18 December 2024, Wednesday
KSFE Galaxy Chits Banner 2

‘സേവ് മണിപ്പൂർ’ ജനകീയ കൂട്ടായ്മ

ഇ പി ജയരാജന്‍
July 25, 2023 4:15 am

ന്ത്യയെ ആകെ ദുർബലപ്പെടുത്താനുള്ള വംശീയ കലാപമാണ് മണിപ്പൂരിൽ നടക്കുന്നത്. ഓരോ ദിവസവും അവിടെ നിന്നും വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ മനുഷ്യ മനഃസാക്ഷിയെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണ്. ബിജെപി നേതൃത്വത്തിൽ സംഘ്പരിവാർ ശക്തികൾ അധികാരത്തിലേറിയനാൾ മുതൽ മണിപ്പൂർ വംശീയ വിദ്വേഷത്തിന്റെയും വർഗീയതയുടെയും വിളനിലമായി. സംഘ്പരിവാർ സർക്കാരുകൾ മൗനം പാലിച്ച് അക്രമങ്ങൾക്കും കലാപങ്ങൾക്കും സമ്മതം നൽകുന്നു എന്നത് ഏറെ ഗൗരവതരമാണ്. കലാപം പടരാതിരിക്കാൻ എന്ന പേരിൽ ഇന്റർനെറ്റ് സൗകര്യങ്ങൾ ഉൾപ്പെടെ മുഴുവൻ വാർത്താവിതരണ സംവിധാനവും ഇല്ലാതാക്കിയത് ഭരണകൂടം സ്പോൺസർ ചെയ്ത് നടത്തുന്ന വംശീയകലാപവും അതിന്റെ ഭീകരതയും പുറംലോകം അറിയാതിരിക്കാൻ വേണ്ടിയായിരുന്നു. രണ്ട് സ്ത്രീകളെ നഗ്നരാക്കി പൊതുമധ്യത്തിൽ നടത്തി അവരോട് അതിക്രമം കാണിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത് ആക്രോശിക്കുന്ന ഭീകരരുടെ വീഡിയോ പുറത്തെത്തുന്നത് രണ്ട് മാസങ്ങൾക്ക് ശേഷം മാത്രമാണ്. പൊലീസ് നോക്കിനിൽക്കെയാണ് ഇവയെല്ലാം നടന്നതെന്ന് ഇരകൾ തന്നെ വെളിപ്പെടുത്തുന്നു. കലാപത്തിന് അറുതിയില്ലാത്ത മണിപ്പൂരിൽ വിവിധ മേഖലകളിൽ വെടിവയ്പും അക്രമസംഭവങ്ങളും തുടരുകയാണ്.


ഇതുകൂടി വായിക്കൂ: ഉപരാഷ്ട്രപതി മുതല്‍ എംപിമാര്‍ വരെ മണിപ്പൂര്‍ ഭീതിയില്‍


ഒരോ ദിവസവും സ്ത്രീകൾ പീഡനത്തിനും ആക്രമണത്തിനും ഇരയാക്കപ്പെട്ടതിന്റെ കൂടുതൽ വിവരം പുറത്തുവരികയാണ്. 18 വയസുള്ള കുക്കി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതായി പൊലീസ് തന്നെ സ്ഥിരീകരിക്കുന്നു. രണ്ട് കുക്കി സ്ത്രീകളെ മെയ്തി കലാപകാരികള്‍ നഗ്നരാക്കി നടത്തിയ അതേ ദിവസം തന്നെ മറ്റ് രണ്ട് കുക്കി സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ വാർത്തയും പുറത്തുവന്നു. ഇതിലും ഭീകരമായ സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് മണിപ്പൂർ മുഖ്യമന്ത്രിതന്നെ പറയുന്നുണ്ട്. ഒരു മനുഷ്യന്റെ തലയറുത്ത് വേലിയിൽ കുത്തിവയ്ക്കുന്നു. ജീവനോടെ ആളുകളെ കത്തിക്കുന്നു. വീടുകളും കച്ചവടകേന്ദ്രങ്ങളും കൊള്ളയടിച്ച് അഗ്നിക്കിരയാക്കുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്നത് സമാനതകളില്ലാത്ത അതിക്രമങ്ങളാണ്. മേയ് മൂന്നിന് കലാപം ആരംഭിച്ചശേഷം നിരവധി കുക്കി സ്ത്രീകൾ പീഡനത്തിന് ഇരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഏഴ് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. എട്ട് സ്ത്രീകളെ അടിച്ചുകൊന്നു. രണ്ടുപേരെ ജീവനോടെ കത്തിച്ചു. അഞ്ചുപേർ വെടിയേറ്റു മരിച്ചു. സ്ത്രീകൾ ആക്രമിക്കപ്പെട്ട കേസുകളിലൊന്നും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടശേഷം ആ കേസിൽ മാത്രം ചില അറസ്റ്റുണ്ടായി. കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടരമാസം കഴിഞ്ഞു. 150ൽ പരം ആളുകൾ കൊല്ലപ്പെട്ടു. അറുപതിനായിരത്തിലേറെപ്പേർക്ക് പലായനം ചെയ്യേണ്ടിവന്നു. അയ്യായിരത്തിലേറെ വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടു.


ഇതുകൂടി വായിക്കൂ: മണിപ്പൂര്‍ കലാപം: മോഡി സഭയില്‍ പറയണം


ഇരുന്നൂറിലേറെ ക്രൈസ്തവ ദേവാലയങ്ങൾ തകർത്തു. 200ൽ അധികം ഗ്രാമങ്ങൾ ഇല്ലാതാക്കി. രാജ്യത്ത് ഇത്രയെല്ലാം സംഭവിച്ചിട്ടും പ്രധാനമന്ത്രി മൗനം വെടിഞ്ഞത് 79 ദിവസങ്ങൾക്ക് ശേഷം ഒരു വീഡിയോ പുറത്ത് വന്ന് പ്രതിഷേധങ്ങൾ കടുത്തപ്പോഴാണ്. എന്നിട്ടും മണിപ്പൂർ വിഷയം പ്രതിപക്ഷ കക്ഷികളുമായി ചർച്ച ചെയ്യണമെന്ന ആവശ്യത്തെ പുച്ഛിച്ചുതള്ളുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. മണിപ്പൂരിലെ ഭൂപ്രകൃതി വനമേഖലയും ഇംഫാൽ താഴ്‌വരകളും ചേര്‍ന്നതാണ്. താഴ്‌വരയിലാണ് കൂടുതലായും മെയ്തി വിഭാഗം താമസിക്കുന്നത്. വനമേഖലയിൽ കുക്കി വിഭാഗവും. രണ്ട് വിഭാഗത്തിലും ക്രിസ്ത്യൻ വിശ്വാസികളുണ്ട്. വനം മേഖലയിൽ മരംകൊള്ള നടത്തുന്ന വൻ മാഫിയാ സംഘങ്ങളുണ്ട്. ഇവിടെ വൻതോതിൽ കറുപ്പ് കൃഷിയും നടക്കുന്നുണ്ട്. അത് ശേഖരിക്കുന്ന വൻ റാക്കറ്റുകളും അവിടെയുണ്ട്. ആ മാഫിയകൾക്ക് നിർബാധം പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കാനാണ് യഥാർത്ഥത്തിൽ ആർഎസ്എസ്-ബിജെപി രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നത്. വിദ്യാഭ്യാസവും തൊഴിലുംതേടി താഴ്‌വരയിലേക്കെത്തിയ കുക്കികൾ തിരികെ വനമേഖലകളിലേക്ക് തന്നെ ആട്ടിപ്പായിക്കപ്പെടുന്ന സാഹചര്യമുണ്ടായി. കച്ചവടവും തൊഴിലുമായി വനമേഖലകളിലേക്ക് ചേക്കേറിയ മെയ്തികൾ പലായനം ചെയ്യാൻ നിർബന്ധിതരുമായി. ഇതിന്റെ പേരിൽ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വനസംരക്ഷണ നിയമഭേദഗതി എളുപ്പമാക്കുകയും അതിലൂടെ ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന വനമേഖലയെ കേന്ദ്ര ഭരണപ്രദേശമാക്കുകയും ചെയ്യുക എന്ന ആസൂത്രിത നീക്കവും ഇപ്പോൾ നടക്കുന്ന കലാപങ്ങളുടെ പിന്നിലുണ്ട്. അങ്ങനെ വന്നാൽ നിയമങ്ങൾ ഭേദഗതി ചെയ്ത് ഗോത്രവർഗ വിഭാഗങ്ങൾക്കുമാത്രം കൈവശം വയ്ക്കാവുന്ന അമൂല്യമായ പ്രകൃതി സമ്പത്തുള്ള വനഭൂമി, പതിയെ കുത്തകകൾക്ക് കൈമാറാന്‍ സാധിക്കും. ഇതെല്ലാം മുന്നിൽ കണ്ടാണ് മാഫിയാ സംഘങ്ങൾക്കൊപ്പം ചേർന്ന് വനമേഖലയിൽ ആധിപത്യം സ്ഥാപിച്ച് അവരെ പട്ടാളഭരണത്തിൻ കീഴിൽ കൊണ്ടുവന്ന് ഭയപ്പെടുത്തി ഓടിക്കാന്‍ സംവിധാനം ഉണ്ടാക്കുന്നത്. ഇത് നടപ്പാക്കാനാണ് കലാപത്തിൽ മെയ്തി വിഭാഗങ്ങൾക്ക് വലിയ പിന്തുണ ബിജെപി സര്‍ക്കാര്‍ നൽകുന്നത്. മെയ്തികളെയും കുക്കികളെയും ബദ്ധവൈരികളാക്കി പരിഹാരമില്ലാത്ത വിധം ഈ പ്രശ്നത്തെ എത്തിക്കുക എന്നത് ബിജെപി-ആർഎസ്എസ് നയമാണ്. അതിന്റെ ഭാഗമായാണ് കുക്കികൾ അംഗീകരിക്കാത്ത എൻ ബിരേൻ സിങ്ങിനെ മുഖ്യമന്ത്രിയാക്കിയത് എന്ന് വേണം അനുമാനിക്കാൻ. തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വന്നതോടെ ക്രിസ്തീയ മതവിഭാഗങ്ങൾക്ക് നേരെയും മറ്റ് ന്യൂനപക്ഷങ്ങൾക്ക് നേരെയും ശക്തമായ ഭീഷണിയാണ് സംഘ്പരിവാർ ഉയർത്തുന്നത്. ഇതിനെല്ലാം ഭരണകൂടം വഴിയൊരുക്കി കൊടുക്കുകയാണ്.


ഇതുകൂടി വായിക്കൂ: ബിജെപി ഉയര്‍ത്തുന്ന ഭീഷണിയില്‍നിന്ന് മണിപ്പൂരിനെ രക്ഷിക്കാന്‍ ഇന്ത്യക്കെ സാധിക്കൂ: ബിനോയ് വിശ്വം


മെയ്തി വിഭാഗത്തെ പട്ടികവർഗക്കാരായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവാണ് കലാപം പൊട്ടിപ്പുറപ്പെടാൻ പ്രകോപനം. എന്നാൽ മ്യാന്മറിൽനിന്നുള്ള കുടിയേറ്റക്കാരെന്ന പേരിൽ വനമേഖലയിൽനിന്ന് കുക്കി, നാഗ ഗോത്രവിഭാഗക്കാരെ ഒഴിപ്പിക്കാൻ മുമ്പേ നടത്തിയ നീക്കം മറക്കാൻ കഴിയില്ല. പൊലീസ് ഒത്താശയോടെയാണ് കലാപം നടക്കുന്നതെന്ന് പുറത്തുവരുന്ന വാർത്തകൾ തെളിയിക്കുന്നു. മോഡി-അമിത്ഷാ ഗൂഢതന്ത്രമാണ് മണിപ്പൂരിൽ അരങ്ങേറുന്നത്. ഗുജറാത്തുപോലെ വംശഹത്യയിലൂടെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനാണ് ശ്രമം. കലാപത്തിന്റെ അലയൊലികൾ സമീപ സംസ്ഥാനമായ മിസോറാമിലേക്കും പടരുന്നത് ആശങ്കാവഹമാണ്. മിസോറമിൽനിന്ന് നൂറുകണക്കിനു മെയ്തി വിഭാഗക്കാർ സുരക്ഷിത ഇടങ്ങളിലേക്ക് പലായനം തുടങ്ങി. കൂടുതൽ പേരും വിമാനമാർഗം മണിപ്പൂരിലേക്കാണ് പോകുന്നത്. മണിപ്പൂരിലേക്ക് വരാൻ ആഗ്രഹിക്കുന്ന മെയ്തികളെ വിമാനമാർഗം ഒഴിപ്പിക്കാൻ സന്നദ്ധമാണെന്ന് ബിരേൻസിങ് സര്‍ക്കാരിന്റെ അറിയിപ്പ് കലാപം മറ്റു സംസ്ഥാനങ്ങളിലേക്കും പടർത്തി ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങൾ ശക്തമാണ് എന്നാണ് തെളിയിക്കുന്നത്. അധികാരം നേടുന്നിടത്ത് ന്യൂനപക്ഷ വേട്ടയും ദളിത് വേട്ടയും നടത്തുകയാണ് ഫാസിസ്റ്റ് ശക്തികളായ സംഘ്പരിവാര്‍. അവർക്ക് മൗനാനുവാദം നൽകിയും കുറ്റക്കാർക്കെതിരെ നടപടികൾ കൈകൊള്ളാതെയും ഭീകരസംഘങ്ങൾക്ക് സംരക്ഷണമൊരുക്കുകയാണ് മണിപ്പൂരിലെ സർക്കാരും കേന്ദ്ര സർക്കാരും. രാജ്യത്ത് ബിജെപി-ആർഎസ്എസ് സംഘ്പരിവാർ ശക്തികൾ അധികാരത്തിലെത്തിയ നാടുകളിൽ മുഴുവൻ ജനങ്ങളുടെ സമാധാനവും സ്വെെര്യ ജീവിതവും നഷ്ടപ്പെടുന്നതാണ് നാം കാണുന്നത്. മണിപ്പൂരിൽ നടന്ന ഹീനകൃത്യങ്ങള്‍, ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ നാണം കെടുത്തി. സ്ത്രീകൾക്ക് എതിരെ നടത്തുന്ന ക്രൂരതയെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇരകളാക്കപ്പെട്ട ജനസമൂഹത്തോടും മനുഷ്യരോടും ഐക്യദാർഢ്യപ്പെടുകയാണ് നമുക്ക് ചെയ്യാനാകുന്നത്. രാജ്യത്തെ സംഘ്പരിവാർ പ്രൊഫൈലുകളാകട്ടെ ഇരയാക്കപ്പെട്ട മനുഷ്യരെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് നടത്തുന്നത്.


ഇതുകൂടി വായിക്കൂ: ചാനല്‍ ചര്‍ച്ചകളില്‍ വിദ്വേഷം പടര്‍ത്തുന്നു


വിദ്വേഷം പ്രചരിപ്പിച്ച് ആളുകളെ മതപരമായും സാംസ്കാരികപരമായും ഭിന്നിപ്പിച്ച് പരസ്പരം കലാപത്തിലേക്ക് തള്ളിവിടുകയാണ് ഇക്കൂട്ടർ. മണിപ്പൂർ ജനതയോട് ഐക്യപ്പെടുക എന്നതാണ് മനുഷ്യര്‍ എന്ന നിലയിലും ഇന്ത്യക്കാര്‍ എന്ന നിലയിലും ഇപ്പോൾ ചെയ്യാനുള്ളത്. മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഈ മാസം 27ന് സംഘടിപ്പിക്കുന്ന കൂട്ടായ്മയിൽ മുഴുവൻ മനുഷ്യ സ്നേഹികളും അണിനിരന്ന് വർഗീയ കലാപങ്ങൾക്കും വംശീയ അക്രമങ്ങൾക്കും എതിരാണ് നാം എന്ന് പ്രഖ്യാപിക്കേണ്ടതുണ്ട്. മണിപ്പൂർ ജനതയോട് ഐക്യപ്പെടാൻ മുഴുവൻ ആളുകളും കൂട്ടായ്മയിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.