സാധാരണക്കാർക്ക് അപ്രാപ്യമാം വിധത്തിലുള്ള സ്വർണ വിലയുടെ കുതിപ്പ് തുടരുന്നു. 10 വർഷം കൊണ്ട് 107 ശതമാനം വില വർധനവ് അനുഭവപ്പെട്ടപ്പോൾ സ്വർണം പവന് 5120 രൂപയാണ് കഴിഞ്ഞ വർഷം മാത്രം കൂടിയത്. നിലവിലെ വിലയിൽ ഒരു പവൻ ആഭരണം വാങ്ങാൻ 49,361.40 രൂപ മുടക്കണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്‌ടിയും എച്ച്‌യുഐഡി ചാർജും അടക്കമുള്ള തുകയാണിത്. വ്യാപാരികൾ പണിക്കൂലി ഏഴ് ശതമാനം ഈടാക്കിയാൽ വില പിന്നെയും ഉയർന്ന് പവന് 50,300 രൂപയോളമാകും.
10 പവൻ ആഭരണം വാങ്ങണമെങ്കിൽ അഞ്ച് ലക്ഷം രൂപയിൽ മുകളിൽ വേണ്ടിവരും. നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലുള്ള സ്വർണ വിലയിലെ കുതിപ്പ്, വിവാഹാവശ്യത്തിനും മറ്റുമായി ആഭരണശാലകളെ സമീപിക്കുന്ന സാധാരണക്കാരെയാണ് നട്ടംതിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില ഉയർന്നതോടൊപ്പം അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കൂട്ടിയതുമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചതെന്ന് വ്യാപാരികൾ പറയുന്നു. ബാങ്കിങ് രംഗത്തെ രൂക്ഷമായ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യ ഭീഷണിയും സ്വർണ വില ഉയരാനിടയാക്കിയ ഘടകങ്ങളാണ്.
സ്വർണ വിലയുടെ ഗ്രാഫ് ഈ വർഷത്തിന്റെ തുടക്കം മുതൽ മേൽപ്പോട്ടാണ്. ഇടയ്ക്കുണ്ടായ ചെറിയ ചാഞ്ചാട്ടമൊഴിച്ചാൽ വില ഒരു പ്രാവശ്യം പോലും 40, 000 രൂപയ്ക്ക് താഴേക്ക് പോയിട്ടില്ലെന്ന് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 10 വർഷത്തെ കണക്ക് പരിശോധിച്ചാൽ 23,280 രൂപയുടെ വർധനയാണ് ഒരു പവൻ സ്വർണത്തിന്റെ വിലയിലുണ്ടായത്. 107.18 ശതമാനത്തിന്റെ കുതിപ്പ്. കൂടുതൽ ഉയർന്ന നിലയിലേക്ക് വില എത്തിയത് അടുത്ത കാലത്തായിട്ടാണ്. 2020 ജനുവരി ആറിന് 30,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. നിയമങ്ങളെയെല്ലാം നോക്കുകുത്തികളാക്കി അനധികൃത സ്വർണത്തിന്റെ രാജ്യത്തേക്കുള്ള ഒഴുക്ക് വർധിക്കുന്നതിനിടയിലും സ്വർണ വില കുതിച്ചുയരുന്നതിൽ വ്യാപാരികളും ആശങ്കയിലാണ്.
വിവാഹ സീസണെയും മറ്റും വിലവർധനവ് ദോഷകരമായി ബാധിക്കുമോ എന്ന സംശയം പ്രബലമാണ്. വിലക്കയറ്റം മൂലം നിലവിൽത്തന്നെ വ്യാപാരം മന്ദഗതിയിലാണെന്ന് അവർ പറയുന്നു.
English Summary: 107 percent increase in gold price in 10 years
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.