ലോകം ഉറ്റുനോക്കിയ ചന്ദ്രയാന്‍-3 ചരിത്ര വിക്ഷേപണത്തിന്റെ വിജയം ആഘോഷിക്കുന്ന വേളയില്‍ ദൗത്യത്തിന്റെ പുറകില്‍ പ്രയത്നിച്ച എന്‍ജിനീയര്‍മാര്‍ പട്ടിണിയില്‍. ചന്ദ്രയാന്‍ റോക്കറ്റിന്റെ ലോഞ്ച് പാഡ് നിര്‍മ്മിച്ച റാഞ്ചിയിലെ ഹെവി എന്‍ജിനീയറിങ് കോര്‍പറേഷനിലെ (എച്ച്ഇസി ) ജീവനക്കാരാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി ശമ്പളം ലഭിക്കാതെ നരകിക്കുന്നത്.
ശമ്പളം മുടങ്ങിയിട്ടും മെബൈല്‍ ലോഞ്ച് പാഡും മറ്റ് പ്രധാനപ്പെട്ട യന്ത്രഭാഗങ്ങളും നിശ്ചിത തീയതിയായ 2022 ഡിസംബറിനു മുമ്പ് സ്ഥാപനം ബഹിരാകാശ വകുപ്പിന് കൈമാറി. പ്രതിസന്ധികള്‍ക്കിടയിലും ചന്ദ്രയാന്‍-3ന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശമ്പളം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എന്‍ജിനീയറായ സുഭാഷ് ചന്ദ്ര പറഞ്ഞു. ഝാര്‍ഖണ്ഡിലെ റാഞ്ചി ധ്രുവയില്‍ സ്ഥിതി ചെയ്യുന്ന എച്ച്ഇസി കേന്ദ്രസര്‍ക്കാരിന്റെ ഘന വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ്. എച്ച്ഇസിയിലെ 2,700 വിവിധ ജീവനക്കാര്‍ക്കും 450 എക്സിക്യൂട്ടീവ് ജീവനക്കാര്‍ക്കും കഴിഞ്ഞ 17 മാസമായി ശമ്പളം ലഭിക്കാത്ത സ്ഥിതിയുണ്ട്.
ഐഎസ്ആര്‍ഒയുടെ 1,500 കോടി രൂപയുടെ ഓര്‍ഡറിനു പുറമെ, പ്രതിരോധ മന്ത്രാലയം, റെയില്‍വേ, കോള്‍ ഇന്ത്യ ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങളുടെ 80 ശതമാനം ജോലികളും ഫണ്ട് ലഭ്യമല്ലാത്തത് കാരണം മുടങ്ങിയിരിക്കുകയാണ്. 1,000 കോടി രൂപ പ്രവര്‍ത്തന മൂലധനം അനുവദിക്കണമെന്ന് കാട്ടി സ്ഥാപനം ഘന വ്യവസായ മന്ത്രാലയത്തിന് നിരവധി തവണ കത്തു നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ രണ്ടുവര്‍ഷമായി സ്ഥാപനത്തില്‍ മാനേജിങ് ഡയറക്ടറുടെ സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്.
English Summary:Chandrayaan 3: Those who toiled still starved
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.