22 December 2024, Sunday
KSFE Galaxy Chits Banner 2

രാമന്റെ രണ്ട് കാനനയാത്രകളും ഭവിഷ്യത്തുകളും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം-12
July 28, 2023 4:15 am

കുടുംബക്കാര്‍ ഭരണാധികാരിയെ നിശ്ചയിക്കുന്ന വ്യവസ്ഥയാണ് രാജാധിപത്യം. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങള്‍ ഇല്ലെന്ന നില രാജാവിന് സങ്കല്പിക്കാന്‍ പോലും ആവില്ല. ചെങ്കോലും കിരീടവും കൈമാറാന്‍ ആളില്ലാതായാല്‍ കുടുംബത്തിന് അധികാരം നഷ്ടപ്പെടും. രാജാ ദശരഥന്‍ കുഞ്ഞുങ്ങളില്ലാത്തതില്‍ ദുഃഖിച്ചത് ഇതിനാലാണ്. കുഞ്ഞുങ്ങളുണ്ടായ ശേഷം മൂത്ത പുത്രന്‍ ശ്രീരാമനെപ്രതി, ഏറെ വേവലാതിയും വാത്സല്യവും വ്യസനവും അനുഭവിക്കാനിടയായതും രാമനില്‍ അടുത്ത രാജാവിനെ ദശരഥന്‍ കണ്ടിരുന്നു എന്നതിനാലാണ്. ജനാധിപത്യത്തിലും എന്റെ മകന്‍/ മകള്‍ അധികാര പദവിയില്‍ പിന്‍ഗാമിയാകണം എന്ന് ആഗ്രഹിക്കുന്ന ഏതൊരു നേതാവിനും ദശരഥന്‍ അനുഭവിച്ച മനോവിഷമങ്ങളെല്ലാം അനുഭവിക്കേണ്ടി വരും. ശ്രീരാമന് രണ്ടുതവണ കാട്ടിലേക്ക് പോകേണ്ടി വന്നിട്ടുണ്ട്. ആദ്യ കാനനയാത്ര വിശ്വാമിത്ര മഹര്‍ഷിയോടൊപ്പം യാഗരക്ഷ ചെയ്യുന്നതിനായിരുന്നു. രണ്ടാമത്തെ കാനനയാത്ര രാജാധികാരം വിട്ട് പതിനാലു വര്‍ഷം കാട്ടില്‍ വാഴുക എന്ന താതാജ്ഞ അനുസരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. രണ്ടുയാത്രയിലും രാമന് അകമ്പടിയായി ലക്ഷ്മണ കുമാരന്‍ ഉണ്ടായിരുന്നു. രാജാ ദശരഥന്‍ പ്രാണന്‍ പറിക്കുന്ന വേദനയോടെയാണ് രാമനെ രണ്ടുതവണയും കാട്ടിലേക്ക് അയക്കുന്നതും.


ഇതുകൂടി വായിക്കൂ: അധ്യാത്മ രാമായണത്തിന്റെ ജനകീയതയും വിപ്ലവാത്മകതയും


വിശ്വാമിത്രനോടൊത്തുള്ള കാനനയാത്രയില്‍ താടകാവധം, അഹല്യാമോക്ഷം, ബല-അതിബല എന്നീ മന്ത്രവിദ്യകളുടെ അഭ്യസനവും സിദ്ധി കൈവരിക്കലും, ശിവചാപം മുറിച്ചു സീതയെ പരിണയിക്കല്‍ എന്നിങ്ങനെ ഒരുപാട് നേട്ടങ്ങള്‍ രാമനും അയോധ്യക്കും ഉണ്ടാവുന്നുണ്ട്. എന്നാല്‍ രണ്ടാമത്തെ പതിനാലു വര്‍ഷത്തെ കാനന വാസത്തില്‍ സീതാനഷ്ടം എന്ന വലിയ കോട്ടത്തോടു കൂടിയ നേട്ടങ്ങളാണ് ഉണ്ടാവുന്നത്. സീതയെ നഷ്ടപ്പെട്ട ശേഷം കാട്ടില്‍ കഴിയുമ്പോഴും രാജാവായി നാട്ടിലെ കൊട്ടാരത്തില്‍ കഴിയുമ്പോഴും രാമമാനസം സ്വാസ്ഥ്യവും ആനന്ദവും അനുഭവിച്ചിട്ടേയില്ല. ഏതൊന്നിന്റെ അഭാവം അഥവാ അസാന്നിധ്യത്തിലാണോ നമ്മുടെ സ്വാസ്ഥ്യവും ആനന്ദവും അലങ്കോലപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യുന്നത് അതിനെയാണ് നാം പ്രാണപ്രിയമായി പ്രണയിക്കുന്നത് എന്നു മനസിലാക്കാം.


ഇതുകൂടി വായിക്കൂ: രാമായണം; വായനയും പ്രതി വായനയും


രാമന്റെ അസാന്നിധ്യത്തോടെ സ്വാസ്ഥ്യം നഷ്ടപ്പെട്ട ദശരഥന്‍ സൗഭാഗ്യങ്ങളുടെയും ശുശ്രൂഷകരുടെയും നടുവിലും തനിച്ചായിത്തീര്‍ന്ന്, നെഞ്ചുരുകി പിടഞ്ഞുമരിച്ചു. ഇത് ദശരഥന് ഏറ്റവും പ്രിയം രാമനോടായിരുന്നു എന്നാണ് തെളിയിക്കുന്നത്. ഈ നിലയില്‍ പരിശോധിച്ചാല്‍ സീതയോടായിരുന്നു രാമന് ഏറ്റവും പ്രിയം എന്നു പറയേണ്ടിവരും. കാരണം സീതയുടെ അസാന്നിധ്യത്തോളം രാമന്റെ ഉളളുലയ്ക്കാന്‍ മറ്റൊന്നിനും ആയിട്ടില്ല. സീതാപരിത്യാഗത്തിന്റെ പേരില്‍ രാമനെ കുറ്റപ്പെടുത്തുന്നതു ശരിയായിരിക്കെത്തന്നെ, സീതയെപ്രതി നൊന്തിടത്തോളം രാമമാനസം മറ്റൊന്നിനാലും നൊന്തിട്ടില്ല എന്ന വൈകാരിക വാസ്തവം വിസ്മരിക്കാന്‍ പാടില്ല. ഒന്നാം കാനനയാത്രയില്‍ രാമനു സിദ്ധിച്ച വലിയ നേട്ടമായ സീതാദേവിയെ നഷ്ടപ്പെട്ടു എന്നതാണ്, രാവണവധം ഉള്‍പ്പെടെയുള്ള വലിയ നേട്ടങ്ങളുള്ളപ്പോഴും രാമന്റെ രണ്ടാം കാനനയാത്രയെ വലിയ നഷ്ടത്തോടു കൂടിയതാക്കുന്നത്. ‘ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടെന്നാല്‍ പിന്നെന്തു കാര്യം’ എന്ന ബൈബിളിലെ ചോദ്യത്തിനു രാമമാനസത്തിലാകണം ആദ്യത്തെ ജനനം ഉണ്ടായത് എന്ന് തോന്നുന്നു.‘

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.