18 December 2024, Wednesday
KSFE Galaxy Chits Banner 2

ഗ്വാട്ടിമാലയിലെ വെളിച്ചം

സത്യകി ചക്രവർത്തി
August 4, 2023 4:30 am

ദേശീയ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ നിന്ന് പ്രതീക്ഷയുടെ നേരിയ കിരണങ്ങളുണ്ട്. ജൂൺ 25ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മധ്യ‑ഇടതുപക്ഷ പാർട്ടിയായ സെമില്ലയുടെ സ്ഥാനാർത്ഥി ബെർണാഡോ അരെവാലോ 12 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തിയതാണ് പ്രതീക്ഷയ്ക്ക് വക നൽകുന്നത്. ഒന്നാമതെത്തിയ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി സാന്ദ്ര ടോറസിന് ലഭിച്ചത് 15 ശതമാനം വോട്ടായിരുന്നു. കേവലം മൂന്നു ശതമാനം മാത്രം കൂടുതൽ. ഓഗസ്റ്റ് 20ന് അവസാന ഘട്ടത്തിൽ ഇവർ രണ്ടുപേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 160 അംഗ ചേംബർ ഓഫ് ഡെപ്യൂട്ടീസിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മുൻകാല സർവേകൾ അരെവാലോയുടെ സെമില്ല പാർട്ടിക്ക് ആദ്യ ഏഴ് സ്ഥാനാർത്ഥികളിൽ പോലും ഉൾപ്പെടാതെ മൂന്നു ശതമാനം വോട്ടുകൾ മാത്രമാണ് പ്രവചിച്ചിരുന്നത്. എന്നാൽ ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പുള്ള ആഴ്ചകളിൽ നിലവിലെ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും അഴിമതിക്കും എതിരെ എല്ലാ വിഭാഗം ജനങ്ങളും അണിനിരന്ന വൻ പ്രകടനങ്ങൾ രാജ്യത്ത് നടന്നു. അതിലൂടെയാണ് അരെവാലോ രണ്ടാമതെത്തുകയും മുൻ പ്രഥമ വനിതയും വലതുപക്ഷ പാർട്ടി യുഎൻഇ (നാഷണൽ യൂണിറ്റി ഫോർ ഹോപ്പ്) യുടെ സ്ഥാനാർത്ഥിയുമായ സാന്ദ്ര ടോറസിനെതിരെ മത്സരിക്കുകയും ചെയ്യുന്നത്.
വലതുപക്ഷ മാധ്യമങ്ങളും ഭരണകക്ഷിയും അരെവാലോയെ കമ്മ്യൂണിസ്റ്റ്-അദ്ദേഹം അത് സമ്മതിക്കില്ലെങ്കിലും-എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ പാർട്ടിയുടെ നിലപാടുകൾ തീർച്ചയായും വലതുപക്ഷത്തിൽ നിന്നുള്ള മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഗ്വാട്ടിമാലയിൽ ദീർഘകാലമായി ഭരിക്കുന്നവർക്ക് നേരിട്ടുള്ള വെല്ലുവിളിയാണ് സെമില്ല വാഗ്ദാനം ചെയ്യുന്ന നയങ്ങൾ. കോടിക്കണക്കിന് രൂപ പൊതുമേഖലയിൽ നിക്ഷേപിക്കുമെന്ന് പാർട്ടി ഉറപ്പു നൽകുന്നു. എല്ലാവരെയും ഉൾക്കൊള്ളുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസവും പൊതുജനാരോഗ്യസംരക്ഷണവും മെച്ചപ്പെടുതല്‍ തുടങ്ങി, ബ്രസീൽ പ്രസിഡന്റ് ലുലയുടെ നയങ്ങൾക്ക് സമാനമാണ് സെമില്ല മുന്നോട്ടുവയ്ക്കുന്ന പരിപാടികൾ. കൂടാതെ ചൈനീസ് ജനകീയ റിപ്പബ്ലിക്കുമായി സാമ്പത്തികവും നയതന്ത്രപരവുമായ ബന്ധങ്ങൾ സ്ഥാപിക്കണമെന്നും അരെവാലോ ആഗ്രഹിക്കുന്നു.
തായ്‍വാനിലെ തായ്‌പേ അധികാരികളെ ഇപ്പോഴും ഔദ്യോഗിക സർക്കാർ എന്ന നിലയിൽ അംഗീകരിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഗ്വാട്ടിമാല. രാജ്യത്തെ ചില പ്രധാന പ്രകൃതിവിഭവങ്ങളുടെമേൽ സർക്കാർ നിയന്ത്രണവും അരെവാലോ വാഗ്ദാനം ചെയ്യുന്നു. അതിലൂടെ യുഎസ്എയിലെ വൻകിട ബഹുരാഷ്ട്ര കമ്പനികളുടെ നിയന്ത്രണം കുറയ്ക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സ്വേച്ഛാധിപതികളുടെയും പിന്നീട് തീവ്ര വലതുപക്ഷ ഭരണകൂടങ്ങളുടെയും കാലത്ത് ഗ്വാട്ടിമാല യുഎസിന്റെ മാതൃകയിലുള്ള വിദേശനയമാണ് പിന്തുടർന്നു വന്നിരുന്നത്. ഭരണത്തിലെത്തിയാൽ ഇതിൽ മാറ്റം വരുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: വൈറ്റ് ഹൗസിൽ മോഡിയുടെ പൊള്ളവാക്കുകള്‍


അതുകൊണ്ടുതന്നെ വൻകിട കോർപറേറ്റുകളും പ്രഭുക്കന്മാരും വെറുതെ ഇരിക്കുമെന്ന് കരുതാൻ വയ്യ. ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം രാജ്യത്ത് ഉണ്ടായിരിക്കുന്ന മുന്നേറ്റം തടയാൻ അവർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായാണ് ടോറസിന്റെ യുഎൻഇയും ഭരണകക്ഷിയായ വാമോസ് പാർട്ടിയും ഉൾപ്പെടെയുള്ള വലതുപക്ഷ കക്ഷികൾ കോടതിയെ സമീപിക്കുകയും ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ ബാലറ്റുകൾ പരിശോധിക്കണമെന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തത്. ജൂലൈ ഒന്നിനാണ് ഈ ഉത്തരവുണ്ടായത്. ഉന്നത തെരഞ്ഞെടുപ്പ് ട്രിബ്യൂണൽ (ടിഎസ്ഇ) തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചെങ്കിലും വലതുപക്ഷം എതിർപ്പ് അവസാനിപ്പിച്ചില്ല. വിശേഷാധികാരങ്ങളുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ഓഫിസി(എഫ്ഇസിഐ)ന്റെ പുതിയ തലവൻ റാഫേൽ കുറുഷി ഷേയെ ഉപയോഗിച്ച് ജൂലൈ 12ന് അരെവാലോയെ അയോഗ്യനായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചായിരുന്നു നടപടി. എന്നാൽ ടിഎസ്ഇയുടെ അനുച്ഛേദം 92 പ്രകാരം തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനു ശേഷം അവസാനിക്കുന്നതുവരെ ആർക്കെതിരെയും നടപടി എടുക്കരുതെന്ന് വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അരെവാലോയെ അയോഗ്യനാക്കിയ പ്രോസിക്യൂട്ടറുടെ തീരുമാനം ടിഎസ്ഇ ജൂലൈ 13ന് റദ്ദാക്കുകയായിരുന്നു.
എന്നാൽ ജനാധിപത്യത്തോടുള്ള ഭരണവർഗത്തിന്റെ അവഗണന വ്യക്തമാക്കി യാഥാസ്ഥിതികർ കൈകാര്യം ചെയ്യുന്ന പൊതു മന്ത്രാലയം ഫലങ്ങൾ സാക്ഷ്യപ്പെടുത്താതെ ആദ്യഘട്ട തെരഞ്ഞെടുപ്പ് വേളയിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച അന്വേഷണം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ, തെരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകൾ പ്രതിഷേധിച്ചു.


ഇതുകൂടി വായിക്കൂ: ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ ബ്രസീല്‍ പ്രസിഡന്റ്


സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്ന ആവശ്യമാണ് അരെവാലോയെ പിന്തുണയ്ക്കുന്നവർ പ്രധാനമായും ഉന്നയിക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിൽ ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷുബ്ധമായചരിത്രം രചിച്ച രാജ്യമാണ് ഗ്വാട്ടിമാല. 1931 മുതൽ ഭരിച്ചിരുന്ന ഏകാധിപതി ജോർജ് യുബിക്കോയെ തൊഴിലാളി സംഘടനകളുടെ സഖ്യം പുറത്താക്കിയിരുന്നു. 1944ലുണ്ടായ ഈ സംഭവം ‘ഒക്ടോബർ വിപ്ലവം’ എന്നാണ് അറിയപ്പെടുന്നത്. പിന്നീടുള്ള 10വർഷം ജനാധിപത്യ പ്രക്രിയയുടെ കാലഘട്ടമായിരുന്നു. വസന്തത്തിന്റെ പത്ത് വർഷങ്ങൾ എന്നാണ് ഈ കാലയളവ് വിശേഷിപ്പിക്കപ്പെടുന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാർത്ഥി ബെർണാഡോ അരെവാലോയുടെ പിതാവ് ജുവാൻ ജോസ് അരെവാലോ ആയിരുന്നു ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിലൂടെ അന്ന് അധികാരമേറ്റത്. റവല്യൂഷണറി ആക്ഷൻ പാർട്ടി ഭരിച്ച കാലയളവിൽ പൊതുജീവിതവും രാഷ്ട്രീയവും കൂടുതൽ ഉദാരവൽക്കരിക്കപ്പെട്ടു. ഗ്വാട്ടിമാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സെക്യൂരിറ്റി ഉൾപ്പെടെയുള്ള തൊഴിൽ പരിഷ്കാരങ്ങളും പുതിയ ഭരണഘടനയും നടപ്പിലാക്കി. ഈ നയങ്ങൾക്ക് ആത്മീയ സോഷ്യലിസം എന്നായിരുന്നു ജുവാൻ ജോസ് അരെവാലോ പേരിട്ടിരുന്നത്.
അക്കാലത്ത് വിദേശ‑ആഭ്യന്തര ഭൂവുടമകളിൽ നിന്നും 14 ലക്ഷത്തിലധികം ഏക്കർ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുകയുണ്ടായി. തദ്ദേശീയരായ അഞ്ച് ലക്ഷത്തിലധികം ഭൂരഹിതർക്കാണ് ഇവ ലഭിച്ചത്. ഇത് യുഎസ് കമ്പനികളെ, പ്രത്യേകിച്ച് യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയെ പ്രതികൂലമായി ബാധിച്ചു. അതുകൊണ്ടുതന്നെ ബഹുരാഷ്ട്ര കമ്പനികൾ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ മുഖേന തീവ്ര വലതുപക്ഷവുമായി ഗൂഢാലോചന നടത്തി സർക്കാരിനെ താഴെയിറക്കുകയായിരുന്നു. തീവ്ര വലതുപക്ഷത്തിന്റെ സ്വേച്ഛാധിപത്യം മുമ്പത്തെ എല്ലാ പുരോഗമനപരിഷ്കാരങ്ങളെയും മാറ്റിമറിക്കാൻ തുടങ്ങി. കഴിഞ്ഞ നൂറ്റാണ്ടിൽ 90കളുടെ അവസാനം വരെ ആ പ്രക്രിയ തുടർന്നു.

1996 മുതൽ ഇതുവരെ ഗ്വാട്ടിമാലൻ രാഷ്ട്രീയം യാഥാസ്ഥിതികരുടെയും വൈദേശിക വരേണ്യവിഭാഗത്തിന്റെയും ആധിപത്യത്തിൽ തുടരുകയാണ്. മാസങ്ങൾ നീണ്ട പ്രതിഷേധത്തെ തുടർന്ന് 2015 സെപ്റ്റംബർ 15ന് പ്രസിഡന്റായിരുന്ന ഓട്ടോ പെരേസ് മൊലീന രാജിവച്ചൊഴിഞ്ഞിരുന്നു. 1982–83 കാലത്തുണ്ടായ ആഭ്യന്തരയുദ്ധ വേളയിൽ ആയിരക്കണക്കിന് തദ്ദേശീയരുടെ കൂട്ടക്കൊലയ്ക്ക് കാരണമായ സൈനിക നടപടികളിൽ പങ്കെടുത്ത വ്യക്തിയായിരുന്നു ഓട്ടോ പെരേസ്. രാജിക്ക് ശേഷം ഭരണകാലത്ത് ദശലക്ഷക്കണക്കിന് ഡോളർ കബളിപ്പിച്ചു എന്നതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഈ പശ്ചാത്തലങ്ങൾ ഉള്ളതുകൊണ്ടുതന്നെ 1954നു ശേഷം ആദ്യമായി ഗ്വാട്ടിമാലയിലെ സാധാരണ ജനങ്ങൾ ഓഗസ്റ്റ് 20ലെ തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണ്.


ഇതുകൂടി വായിക്കൂ: ഫ്രഞ്ച് ഇടതുപക്ഷ ബദല്‍ ശ്രദ്ധേയം


കഴിഞ്ഞ നൂറ്റാണ്ടിലെ സാധാരണക്കാരനായ ഒരു ഭരണാധികാരിയുടെ മകൻ സമാനമായ ഒരു തെരഞ്ഞെടുപ്പുമായി ഇത്തവണ അന്തിമഘട്ട മത്സര രംഗത്ത് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. പിതാവിന്റെ കാലത്തെന്നതുപോലെ അധഃസ്ഥിതർക്കു വേണ്ടിയുള്ള ഭൂമി വിതരണവും ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളുടെ വ്യാപനവും ഉണ്ടാകണമെന്നും അവർ ആഗ്രഹിക്കുന്നു. ഗ്വാട്ടിമാലൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അരെവാലോയ്ക്ക് പിന്തുണ നൽകിയിട്ടുണ്ട്. തദ്ദേശീയ സോഷ്യലിസ്റ്റ് പാർട്ടി രാജ്യത്ത് വ്യക്തമായും വെളിപ്പെട്ടുകൊണ്ടിരിക്കുന്ന വലതുപക്ഷ തെരഞ്ഞെടുപ്പ് അട്ടിമറി നീക്കത്തിനെതിരെ ഐക്യപ്പെടണം എന്ന് ആഹ്വാനം ചെയ്തു. കർഷക യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകളും രംഗത്തിറങ്ങണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങൾ സാക്ഷ്യപ്പെടുത്താൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ അഴിമതി സർക്കാരിനെതിരെ എല്ലാ ജനങ്ങളെയും അണിനിരത്തുമെന്ന് 48 പ്രാദേശിക ഭരണസമിതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്വാട്ടിമാലൻ കമ്മ്യൂണിസ്റ്റ് പാർട്ടി പുറപ്പെടുവിച്ച പ്രസ്താവനയിൽ സെമില്ലയുടെ വിജയം വലതുപക്ഷാധിപത്യമുള്ള സർക്കാരിന്റെ നവ യാഥാസ്ഥിതിക നയങ്ങളിൽ നിന്നുള്ള പുരോഗമനപരമായ മാറ്റത്തെയാണ് പ്രതിനിധീകരിക്കുകയെന്ന് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ അഭിലാഷം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഐക്യത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്തു. തൊഴിലാളി യൂണിയൻ പ്രവർത്തകർ അരെവാലോയുടെ വിജയത്തിനായി പ്രചരണം നടത്തുന്നുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിന് രണ്ടാഴ്ച ബാക്കിയുണ്ടെങ്കിലും പ്രവർത്തനങ്ങൾ അതിന്റെ ഉന്നതിയിലാണ്. രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് ഉണ്ടാകുമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ വലതുപക്ഷവും അത് നിയന്ത്രിക്കുന്ന ഭരണകൂടവും അനുവദിക്കുമോ എന്നതാണ് അവശേഷിക്കുന്ന വലിയ ചോദ്യം.

(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.