടത്തുന്ന കടകളിൽ നിന്ന് കണക്കിൽപ്പെടാത്ത നാടൻ മദ്യത്തിന്റെ വില്പന, സംസ്ഥാനത്ത് ഡിസ്റ്റിലറികൾ പ്രവർത്തിക്കാനുള്ള അനുമതിയുടെ പേരില്‍ വാർഷിക കമ്മിഷൻ എന്നിവയാണിത്. 

അരുൺപതി ത്രിപാഠിയെ മദ്യവിതരണത്തിന്റെ ചുമതലയുള്ള സിഎസ്എംസിഎലിന്റെ മാനേജിങ് ഡയറക്ടറാക്കുന്നതിലും സംഘം ചരടവലിച്ചിട്ടുണ്ട്. സിഎസ്‌എംസിഎൽ വാങ്ങുന്ന മദ്യത്തിനുള്ള കമ്മിഷൻ വർധിപ്പിക്കാനും കോർപ്പറേഷൻ നടത്തുന്ന കടകളിൽ നികുതി നൽകാത്ത മദ്യം വിൽക്കാൻ ആവശ്യമായ ക്രമീകരണം ചെയ്യാനും ത്രിപാഠി സഹായം നല്‍കി. ഒരു പെട്ടി മദ്യത്തിന് 75 രൂപ കമ്മിഷൻ ആയി അൻവർ കൈപ്പറ്റിയിരുന്നു. ആകെ കമ്മിഷന്‍ തുകയുടെ 15 ശതമാനം ടുതേജയ്ക് കൈമാറി. ബാക്കിയുള്ള തുകയില്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥർക്കും ഉന്നത രാഷ്ട്രീയക്കാർക്കും മാസപ്പടി വിതരണം ചെയ്തിരുന്നെന്നും ഇഡി കോടതിയെ അറിയിച്ചു. 2019 മുതൽ 2022 വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ മൊത്തം മദ്യവില്പനയുടെ 30–40 ശതമാനമാണ് കണക്കിൽപ്പെടാത്ത അനധികൃത മദ്യത്തിന്റെ വില്പന. അൻവറിന്റെ കൂട്ടാളിയായ വികാസ് അഗർവാള്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും യുഎഇയിലെ നിക്ഷേപങ്ങള്‍ ഇയാളാണ് നിയന്ത്രിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം തന്റെ കക്ഷിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അൻവറിന്റെ അഭിഭാഷകൻ രാഹുൽ ത്യാഗി പറഞ്ഞു. അന്‍വറിനെ നാല് ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry; 2000 Crore Ille­gal Liquor Sale in Chhat­tis­garh; The mas­ter­mind is a senior IAS officer
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.