23 December 2024, Monday
KSFE Galaxy Chits Banner 2

ഓർമ്മകൾ അരുമയോടെ പാർക്കുന്ന പുസ്തകവീട്

ജയൻ നീലേശ്വരം
വായന
June 4, 2023 4:20 am

ജീവിതത്തിന്റെ വിശാലത അത് സ്വീകരിക്കുന്ന ഹൃദയത്തിന്റെ വിശാലതയാണ്. ഹൃദയത്തെ വിശാലതയിലേക്ക് തുറക്കുന്നതിന് ശക്തമായ പ്രേരണ ഉണ്ടാക്കുന്ന ജീവിത പുസ്തകം ആണ് ഡോ. പി പാർവതിയുടെ ‘കന്യാകുമാരി മുതൽ കണ്ണൂർ വരെ — ഒരു തമിഴ് മലയാളിയുടെ നാട്ടോര്‍മ്മകള്‍.’ ജീവിതത്തിൽ ധന്യത കൈവരിക്കാനുള്ള മാർഗങ്ങൾ ഈ പുസ്തകം പറയാതെ പറഞ്ഞു വയ്ക്കുന്നു. കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ ഒരു തമിഴ് കുടുംബത്തിൽ ജനിച്ച് മലയാളിയായ ജീവിച്ച ഒരാളുടെ ജീവിതസ്നേഹത്തിന്റെ അക്ഷരങ്ങളിലൂടെയുള്ള ആവിഷ്കാരമാണ് ഇത്. അക്ഷരങ്ങളെ ജീവിതത്തോട് ചേർത്തുനിർത്തിയ കുടുംബ പശ്ചാത്തലത്തിൽ നിന്നും വളർന്നുവന്ന ഗ്രന്ഥകാരിയെ താൻ വായിച്ച പുസ്തകങ്ങൾ മാനവികതയിലൂടെ എങ്ങനെ വളർത്തിക്കൊണ്ടുവന്നു എന്ന് ഈ പുസ്തകത്തിലൂടെ വായിച്ചറിയാം.

പരഹൃദയജ്ഞാനം എന്ന മനുഷ്യസിദ്ധിയാണ് മഹത്തായ കൃതികളുടെ വായനയിലൂടെ നമുക്ക് സാധ്യമാകുന്നത്. ജീവിതത്തെ വലിയ ഹൃദയത്തിൽ സ്വീകരിച്ച് ആ ജീവിതത്തെ വികസ്വരമാക്കുന്നതും പരഹൃദയ ജ്ഞാനം തന്നെയാണ്. ഈ പുസ്തകത്തെ ആകർഷകമാക്കുന്നതും അവിസ്മരണീയമാക്കുന്നതും ഗ്രന്ഥകാരിയുടെ പരഹൃദയജ്ഞാനമാണ്. മലയാളത്തിലെ ശ്രദ്ധേയമായ കവിതയാണ് ഒഎൻവി കുറുപ്പിന്റെ വീടുകൾ. ആ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്
“ദേശദേശാന്തരങ്ങളിൽ
എവിടെയുമെനിക്കൊരു വീടുണ്ട്
ഞാനുമുണ്ട് എഴുതിമുഴുമിക്കാത്ത കവിതയും
കാണുവാനുഴറുന്ന നല്ല മനുഷ്യരും
അവരൊത്ത് നുകരാൻ കൊതിക്കുന്ന
വാഴ്വിന്റെ ലഹരിയും പകയറ്റ നോട്ടവും
പതിരറ്റമൊഴികളും പരുഷതയെ
സുസ്നിഗ്ധമാക്കിടും സ്പർശവും
അപരന്റെ ദാഹത്തിനെന്റേതിനെക്കാളു -
മധികമാം കരുതലും കരുണയും കുടിപാർക്കു -
മൊരു വീടെനിക്കു, ണ്ടതിൻ കൊച്ചു തിണ്ണമേൽ
കൊച്ചുതിണ്ണമേൽ
വെറുതെയിരുന്നു ഞാൻ പാടുന്നു, വിഹ്വല -
നിമിഷങ്ങളെ നിങ്ങളെ വീടൊ ഴിയുക!
നിറവാർന്ന കേവലാഹ്ലാദമേ പോരിക
ഈ കവിത ജീവിതത്തിൽ ആവിഷ്കൃതമാകുന്നത് എങ്ങനെയെന്ന് ഈ പുസ്തകത്തിലൂടെ അറിയാനാവുന്നു. ഒഎൻവി കവിതകൾ ആയ വാടകവീട്ടിലെ വനജ്യോത്സ്ന, ഉപ്പ്, നന്ദി എന്നിവയുടെ ലാവണ്യവും ഈ പുസ്തകം സ്വാംശീകരിക്കുന്നുണ്ട്.
ഗ്രന്ഥകാരി ജനിച്ചു വളരുന്നത് കന്യാകുമാരി ജില്ലയിലെ താമരക്കുളം എന്ന ഗ്രാമത്തിലാണ്. അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥനായതിനാൽ സ്ഥലംമാറ്റത്തെ തുടർന്ന് ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് വീട് മാറേണ്ടി വരുന്ന സാഹചര്യം പല നാടുകൾ പരിചയപ്പെടാനുള്ള അവസരം അവർക്ക് കൈവരുത്തുന്നു. പഠനം പൂർത്തിയാക്കിയതിനെ തുടർന്ന് സർക്കാർ കോളജിൽ അധ്യാപികയായി ജോലി സ്വീകരിച്ചതിനാൽ ബാല്യകാലത്തെ വീടുമാറ്റത്തിന് ജീവിതത്തിലുടനീളം ആവർത്തനമുണ്ടാവുന്നു. പല നാടുകളിലൂടെ ഗ്രന്ഥകാരി ജീവിതം പരിചയപ്പെട്ടതിനെ തുടർന്ന് എന്റെ നാട് ഏതാണ് എന്ന ആലോചനയിൽ നിന്നും പുസ്തകം ആരംഭിച്ച് ഓരോ നാടും എന്റേതാണ് എന്ന വലിയ തിരിച്ചറിവിൽ പുസ്തകം പൂർണമാവുന്നു.
ജീവിച്ച ഓരോ നാടും കൂടെ ജീവിക്കുന്ന ഓരോ മനുഷ്യനും ഗ്രന്ഥകാരിയെ ഹൃദയപൂർവം സ്വീകരിക്കുന്നു. മിഴിവോടെയും വികാരവായ്പോടെയും നാടിനെയും നാട്ടുകാരെയും വീടിനെയും വീട്ടുകാരെയും ഹൃദയത്തോട് ചേർത്തുനിർത്തിക്കൊണ്ട് പ്രസാദാത്മകമായി അവർ ഓർത്തെടുക്കുന്നു. അപ്പോൾ ജീവിതം താമരക്കുളം പോലെ മനോഹരമായിത്തീരുന്നു. പൂക്കളെ നോക്കി ചിരിക്കുന്ന ഒരു കുട്ടി പൂക്കളായി ചിരിക്കുന്ന ജീവിതത്തിന്റെ മാന്ത്രികത ഈ പുസ്തകവായനയിലൂടെ അനുഭവിച്ചറിയാനാവും.
കന്യാകുമാരി ജില്ലയിലെ താമരക്കുളം, തിരുവനന്തപുരം നെടുമങ്ങാട്, ആലപ്പുഴ, കൊച്ചി, ഇരിങ്ങാലക്കുട, നാഗർകോവിൽ അടുത്തുള്ള മൂഞ്ചിറ, തത്ത എന്നീ നാടുകളിൽ ആണ് ഗ്രന്ഥകാരിയുടെ സ്കൂൾ ജീവിതം. തിരുവനന്തപുരം വിമൻസ് കോളജ് കാര്യവട്ടം ക്യാമ്പസ് എന്നിവിടങ്ങളിലാണ് കലാലയ പഠനം പൂർത്തിയാക്കുന്നത് കലാലയ പഠനം പൂർത്തിയായതിനെ തുടർന്ന് സർക്കാർ കോളജിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നു. കട്ടപ്പന കോളജിൽ അധ്യാപിക ജീവിതം ആരംഭിക്കുന്നു. തുടർന്ന് കൊടുങ്ങല്ലൂർ, മണിമലക്കുന്ന്, കോടഞ്ചേരി, തലശ്ശേരി ബ്രണ്ണൻ, ചാലക്കുടി എന്നീ കോളജുകളിലേക്ക് അവർക്ക് മാറിമാറി പോകേണ്ടി വരുന്നു. വിവാഹത്തെത്തുടർന്ന് അങ്കമാലിയും സ്വന്തം നാടായി മാറുന്നു. സഹപാഠികൾ, സഹപ്രവർത്തകർ, അയൽവാസികൾ, നാട്ടുകാർ, വിദ്യാർത്ഥികൾ… ഓർമ്മകൾ ആകാശംമുട്ടെ പന്തലിക്കുന്ന വിസ്മയമായി പുസ്തകത്തെ ധന്യമാക്കുന്നു.
ഗ്രാമസംസ്കാരത്തിന്റെ ഒരു പഠനം കൂടിയാണ് ഈ പുസ്തകം. പഴയകാലത്ത് കുടുംബത്തിനകത്തും ബന്ധുക്കൾക്കിടയിലും നിലനിന്നിരുന്ന വൈകാരികത അതേ തീവ്രതയോടെ ഈ പുസ്തകം വായിക്കുമ്പോൾ അനുഭവിക്കാം. ഗ്രാമപ്രകൃതിയുടെ നൈർമ്മല്യവും അതീവ ഹൃദ്യമായി പുനരാവിഷ്കരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും വായനക്കാർക്ക് തൊട്ടറിയും വിധം അവതരിപ്പിച്ചിരിക്കുന്നു.
അങ്കണവാടിയിൽ നിന്നും ഗ്രന്ഥകാരി പഠിച്ച തമിഴ് പാട്ട് വീടിനകത്ത് അച്ഛനും അമ്മയും മക്കളും സഹോദരങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആസ്വാദ്യത മുഴുവനായി പകർന്നു തരുന്നുണ്ട്.
അമ്മാ ചുട്ട ദോശൈ
അരസിമാവും ഉഴുത്തമാവും
അരച്ചു ചുട്ട ദോശൈ
അപ്പാവുക്കു നാൽക്കു
അമ്മാവുക്കു മൂൻറു
എനക്ക് ഇരണ്ടു
തമ്പിക്ക് ഒൻറു
തിന്ന തിന്ന ആശൈ
ഇന്നും കേട്ടാൽ പൂശൈ
വായനക്കാരന് പരഹൃദയജ്ഞാനം ആർജ്ജിക്കാനുള്ള ശേഷി പകർന്നു നൽകാൻ സാധിക്കുന്നുണ്ടോ എന്ന പരിശോധന ഒരു കൃതിയുടെ മൂല്യത്തെ തിരിച്ചറിയാൻ സഹായിക്കും. ആ ശേഷി തന്നെയാണ് ഈ കൃതിയുടെ മൂല്യവും. ഭാഷയുടെയും സാഹിത്യത്തിന്റെയും ആകാശം വിശാലമാവുന്നത് ഇത്തരം കൃതികളിലൂടെയാണ്.

കന്യാകുമാരി മുതല്‍
കണ്ണൂര്‍ വരെ
-ഒരു തമിഴ് മലയാളിയുടെ നാട്ടോര്‍മ്മകള്‍
ഡോ. ബി പാര്‍വതി
(ഓര്‍മ്മ)
ഗ്രീന്‍ ബുക്സ്
വില: 320 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.