10 January 2025, Friday
KSFE Galaxy Chits Banner 2

സംരക്ഷിക്കപ്പെടേണ്ട കൈത്തറി വ്യവസായം

സി എസ് അശോകൻ 
August 29, 2023 4:08 am

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ പ്രമുഖസ്ഥാനമാണ് കൈത്തറി നെയ്ത്തു വ്യവസായത്തിനുള്ളത്. ഗ്രാമീണ തൊഴിൽ മേഖലയിൽ രണ്ടാംസ്ഥാനമുള്ള കൈത്തറിക്ക് ഗ്രാമീണ സമ്പത്ത് വ്യവസ്ഥയിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് സർക്കാർ പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കിയിരുന്നത്. ഇന്ത്യൻ കൈത്തറിയിൽ ഘടനാപരമായി ഉന്നതനിലവാരം പുലർത്തുന്നവയാണ് കേരളാകൈത്തറി. ഒരു കാലത്ത് കൈത്തറി തുണിത്തരങ്ങളുടെ കയറ്റുമതിയിൽ കേരളാകൈത്തറിക്ക് പ്രമുഖസ്ഥാനമാണ് ഉണ്ടായിരുന്നത്. ഇന്നും ആവശ്യക്കാർ ഏറെയുണ്ടെങ്കിലും വിലയിൽ മത്സരക്ഷമത ഇല്ലാത്തതാണ് കയറ്റുമതി കുറയാൻ കാരണം. അതുപോലെ തന്നെ പാവപ്പെട്ടവന്റെ വസ്ത്രമായിരുന്ന കൈത്തറി തുണി ഇന്ന് മധ്യവിഭാഗത്തിന്റെ മേൽത്തട്ടിലുള്ളവരുടെ വസ്ത്രമായിമാറിയിരിക്കുന്നു. ഈ വിഭാഗത്തിന്റെ അഭിരുചിക്കും താല്പര്യത്തിനും ഇണങ്ങുന്ന തുണിത്തരങ്ങൾ നിർമ്മിച്ച് നിലവാരം ഉയർത്തി വിപണിയിലെത്തിച്ചാൽ കൈത്തറിവസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. കാരണം, ഏറ്റവും കൂടുതൽ വസ്ത്രം വാങ്ങുന്നതും ഈ വിഭാഗത്തിൽപ്പെട്ടവരാണ്. ഇന്ന് നെയ്ത്തുകാർ സാമ്പത്തികമായി സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരും അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാൻ ബുദ്ധിമുട്ടുന്ന വരുമാണ്. അതിനാൽ ഇക്കൂട്ടർക്ക് ലഭിക്കുന്ന ഓരോ രൂപയും ഗ്രാമീണ കമ്പോളത്തിൽ ചലനം സൃഷ്ടിക്കും.


ഇത് കൂടി വായിക്കൂ: നുണകൾ നൃത്തമാടുന്ന സിനിമാ കാലം | JANAYUGOM EDITORIAL


കേരളത്തിന്റെ കൈത്തറികളിൽ തൊണ്ണൂറുശതമാനവും സഹകരണ മേഖലയിലാണ് പ്രവർത്തിക്കുന്നത്. 1997 വരെ പ്രവർത്തന മൂലധന വായ്പയ്ക്ക് സംഘങ്ങൾക്ക് സർക്കാർ പലിശ സബ്സിഡി അനുവദിച്ചിരുന്നു. തുക സർക്കാർ നേരിട്ട് ബാങ്കിന് കൊടുത്തിരുന്നു. ഈ സബ്സിഡി കഴിച്ചുള്ള തുകയാണ് പലിശ ഇനത്തിൽ ബാങ്ക് സംഘങ്ങളിൽ നിന്നും ഈടാക്കിയിരുന്നത്. എന്നാൽ സർക്കാരിൽനിന്നും സബ്സിഡി തുക കിട്ടാൻ താമസിക്കുന്നു എന്ന കാരണത്താൽ സംഘങ്ങളിൽ നിന്നും മുഴുവൻ പലിശയും ബാങ്ക് ഈടാക്കി. 1997–98ൽ പലിശ സബ്സിഡി സർക്കാർ നിർത്തലാക്കുകയും ചെയ്തു. സഹകരണസംഘങ്ങൾക്ക് പ്രവർത്തനമൂലധനത്തിനു സർക്കാർ സഹായം ഓഹരി പങ്കാളിത്തമായിട്ടാണ് നൽകുന്നത്. അംഗങ്ങളിൽനിന്നും പിരിഞ്ഞുകിട്ടിയ മൂലധനത്തിന്റെ നാലിരട്ടി, ആറിരട്ടി, എട്ടിരട്ടി എന്നിങ്ങനെയാണ് നൽകിയിരുന്നത്. എന്നാൽ 2004നു ശേഷം ഇത് പകുതിയായി കുറച്ചു.
സംഘങ്ങൾ ഉല്പാദിപ്പിക്കുന്ന തുണിത്തരങ്ങൾ 10 മുതൽ 15 ശതമാനം വരെ ലാഭം ചേർത്താണ് വില്പന നടത്തുന്നത്. ഇതിന് ഇരുപതുശതമാനം റിബേറ്റ് അനുവദിച്ചു വില്പന നടത്തുമ്പോൾ ലാഭവും മുതലിൽനിന്നും 12 ശതമാനവും കൂടി ചേർന്നു ഇരുപത്തിരണ്ടു ശതമാനമാണ് ഉപഭോക്താവിന് നൽകുന്ന റിബേറ്റ് ഇനത്തിൽ സംഘത്തിന് നഷ്ടമാകുന്നത്. ഇങ്ങനെയുള്ള റിബേറ്റ് തുക വർഷങ്ങൾ കഴിഞ്ഞാലും കിട്ടാതെവരുമ്പോൾ സംഘങ്ങളുടെ പ്രവർത്തന മൂലധനം ഇല്ലാതാകുന്നു. സർക്കാർ നിർദേശപ്രകാരം സംഘങ്ങൾ ഉപഭോക്താവിന് റിബേറ്റ് ഇനത്തിൽ നൽകുന്ന തുകയാണിത്. ഇത് സർക്കാർ തിരികെ നൽകേണ്ടതാണ്. എന്നാൽ പല കാരണങ്ങളാൽ റിബേറ്റ് തുക നല്‍കുന്നതില്‍ കാലതാമസമുണ്ടാകുന്നു. യഥാസമയം അനുവദിക്കാതെ നിഷേധിക്കുന്ന സ്ഥിതിയുമുണ്ട്.
പ്രാഥമിക സംഘങ്ങളിൽനിന്നും മറ്റ് ഒറ്റതറിക്കാരിൽനിന്നും കൈത്തറി വസ്ത്രങ്ങൾ സംഭരിച്ചു വില്പന നടത്തുന്നതിനായി സംസ്ഥാനതലത്തിൽ രൂപീകരിച്ച സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങളുടെ അപ്പക്സ് സംഘമായ ഹാന്റക്സും കൈത്തറി വികസനകോർപറേഷനും. ഇവയ്ക്ക് കോടിക്കണക്കിനു രൂപയാണ് മാർക്കറ്റിങ്ങിനായി വർഷംതോറും സർക്കാർ ഗ്രാന്റ് നൽകുന്നത്. ഈ സംസ്ഥാനതല സ്ഥാപനങ്ങൾക്ക് പ്രാഥമിക സംഘങ്ങളിൽനിന്നും ഉല്പന്നങ്ങൾ സംഭരിച്ച് വില്പന നടത്തുന്നതിനു കോടിക്കണക്കിനു രൂപ ഗ്രാന്റു കൊടുത്താലും സംഘങ്ങളിൽനിന്നും തുണി സംഭരിക്കണമെന്ന് നിഷ്കർഷിക്കാറില്ല. ഈ സ്ഥാപനങ്ങൾ പ്രാഥമിക സംഘങ്ങളിൽനിന്നും ഉല്പന്നങ്ങൾ കൃത്യമായി സംഭരിക്കാറില്ല. സംഭരിക്കുന്ന ഉല്പന്നങ്ങൾക്ക് യഥാസമയം വില കൊടുക്കാറുമില്ല. അതും വർഷങ്ങൾ കുടിശിക ഇടുന്നു. ഇതും പ്രാഥമിക സംഘങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. സംസ്ഥാന സർക്കാർ വർഷംതോറും കോടിക്കണക്കിനു രൂപാ കൈത്തറിമേഖലയ്ക്ക് വേണ്ടി ചെലവാക്കുന്നു. എന്നാൽ ഇതൊന്നും നെയ്ത്തുകാരുടെ ശരാശരി ദിവസവേതനം വർധിക്കുന്നതിനോ കൈത്തറി നെയ്ത്തു തൊഴിൽ അഭിവൃദ്ധിപ്പെടുത്തുന്നതിനോ ഉപകരിക്കുന്നില്ല. കാരണം ഇതൊന്നും ഉല്പാദനവുമായി ബന്ധപ്പെട്ടല്ല വിനിയോഗിക്കുന്നത്. കൈത്തറി നെയ്ത്തുപോലെ തൊഴിലാളി പ്രധാനമായ ഒരു മേഖലയിൽ പദ്ധതി ആവിഷ്കരിക്കുമ്പോൾ തൊഴിലാളികൾക്ക് സമൂഹത്തിന്റെ നിലവാരത്തിനു ഒത്തുപോകാൻ തക്ക വേതനം ലഭിക്കണം. അതിനാൽ ഈ മേഖലയ്ക്ക് വേണ്ടി ചെലവാക്കുന്ന തുകയിൽ കൂടുതലും നെയ്ത്തുകാർക്ക് തൊഴിൽ ചെയ്യുന്നതിന് സഹായം ലഭിക്കുന്ന വിധത്തിലായിരിക്കണം വിനിയോഗിക്കേണ്ടത്. ഇതൊരു കൈത്തൊഴിൽ മേഖലയാണ്. ഇവിടെ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് നെയ്ത്തുകാരാണ്. കൈത്തറിയിൽ ഉല്പാദിപ്പിക്കുന്ന തുണിയുടെ ഉല്പാദന വിലയിൽ 45 ശതമാനം മുതൽ 70 ശതമാനംവരെ നെയ്ത്ത് കൂലി ഇനത്തിൽ ഉള്ളതാണ്. കഴിഞ്ഞ 12 വർഷത്തിനിടയ്ക്ക് ഗ്രാമീണതൊഴിൽ മേഖലയിൽ ദിവസവേതനം എട്ടിരട്ടി വർധിച്ചിട്ടുണ്ട്. എന്നാൽ നെയ്ത്തു കൂലി രണ്ടോ മൂന്നോ ഇരട്ടിമാത്രമാണ് കൂട്ടിയത്. കൂടാതെ നെയ്ത്തുകാരന് ലഭിക്കുന്നത് ദിവസവേതനമല്ല. ഉല്പാദനവുമായി ബന്ധപ്പെടുത്തിയാണ്. നൈപുണ്യം ആവശ്യമുള്ള കായികാധ്വാനമായതിനാൽ ശരാശരിവേതനം കുറയുന്നു. ഗ്രാമീണ മേഖലയിലെ ഏറ്റവും ദരിദ്ര ജനവിഭാഗമായി നെയ്ത്തുകാർ മാറിയിരിക്കുന്നു. ഇന്ന് കൈത്തറി മേഖലയിൽ തൊഴിലില്ലായ്മയല്ല ജോലി ചെയ്താൽ ജീവനത്തിനുള്ള വേതനം ലഭിക്കാത്തതാണ് മുഖ്യപ്രശ്നം. അതിനാൽ നെയ്ത്തുകാർ നെയ്ത്ത് ഉപേക്ഷിച്ച് മറ്റുതൊഴിൽ അന്വേഷിച്ചുപോകുന്നു. ഇത് ഗ്രാമീണ തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നു.


ഇത് കൂടി  വായിക്കൂ: യാഥാര്‍ത്ഥ്യമാകുന്നത് പ്രാപ്തരായ രണ്ടാംനിര ഉദ്യോ­ഗസ്ഥ മേധാവികൾ എന്ന സ്വപ്നം


സംഘങ്ങൾ പ്രവർത്തനമൂലധനത്തിൽനിന്നും സർക്കാർ ഉത്തരവ് പ്രകാരം റിബേറ്റ് ഇനത്തിൽ ഉപഭോക്താവിന് കൊടുക്കുന്ന തുക ഒരു മാസത്തിനുള്ളിൽ തിരികെ സംഘാംഗങ്ങൾക്ക് കൊടുക്കാൻ സർക്കാരിന് കഴിയണം. ഉല്പാദന പ്രക്രിയയെ പ്രോത്സാഹിപ്പിക്കാതെയുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാതെ ഒരു പരമ്പരാഗത വ്യവസായം പുരോഗതി കൈവരിക്കില്ല. ഉല്പാദനം നടക്കുമ്പോഴാണ് സാങ്കേതിക വിദ്യാവികസനം പ്രായോഗികമാകുന്നത്. മൂല്യവർധിതമാക്കുവാൻ ഉല്പന്നം ആവശ്യമാണ്. വാണിജ്യബാങ്കുകളിൽ നിലവിലുള്ള പലിശയ്ക്ക് പ്രവർത്തന മൂലധനവായ്പ എടുത്തു പരമ്പരാഗത വ്യവസായം നിലനിർത്താൻ കഴിയുകയില്ല. അതിന് പ്രഥമവും പ്രധാനവുമായി വേണ്ടത് മതിയായ തോതിൽ പ്രവർത്തന മൂലധനം മിതമായ പലിശക്കോ പലിശരഹിതമായോ ലഭിക്കണം. സംഘങ്ങൾക്ക് നൽകുന്ന സർക്കാർ ഓഹരി പങ്കാളിത്തം അംഗങ്ങളിൽനിന്നും പിരിഞ്ഞുകിട്ടിയ ഓഹരിയുടെ പത്തിരട്ടി എങ്കിലുമാക്കി വർധിപ്പിക്കണം. സംഘങ്ങളിലെ ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തണം. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ ജീവനക്കാരുടേതിനു തുല്യമാക്കണം. എങ്കിൽ മാത്രമേ യോഗ്യതയുള്ള ചെറുപ്പക്കാർ ഈ മേഖലയിലേക്ക് കടന്നുവരികയുള്ളു. നവീനമായ വിപണന തന്ത്രങ്ങളും സാങ്കേതിക മികവും പ്രയോജനപ്പെടുത്താൻ അപ്പോൾ ഈ മേഖലയ്ക്കു കഴിയും. പ്രവർത്തനം അകത്തുനിന്നുമാകണം. പുറത്തുനിന്നുമാകരുത്. ശമ്പളത്തിന്റെ അറുപതുശതമാനം തുക സർക്കാർ ഗ്രാന്റ് ആയി നൽകുകയും വേണം.
ഈ തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളിക്ക് ജീവിത നിലവാരവുമായി പൊരുത്തപ്പെടുന്ന വേതനം ഉറപ്പുവരുത്തണം. ചെയ്യുന്ന ജോലിയുടെ കൂലി അപ്പോൾതന്നെ ലഭിക്കുന്ന സാഹചര്യവുമുണ്ടാകണം. കാരണം ദൈനംദിന അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രയാസപ്പെടുന്നവരാണ് നെയ്ത്തുകാർ. സാമൂഹിക സുരക്ഷാപദ്ധതി നടപ്പിലാക്കാൻ കഴിയണം. ഈ തൊഴിൽകൊണ്ട് കുടുംബം പോറ്റാൻ കഴിയും എന്ന ബോധ്യം തൊഴിലാളികളിൽ ഉണ്ടാക്കിയാല്‍ മാത്രമേ അവർക്ക് തൊഴിലിനോട് ആത്മാർത്ഥത ഉണ്ടാകൂ. അപ്പോൾ ഉല്പന്ന വൈവിധ്യവല്‍ക്കരണവും ആധുനികവല്‍ക്കരണവും സാങ്കേതികവിദ്യാ വികസന പദ്ധതികളും നടപ്പിലാക്കാൻ കഴിയും. ഇതിനുള്ള ആവശ്യകത താഴെ തട്ടിൽനിന്നും ഉയർന്നുവരും. പുതിയ സാങ്കേതികവിദ്യകളുടെ പരിചയപ്പെടുത്തൽ മാത്രമേ മുകൾതട്ടിൽനിന്നും ഉണ്ടാകാവൂ. പരമ്പരാഗത വ്യവസായ മേഖലയെകൂടി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പരമ്പരാഗത വ്യവസായത്തിന്റെ പുരോഗതിക്കും തൊഴിലാളികളുടെ വേതന വർധനവിനും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രത്യുല്പാദനപരമാക്കുന്നതിനും സാധിക്കും. പ്രത്യുല്പാദനപരമല്ലാത്ത മേഖലയിൽ പണം ചെലവഴിക്കുമ്പോൾ ഉണ്ടാകുന്ന വിലക്കയറ്റം ഒരു പരിധി വരെ നിയന്ത്രിക്കാനും കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.