15 November 2024, Friday
KSFE Galaxy Chits Banner 2

ഏകീകൃത സിവില്‍ കോഡ്: 8.5 ലക്ഷം പ്രതികരണങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 28, 2023 11:31 pm

ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് 8.5 ലക്ഷം പ്രതികരണങ്ങള്‍ ലഭിച്ചതായി നിയമ കമ്മിഷൻ ചെയര്‍മാൻ ജസ്റ്റിസ് റിതു രാജ് അവസ്തി. പൊതുജനാഭിപ്രായം തേടി രണ്ടാഴ്ചക്കുള്ളിലാണ് ഇത്രയേറെ പ്രതികരണങ്ങള്‍ ലഭിച്ചതെന്നും ഇന്നലെ വരെയുള്ള കണക്കാണിതെന്നും കമ്മിഷൻ വ്യക്തമാക്കി. ഈ മാസം 14 നാണ് മത സംഘടനകള്‍, തല്പര കക്ഷികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നിയമ കമ്മിഷൻ അഭിപ്രായം ആരാഞ്ഞത്.
സ്വത്തവകാശം, പിൻതുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ മത വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും പൊതു നിയമത്തിന് കീഴില്‍ വരുന്നതാണ് ഏകീകൃത സിവില്‍ കോ‍ഡ്. രാജ്യത്ത് ഏകീകൃത സിവില്‍ കോ‍ഡ് നടപ്പാക്കുക എന്നത് ബിജെപി പ്രകടന പത്രികയുടെ ഭാഗമായിരുന്നു. നിയമം നടപ്പാക്കാനുള്ള നടപടികള്‍ ഇതിനകം തന്നെ ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലും നിയമം കൊണ്ടുവരുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. 

കഴിഞ്ഞ ദിവസങ്ങളിലാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആക്കം കൂട്ടിയത്. രണ്ട് വ്യത്യസ്ത നിയമങ്ങള്‍ വച്ചുകൊണ്ട് രാജ്യത്തിന് എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം ഏകീകൃത സിവില്‍ കോഡിന് അനുകൂലമായ നിലപാടാണ് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡിനെ തത്വത്തില്‍ അംഗീകരിക്കുന്നതായി എഎപി ദേശീയ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ സന്ദീപ് പഥക് പറഞ്ഞു. പക്ഷേ എല്ലാ മതങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തി സമവായത്തിലെത്തണം. അവരുടെ കൂടി വിശ്വാസം നേടികൊണ്ടായിരിക്കണം സിവില്‍ കോഡ് നടപ്പാക്കേണ്ടതെന്നും സന്ദീപ് പഥക് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ ഐക്യം ശക്തമാകുന്ന സാഹചര്യം വന്നാല്‍ കൂട്ടായ നിലപാടിലേക്ക് എഎപി പങ്കുചേരുമെന്നും അദ്ദേഹം പറഞ്ഞു. 

എതിര്‍ക്കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ എതിര്‍ക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമബോര്‍ഡ്.
പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേര്‍ന്നിരുന്നു. യുസിസിയെ ശക്തമായി എതിര്‍ത്തുകൊണ്ട് നിയമ കമ്മിഷനെ നിലപാടറിയിക്കാന്‍ ധാരണയായി. ഇതിനായി അഭിപ്രായം അറിയിക്കുന്നതിനുള്ള സമയപരിധി ആറുമാസത്തേക്ക് നീട്ടണമെന്ന് കമ്മിഷന് കത്ത് സമര്‍പ്പിച്ചു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ചകളും അഭിപ്രായങ്ങളും സ്വരൂപിക്കണം. നിയമം ധൃതി പിടിച്ച് നടപ്പാക്കണ്ടേതിന്റെ ആവശ്യകത ഇല്ലെന്നും നിയമ കമ്മിഷന് സമര്‍പ്പിച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

Eng­lish Sum­ma­ry: Uni­form Civ­il Code: 8.5 lakh responses

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.