26 November 2024, Tuesday
KSFE Galaxy Chits Banner 2

വിലക്കയറ്റം: കേരളം പൊരുതിനില്‍ക്കുന്നു

ജി ആര്‍ അനില്‍
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
August 18, 2023 4:23 am

രാജ്യമെങ്ങും അഭൂതപൂര്‍വമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കുകയാണ്. ഉല്പാദക സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും മുതല്‍ ആഗോള സംഘര്‍ഷങ്ങള്‍ വരെ ഈ സ്ഥിതിവിശേഷത്തിന് കാരണമായിട്ടുണ്ട്. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഈ അവസ്ഥ ബാധിക്കാതെ പോവുക അസാധ്യവുമാണ്. എന്നാല്‍ ജനങ്ങളെ ഈ വിഷമഘട്ടത്തില്‍ പരമാവധി സഹായിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം രൂക്ഷമായ വിലക്കയറ്റത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യത്തെങ്ങുമില്ലാത്തത്രയും വിപുലവും കാര്യക്ഷമവുമായ പൊതുവിതരണ സംവിധാനവും വിപണി ഇടപെടല്‍ ശൃംഖലയും കാണാന്‍കൂട്ടാക്കാതെ താല്‍ക്കാലികമായ ഏതെങ്കിലും പോരായ്മകളെ പെരുപ്പിച്ചു കാണിക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട വിവരങ്ങള്‍. ഉപഭോക്തൃവില സൂചികയെ അടിസ്ഥാനപ്പെടുത്തിയ പണപ്പെരുപ്പത്തിന്റെ നില പരിശോധിക്കുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് കേരളം. പണപ്പെരുപ്പത്തിന്റെ ദേശീയ ശരാശരി 7.44 ശതമാനം ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 6.43 മാത്രമാണ്. തൊട്ടടുത്തുള്ള സംസ്ഥാനമായ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ പണപ്പെരുപ്പത്തിന്റെ തോത് 7.85 ശതമാനവും കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനില്‍ 9.66 ശതമാനവുമാണ്. ബിജെപി ഭരണത്തിലുള്ള ഉത്തര്‍പ്രദേശില്‍ 8.13ഉം ഗുജറാത്തില്‍ 7.46 ശതമാനവുമാണ്. ജമ്മു കശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഉള്‍പ്പെടെ ഏതാനും ഇടങ്ങളില്‍ മാത്രമാണ് കേരളത്തെക്കാള്‍ താഴ്ന്ന നിരക്ക് ഈ മാസം രേഖപ്പെടുത്തിയിട്ടുള്ളത്.

 


ഇതുകൂടി വായിക്കൂ;തെരഞ്ഞെടുപ്പ് വരുന്നു; വർഗീയ സംഘര്‍ഷങ്ങളും


പണപ്പെരുപ്പവും വിലക്കയറ്റവും ഇരട്ട സഹോദരങ്ങളാണ്. ഒന്ന് മറ്റൊന്നിന്റെ മാനദണ്ഡമായി കണക്കാക്കപ്പെടുന്നു. മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങള്‍ മിക്കതും കേരളത്തെക്കാള്‍ എത്രയോ വിസ്തൃതമായ കൃഷിഭൂമി ഉള്ളവയാണ്. ജനങ്ങളില്‍ ഭുരിപക്ഷവും കാര്‍ഷികവൃത്തിയില്‍ ജീവിക്കുന്നവരുമാണ്. ഇപ്പോഴത്തെ ഉപഭോക്തൃ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പച്ചക്കറിയുടെ വിലക്കയറ്റമാണ്. ഉല്പാദകസംസ്ഥാനങ്ങളെക്കാളും വിലക്കുറവ് ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലുണ്ടെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് യാദൃച്ഛികമല്ല. കേരളസര്‍ക്കാര്‍ നടത്തുന്ന ഫലപ്രദമായ വിപണി ഇടപെടല്‍ ഫലം കണ്ടതുകൊണ്ടാണ്. ഭക്ഷ്യഭദ്രതാ നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ 43 ശതമാനം വരുന്ന മുന്‍ഗണനാവിഭാഗങ്ങള്‍ക്ക് മാത്രമായി റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത പരിമിതപ്പെടുത്തി.
എന്നാല്‍ ശേഷിക്കുന്ന 57 ശതമാനം മുന്‍ഗണനേതര വിഭാഗങ്ങളെയും കഴിയുംവിധം സഹായിക്കുന്ന സമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇവരില്‍ സൗജന്യ നിരക്കിലുള്ള ഭക്ഷ്യധാന്യത്തിന് കൂടുതല്‍ അര്‍ഹരായവരെ നോണ്‍ പ്രയോറിറ്റി സബ്സിഡി (നീല കാര്‍ഡ്) വിഭാഗമാക്കി സംസ്ഥാന സര്‍ക്കാര്‍ സൗജന്യനിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുന്നു.


ഇതുകൂടി വായിക്കൂ;‘മഹാപടവ്’ തൊഴിലാളി പ്രക്ഷോഭം


അതിവിപുലമായ ഒരു വിപണി ഇടപെടല്‍ ശൃംഖലയാണ് സപ്ലൈകോ വഴി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 1600ലധികം വില്പനശാലകളിലൂടെ ഗണ്യമായ വിലക്കുറവില്‍ ഇവിടെ നിത്യോപയോഗവസ്തുക്കള്‍ ലഭിക്കുന്നു. 13 ഇനം അവശ്യവസ്തുക്കള്‍ 2016 മേയ് മുതല്‍ അന്നുണ്ടായിരുന്ന വിലയില്‍ ലഭ്യമാക്കുന്നു. ഇവയില്‍ ചില ഇനങ്ങള്‍ തീര്‍ന്നു പോകുന്നതുമൂലമുണ്ടായ സമീപകാല വിവാദങ്ങള്‍ തന്നെ സാധാരണക്കാരുടെ നിത്യജീവിതത്തെ ഈ സംവിധാനം എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. പൊതുവിതരണ രംഗത്തെ കൂടുതല്‍ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി കെ-സ്റ്റോര്‍ പദ്ധതി ആരംഭിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവയ്പുമുള്‍പ്പെടെയുള്ള അനഭിലഷണീയ പ്രവണതകള്‍ തടയുന്നതിനായി ശക്തമായ പരിശോധനാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് കാലമുള്‍പ്പെടെയുള്ള ദുരന്തഘട്ടങ്ങളിലെല്ലാം മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ ഭക്ഷ്യ കിറ്റുകള്‍ നല്‍കുകയുണ്ടായി. 2020 മാര്‍ച്ചിനുശേഷം 14 തവണകളിലായി 12 കോടിയില്‍പ്പരം സൗജന്യ ഭക്ഷ്യ കിറ്റുകളാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം നടത്തിയത്. ഇത്തവണ അന്ത്യോദയ അന്നയോജന കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമാണ് (നാല് പേര്‍ക്ക് ഒന്ന് എന്ന തോതില്‍) 14 ഇനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. ഒരു ക്ഷേമരാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ പൊതുവിതരണ–വിപണി ഇടപെടല്‍ സംവിധാനം മാതൃകാപരമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പ്രതിസന്ധികള്‍ക്കിടയിലും വിലക്കയറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞത്. ഇതിനെ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ഏവരുടെയും സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.