22 November 2024, Friday
KSFE Galaxy Chits Banner 2

Related news

June 15, 2023
June 9, 2023
June 8, 2023
June 7, 2023
June 7, 2023
June 6, 2023
June 4, 2023
June 4, 2023
June 4, 2023
June 3, 2023

ബാലസോര്‍ ട്രെയിൻ അപകടം; മുന്നറിയിപ്പുകള്‍ ജീവനക്കാര്‍ അവഗണിച്ചു, സിഗ്നലിങ്ങിന് എളുപ്പവഴികള്‍ സ്വീകരിച്ചു

Janayugom Webdesk
ഭുവനേശ്വര്‍
June 15, 2023 9:19 pm

സിഗ്നലിങ് ജീവനക്കാരുടെ പ്രവർത്തനത്തിലെ അലംഭാവം അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുവെന്ന മുന്നറിയിപ്പ് , ഒഡിഷ ട്രെയിൻ അപകടത്തിന് ആഴ്ചകൾ മുൻപ് തന്നെ റെയിൽവേ ബോർഡ് നൽകിയിരുന്നതായി രേഖകൾ.
ഇത്തരത്തിലുള്ള സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാട്ടി റെയിൽവേ ബോർഡ് അംഗം (ഇൻഫ്രാസ്ട്രക്ചർ) ആർ എൻ ശങ്കർ ഏപ്രിലിലാണ് സോണുകൾക്ക് കത്തയച്ചത്. ജീവനക്കാർ കുറുക്കുവഴി തേടുന്നതിനാൽ സിഗ്നൽ സംവിധാനത്തിൽ പലപ്പോഴായി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും ഇത് സുരക്ഷ വീഴ്ചയ്ക്ക് വഴിവയ്ക്കുന്നുണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്.

289 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിൻ അപകടത്തിന് കാരണം സിഗ്നലിങ് സംവിധാനത്തിലെ പിഴവാണെന്നാണ് റെയിൽവെയുടെ പ്രാഥമിക നിഗമനം. മെയിൽ ട്രാക്കിലേക്ക് പോകാൻ സിഗ്നൽ ലഭിച്ച കോറമാണ്ഡൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലേക്ക് പോയത് സിഗ്നലിങ് സംവിധാനത്തിലെ പിഴവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇത് സാങ്കേതിക പിഴവാണോ ജീവനക്കാർക്ക് സംഭവിച്ച വീഴ്ചയാണോ എന്നതിൽ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് റെയിൽവെ ബോർഡംഗത്തിന്റെ കത്തിന്റെ വിശദാംശങ്ങൾ പുറത്തു വരുന്നത്.

അറ്റകുറ്റപ്പണിക്ക് ശേഷം പോയിന്റുകളുടെ ശരിയായി പരിശോധിക്കാതെ സിഗ്നലിങ് ഗിയർ പുനഃസ്ഥാപിക്കുക, തെറ്റായ രീതിയിൽ വയർ ഘടിപ്പിക്കുക എന്നീ കാര്യങ്ങളാണ് കത്തിൽ എടുത്തു പറയുന്നത്. സിഗ്നൽ ജീവനക്കാർ സ്ഥലത്ത് നേരിട്ട് എത്തി പരിശോധിക്കാതെയും ഓപ്പറേറ്റിങ് ജീവനക്കാരുമായി ഡിസ്കണക്ഷൻ\റീകണക്ഷൻ എന്നിവ സംബന്ധിച്ച അറിയിപ്പുകൾ ശരിയായി കൈമാറ്റം ചെയ്യാതെയും സിഗ്നലുകൾ ക്ലിയർ ചെയ്തിരുന്നു.

ഇത്തരം അഞ്ച് സംഭവങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ നടന്നവയാണ് ഇവ. ലഖ്‌നൗ, കർണാടകയിലെ ഹൊസദുർഗ, ലുധിയാന, മുംബൈയിലെ ഖാർകോപർ, മധ്യപ്രദേശിലെ ബഗ്രതാവ് എന്നിവിടങ്ങളിലായിരുന്നു ഇവ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ആവർത്തിച്ചുള്ള നിർദേശങ്ങൾ നൽകിയിട്ടും ഒരു മാറ്റവുമുണ്ടായില്ല.

ഒന്നര മാസം മുൻപ് ഇത്ര കൃത്യമായ മുന്നറിയിപ്പ് ലഭ്യമാക്കിയുട്ടും ഇടപെടൽ ഉണ്ടാകാത്തതാണ് ഒഡിഷയിലെ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അപകടം നടന്ന സ്റ്റേഷനിലെ ലെവൽ ക്രോസിലെ ലൊക്കേഷൻ ബോക്സിൽ ഗേറ്റ്, റിലേ, പോയിന്റ് മോട്ടോര്‍ എന്നിവയുമായി ബന്ധപ്പെട്ട കേബിളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഓരോന്നിന്റെയും ലേബലുകൾ ഇടകലർന്ന നിലയിലായിരുന്നു. ഇക്കാര്യം ജീവനക്കാർ റെയിൽ സുരക്ഷ കമ്മീഷണറെ അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Bal­a­sore train acci­dent; ignored the warnings
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.