16 December 2025, Tuesday

പുതുജീവിതത്തിന് മതം വേണ്ട

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
June 22, 2023 4:12 am

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം സന്തോഷത്തോടെയാണ് കടന്നുപോയത്. ഒഎൻവി പുരസ്കാര ജേതാവ് യുവകവി അരുൺകുമാർ അന്നൂർ അടക്കം ധാരാളം പേർ സ്വന്തം മക്കളെ ജാതിയും മതവും രേഖപ്പെടുത്താതെ സ്കൂളിൽ ചേർത്തു. ജാതിയും മതവുമില്ലാതെ സ്കൂളിൽ പ്രവേശിച്ച പേരക്കുട്ടികളോടൊപ്പം കരിങ്ങന്നൂർ ഗവ. യുപി സ്കൂളിൽ ഞാനും പോയിരുന്നു. സര്‍ക്കാർ സ്കൂളിലേക്ക് വരുന്ന കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷത്തിന്റെ നറുംപൂക്കൾ വിടർന്നുനിന്ന പ്രഭാതമായിരുന്നു അത്. സ്കൂൾ പ്രവേശനത്തിനുള്ള അപേക്ഷയിൽ ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ലെന്ന സര്‍ക്കാർ ഉത്തരവ് സ്കൂൾ അധികൃതർ തന്നെ ഇത്രയും കാലം മറച്ചുവയ്ക്കുകയായിരുന്നു. ആദിവാസിമേഖലയിൽ, കുട്ടികളുടെ മതം ഹിന്ദുമതമെന്ന് രേഖപ്പെടുത്തുന്നത് അധ്യാപകർ തന്നെയാണ്. സമൂഹമാധ്യമങ്ങൾ വഴിയുള്ള അറിവുകൾ, രേഖകളിൽ നിന്നും ജാതിയും മതവും ഒഴിവാക്കുവാനുള്ള ബോധവൽക്കരണത്തിന് കാരണമായി. അച്ചടിമാധ്യമങ്ങൾ അധികവും ഉടമസ്ഥരുടെ വർഗീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നവയാകയാൽ മതാതീത മനുഷ്യജീവിതത്തെ അവർ തമസ്കരിച്ചു.

 


ഇതുകൂടി വായിക്കു; തൊഴിലും തൊഴിൽ മേഖലയും ഇല്ലാതാകുന്ന കള്ളുചെത്ത് വ്യവസായം


 

മുതിർന്നവരിൽ നിന്നാണ് ജാതിമത വൈറസുകൾ കുട്ടികളിലേക്ക് വ്യാപിക്കുന്നത്. കുഞ്ഞുങ്ങൾ നിരപരാധികളും നിഷ്കളങ്കരുമാണ്. അടുത്തിരുന്നു പഠിക്കുന്ന കൂട്ടുകാരുടെ ജാതിയും മതവുമൊന്നും കുഞ്ഞുങ്ങൾ അന്വേഷിക്കുകയോ പരിഗണിക്കുകയോ ഇല്ല. മതചിഹ്നങ്ങളണിഞ്ഞു ക്ലാസിലെത്തുന്ന അധ്യാപകരിലാണ് വിഭാഗീയതയുടെ ആദ്യപാഠങ്ങൾ കുട്ടികൾ കാണുന്നത്. ഈശ്വരപ്രാർത്ഥനയെന്ന യുക്തിരഹിതവും ശാസ്ത്രവിരുദ്ധവുമായ ഗാനാലാപനത്തിലൂടെ മതബോധത്തിന്റെ വിനാശവിത്തുകൾ വിതയ്ക്കപ്പെടുന്നു. ദൈവകേന്ദ്രീകൃതമല്ല പ്രപഞ്ചവും ജീവിതവുമെന്നിരിക്കെ, ഇന്ന് കേൾക്കുന്ന പ്രാർത്ഥനകൾക്ക് പകരം കേരളത്തെയോ മലയാളത്തെയോ സ്നേഹത്തെയോ പ്രകീർത്തിക്കുന്ന ഒരു ഗാനം ആലപിക്കുന്നത് നന്നായിരിക്കും. പ്രതിജ്ഞ ചൊല്ലുമ്പോൾ ഹിന്ദി കടന്നുവരുന്നു എന്നുള്ളത് പുതിയ വ്യതിയാനമാണ്. ഇംഗ്ലീഷിന്റെ ആധിക്യം മലയാളിയുടെ മാതൃഭാഷയെ പിന്നോട്ടടിച്ചെങ്കിൽ പുതിയ ഭീഷണിയാണ് ഹിന്ദി. പുലിയെയും നായരെയും ഒന്നിച്ചു തിന്നാൻ നാവുവളർന്ന അമ്മച്ചിയായി അധികാരത്തിന്റെ ഹിന്ദി പല്ലിളിക്കുകയാണ്. ഇത്തരം ഉത്തരവുകൾ നിർബന്ധമായി നടപ്പിലാക്കുന്നതിനാൽ സമരമല്ലാതെ മറ്റൊരു മാർഗം ഭാഷാസ്നേഹികൾക്ക് ഇല്ലെന്നു വന്നിരിക്കുന്നു.  മതാതീത മനുഷ്യജീവിതമെന്ന ഉദാത്തഭാവനയെ സാക്ഷാത്ക്കരിക്കാൻ സഹായിക്കുന്ന മറ്റൊരു ഉത്തരവ് കൂടി ഉണ്ടായിരിക്കുന്നു. അത് വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്നവരോട് മതം ഏതെന്നു ചോദിക്കരുതെന്നുള്ളതാണ്.

മുസ്ലിം വ്യക്തിനിയമം, പിതാവിന്റെ സ്വത്ത് പൂർണമായും പെൺമക്കൾക്കു നല്‍കാൻ അനുവദിക്കാത്തതിനാൽ മതനിയമമനുസരിച്ച് വിവാഹിതരായ പലരും ഇന്ത്യയുടെ സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് വീണ്ടും വിവാഹിതരാവുകയാണ്. കാസർകോട്ടെ ഷുക്കൂർ വക്കീലും സഹധർമ്മിണിയുമാണ് അടുത്തകാലത്ത് ഇക്കാര്യത്തിൽ മാതൃകയായത്. പലരും ഇപ്പോൾ ആ മാതൃക പിന്തുടരുന്നുണ്ട്. പുതിയ ഉത്തരവനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യാൻ ചെല്ലുന്നവരുടെ മതം അന്വേഷിക്കാനേ പാടില്ല. പി ആർ ലാലൻ, അയിഷ എന്നിവരുടെ വിവാഹം കൊച്ചിനഗരസഭ രജിസ്റ്റർ ചെയ്തുകൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അഭിമാനികളായ അവർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുത്തു. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സര്‍ക്കാർ ഉത്തരവ് ഉണ്ടായിരിക്കുന്നത്. മതം ചോദിക്കുന്ന രജിസ്ട്രാർമാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും സര്‍ക്കാർ ഉത്തരവിൽ പറയുന്നുണ്ട്. ഇനിയിത് ജീവിതത്തിൽ പകർത്തുന്നതിനുള്ള ഉത്തരവാദിത്തം ജനങ്ങൾക്കാണ്. ജനങ്ങൾ അത് പ്രയോജനപ്പെടുത്തും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.