10 January 2025, Friday
KSFE Galaxy Chits Banner 2

കലാകാരന്‍മാരുടെ രാഷ്ട്രീയ വിളവെടുപ്പ്

കലവൂര്‍ ജ്യോതി
September 3, 2023 4:30 am

സെറ്റില്‍ ചമയങ്ങള്‍ അഴിച്ചുവച്ച് നടീനടന്മാര്‍ പുറത്തിറങ്ങിയാല്‍ ഏതൊരു പൗരനുമുള്ള സ്വാതന്ത്ര്യവും അഭിപ്രായങ്ങളും അവകാശങ്ങളും അവര്‍ക്കുമുണ്ട്. നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് സംസാരിക്കാനും തെറ്റാണെങ്കില്‍ തിരുത്താനുള്ള വിവേകവും കാണിക്കണം. ഏത് സംഘടനയില്‍ പ്രവര്‍ത്തിക്കാനും ഏത് രാഷ്ട്രീയത്തില്‍ വിശ്വസിക്കാനും അവര്‍ക്ക് അവകാശമുണ്ട്. ആ വിശ്വാസവും പ്രവര്‍ത്തനവും കടമ്മനിട്ട പാടിയതുപോലെ ‘നിങ്ങളെ നിങ്ങളാക്കി‘യ പ്രേക്ഷകരുടെ നല്ല ജീവിതത്തിനുവേണ്ടിയാകുമെങ്കില്‍ സ്നേഹവും ബഹുമാനവും കൂടുകതന്നെ ചെയ്യും. രാഷ്ട്രീയ എതിര്‍ചേരിയിലാണെങ്കിലും നിങ്ങള്‍ അഭിനയിക്കുന്ന സിനിമകളുടെ നിലവാരം നോക്കിയാണ് വിലയിരുത്തുന്നതും ആരാധിക്കുന്നതും. സിനിമാതാരങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. തമിഴ് രാഷ്ട്രീയത്തിലെ നേതാക്കന്മാര്‍ ബഹുഭൂരിപക്ഷവും സിനിമാരംഗത്തുനിന്നും വന്നവരാണ്. എം കരുണാനിധി, എം ജി രാമചന്ദ്രന്‍, ജയലളിത, ഉലകനായകന്‍ കമലഹാസന്‍, വിജയകാന്ത്, ഖുശ്ബു, ഉദയനിധിസ്റ്റാലിന്‍ എന്നിവര്‍ വെള്ളിത്തിരയിലെ മിന്നും പ്രകടനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് വന്നതും ഭരണത്തിലേറിയതും. ഹിന്ദിയിലും തെലുങ്കിലുമൊക്കെയുള്ള നേതാക്കന്മാരും ഭരണാധികാരികളില്‍ മിക്കവരും വെള്ളിത്തിരയില്‍ നിന്നുള്ളവരാണ്. എന്‍ ടി രാമറാവു എത്രയോ വര്‍ഷം ആന്ധ്രയിലെ മുഖ്യമന്ത്രിയായിരുന്നു. അമിതാഭ്ബച്ചനും ജയാബച്ചനുമൊക്കെ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്തു പാര്‍ലമെന്റില്‍ എത്തിയവരാണ്. കലയെയും കലാകാരന്മാരെയും വളര്‍ത്തി പ്രശസ്തരാക്കിയ പാരമ്പര്യമുള്ളവരാണ് കേരളത്തിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍. ഈ പാരമ്പര്യം മറ്റൊരു പാര്‍ട്ടിയിലും കാണാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ് ഈ രംഗത്ത് മാതൃക. കെപിഎസി, സൂര്യസോമ, കേരള പീപ്പിള്‍സ് സ്റ്റേജ് തുടങ്ങിയ ഇടതുപക്ഷ നാടകസമിതികളിലെ നടീനടന്മാരും കലാകാരന്മാരും പിന്നീട് സിനിമയില്‍ പ്രശസ്തരായി. ലളിത, സുലോചന, കെ പി ഉമ്മര്‍, എന്‍ ഗോവിന്ദന്‍കുട്ടി, തിലകന്‍, രാജന്‍ പി ദേവ്, ഒ മാധവന്‍, വിജയകുമാരി, ദേവരാജന്‍ മാസ്റ്റര്‍, ഒഎന്‍വി, വയലാര്‍ രാമവര്‍മ്മ തുടങ്ങിയ പ്രതിഭകള്‍ അരങ്ങിലും അഭ്രപാളികളിലും തിളങ്ങി പ്രശസ്തിയിലേക്ക് ഉയര്‍ന്നവരാണ്.


ഇതുകൂടി വായിക്കൂ: കൈരളിക്ക് ഇന്ദ്രധനുസ് തീര്‍ത്ത വയലാര്‍


മനുഷ്യത്വമുള്ള പുരോഗമന ആശയക്കാരും അവര്‍ രൂപം കൊടുത്ത അരങ്ങുകളും അതിലഭിനയിച്ച കലാകാരന്മാരും നടത്തിയ സദുദ്ദേശപരമായ പ്രതിഭാ പ്രവര്‍ത്തനത്തിലൂടെ 1957ല്‍ കേരളത്തില്‍ ഒരു മന്ത്രിസഭ തന്നെ അധികാരത്തില്‍ വന്നു. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വിജയിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തനം നടത്തിയവരെന്ന് ആ കലാകാരന്‍മാരെ രാഷ്ട്രീയചരിത്രം രേഖപ്പെടുത്തുന്നു. ഏത് രംഗത്തു പ്രവര്‍ത്തിക്കുന്ന കലാകാരന്മാരായാലും അവര്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും കേരളീയരുടെ ജീവിത ഉയര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യണം. ഇക്കഴിഞ്ഞ ദിവസം പ്രശസ്ത നടന്‍ ജയസൂര്യ തന്റെ സുഹൃത്തും നടനും കൃഷിക്കാരനുമായ കൃഷ്ണപ്രസാദില്‍ നിന്നും നെല്ലുസംഭരിച്ചതിന് വില കൊടുത്തില്ലെന്ന് കളമശേരി കാര്‍ഷികോത്സവവേദിയില്‍ വെളിപ്പെടുത്തുകയുണ്ടായി. കൃഷ്ണപ്രസാദ്, ചങ്ങനാശേരി എസ്ബിഐ ശാഖയില്‍ നിന്നും തുക കൈപ്പറ്റിയതായി തെളിവുസഹിതം രേഖകള്‍ പുറത്തുവരികയും ചെയ്തു. വസ്തുത ഇതായിരിക്കെ കൃഷിക്കാര്‍ക്ക് തങ്ങളുടെ ഉല്പന്നത്തിന് പ്രതിഫലം ലഭിച്ചില്ലെന്ന പരാതി ശരിയല്ലെന്ന് ആനുകൂല്യം കിട്ടിയ കര്‍ഷകരുള്‍പ്പെടെയുള്ള പൊതുസമൂഹം വെളിപ്പെടുത്തുന്നു. ജയസൂര്യയെപ്പോലെയുള്ള കലാകാരന്മാര്‍ ഏത് വിഷയവും സംസാരിക്കുമ്പോള്‍ അതിന്റെ നിജസ്ഥിതി അന്വേഷിച്ച് കൃത്യതവരുത്തണമെന്ന അഭിപ്രായവും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. ഭരണപരമായ കാര്യങ്ങള്‍ ലഭ്യമായ സാഹചര്യങ്ങളനുസരിച്ച് മനസിലാക്കാതെ ഭരണത്തെയും വകുപ്പ് മന്ത്രിയെയും മങ്ങലേല്പിക്കുംവിധം പരാമര്‍ശങ്ങള്‍ നടത്തുന്നത് ആരെ സഹായിക്കാനാണെന്ന ചിന്ത സമൂഹം ചര്‍ച്ച ചെയ്യുകയാണ്. ശരിയായ വസ്തുത എന്തെന്നു മനസിലാക്കുമ്പോള്‍ തിരുത്താനുള്ള സന്മനസെങ്കിലും സമൂഹം ആദരിക്കുന്ന വ്യക്തികളില്‍ നിന്നും ഉണ്ടാകണം. കൃത്യമായി നെല്ലുവില ലഭിക്കാത്തതിനു കാരണം ആരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് തിരിച്ചറിഞ്ഞു പ്രതികരിക്കണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് കൃഷ്ണപ്രസാദ് മൗനിയാകുന്നത് പ്രേക്ഷകര്‍ കണ്ടു. കൃഷി വകുപ്പിനെക്കുറിച്ച് മാത്രമല്ല ഭക്ഷ്യ വകുപ്പിനെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും അവരുടേതല്ലാത്ത കുറ്റങ്ങളെക്കുറിച്ചും ഓരോ ദിവസവും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നിര്‍മ്മിച്ചു വരികയാണ്. ഇത് പ്രശ്നം പരിഹരിക്കാനല്ല വലുതാക്കാനാണ്.


ഇതുകൂടി വായിക്കൂ: ഉണര്‍വോടെ കാര്‍ഷികം


നെല്ലിന്റെ താങ്ങുവിലയായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കാനുള്ളത് 637.7 കോടി രൂപയാണെന്നും കൃഷിക്കാര്‍ക്ക് ലഭിക്കാനുള്ളത് വെറും 250 കോടിയാണെന്നും മാധ്യമങ്ങളും താരങ്ങളും മൂടിവയ്ക്കുന്നു. കാര്യക്ഷമതയുള്ള, വകുപ്പിനെ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന കൃഷിമന്ത്രിക്കെതിരെയാണ് അവാസ്തവ പ്രസ്താവനകള്‍ ഇറക്കുന്നത്. ഇത് നീതിയല്ല. റബ്ബര്‍ ഉള്‍പ്പെടെ കൃഷി ചെയ്യുന്ന കര്‍ഷകജില്ലയായ കോട്ടയത്ത് പുതുപ്പള്ളിയിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തരം കുപ്രചരണത്തിലൂടെ രണ്ട് വോട്ട് വിജയിപ്പിച്ചെടുക്കാമെന്ന വ്യാമോഹം ഈ നുണപ്രചരണത്തിനു പിന്നിലുണ്ട്. എന്നാല്‍ കേരളത്തോട് കേന്ദ്രം കാട്ടുന്ന സാമ്പത്തിക ഉപരോധത്തെക്കുറിച്ച് അറിയാവുന്നവര്‍ എല്ലാ പൊളിവചനങ്ങളും അതിന്റേതായ ഗൗരവത്തില്‍ തള്ളിക്കളയുമെന്നുറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.