23 December 2024, Monday
KSFE Galaxy Chits Banner 2

ഉമ്മൻചാണ്ടി: അനുഭവം, സാക്ഷ്യം, പാഠം

രമേശ് ബാബു
മാറ്റൊലി
July 27, 2023 4:15 am

ഒരു വ്യക്തി മരണത്തിലാണ് ആത്യന്തികമായി വിജയിക്കുക എന്ന് പറയാറുണ്ട്. ജീവിതത്തിലെ നിയോഗങ്ങളെല്ലാം നന്നായി പൂർത്തീകരിച്ച് അനന്തരതലമുറയെ ദർശിച്ച് സ്വാഭാവിക മരണത്തെ വരിക്കുന്ന ഒരു വ്യക്തിയെച്ചൊല്ലി സമൂഹം വിലപിക്കുമ്പോൾ, എല്ലാം മറന്ന് അപദാനങ്ങൾ പാടുമ്പോൾ ആ ജീവിതം സാർത്ഥകമായെന്ന് വിലയിരുത്താം. ഇവിടെ ഉമ്മൻചാണ്ടിയുടെ മരണം അനന്യമായൊരു വിജയമായാണ് പരിണമിച്ചിരിക്കുന്നത്. കേരളം ഈ പൊതുസേവകന്, രാഷ്ട്രീയ നേതാവിന് നല്‍കിയ യാത്രാമൊഴി അഭൂതപൂര്‍വമാണ്. വൃദ്ധനും രോഗാതുരനുമായി മരിച്ച ഉമ്മൻചാണ്ടി എന്ന മുൻ മുഖ്യമന്ത്രിയുടെ, പുതുപ്പള്ളി എംഎൽഎയുടെ ഭൗതികശരീരം തിരുവനന്തപുരത്തെ ജഗതിയിൽ നിന്നും മൂന്നുമൂന്നര മണിക്കൂർ മാത്രം യാത്രാദെെർഘ്യമുള്ള കോട്ടയത്തെ പുതുപ്പള്ളിയിൽ എത്തിക്കുന്നതിന് മുപ്പത്തിയേഴോളം മണിക്കൂറുകളാണ് എടുത്തത്. ജാതി-മത‑രാഷ്ട്രീയ ലിംഗഭേദമില്ലാതെ ജനങ്ങൾ നേതാവിന്റെ മൃതശരീരം കാണുവാനും അന്ത്യാഞ്ജലി അർപ്പിക്കാനും ഇങ്ങനെ തടിച്ചുകൂടിയ സന്ദർഭങ്ങൾ കേരള ചരിത്രത്തിൽ വിരളമാണ്. പ്രതീക്ഷയുടെ, പിന്തുണയുടെ, രക്ഷയുടെ പ്രതീകങ്ങൾ പോയ്‌മറയുമ്പോഴാണ് മനുഷ്യർ ഇത്തരത്തിൽ കേഴാറുള്ളത്. ഉമ്മൻചാണ്ടി എന്ന വ്യക്തി എന്തു നിക്ഷേപമാണ് കേരളീയ സമൂഹത്തിൽ നടത്തിക്കൊണ്ടിരുന്നത്? പൊതുപ്രവർത്തകരും രാഷ്ട്രീയ മേഖലകളിൽ വിരാജിക്കുന്നവരും ആ നിക്ഷേപം മൂലധനമാക്കുന്നത്, മാതൃകയാക്കുന്നത് ഉചിതമായിരിക്കുമോ?

 


ഇതുകൂടി വായിക്കൂ;പുരുഷാരം മടങ്ങി; ഉമ്മന്‍ ചാണ്ടിയും


ഇന്ത്യൻ തത്വചിന്തയുടെ കാതലായ കർമസിദ്ധാന്തത്തെയും പുരുഷാർത്ഥ സങ്കല്പത്തെയും സാധൂകരിക്കുംവിധമായിരുന്നു ഉമ്മൻചാണ്ടിയുടെ 79 വർഷത്തെ ജീവിതം. ഒരു യുവസംഘത്തിന്റെ ഭാഗമായി പൊതുമണ്ഡലത്തിലേക്ക് കടന്നെത്തുകയും ഒരണസമരം മുതലുള്ള പോരാട്ടങ്ങളിലൂടെ യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം വരെ ആദ്യഘട്ടത്തിൽ എത്തുകയും ചെയ്ത ഉമ്മൻചാണ്ടി 1970ൽ നടന്ന നിയമസഭാ മത്സരത്തിൽ പുതുപ്പള്ളിയിൽ മത്സരിച്ച് കന്നിവിജയം നേടി. പുതുപ്പള്ളിയിലെ വിജയം അമ്പതിലേറെ വർഷമാണ് തുടർന്നത്. ഈ ലോക റെക്കോഡ് രചിക്കുന്നതിനിടയിൽ ഇ എം ജോർജ് മുതൽ ജെയ്ക്ക് സി തോമസ് വരെ നീളുന്ന 12 എതിരാളികൾ ഉമ്മൻചാണ്ടിക്ക് മുന്നിൽ പരാജയം അറിഞ്ഞു. അദ്ദേഹം ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും വരെയായി. കഴിവുറ്റ ഭരണാധികാരിയായിരിക്കുമ്പോൾത്തന്നെ തന്ത്രശാലിയും നിശിതബുദ്ധിക്കാരനുമായൊരു രാഷ്ട്രീയക്കാരനും ആ വ്യക്തിത്വത്തിൽ കുടികൊണ്ടിരുന്നു. കോൺഗ്രസിൽ ഗ്രൂപ്പിസത്തിന്റെ ശക്തനായ വക്താക്കളിലൊരാളായിരുന്ന ഉമ്മൻചാണ്ടി കരുണാകരനെപ്പോലുള്ള അതികായൻമാരെ നിശബ്ദം നിലംപരിശാക്കുന്ന കാഴ്ചകൾ കേരളം കണ്ടതാണ്. പ്രായോഗിക രാഷ്ട്രീയത്തിൽ ഒട്ടും പിഴയ്ക്കാതെ കരുക്കൾ നീക്കി പ്രതിയോഗികളെ അടിയറവ് പറയിച്ചിട്ടുള്ള ഉമ്മൻചാണ്ടി അവരോടൊക്കെ പിന്നീട് സ്നേഹവും അടുപ്പവും വച്ചുപുലർത്തി. കരുണാകരൻ രൂപീകരിച്ച ഡിഐസി എൽഡിഎഫിൽ ഇടം നേടാനാകാതെ വഴിയാധാരമാകുന്നൊരു സന്ദർഭത്തിൽ വീണ്ടും കോൺഗ്രസിന്റെ വാതായനങ്ങൾ തുറന്നുകൊടുത്തതിൽ ഉമ്മൻചാണ്ടിക്ക് അനല്പമായ പങ്കുണ്ട്. രാഷ്ട്രീയ ശത്രുക്കൾക്കിടയിൽ പോലും സുസമ്മതനായിരിക്കാനും ഉൾപ്പാർട്ടിയിൽ അനുനയത്തിലൂടെ പ്രശ്നക്കാരെ ഒതുക്കുവാനുമുള്ള അനന്യമായ സിദ്ധി ഉമ്മൻചാണ്ടിക്ക് സ്വന്തമായിരുന്നു. ഈ കഴിവുകൾ മൂലമാണ് അദ്ദേഹം സ്വന്തം പാർട്ടിയുടെ വിജയമന്ത്രവും മുഖ്യധാരാ രാഷ്ടീയക്കളരിയിൽ അസാമാന്യ മെ‌യ്‌വഴക്കമുള്ള അഭ്യാസിയായും വർത്തിച്ചത്.
ഭരണകർത്താവ് എന്ന നിലയിൽ കേരള വികസനത്തിൽ അദ്ദേഹത്തിന് ഗണ്യമായ സ്ഥാനമാണുള്ളത്. ആന്റണി സർക്കാരിന്റെ കാലത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് വേതനം എന്ന ആശയം നടപ്പാക്കിയതുമുതല്‍ ചുമട്ടുതൊഴിലാളി ക്ഷേമനിയമം വരെ ഒട്ടേറെ ഭരണനേട്ടങ്ങളുണ്ട്. മലയാള ഭാഷയ്ക്ക് അദ്ദേഹം നല്കിയ പിന്തുണയും എടുത്തുപറയേണ്ടതാണ്. 2011 സെപ്റ്റംബര്‍ ഒന്നിന് മലയാളം ഒന്നാം ഭാഷയാക്കി ഉത്തരവിറക്കുന്നത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. മലയാളഭാഷയ്ക്ക് ക്ലാസിക്കൽ പദവി നേടിയെടുക്കാൻ ശ്രമിച്ച ഉമ്മൻചാണ്ടി തന്നെയായിരുന്നു തിരൂരിൽ തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാല സ്ഥാപിച്ചതും. മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ജന സമ്പർക്കപരിപാടികളായിരിക്കണം ഉമ്മൻചാണ്ടിയെ ജനകീയ ഭരണാധിപനായി ആഴത്തിൽ അടയാളപ്പെടുത്തിയത്. വേദികളിൽ 19ഉം 20ഉം മണിക്കൂറുകൾ ചെലവഴിച്ച് പരാതികൾ കെെപ്പറ്റിയപ്പോഴായിരുന്നല്ലോ ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം തേടിയെത്തിയത്.


ഇതുകൂടി വായിക്കൂ; ഉമ്മന്‍ ചാണ്ടിക്ക് ആദരം


ഒരു രാഷ്ട്രീയക്കാരന്റെ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന വിവാദവും ആരോപണവും ആക്ഷേപങ്ങളുമെല്ലാം ഉമ്മൻചാണ്ടിക്കും പല തവണ നേരിടേണ്ടി വന്നിട്ടുണ്ട്. പാമോയിൽ കേസ്, പാറ്റൂർ ഭൂമി ഇടപാട് കേസ്, വിഴിഞ്ഞം തുറമുഖ അഴിമതി തുടങ്ങി അവസാന നാളുകളിൽ സോളാർ കേസുകൾ വരെ അദ്ദേഹത്തിനുമേൽ അപവാദത്തിന്റെ നിഴൽ പരത്തിയിട്ടുണ്ട്. അവയെ ഒക്കെയും അതിജീവിക്കാനും അദ്ദേഹത്തിനായി. വൻ പ്രക്ഷോഭങ്ങളുടെ പിന്നണിയോടെ ഉയർത്തപ്പെട്ട സോളാർ അഴിമതി ആരോപണങ്ങൾ ഭരണസ്തംഭനത്തിനും ഉമ്മൻചാണ്ടിയുടെ പതനത്തിനും വഴിവയ്ക്കുമെന്ന് കരുതിയ നാളുകളെ വളരെ നിസംഗതയോടെ നേരിടുന്ന നേതാവിനെയാണ് അക്കാലത്ത് രാഷ്ട്രീയ കേരളം കണ്ടത്. സോളാർ കേസിൽ തെളിവില്ലെന്ന് ക്രെെംബ്രാഞ്ചും സിബിഐയും കണ്ടെത്തുമ്പോഴും നിർമ്മമതയോടെ മാത്രം പ്രതികരിക്കുയായിരുന്നു ഉമ്മൻചാണ്ടി. 2021 മാർച്ചിൽ അദ്ദേഹം നടത്തിയ പ്രസ്താവന വളരെ ശ്രദ്ധേയമായിരുന്നു. ” ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഈ കേസിന്റെ പേരിൽ ഞാൻ വേട്ടയാടപ്പെട്ടത്. 50 വർഷത്തിലധികം കേരളീയ പൊതുസമൂഹത്തിന്റെ മുന്നിൽ എല്ലാ വാതിലുകളും തുറന്നിട്ടാണ് ജീവിച്ചത്. ജനങ്ങളുടെ മുന്നിൽ മറയ്ക്കാനൊന്നുമില്ല”. എങ്കിലും സോളാർ കേസും അനുബന്ധ ആരോപണങ്ങളും മുതലാണ് ഉമ്മൻചാണ്ടിയെന്ന ധെെര്യശാലിയായ നേതാവ് പരിക്ഷീണനായി തുടങ്ങിയത്.
ഉമ്മൻചാണ്ടിയുടെ വാഴ്ത്തുകളുമായി ജനങ്ങളും മാധ്യമങ്ങളും ശവമഞ്ചത്തെ മൂന്ന് ദിവസത്തിലേറെ ഇമചിമ്മാതെ അനുധാവനം ചെയ്തത് അദ്ദേഹം എല്ലാ അർത്ഥത്തിലും ജനപ്രതിനിധിയും പൊതുസേവകനുമായതിനാലാണ്. തികഞ്ഞ മതവിശ്വാസിയായിട്ടും സമൂഹത്തിന് മുന്നിൽ മതേതരനായി ഉയരാനും സർവസ്വീകാര്യനായി വളരാനും അദ്ദേഹത്തിന് കഴിഞ്ഞു. എപ്പോഴും ജനങ്ങൾക്കൊപ്പം കഴിഞ്ഞു. പകയോ, വിദ്വേഷമോ ആരോടും പ്രകടിപ്പിച്ചില്ല. നെറ്റിയിൽ കല്ലെറിഞ്ഞവനോടും കാറിൽ പടക്കമെറിഞ്ഞവർക്കും മാപ്പ് കൊടുത്തു. ജനങ്ങളോട് അധികം രാഷ്ട്രീയം പറഞ്ഞില്ല പകരം അവരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തു. സ്വജീവനെക്കുറിച്ച് യാതൊരു ആശങ്കകളുമില്ലാതെ, യാതൊരുവിധ സെക്യൂരിറ്റിയുമില്ലാതെ ട്രെയിനിൽ സെക്കന്റ് ക്ലാസിൽ കിടന്നുറങ്ങി യാത്ര ചെയ്തു. ആൾക്കൂട്ടത്തിനൊപ്പം പള്ളിപ്പടിയിൽ ഇരുന്നു പ്രാർത്ഥിച്ചു. പരിവാരങ്ങളും മാധ്യമങ്ങളുമില്ലാതെ നിശബ്ദമായി, സ്വകാര്യമായി രോഗികളെ പോയി കണ്ടു. മരണവീടുകളും വിവാഹ ഗൃഹങ്ങളും സന്ദർശിച്ചു. പുസ്തകങ്ങൾ വായിക്കുവാൻ ലഭിച്ച സമയം സഹജീവികളുടെ മനസ് വായിക്കുവാൻ വിനിയോഗിച്ചു.
വാക്കിലോ നോക്കിലോ ഒരുകാലത്തും ധാർഷ്ട്യത്തിന്റെ കണികപോലുമുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അതുകൊണ്ടാണ് അനുശോചന സന്ദേശത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയത്- ‘ഉമ്മൻചാണ്ടിയുടെ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരേടാണ്. അദ്ദേഹം അവശേഷിപ്പിച്ചുപോകുന്ന സവിശേഷതകൾ പലതും കേരള രാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിൽക്കും.’ ഒരു രാഷ്ട്രീയ നേതാവിന്റെ വേർപാടിൽ ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ട ദുഃഖാചരണത്തിനുമപ്പുറം ഒഴുകിയെത്തിയ ജനാവലിയുടെ സന്ദേശത്തിന് നമ്മൾ കാതോർക്കാതിരിക്കരുത്.

“രാഷ്ട്രീയത്തിൽ ദുരഭിമാനമോ അസഹിഷ്ണുതയോ പാടില്ല. വിമർശനത്തെ സ്വാഗതം ചെയ്യണം. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ആളാണെന്ന് സ്വയം ധരിക്കരുത്, വഴിതെറ്റിപ്പോകും. ”
- ഉമ്മൻചാണ്ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.