23 November 2024, Saturday
KSFE Galaxy Chits Banner 2

രാജ്യം ഒരു വ്യക്തിയുടെതോ പാർട്ടിയുടെതോ അല്ല

Janayugom Webdesk
June 17, 2023 4:15 am

ഭരണഘടന നൽകുന്ന അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായ ചെറുപ്പക്കാരാണ് ഇന്നുള്ളത്. പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോഴാണ് അവർ നിശബ്ദരായി പോകുന്നത്. ‘ജനാധിപത്യം രാജ്യം ഇന്ന്’ എന്ന വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് തിരുവനന്തപുരത്ത് ഓൾ ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി ഓർഗനൈസേഷൻ (ഐപ്സോ) ജനറൽ സെക്രട്ടറിയും ലോക ജനാധിപത്യ യുവജന ഫെഡറേഷൻ (ഡബ്ല്യുഎഫ്ഡിവൈ) മുൻ ജനറൽ സെക്രട്ടറിയുമായ ഹർചന്ദ് സിങ് ബാത്ത് സംസാരിക്കുന്നു.

തയ്യാറാക്കിയത്: അരുണിമ എസ്

ജനങ്ങളുടെ നിശബ്ദത കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്ക് പ്രോത്സാഹനമാകുന്നുവെന്ന് കരുതുന്നുണ്ടോ?
ജനങ്ങൾ എല്ലാം നിശബ്ദമായി നിരീക്ഷിക്കുന്നുണ്ട്. ‘മേരേ പ്യാരേ ദേശ്‌വാസിയോം’ എന്ന് പറഞ്ഞു തുടങ്ങുന്ന പ്രസംഗത്തിൽ രാജ്യത്തിന്റെ പുരോഗതി സംബന്ധിച്ച ആശയങ്ങളുണ്ടാകുമെങ്കിലും പ്രവൃത്തികൾ ഭരണഘടനയുടെ ആശയത്തെ മാറ്റിമറിക്കാൻ പോന്നതാണ്. ഭരണഘടനയ്ക്ക് എതിരായ പ്രവർത്തനങ്ങളെല്ലാം അവർ തിരിച്ചറിയുന്നതിനൊപ്പം അതിനെതിരെ ശക്തമായി പ്രതികരിക്കാനും ജനതയ്ക്ക് കഴിയുന്നുണ്ട്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഭരണഘടന നൽകുന്ന അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. പക്ഷേ കൂടുതൽ സമയവും അവർ തെറ്റിദ്ധരിക്കപ്പെടുന്നു. അനീതിയ്ക്കെതിരെ ജനങ്ങൾ ഒത്തുകൂടുമ്പോൾ മറ്റെല്ലാ വേർതിരിവുകൾക്കും അവർ അയിത്തം കല്പിക്കുന്നത് അതിന് തെളിവാണ്. അവകാശങ്ങൾക്കായി പോരാടുക മാത്രമാണ് അവരുടെ ലക്ഷ്യം.
ജനാധിപത്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയ്ക്ക് എതിരെ യുവത്വം ഇനിയും മുന്നോട്ടു വരേണ്ടതില്ലേ?
രാജ്യത്തെ യുവജനങ്ങൾ തക്ക സമയത്ത് പ്രതികരിക്കുന്നുണ്ട്. ജനാധിപത്യം ഇന്ന് അപകടത്തിലാണെന്ന് അവർക്കറിയാം. അത് മനസിലാക്കി യുവജനത ഇനിയും മുന്നിലേക്കെത്തി പ്രവർത്തിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
രാജ്യത്ത് സ്ത്രീകളും ന്യൂനപക്ഷങ്ങളും സുരക്ഷിതരാണെന്ന് കരുതുന്നുണ്ടോ?
പൂർണമായും സുരക്ഷിതരാണെന്ന് പറയാനാകില്ല. സ്ത്രീകളും ന്യൂനപക്ഷങ്ങളും അടങ്ങുന്നതാണ് നമ്മുടെ രാജ്യം. എന്നാൽ മേൽക്കോയ്മ ഉള്ള വിഭാഗങ്ങൾ അവരെ അടിച്ചമർത്താനുള്ള ശ്രമത്തിലാണ്. അവരെങ്ങനെ ജീവിക്കണം, എന്ത് ധരിക്കണം, എങ്ങനെ പെരുമാറണം, എന്ത് കഴിക്കണം, എവിടെ പോകണം തുടങ്ങി എല്ലാം നിയന്ത്രിക്കപ്പെടുന്ന സാഹചര്യങ്ങൾ ഇന്നുമുണ്ട്. എല്ലാ മനുഷ്യർക്കും തുല്യാവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയും ജനാധിപത്യവുമാണ് ഇവിടെയുള്ളതെന്ന് ഇവർ മറക്കുന്നു.
രാജ്യത്ത് ഭരണഘടനയുടെ പ്രാധാന്യം ചില നേരങ്ങളിലെങ്കിലും നഷ്ടപ്പെടുന്നു എന്ന് തോന്നിയിട്ടുണ്ടോ?
രാജ്യത്ത് ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ അവതരിപ്പിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിൽ ഭരണഘടനയാണ് പ്രധാനം. അതിനെ പിന്തുടരുന്നവരുടെ കാഴ്ചപ്പാടുകളും, വിശ്വാസങ്ങളും വ്യത്യസ്തമായിരിക്കും, എന്നാൽ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ആശയം ഒന്നാണ്. ഭരണഘടന അനുസരിച്ച് ജീവിക്കാൻ ജനങ്ങൾ പഠിക്കണം.


ഇത് കൂടി വായിക്കൂ: ചാൾസ് ഡാർവിന്‍ സിലബസിന് പുറത്താകുമ്പോള്‍


ജനാധിപത്യ വിശ്വാസിയെന്ന നിലയിൽ പുതിയ പാർലമെന്റ് ഉദ്ഘാടനത്തെക്കുറിച്ചുള്ള പ്രതികരണം?
കഴി‍ഞ്ഞ മാസം നടന്ന പാർലമെന്റ് ഉദ്ഘാടനം ജനാധിപത്യവിശ്വാസികളെ അലോസരപ്പെടുത്തുന്നതാണ്. സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾ പിന്നിട്ടിട്ടും പഴഞ്ചൻ ചിന്തകൾ ആവർത്തിക്കുന്നത് നല്ലതിനല്ല. സന്ന്യാസിമാരോ ഏതെങ്കിലും മതത്തിന്റെ പ്രതിനിധികളോ അല്ല ജനപ്രതിനിധികളാണ് ഇവിടെയുള്ളതെന്ന് കേന്ദ്രസർക്കാർ മറന്നു പോകുന്നു. ഇന്ത്യ മതേതര രാജ്യമാണ്. ഇവിടെ എല്ലാ വിശ്വാസങ്ങൾക്കും തുല്യപ്രാധാന്യമാണുള്ളത്. എന്നാലിവിടെ ഭരണഘടനയ്ക്ക് വിരുദ്ധമായാണ് പാർലമെന്റ് ഉദ്ഘാടനം നടന്നത്. രാജ്യത്തിന്റെ തലവനായ രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല. അവരൊരു സ്ത്രീയും ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയുമാണെന്ന കാഴ്ചപ്പാടാകാം അതിന് പിന്നിൽ. ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർ മനസിലാക്കേണ്ടത് രാജ്യം ഒരു വ്യക്തിയുടെതോ പാർട്ടിയുടെതോ അല്ല എന്നാണ്. ഇത്തരം പ്രവൃത്തികൾ ജനങ്ങളെ ആശങ്കാകുലരും അരക്ഷിത ബോധമുള്ളവരുമാക്കുന്നതിനു മാത്രമേ സഹായിക്കൂ.


ഇത് കൂടി വായിക്കൂ: കോൺഗ്രസ് പതനത്തിന്റെ പാതാളത്തിലേക്ക്


എല്ലാവർക്കും ഭരണഘടന വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നുണ്ടോ?
ജനങ്ങൾ തങ്ങളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞ് മുന്നോട്ട് വരുന്നുണ്ട്. അടുത്തിടെ നടന്ന കർഷക സമരവും ഗുസ്തി താരങ്ങളുടെ സമരവും അതിന് തെളിവാണ്. സമൂഹത്തിലെ ഒരു വിഭാഗം ജനതയുടെ മുന്നേറ്റം കൂടിയാണിത്. ചരിത്ര നിമിഷങ്ങളായി അവയെ അടയാളപ്പെടുത്തേണ്ടതുണ്ട്. ആർക്കും തൊടാനാകില്ലെന്ന് അഹങ്കരിക്കുന്ന മോഡി സർക്കാരിനെ മുട്ടുകുത്തിക്കാൻ അത്തരം മുന്നേറ്റങ്ങൾ കഴിയുന്നുണ്ട്. ജനവികാരം ബിജെപിക്ക് എതിരാകുന്നതിന്റെ സൂചനയാണ് കർണാടകയിലെ ജനങ്ങളുടെ നിലപാട്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് മോഡിക്ക് പാഠമായി മാറുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.