28 April 2024, Sunday

ജെന്റില്‍ സൈക്കോപാത്ത്

പ്രദീപ് ചന്ദ്രന്‍
June 25, 2023 7:35 am

‘ദഹാദി‘ലെ വില്ലന്‍ ആനന്ദ് സ്വര്‍ണാകര്‍ വിജയ് വര്‍മ്മയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ്. ഒരു കാലത്ത് കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളെ ഭയത്തിന്റെ നിഴലിലാക്കിയ സയനൈഡ് മോഹന്റെ ജീവിതകഥയാണ് റീമാ കാഗ്തിയും രുചികാ ഒബ്റോയിയും ചേര്‍ന്ന് ഒരുക്കിയ ‘ദഹാദ്’ എന്ന വെബ് സീരിയല്‍. 2004നും2009നും ഇടയില്‍ കര്‍ണാടകയിലും കേരളത്തിലുമായി സയനൈഡ് മോഹന്‍ കൊലപ്പെടുത്തിയത് 22 സ്ത്രീകളെയാണ്. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ യുവതികളെ പ്രണയം നടിച്ച് വലയിലാക്കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നു മോഹന്റെ രീതി.
സയനൈഡ് മോഹന്‍ ദക്ഷിണ കര്‍ണാടകയിലെ ഒരു ഗ്രാമത്തിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായിരുന്നുവെങ്കില്‍ ‘ദഹാദി‘ലെ വില്ലന്‍ ആനന്ദ് സ്വര്‍ണാകര്‍ രാജസ്ഥാനിലെ ഒരു ചെറുപട്ടണത്തിലെ ഹിന്ദി പ്രൊഫസറാണ്. വളരെ തന്മയത്വത്തോടെയാണ് കൊലപാതകിയായ മനോരോഗിയെ വിജയ് അവതരിപ്പിച്ചിട്ടുള്ളത്. യുവതികളെ ഒന്നൊന്നായി കാണാതാവുകയും അവരെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്യുന്നു. തുടര്‍ന്ന് യുവതികളുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ എസ്എച്ച്ഒ ദേവിലാല്‍ സിങ്ങിനെയും ഇന്‍സ്പെക്ടര്‍ അ‌ഞ്ജലി ഭാട്ടിയേയും നിയോഗിക്കുന്നു. രാജസ്ഥാനിലെ മാണ്ഡ്‌വ കേന്ദ്രീകരിച്ചാണ് വെബ്‌സീരിസ് ചിത്രീകരിച്ചത്. എട്ട് എപ്പിസോഡുകളുള്ള സീരീസില്‍ സോനാക്ഷി സിന്‍ഹയാണ് അഞ്ജലിയെ അവതരിപ്പിച്ചത്. 

‘ദഹാദി‘ലെ വില്ലന്‍ റോളിലേക്ക് താന്‍ ആകൃഷ്ടനായി എന്നാണ് വിജയ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. നാലര മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള സ്ക്രിപ്റ്റ് ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തു. കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി നിരവധി ക്രൈം ഡ്രാമകള്‍ കാണുകയും അതിലെ കഥാപാത്രങ്ങളുടെ സവിശേഷതകള്‍ മനസില്‍ ആവാഹിക്കുകയും ചെയ്തു. രക്തദാഹിയായ ഒരു മനോരാേഗിയെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി സഹാനുഭൂതിയെന്ന വികാരത്തെ മനസില്‍ നിന്ന് മായിച്ചുകളഞ്ഞതായി വിജയ് പറയുന്നു. ഒരു കഥാപാത്രത്തെ ആവിഷ്കരിക്കാന്‍ അഭിനേതാക്കള്‍ വികാരങ്ങളെ മനസില്‍ സന്നിവേശിപ്പിക്കുകയാണ് ചെയ്യുന്നതെങ്കില്‍ ഇവിടെ മറിച്ചായിരുന്നു. കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാന്‍ ഏറെ സമയമെടുത്തുവെന്നും വിജയ് അഭിമുഖത്തില്‍ പറഞ്ഞു.
ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തിനെതിരെയും ‘ദഹാദ്’ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. വിദ്യാസമ്പന്നയും സ്വാതന്ത്ര്യ നിലപാടുകളുമുള്ള അഞ്ജലിക്ക് ജാതിയുടെ പേരില്‍ നേരിടേണ്ടിവരുന്ന അവഗണനകളെയും യഥാതഥമായി ചിത്രീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട യുവതികളുടെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് പ്രവേശനം നിഷേധിക്കുക കൂടി ചെയ്യുന്നുണ്ട്. സ്വര്‍ണാകര്‍ പീഡിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കുന്നതും പിന്നോക്ക വിഭാഗങ്ങളിലുള്ള നിര്‍ധന യുവതികളെയാണ്. അയാളുടെ നീചകൃത്യങ്ങളെ ന്യായീകരിക്കാനുള്ള മറയായി ജാതിയെ ഉപയോഗിക്കുന്നു. മിക്ക കഥാപാത്രങ്ങളും സാമൂഹ്യമായ അടിച്ചമര്‍ത്തലിനും വംശവെറിക്കും ഇരയാവുകയോ കരുവാക്കുകയോ ചെയ്യുന്നുണ്ട്. ലൗ ജിഹാദിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതും സീരീസ് കാട്ടിത്തരുന്നു. പ്രേക്ഷകനെ മുള്‍മുനയിലാഴ്ത്തിയുള്ള ചടുലമായ ആവിഷ്കാരമാണ് ‘ദഹാദി‘ലേത്. ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്ത ആദ്യ ഇന്ത്യന്‍ വെബ്സീരീസ് കൂടിയാണിത്.

സുന്ദരനും സുമുഖനുമായ വിജയ് വര്‍മ്മയെ വില്ലനാക്കുന്നതിനോടാണ് സംവിധായകര്‍ക്ക് താല്പര്യം. ‘ഗല്ലിബോയി‘ല്‍ തെരുവുഗുണ്ടയുടെ വേഷമായിരുന്നു. ‘ഡാര്‍ലിങ്സി‘ലാകട്ടെ ഭാര്യയെ കഠിനമായി ഉപദ്രവിക്കുന്ന ഭര്‍ത്താവായും. ‘ഷീ’ സീരീസില്‍ അധോലോക നായകനായിരുന്നു. 2016ല്‍ ‘പിങ്കി‘ലൂടെയാണ് വിജയ് വര്‍മ്മ പ്രേക്ഷകശ്രദ്ധ നേടിയത്. തെലുങ്കാന സ്വദേശിയായ വിജയ് പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രോഡക്ടാണ്. ഹ്രസ്വചിത്രമായ ‘ഷോറി‘ലൂടെയായിരുന്നു രംഗപ്രവേശം. ന്യൂയോര്‍ക്കിലെ മിയാക് ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ഷോര്‍ട്ട്ഫിലിം എന്ന ബഹുമതി ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ‘ഷോര്‍’ വാരിക്കൂട്ടി. ലസ്റ്റ് സ്റ്റോറീസ്-2ലും സുപ്രധാന വേഷമായിരുന്നു. ഏറ്റവും ഒടുവിലായി വിജയ്‌യും തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയുമായുള്ള ബന്ധവും ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ വാര്‍ത്തയാണ്.
ആമസോണ്‍ പ്രൈമിലാണ് ‘ദഹാല്‍’ സ്ട്രീം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.