September 22, 2023 Friday

Related news

September 5, 2023
September 4, 2023
July 8, 2023
June 15, 2023
June 9, 2023
June 8, 2023
June 7, 2023
June 7, 2023
June 6, 2023
June 4, 2023

ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ മറവിലും മുസ്ലിം വിരുദ്ധ കലാപത്തിന് ശ്രമം

പള്ളിയുടേതെന്ന് സംഘ്പരിവാര്‍ സൂചിപ്പിച്ച മീനാരങ്ങള്‍ കൃഷ്ണ ക്ഷേത്രത്തിന്റേത്
web desk
June 7, 2023 6:56 pm

ആര്‍എസ്എസ് നാവുകള്‍ മുസ്ലിം വിരുദ്ധതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതിന് എല്ലാ സാഹചര്യത്തെയും മുതലെടുക്കുകയാണ്. ഏറ്റവുമൊടുവില്‍ രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ ഒഡിഷ ബാലസോര്‍ ട്രെയിനപകടമാണ് സംഘ്പരിവാര്‍ ആയുധമാക്കിയിരിക്കുന്നത്. ദുരന്തത്തിന് കാരണം മുസ്ലിങ്ങളാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെയും പരിവാര്‍ ഓണ്‍ലൈനുകളിലൂടെയും പ്രചരിപ്പിക്കുന്നത്. ‘വെള്ളിയാഴ്ച’ ഉണ്ടായ അപകടത്തിന്റെ ഉത്തരവാദി മുസ്ലിങ്ങളാണെന്ന് നിരവധി പ്രൊഫൈലുകളില്‍ നിന്നാണ് ആരോപണം ഉയര്‍ന്നത്. റെയില്‍വെ മന്ത്രാലയം പോലും കാരണം കണ്ടെത്തി പ്രഖ്യാപിച്ചിട്ടും സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ നിര്‍ത്താതെ വിദ്വേഷം പ്രചരിപ്പിക്കുന്നു.

288 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ആയിരത്തോളം പേര്‍ക്ക് പരിക്കുണ്ടായി. സിഗ്നലിംഗ് പിശകാണെന്ന് ഇന്ത്യൻ റെയിൽവേയുടെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നുണ്ട്. അറ്റകുറ്റപ്പണികൾ, ഫണ്ടുകളുടെ കുറവ്, സിഗ്നലിങ് സംവിധാനത്തിലെ പിഴവുകൾ എന്നിവയെക്കുറിച്ചുള്ള റെയില്‍വെ ജീവനക്കാര്‍ തന്നെ ആശങ്കപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് രാജിവയ്ക്കണമെന്നാണ് രാജ്യവ്യാപകമായി ഉയര്‍ന്ന ആവശ്യം. പല ദേശീയ മാധ്യമങ്ങളും നേരത്തെയുണ്ടായിട്ടുള്ള അപകടങ്ങളും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വെ മന്ത്രിമാര്‍ രാജിവച്ചതുമെല്ലാം ചര്‍ച്ചചെയ്തുകൊണ്ടിരിക്കെയാണ് ഹിന്ദുത്വവാദികളും പ്രമുഖ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരും തങ്ങളുടെ അക്കൗണ്ടുകളിലൂടെ ദുഷ്പ്രചാരണം ആരംഭിച്ചത്. അപകടത്തിന്റെ പിറ്റേന്ന് ശനിയാഴ്ച വൈകീട്ട് @randomsena എന്ന ഹാൻഡിൽ ഉള്ള ഒരു ട്വിറ്റർ അക്കൗണ്ട്, ട്രാക്കുകൾക്ക് സമീപമുള്ള താഴികക്കുടങ്ങളുള്ള ഒരു വെളുത്ത കെട്ടിടത്തിലേക്ക് അമ്പടയാളം ചൂണ്ടുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ‘പറയുന്നു എന്നുമാത്രം… ഇന്നലെ വെള്ളിയാഴ്ചയായിരുന്നു’ എന്നായിരുന്നു ആ ചിത്രത്തിന്റെ അടിക്കുറിപ്പ്. ഈ നിർമ്മിതി ഒരു പള്ളിയാണെന്നും ദുരന്തത്തിന് മുസ്ലീങ്ങൾ എങ്ങനെയെങ്കിലും ഉത്തരവാദികളാണെന്നും ഇത് സൂചിപ്പിക്കുന്ന വിധമായിരുന്നു ആ പോസ്റ്റ്. ഒരു പള്ളിയുടെ പ്രധാന മീനാരം ഒഴിവാക്കി എടുത്തപോലെയായിരുന്നു ചിത്രം.

ബൂമിലെയും ആൾട്ട് ന്യൂസിലെയും വസ്തുതാ പരിശോധകർ ഈ ചിത്രം പരിശോധിച്ച് യാഥാര്‍ത്ഥ്യം പ്രസിദ്ധീകരിച്ചു. യഥാർത്ഥത്തിൽ ഇത് പള്ളിയായിരുന്നില്ല. ‘ഇസ്‌കോൺ’ എന്ന ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിന്റെ ഒരു ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ഇരുഭാഗങ്ങളിലെയും മീനാരങ്ങള്‍ പള്ളിയുടേതെന്ന് തോന്നിപ്പിക്കുന്നതാണ്. എന്നാല്‍ ഏറ്റവും മുകള്‍ഭാഗം ക്ഷേത്രത്തിന്റേതെന്ന് വ്യക്തവുമാണ്. ഗൂഢലക്ഷ്യത്തോടെയുള്ള ട്വീറ്റ് ഞായറാഴ്ച ഉച്ചയ്ക്കകം നാല് ദശലക്ഷം ആളുകള്‍ കാണുകയും 4,500 റീട്വീറ്റുകളും നേടുകയും ചെയ്തിരുന്നു.

റീട്വീറ്റ് ചെയ്ത് പള്ളിക്കും മുസ്ലിങ്ങള്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം വേണമെന്ന് മുംബൈ ബിജെപി നേതാവും മഹാരാഷ്ട്ര നിയമസഭാംഗവും ഉള്‍പ്പെടുന്നു. ഔദ്യോഗിക പരിവേഷം നല്‍കി എംഎല്‍എയുടെ റീട്വീറ്റ് മറ്റുള്ളവര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാരോ അന്വേഷണ ഏജന്‍സികളോ ട്വിറ്ററോ അന്വേഷണത്തിന് മുതിര്‍ന്നിട്ടില്ല. രാജ്യത്ത് കലാപമുണ്ടാക്കുന്നതിനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ എല്ലായിടത്തും ആസൂത്രിതമായി തുടരുന്നുവെന്നതിന്റെ സൂചനയാണിത്. കേന്ദ്ര ഭരണകൂടം ഇതിന് നല്‍കുന്ന പിന്തുണയും വെളിപ്പെടുന്നു.

സ്റ്റേഷന്‍ മാസ്റ്റര്‍ മുസ്ലിം ആയിരുന്നുവെന്നും അപവാദപ്രചാരണം

അപകടസമയത്ത് ബാലാസോര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നത് മുസ്ലിം സ്റ്റേഷന്‍ മാസ്റ്ററാണെന്നും ഇദ്ദേഹം അപകടത്തിന് പിന്നാലെ ഒളിവിലാണെന്നുമുള്ള വാര്‍ത്തകളും വ്യാപകമായി സംഘ്പരിവാര്‍ അനുകൂല അക്കൗണ്ടുകളിലൂടെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. മുഹമ്മദ് ഷെരീഫ് അഹമ്മദ് എന്നയാളുടെ പേര് ഉള്‍പ്പെടുത്തിയായിരുന്നു അപവാദ പ്രചരണം. അപകടം നടന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ എസ് ബി മൊഹന്തിയാണെന്ന് ഇന്ത്യാ ടുഡേ റിപ്പാര്‍ട്ട് ചെയ്തു. ഇതോടെ ആ ആരോപണവും പൊളിഞ്ഞു.

Eng­lish Sam­mury: Anti-Mus­lim riots are being attempt­ed under the guise of the Odisha train disaster

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.