അയ്യായിരം ഭടന്മാർ ചേർന്ന് ചുമക്കേണ്ടത്ര ഭാരവത്തായ ചാപമാണ് ശിവചാപം. അത് ഒറ്റകയ്യാൽ എടുത്തുപൊക്കി കുലച്ചൊടിച്ചാണ് ശ്രീരാമൻ ജനകാത്മജയായ സീതയെ വിവാഹം കഴിക്കാൻ യോഗ്യത തെളിയിക്കുന്നത്. [വാല്മീകി രാമായണം; ബാലകാണ്ഡം; സർഗം 67 ശ്ലോകം 4] വാല്മീകി രാമായണത്തിൽ തന്നെ പലേടത്തും വിഷ്ണുവിന്റെ അവതാരമായി വാഴ്ത്തപ്പെടുന്ന ശ്രീരാമൻ [വാല്മീകി രാമായണം; സർഗം 1; ശ്ലോകം 7 ശ്രദ്ധിക്കുക] ശിവചാപം കുലച്ചൊടിച്ചത് വൈഷ്ണവ ഭക്തരെ ഹർഷ പുളകിതരാക്കിയേക്കാം എങ്കിലും, ശൈവഭക്തരെ അത്രമേൽ സന്തോഷിപ്പിക്കാനിടയില്ല. ഇന്നായിരുന്നെങ്കിൽ, ശിവചാപം ഒടിച്ച ശ്രീരാമൻ ശിവനേയും ശിവഭക്തരേയും അപമാനിച്ചെന്നു പറഞ്ഞ് എല്ലാ കോടതികളിലും രാമനെതിരെ കേസു കൊടുത്തേനെ ശിവഭൂതഗണങ്ങൾ അഥവാ ശിവസേനക്കാർ. എന്തായാലും രാമൻ സീതയെ വേൾക്കുമ്പോൾ കൂട്ടത്തിൽ രാമ സഹോദരങ്ങളായ ഭരത ലക്ഷ്മണ ശത്രുഘ്നന്മാർ തന്റെ മൂന്നുപുത്രിമാരെ കൂടി വിവാഹം ചെയ്തെങ്കിൽ എന്ന ആശയം ജനക മഹാരാജാവിനു തോന്നി. ആ ആശയം അദ്ദേഹം വിശ്വാമിത്ര മഹർഷിയോടും മറ്റും പങ്കിട്ടു. കേട്ടവർ എല്ലാവരും ജനകന്റെ ആശയം അംഗീകരിക്കുകയും ചെയ്തു. അങ്ങിനെ സീതാരാമന്മാരോടൊപ്പം തന്നെ ഭരതൻ മാണ്ഡവിയേയും ലക്ഷ്മണൻ ഊർമ്മിളയേയും ശത്രുഘ്നൻ ശ്രുതകീർത്തിയേയും വിവാഹം ചെയ്തു. ത്രികാലജ്ഞരായ വസിഷ്ഠൻ, വിശ്വാമിത്രൻ, വാമദേവൻ തുടങ്ങിയ ഋഷിവര്യന്മാർ കൂടിയാലോചിച്ചു നിശ്ചയിച്ച ശുഭമുഹൂർത്തിൽ എല്ലാ വൈദികക്രിയകളും വിധിയാംവണ്ണം ചെയ്താണ് സീതാരാമന്മാരുടേയും സഹോദരങ്ങളുടേയും വിവാഹം നടക്കുന്നത്. പക്ഷേ ഈ നാലു രാജകുമാരന്മാരായ സഹോദരന്മാരുടേയും രാജകുമാരിമാരായ സഹോദരിമാരുടേയും വിവാഹ ജീവിതം വിരഹാദി ദുഃഖകലുഷമായിരുന്നു. മഹർഷിമാർ കുറിച്ച ശുഭമുഹൂർത്തത്തിൽ വിവാഹം നടന്നു എന്നതിനാൽ മാത്രം വിവാഹ ജീവിതം സുഖക്ഷേമാദികളോടു കൂടിയതാകണമെന്നില്ല എന്ന പാഠവും രാമായണത്തിൽ നിന്നു പഠിക്കണം.
വിവാഹം കഴിഞ്ഞു അയോധ്യയിൽ എത്തി ഏതാനും ദിവസങ്ങൾ കഴിയും മുമ്പേ തന്നെ ഭരതനും ശത്രുഘ്നനും അമ്മാവനോടൊപ്പം കേകയത്തിലേക്ക് പോകുന്നുണ്ട്. ഭരത ശത്രുഘ്നന്മാർ കേകയത്തിനു പോകുമ്പോൾ ഭാര്യമാരായ മാണ്ഡവിയേയും ശ്രുതകീർത്തിയേയും കൂടെ കൊണ്ടുപോകുന്നതായി വാല്മീകി രാമായണം സ്പഷ്ടമാക്കിയിട്ടില്ല. അതിനർത്ഥം മാണ്ഡവിയും ശ്രുതകീർത്തിയും ഭർത്തൃ വിരഹം അനുഭവിച്ചുകൊണ്ട് അയോധ്യയിൽ കഴിഞ്ഞു കൂടേണ്ടി വന്നു എന്നാണ്. എന്നാൽ മാണ്ഡവിയുടേയും ശ്രുതകീർത്തിയുടേയും ഭർത്തൃ വിയോഗവ്യഥയെ തെല്ലുംപരിഗണിക്കാതെ, സീതയോടൊത്ത് രാമനും ഊർമ്മിളയോടൊത്ത് ലക്ഷ്മണനും പ്രേമോല്ലാസ ജീവിതം നയിക്കുകയായിരുന്നു അയോധ്യയിൽ. ഭർത്താവിനോടൊത്തുളള ജീവിതം ഏറ്റവും കൂടുതൽ അനുഭവിച്ച ജനക പുത്രി സീതയാണ്. സീതയ്ക്ക് അയോധ്യയിലെ പട്ടുമെത്തയിലും ആരണ്യത്തിലെ പുൽത്തടുക്കിലും രാമനോടൊപ്പം രമിച്ചു ജീവിക്കാൻ ഭാഗ്യമുണ്ടായി. എന്നാൽ ഊർമ്മിളയ്ക്ക് അയോധ്യയിലെ ഏതാനും വർഷങ്ങൾ മാത്രമേ ലക്ഷ്മണനോടൊത്തുള്ള സഹവാസം കിട്ടിയുളളൂ. കാനന വാസത്തിനു രാമനെ സീത എന്നപോലെ ലക്ഷ്മണനെ ഊർമ്മിള അനുഗമിച്ചിരുന്നില്ലല്ലോ. മാണ്ഡവിക്ക് ഭരതനേയും ശത്രുഘ്നനു ശ്രുതകീർത്തിയേയും അയോധ്യയിൽ വച്ചോ നന്ദിഗ്രാമിൽ വച്ചോ സഹവസിച്ചും സഹശയനം ചെയ്തും പൊറുക്കാനുളള സന്ദർഭങ്ങൾ വളരെ വളരെ കുറച്ചേ കിട്ടിയുള്ളൂ.
രാമപാദുകം സിംഹാസനത്തിൽ വെച്ചു മുനിവൃത്തി വരിച്ചു നന്ദിഗ്രാമിൽ പാർത്തു രാജ്യഭരണം നിർവ്വഹിച്ച ഭരതനും അദ്ദേഹത്തിന്റെ ജ്വലിക്കുന്ന നിഴലായ ശത്രുഘ്നനും പതിന്നാലു വർഷത്തെ രാജ്യഭരണക്കാലത്തിനുള്ളിൽ ഭാര്യമാരെ പുണർന്നു പുൽകി രമിക്കാൻ എത്രത്തോളം തയ്യാറായിട്ടുണ്ടാകുമെന്നു ഊഹിക്കാവുന്നതേയുളളൂ. ധർമ്മ തപസ്സിന്റെ കൊടുംവേനലിൽ തൂവിപോകുന്ന ചാറ്റൽ മഴപോലെയാണ് സീതരാമന്മാരുടേയും സഹോദരങ്ങളുടേയും ദാമ്പത്യ ജീവിതത്തിലെ കാമപ്രഹർഷം എന്നു പറയാം. ഇതിൽ തന്നെ നന്നായൊന്നു നനയാവുന്ന നിലയിൽ കാമം എന്ന വേനൽമഴ കനത്തു പെയ്തത് സീതാരാമന്മാരുടെ ജീവിതത്തിൽ മാത്രമാണ്. വിവാഹം കഴിഞ്ഞിട്ടും ഒന്നിച്ചു ജീവിക്കാൻ ഏറെനാൾ സാധിക്കാത്ത വിധം ജീവിത പ്രാരാബ്ധങ്ങൾക്കു പരിഹാരമുണ്ടാക്കാൻ ഗൾഫുനാടുകളിൽ ചോര നീരാക്കുന്ന പ്രവാസികളായ സാധാരണക്കാരുടെ വിരഹാർത്ത നിലയുടെ നിലവിളിച്ചൂടിന്റെ പൂർവ്വ മാതൃക സീതരാമന്മാരുടേയും സഹോദരങ്ങളുടേയും ദാമ്പത്യ ജീവിതത്തിൽ കാണാം എന്നു ചുരുക്കം. ഒന്നിച്ചിട്ടും ഒന്നിച്ചു ജീവിക്കാനാവാത്തതിന്റെ ഉൾനോവുകളുടെ പ്രാണപ്പിടച്ചിൽ രാമന്റേയും സഹോദരങ്ങളുടേയും ദാമ്പത്യ ജീവിതത്തിലും പ്രവാസി മാനവരുടെ ദാമ്പത്യത്തിലും ഒരു ശോകശ്രുതിയായി പതുക്കെ വിതുമ്പിക്കൊണ്ടിരിക്കുന്നത് നിപുണ ശ്രോതങ്ങൾക്കു കേൾക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.