19 December 2024, Thursday
KSFE Galaxy Chits Banner 2

ആമസോണിലെ വനദേവത

രമേശ് ബാബു
മാറ്റൊലി
June 29, 2023 4:30 am

വിമാനം തകർന്നുവീണതിനെ തുടർന്ന് ആമസോൺ കാടുകളിൽ 40 ദിവസം അകപ്പെട്ടുപോയ പതിമൂന്നുകാരി ലെസ്‌ലിയുടെയും ഒമ്പത്, നാല്, പതിനൊന്ന് മാസം വീതം മാത്രം പ്രായമുള്ള സഹോദരങ്ങളുടെയും അതിജീവനം പോലെ ഇത്രയും അവിശ്വസനീയവും വൈകാരികവും അത്ഭുതകരവുമായ ഒരു സംഭവം ഈ നൂറ്റാണ്ടിൽ ഇതുവരെ ഉണ്ടായിട്ടില്ല. അതുപോലെ അവരെ കണ്ടെത്താൻ കൊളംബിയൻ ഭരണകൂടവും തദ്ദേശീയരും ചേർന്ന് നടത്തിയ തിരച്ചിൽ ദൗത്യവും സമാനതകളില്ലാത്തതാണ്. ഇടതൂർന്ന കൊടുംകാട്ടിൽ വന്യമൃഗങ്ങളുടെ നടുവിൽ അതിശൈത്യവും മഴയും കൊടുങ്കാറ്റും എല്ലാം നേരിട്ട്, സഹോദരങ്ങളെ മാറോട് ചേർത്ത് 40 ദിവസം നിലനില്പിനായി പോരാടിയ ലെസ്ലി എന്ന പെൺകുട്ടി മാനവർക്ക് നൽകുന്ന സന്ദേശം വാക്കുകൾക്കും വർണനകൾക്കും അപ്പുറമുള്ള മാനവികതയിലേക്ക് ലോകത്തെ ഉയർത്തുന്നു.
തെക്കൻ കൊളംബിയയിലെ അരരാകുവാറയിൽ നിന്ന് ആമസോൺ മഴക്കാടുകളിലെ നഗരമായ സാൻജോസ് ഡെൽ ഗുവാവിയറിലേക്ക് സെസ്ന 206 എന്ന ചെറുവിമാനത്തിൽ ലെസ്‌ലിയും സഹോദരങ്ങളായ ക്രിസ്റ്റീൻ (പതിനൊന്ന് മാസം), ടിൻ നൊറിൻ (4), സൊളേനി (9), അമ്മ മഗ്ദലീന, ഗോത്രനേതാവ്, പൈലറ്റ് എന്നിവർ സഞ്ചരിക്കവേയാണ് എൻജിൻ തകരാറിലായി വിമാനം തകർന്നുവീഴുന്നത്. ഒളിപ്പോരാളികളുടെ ഭീഷണി കാരണം നാടുവിടേണ്ടിവന്ന ഭർത്താവ് റനോക്കിനെ കാണാനാണ് മഗ്ദലീനയും മക്കളും മറ്റും പുറപ്പെട്ടത്. അപകടത്തിൽ മഗ്ദലീനയും ഗോത്രത്തലവനും പൈലറ്റും കൊല്ലപ്പെട്ടു. അമ്മയുടെയും സഹയാത്രികരുടെയും ജീവനറ്റ ശരീരം നോക്കി വിലപിച്ചിരിക്കാതെ കൈക്കുഞ്ഞായ ക്രിസ്റ്റിനെ തോളിലേറ്റി കുട്ടികളായ മറ്റ് സഹോദരങ്ങളെയും ഒപ്പം കൂട്ടി വിമാനാവശിഷ്ടങ്ങൾക്കിടയിൽ ചിതറിക്കിടന്ന ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് കാട്ടിൽ സുരക്ഷയുള്ള ഇടം തേടി ലെസ്‌ലി യാത്ര തുടർന്നു. മുന്നോട്ടുള്ള ആ യാത്രയിലൂടെ അതിജീവനത്തിന്റെ, സഹഭാവത്തിന്റെ, സ്നേഹത്തിന്റെ, കരുതലിന്റെ, രക്തബന്ധങ്ങളുടെ, പ്രതീക്ഷയുടെ പുതിയ പാഠങ്ങൾ മാനവരാശിക്ക് പകർന്നു നൽകുകയായിരുന്നു ലെസ്‌ലി.


ഇതുകൂടി വായിക്കൂ:  ആമസോണിലെ അത്ഭുത ബാല്യങ്ങള്‍


കേരളത്തിന്റെ 138 ഇരട്ടിവലിപ്പത്തിൽ തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്ത് ഒമ്പത് രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളിൽ പകുതിയും ആമസോണിലാണ്. മരങ്ങൾ മാത്രം 16,000 കോടി സ്പീഷിസ് വരും. ഏഷ്യയിലും ആഫ്രിക്കയിലും ഉള്ള കാടുകളെക്കാൾ ഉയർന്ന ജൈവവൈവിധ്യമാണ് ആമസോൺ കാടുകൾക്കുള്ളത്. ഭൂമിയുടെ ശ്വാസകോശമെന്നും ഈ കാടുകൾ‍ വിശേഷിപ്പിക്കപ്പെടുന്നു. മനുഷ്യരെ സംബന്ധിച്ച് വളരെ അധികം അപകടങ്ങൾ പതിയിരിക്കുന്ന ഇടമാണിത്. ജാഗ്വാർ, ചീങ്കണ്ണി, പ്യൂമ, അനക്കൊണ്ട എന്നീ വലിയ ഇരപിടിയൻമാരെ കൂടാതെ ഷോക്കടിപ്പിച്ച് കൊല്ലുന്ന ഇലക്ട്രിക് ഈൽ, കടിച്ചുകൊല്ലുന്ന പിരാനകൾ, വിഷപാമ്പുകൾ, മാരകവിഷമുള്ള തവളകൾ, വാമ്പയർ വവ്വാൽ, രോഗംപരത്തുന്ന പ്രാണികൾ, പക്കികൾ എല്ലാം ഉള്ള കാടുകൂടിയാണിത്. അതിനുംപുറമെ ഒളിപ്പോരാളികളുടെയും വിമതസായുധ സംഘങ്ങളുടെയും മറവിടവും. ഇങ്ങനെയുള്ള ഒരു കാട്ടിലാണ് മേയ് ഒന്ന് മുതൽ നാല്പതു ദിവസം ലെസ്‌ലി എന്ന പെൺകുട്ടി തനിക്കോ സഹോദരങ്ങൾക്കോ ഒരു പോറൽ പോലും ഏൽക്കാതെ കഴിഞ്ഞുകൂടിയത്. “അതിജീവനത്തിന്റെ അസാമാന്യ മാതൃക കാട്ടിയ കുഞ്ഞുങ്ങൾ കൊളംബിയയുടെ ചരിത്രത്തിന്റെ ഭാഗമാകും”- എന്നായിരുന്നു കുട്ടികളെ കണ്ടെത്തിയ വേളയിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞത്.
നാല്പത് ദിവസങ്ങൾക്കുശേഷം കുട്ടികളെ കാട്ടിൽ നിന്ന് വീണ്ടെടുക്കുമ്പോൾ കാനന ജീവിതം അവരിൽ പ്രകടമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ലാ എന്നത് കെട്ടുകഥകൾ പോലെ അവിശ്വസനീയമായിരുന്നു ദൗത്യ സംഘാംഗങ്ങൾക്ക്. വിറ്റോട്ടോ എന്ന തദ്ദേശീയ ഹുയിറ്റോട്ടോ ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികളായതിനാൽ കാടറിവുകൾ വാമൊഴിയായി കുറച്ചൊക്കെ അവർ കേട്ടുപരിചയിച്ചിരിക്കണം. പ്രകൃതിയോടിണങ്ങിയ ജീവിതം പകർന്ന കരുത്തായിരിക്കണം കുഞ്ഞ് ലെസ്‌ലിക്ക് മനോബലം നൽകിയത്. “എന്റെ കൊച്ചുമകൾ ധീരയായ നായികയാണ്. സഹോദരങ്ങളുടെ ജീവൻ രക്ഷിച്ചത് അവളുടെ മനോധൈര്യമാണ്.” പുനഃസമാഗമത്തിൽ കുട്ടികളുടെ മുത്തശ്ശി ലെസ്‌ലിയിൽ അഭിമാനം കൊള്ളുകയായിരുന്നു. കുട്ടികളെ കാത്തത് കാടമ്മയാണെന്നും മുത്തശ്ശി പറയുന്നു.


ഇതുകൂടി വായിക്കൂ:  വികസനവും പ്രകൃതിയും പ്രകടമായ വൈരുധ്യാത്മകതയും


വൈക്കോൽ കൂനയിലെ സൂചിതേടുന്നതിന് സമാനമായ തിരച്ചിലാണ് കുട്ടികൾക്കായി കൊളംബിയൻ ദൗത്യസേന നടത്തിയത്. ‘ഓപ്പറേഷൻ ഹോപ്പ്’ എന്നു പേരിട്ട ദൗത്യത്തിൽ 323 ചതുരശ്ര കിലോമീറ്റർ കാടാണ് അവർ ആകാശമാർഗേനയും കരയിലൂടെയുമെല്ലാം അരിച്ചുപെറുക്കിയത്. ശുഭസന്ദേശത്തിനായി കാത്തിരുന്ന ലോകത്തോട് ജൂൺ ഒമ്പത് വെള്ളിയാഴ്ച തിരച്ചിൽ സംഘത്തിന്റെ റേഡിയോ ശബ്ദിച്ചു. ‘അത്ഭുതം, അത്ഭുതം’. അക്ഷരാർത്ഥത്തിൽ അത്ഭുതകരമായ ആ വാർത്ത കേട്ട് ലോകം നെടുനിശ്വാസമുതിർത്തു. മികവുറ്റ കൊളംബിയൻ രക്ഷാപ്രവർത്തനങ്ങൾ എല്ലാ രാഷ്ട്രങ്ങൾക്കും പാഠവും അവരുടെ ആത്മാർത്ഥത കണ്ണുതുറപ്പിക്കുന്നതുമാകണം. നേട്ടങ്ങളുടെ പേരിൽ മേനി പറയുന്ന പല രാജ്യങ്ങളും ദുരന്തങ്ങളെ നേരിടുന്നതിൽ എത്ര അസമർത്ഥരും നിരുത്തരവാദികളുമാണെന്ന് സമകാലിക സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ബാല്യത്തിൽ ലഭിക്കുന്ന അറിവും നല്ല ശീലങ്ങളും കുട്ടികൾക്ക് നൽകുന്ന മനോബലത്തിന്റെയും വിപദിധൈര്യത്തിന്റെയും ഉത്തമമാതൃകയായിരിക്കുകയാണ് ലെസ്‌ലി എന്ന പെൺകുട്ടി. ഈ ഇളംപ്രായത്തിൽ അവസരത്തിനൊത്ത് ഉയർന്ന് മാതൃത്വത്തിന്റെയും സഹജീവനത്തിന്റെയും മൂർത്തീമത്ഭാവമായി മാറുകയായിരുന്നു അവൾ. രക്ഷിതാക്കൾക്കും അധ്യാപകർക്കും പാഠ്യപദ്ധതിക്കാർക്കും ലെസ്‌ലി എന്ന വനപുത്രി പ്രചോദനവും പ്രതീകവും വഴികാട്ടിയുമായിരിക്കുകയാണ്.
നാഷണൽ ഇൻഡൈജനസ് ഓർഗനൈസേഷൻ ഓഫ് കൊളംബിയ (ഒഎൻഐസി) ഭാരവാഹിയും ദൗത്യസംഘാംഗവുമായ ലൂയിസ് അക്കോസ്റ്റ പറയുന്നത് ഈ കുട്ടികൾ കൊടുങ്കാട്ടിൽ അതിജീവിച്ചത് വനദേവതമാരുടെ അനുഗ്രഹത്താലാണെന്നാണ്. ആമസോണിലെ ഗോത്രവർഗക്കാർ കാടിനെ അമ്മയായാണ് കാണുന്നത്. അവരുടെ പ്രകൃതിബന്ധം അത്ര ആഴത്തിലുള്ളതാണ്. ആത്മീയവും ഭക്തിനിർഭരവുമായൊരു ബന്ധമാണ് പ്രകൃതിയുമായി സൂക്ഷിക്കേണ്ടതെന്നും ഗോത്രവർഗക്കാരുടെ ജീവിതം പഠിപ്പിക്കുന്നു.


ഇതുകൂടി വായിക്കൂ:  ജെന്റില്‍ സൈക്കോപാത്ത്


കുട്ടികളെ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സൊളേനി (9) എന്ന കുട്ടി ചിത്രരചനയിലാണ് മുഴുകിയത്. ആ കുഞ്ഞ് ഭാവന കടലാസിൽ പകർത്തിയതാകട്ടെ കാട്ടിലെ കാഴ്ചകളായ അരുവികളും മത്സ്യങ്ങളും മരങ്ങളും പൂക്കളുമൊക്കെയായിരുന്നു. ഉയിർത്തെഴുന്നേല്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി ഉദിച്ചുയരുന്ന സൂര്യനേയും ചിത്രങ്ങളിൽ വരച്ചുവച്ചു. നിബിഡ വനത്തിൽ ദിശയറിയാതെ അലയുമ്പോൾ തങ്ങളെ തേടിയെത്തിയ വിൽസൺ എന്ന ബെൽജിയൻ സ്നിഫർ നായയെ വരച്ചുവയ്ക്കാനും മറന്നില്ല. നല്ലതു വരട്ടെ എന്നാണ് കുട്ടി ചിത്രത്തിന് അടിക്കുറിപ്പ് പോലും നൽകിയത്. ചിന്തയിലും പ്രവൃത്തിയിലുമെല്ലാം പ്രകൃതിയോട് സമരസപ്പെട്ടാണ് ഈ കുഞ്ഞുങ്ങളുടെ ജീവിതമെന്ന് ഈ ചിത്രങ്ങൾ തെളിയിക്കുന്നു.
കാനനവാസികളുടെ പൂർവികർ അവരുടെ അനന്തര തലമുറയെ കാടിനെ സ്നേഹിക്കാനും ബഹുമാനിക്കാനുമാണ് പഠിപ്പിക്കുന്നത്. കാട്ടിൽ തിന്നാനും ജീവിക്കാനും പണം വേണ്ടെന്ന് അവർ അറിയുന്നു. കാട് അവർക്ക് ശ്വാസവും ജീവനുമാണ്. കാട് അവരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. വനത്തിലെ സസ്യജന്തുജാലങ്ങൾ അവർക്ക് കുടുംബാംഗങ്ങളായി മാറുന്നു. കാടെന്ന വീട്ടിൽ അവർ സസുഖം ജീവിക്കുന്നു. നാട്ടുവാസിക്ക് പണമില്ലെങ്കിൽ വെള്ളവും ഭക്ഷണവും വസ്ത്രവും വീടും ഒന്നുമില്ല. ഈ അന്തരമാണ് ലെസ്‌ലിയുടെ കഥ നമുക്ക് കാട്ടിത്തരുന്നത്.

മാറ്റൊലി
പരസ്പരം ആശ്ലേഷിക്കുന്ന ജീവജാലമാണ് ഭൂമി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.