23 December 2024, Monday
KSFE Galaxy Chits Banner 2

മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍

കെ ദിലീപ്
May 17, 2023 4:00 am

ലോക ചരിത്രത്തില്‍ പ്രാചീന കാലഘട്ടവും ആധുനിക കാലഘട്ടവും തമ്മിലുള്ള പ്രധാന വ്യത്യാസം ആ കാലഘട്ടങ്ങളില്‍ സംഭവിച്ച, മനുഷ്യരാശി നേരിട്ട വലിയ ദുരന്തങ്ങളുടെ കാര്യത്തിലാണ്. പ്രാചീന കാലത്ത് പ്രകൃതി ദുരന്തങ്ങളും മഹാമാരികളുമാണ് മനുഷ്യരാശിക്ക് വലിയ ഭീഷണിയുയര്‍ത്തിയത്. ഹാരപ്പയിലെയും മൊഹന്‍ ജദാരോവിലെയും സിന്ധുനദീതട സംസ്കൃതിയുടെ അന്ത്യം പ്രളയം പോലുള്ള പ്രകൃതി ദുരന്തത്തിന്റെ ഫലമായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. ചരിത്രകാലഘട്ടത്തില്‍ യൂറോപ്പിനെയും ആഫ്രിക്കയെയും ഏഷ്യയെയും ബാധിച്ച, എഡി 1346 മുതല്‍ എഡി 1353 വരെ തുടര്‍ന്ന, കറുത്ത മരണം എന്നറിയപ്പെട്ട ബ്യൂബോണിക് പ്ലേഗ് 200 ദശലക്ഷം ജനങ്ങളുടെ ജീവന്‍ അപഹരിച്ചു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയും ഇതുതന്നെ. ചെള്ളുകളില്‍ നിന്ന് പടര്‍ന്നുപിടിച്ച ഈ പകര്‍ച്ചവ്യാധിയുടെ തുടക്കം കിര്‍ഗിസ്ഥാന്റെയും ചൈനയുടെയും അതിര്‍ത്തിയിലെ ടിയാന്‍ഷാന്‍ പര്‍വത നിരകളില്‍‍ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.

ക്രിമിയയിലേക്കു പോയ കച്ചവട കപ്പലുകളില്‍ എലികളിലൂടെ പകര്‍ന്ന് മൂന്ന് വന്‍കരകളിലും വ്യാപിച്ചു. 21-ാം നൂറ്റാണ്ടില്‍ ലോകത്തെ ഗ്രസിച്ച കോവിഡ് മഹാമാരിയെക്കാള്‍ പതിന്മടങ്ങ് രൂക്ഷമായിരുന്നു 1918ല്‍ ലോകം മുഴുവന്‍ പടര്‍ന്ന സ്പാനിഷ് ഫ്ലൂ. എച്ച്1 എന്‍1 വൈറസില്‍ നിന്നും സംജാതമായ ഫ്ലൂ, വാക്സിനുകളോ ആന്റിബയോട്ടിക്കുകളോ ലഭ്യമല്ലാതിരുന്ന 1918 മുതല്‍ 1921 വരെയുള്ള വര്‍ഷങ്ങളില്‍ ലോകമെമ്പാടും അമേരിക്കന്‍ ഭൂഖണ്ഡത്തിലടക്കം 50 ദശലക്ഷം ജനങ്ങളുടെ ജീവന്‍ കവര്‍ന്നു. ഈ മഹാമാരിയാണ് ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധി. കോവിഡ് മഹാമാരി മാത്രമേ ഇതുപോലെ പിന്നീട് ലോകം മുഴുവന്‍ പടര്‍ന്ന് അഞ്ച് ദശലക്ഷം ജനങ്ങളുടെ ജീവന്‍ അപഹരിച്ചതായി ലോകാരോഗ്യ സംഘടന സ്പാനിഷ് ഫ്ലൂവും കോവിഡും തമ്മില്‍ വലിയ സമാനതകളുമുണ്ട്.

സ്പാനിഷ് ഫ്ലൂ ലോകത്ത് പൊട്ടിപ്പുറപ്പെട്ട അതേ കാലഘട്ടത്തില്‍, 1918ല്‍ തന്നെയാണ് ഒന്നാം ലോക മഹായുദ്ധവും ആരംഭിക്കുന്നത്. അതിനാല്‍ യൂറോപ്പിനെ മഹായുദ്ധവും മഹാമാരിയും ഒരുമിച്ചാണ് ആക്രമിച്ചത്. യുദ്ധത്തിലാണോ അതോ ഫ്ലൂ ബാധിച്ചാണോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത അനേകം മരണങ്ങള്‍ സംഭവിച്ചു. യുദ്ധം കാരണം ചികിത്സ ലഭിക്കാതെ ആയിരക്കണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളും മരണമടഞ്ഞു. സൈനിക ക്യാമ്പുകളില്‍ ഫ്ലൂ പടര്‍ന്നുപിടിച്ച് ധാരാളം സൈനികര്‍ മരിച്ചുവീണു. ഒന്നാം ലോക മഹായുദ്ധത്തില്‍ 21 ദശലക്ഷം ജനങ്ങള്‍ മരിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്. ഒന്നാം ലോക മഹായുദ്ധമാണ് ആധുനിക കാലഘട്ടത്തില്‍ മനുഷ്യനിര്‍മ്മിത ദുരന്തമെന്ന നിലയില്‍ 21 ദശലക്ഷം ജനങ്ങളുടെ ജീവനെടുത്തത്. മഹാമാരികള്‍ മാറിനിന്ന 20-ാം നൂറ്റാണ്ടില്‍ ഏറ്റവുമധികം ജനങ്ങളുടെ ജീവനെടുത്തത് യുദ്ധങ്ങളാണ്. അവയെല്ലാം മനുഷ്യ നിര്‍മ്മിതമാണുതാനും. ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം 1939 ല്‍ ആരംഭിച്ച് 1945 വരെ നീണ്ടുനിന്ന രണ്ടാം ലോക മഹായുദ്ധത്തില്‍ 55 ദശലക്ഷത്തോളം മനുഷ്യര്‍ക്ക് ജീവഹാനി സംഭവിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പുതന്നെ 1933 മുതല്‍ 45 വരെയുള്ള കാലത്ത് നാസികള്‍ 20 ദശലക്ഷം‍ ജൂതന്മാരെ കൊന്നൊടുക്കി. 1950 മുതല്‍ 53 വരെ കൊറിയന്‍ യുദ്ധത്തിലും 1959 മുതല്‍ 1975 വരെ വിയറ്റ്നാം യുദ്ധത്തിലും ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചു.

1991ലെ ഗള്‍ഫ് യുദ്ധം 1999ലെ കൊസാവൊ, 2001ലെ അഫ്ഗാന്‍, 2003ലെ ഇറാഖ് യുദ്ധം, ലോകമാകെ ഐഎസ്ഐഎസ് പോലുള്ള ഭീകരസംഘങ്ങള്‍ നടത്തിയ കൂട്ടക്കൊലകള്‍, ഏറ്റവുമൊടുവില്‍ സുഡാനില്‍ നടക്കുന്ന വംശീയ കലാപം അങ്ങനെ 20, 21 നൂറ്റാണ്ടുകളില്‍ മനുഷ്യജീവന്‍ അപഹരിക്കുന്നത് മനുഷ്യനിര്‍മ്മിത ദുരന്തങ്ങളാണ്. ഈ യുദ്ധങ്ങളോ കോവിഡൊഴികെയുള്ള മഹാമാരികളോ ഒന്നും നേരിട്ട് ബാധിക്കാത്ത പ്രദേശമാണ് നമ്മുടെ കൊച്ചു കേരളം. പ്രകൃതി വാരിക്കോരി അനുഗ്രഹം നല്കിയ നാട്. നദികളും ശുദ്ധജലാശയങ്ങളും കായലും കടലും നിത്യഹരിത വനങ്ങളുമെല്ലാമുള്ള നാട്. നമ്മുടെ നാട്ടില്‍ മനുഷ്യ ജീവനപഹരിക്കുന്നതില്‍ പ്രധാനപ്പെട്ട മനുഷ്യനിര്‍മ്മിത ദുരന്തം ബോട്ടപകടങ്ങളാണ്. ഇത്തരത്തില്‍ ആദ്യം നമ്മുടെ ഓര്‍മ്മയിലെത്തുക 1924 ജനുവരി 16ന് പല്ലനയാറ്റില്‍ സംഭവിച്ച അപകടമാണ്. മഹാകവി കുമാരനാശാനടക്കം 23 പേര്‍ റഡീമര്‍ എന്ന ബോട്ട് തകര്‍ന്ന് മൃത്യുവിന് കീഴടങ്ങി. 145 യാത്രക്കാരുണ്ടായിരുന്നു ആ ബോട്ടില്‍. കേരളത്തിന് നഷ്ടപ്പെട്ടത് മലയാളം കണ്ട വലിയ കവിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന കുമാരനാശാനെയാണ്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 15 വലിയ ബോട്ടപകടങ്ങളുണ്ടായി.

2015 ഓഗസ്റ്റില്‍ ഫോര്‍ട്ട് കൊച്ചിയില്‍ 11 പേരുടെ മരണത്തിനിടയാക്കിയ അപകടം, കുമരകത്ത് 2002 ല്‍ 29 പേരുടെ മരണത്തിനിടയാക്കിയ അപകടം, 2007ല്‍ തട്ടേക്കാട് 18 പേരുടെ മരണം, 2009ല്‍ തേക്കടിയില്‍ 45 പേരുടെ മരണം, ഇപ്പോള്‍ 2023ല്‍ താനൂരില്‍ 23 പേരുടെ മരണത്തിനിടയാക്കിയ അപകടം. ആകെ 317 പേരുടെ ജീവന്‍ ബോട്ടപകടങ്ങളില്‍ പൊലിഞ്ഞു. കുമരകം ബോട്ടപകടത്തിനുശേഷം ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലും തട്ടേക്കാട് അപകടത്തിനുശേഷം ജസ്റ്റിസ് പരീത് പിള്ളയുടെ നേതൃത്വത്തിലും തേക്കടി ബോട്ടപകടത്തിനു ശേഷം ജസ്റ്റിസ് ഇ മൊയ്തീന്‍ കുഞ്ഞിന്റെ നേതൃത്വത്തിലും ഇപ്പോള്‍ താനൂര്‍ ദുരന്തത്തിനുശേഷം ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലും അന്വേഷണ കമ്മിഷനുകള്‍ നിലവില്‍ വന്നു. നേരത്തെ നിയമിച്ച കമ്മിഷനുകളെല്ലാം തന്നെ അപകടത്തിന്റെ കാരണങ്ങള്‍ ബോട്ടുകള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലാത്തതാണെന്നും നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകളെ കയറ്റി പോകുന്നതിനാലാണെന്നും ബോട്ട് ജീവനക്കാര്‍ക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനമില്ലാത്തതുകൊണ്ടാണെന്നും ബോട്ടുകളില്‍ ആവശ്യമായ ലൈഫ് ജാക്കറ്റുകള്‍ ഇല്ലാത്തതാണെന്നുമൊക്കെ കണ്ടെത്തുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പക്ഷെ, താനൂരിലെ ബോട്ടപകടത്തിലെത്തി നില്ക്കുമ്പോള്‍ നാം കാണുന്നത് ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ചത് ഒരു പഴയ മത്സ്യബന്ധന ബോട്ടാണെന്നും പരമാവധി 20 പേര്‍ക്ക് കയറാവുന്ന ആ ബോട്ടില്‍ രണ്ടാംനിലയടക്കം നിര്‍മ്മിച്ച് 40ല്‍ അധികം പേരെ കയറ്റിയിരുന്നുവെന്നും ബോട്ടിന്റെ സ്രാങ്കിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്നുമൊക്കെയാണ്. ഇത്തരത്തില്‍ തികച്ചും അലക്ഷ്യമായി യാതൊരു നിയമങ്ങളും പാലിക്കാതെ മനുഷ്യജീവന്‍ നഷ്ടപ്പെടാന്‍ ഇടയാവുന്നതരത്തില്‍ പ്രവര്‍ത്തിക്കുന്നത് തടയാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിലപ്പെട്ട മനുഷ്യ ജീവനുകള്‍ ഇത്തരം ക്രിമിനലുകള്‍ പന്താടുന്നത് അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. താനൂരില്‍ സംഭവിച്ച ദുരന്തം ആവര്‍ത്തിക്കാനിടയാവരുത്.

Eng­lish Sam­mury: Man-made dis­as­ters- by k dhileep­’s column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.