13 April 2025, Sunday
KSFE Galaxy Chits Banner 2

ദിശതെറ്റലുകളുടെ ദശരഥം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം-8
July 24, 2023 4:45 am

ഘുവംശജനാണ് ശ്രീരാമൻ. അതിനാലാണ് ശ്രീരാമന് രാഘവൻ എന്ന അപരനാമ പ്രശസ്തിയും വന്നുകൂടിയത്. ശ്രീരാമന്റെ പിതാവും രഘുവംശജനാണെങ്കിലും ദശരഥനെ ആരും രാഘവൻ എന്നു വിളിക്കാറില്ല. അതിനു ചില കാരണങ്ങളുണ്ട്. രഘുവംശ രാജാക്കന്മാർക്ക് പൊതുവേ കാണാത്ത ചില ശീലങ്ങൾ ദശരഥനുണ്ട്. കാളിദാസ മഹാകവിയുടെ രഘുവംശകാവ്യത്തില്‍ പറയുന്ന ദിലീപൻ, രഘു, അജൻ തുടങ്ങിയ രാജാക്കന്മാരാരും മൂന്ന് വിവാഹങ്ങൾ ചെയ്തതായി കാണുന്നില്ല. ഏകപത്നീ വ്രതം രഘുവംശ രാജാക്കന്മാരുടെ പൊതുസ്വഭാവമായിരുന്നു എന്നർത്ഥം. ഈ ശീലഗുണത്തിനു ദിശതെറ്റുന്നത് ദശരഥനിൽ മാത്രമാണ്.
നിറയൗവന കാലത്ത് വേട്ടയ്ക്കിടയില്‍ വെള്ളം കുടിക്കുന്ന ആനയുടെ മസ്തകം ലക്ഷ്യംവച്ച് ദശരഥൻ തൊടുത്ത അമ്പ് കാനനപ്പൊയ്കയിൽ നിന്ന് കുടത്തിൽ വെള്ളം മുക്കിയെടുത്തുകൊണ്ടിരുന്ന മുനികുമാരന്റെ നെഞ്ചിലാണ് തറയ്ക്കുന്നത്. ശബ്ദം കേട്ട ദിശ ലക്ഷ്യമാക്കി അമ്പുകൊള്ളിക്കുന്ന വിദ്യയാണ് ശബ്ദവേധി. ശബ്ദം കേട്ടിടത്തു തന്നെ അമ്പുകൊള്ളിച്ച ദശരഥനു ദിശതെറ്റിയില്ലല്ലോ എന്നു വാദിക്കാം.


ഇതുകൂടി വായിക്കൂ:  അധ്യാത്മ രാമായണത്തിന്റെ ജനകീയതയും വിപ്ലവാത്മകതയും


പക്ഷേ ശബ്ദവേധി എന്ന അമ്പെയ്ത്തു വിദ്യയിൽ ശബ്ദം തെറ്റായി മനസിലാക്കൽ ദിശതെറ്റലാണ്. കുടത്തിൽ വെള്ളം മുക്കുന്ന ശബ്ദത്തെ ആന വെള്ളം കുടിക്കുന്ന ശബ്ദമായി തെറ്റിദ്ധരിച്ചിടത്താണ് ദശരഥന്റെ ദിശതെറ്റൽ. അന്ധരായ മാതാപിതാക്കൾക്ക് ദാഹശമനത്തിനു കുടിവെള്ളമെടുക്കാൻ വന്ന മുനികുമാരനെയാണ് ദശരഥന്റെ ദിശതെറ്റിയ അമ്പ് കാലപുരിക്കയച്ചത്. ഈ തെറ്റായ കർമ്മത്തിന് വൃദ്ധരായ താപസ ദമ്പതികളാൽ ദശരഥൻ ശാപം ഏറ്റുവാങ്ങി. ‘പുത്ര ദുഃഖത്തിൽ നീ നീറിനീറി മരിക്കും’ എന്നതായിരുന്നു ശാപം. ദശരഥന്റെ ദിശതെറ്റലിനു ലഭിച്ച പ്രതിഫലമാണ് ആ ശാപം. ഈ സംഭവം അധ്യാത്മ രാമായണത്തിലെ അയോധ്യാകാണ്ഡത്തിൽ ‘ദശരഥന്റെ ചരമഗതി’ എന്ന ഭാഗത്ത് തുഞ്ചത്തെഴുത്തച്ഛൻ വിവരിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ:  രാമായണം; വായനയും പ്രതി വായനയും


താപസ ദമ്പതികളുടെ നൊന്ത നെഞ്ചകത്തു നിന്നുള്ള ശാപത്തിന് സർഗാത്മകയായ വിശ്വപ്രകൃതിയുടെ വൈരുധ്യാത്മക പ്രയോഗസ്വഭാവം ഉണ്ടായിരുന്നു. ദമ്പതിമാരുടെ ശാപം ഫലിക്കണമെങ്കിൽ ദശരഥന് മക്കളുണ്ടാകണം. എങ്കിലേ മക്കളെയോർത്തു നെഞ്ച് വെന്തുനീറിക്കൊണ്ടുള്ള മരണം ദശരഥനുണ്ടാകൂ. രാമായണത്തിന്റെ കഥാഗതിയിൽ ഉടനീളം സ്വാധീനത ചെലുത്താനായ വഴിതെറ്റലുകളാണ് ദശരഥനുണ്ടായത് എന്നും ചിന്തിച്ചാൽ പിടികിട്ടും.
ദശരഥം എന്നത് അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമ്മേന്ദ്രിയങ്ങളും കൂടിയ ശരീരമാണെന്നും അതിനെ നയിക്കുന്ന സാരഥീശക്തിയാണ് അഥവാ ആത്മാവാണ് ദശരഥനെന്നും അമ്പലപ്പറമ്പുകളിലെ ആധ്യാത്മിക പ്രഭാഷണങ്ങളിൽ വ്യാഖ്യാനം ഉണ്ടാവാറുണ്ട്. പക്ഷേ അതുകൊണ്ടു മാത്രം ദശരഥത്തിനു ദിശതെറ്റൽ ഉണ്ടാവില്ല എന്നു തെളിയിക്കാനാവില്ല. ഓരോ ഇന്ദ്രിയവും ഓരോ രഥമാണ്. കണ്ണിലൂടെ നാം ലോകസഞ്ചാരം ചെയ്യുമ്പോൾ ആത്മാവ് നയനരഥ സാരഥിയാണ്. മൂക്കിലൂടെ ആത്മാവ് ലോകസഞ്ചാരം ചെയ്യുമ്പോൾ ആത്മാവ് നാസിക രഥസാരഥിയും കടന്നുപോകുന്ന ലോകം ഗന്ധലോകവും ആണ്. ഇങ്ങനെ ഇന്ദ്രിയങ്ങളാകുന്ന പത്ത് രഥങ്ങളിൽ സഞ്ചാരം ചെയ്യുന്ന ബോധസത്തയാണ് ചുരുക്കത്തിൽ ആത്മാവായ ദശരഥി. മിന്നുന്നതെല്ലാം പൊന്നാണെന്ന തെറ്റിദ്ധാരണ പോലുള്ള ദിശതെറ്റലുകൾ ദശരഥിയായ ജീവാത്മാവിനുണ്ടാവാം എന്നതിന്റെ തെളിവു കൂടിയാണ് രാമായണത്തിലെ ദശരഥൻ.

TOP NEWS

April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.