25 April 2024, Thursday

കൈരളിക്ക് ഇന്ദ്രധനുസ് തീര്‍ത്ത വയലാര്‍

പുളിക്കല്‍ സനില്‍രാഘവന്‍
October 27, 2022 12:41 pm

കാവ്യപ്രപഞ്ചത്തിലെ മറക്കാനാകാത്ത അനശ്വര ഗാനങ്ങള്‍ കൈരളിക്ക് നല്‍കിയ വയലാര്‍ വിടവാങ്ങിയിട്ട് ഇന്ന് നാല്‍പത്തി ഏഴ് വര്‍ഷമാകുന്നു. പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോള്‍, 1975 ഒക്ടോബർ 27‑നു പുലർച്ചെ നാലുമണിയ്ക്ക് തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിലായിരുന്നു വയലാറിന്റെഅന്ത്യം.ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് മാസം 25‑ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു.

ഈ സംഭവത്തിന്റെ പേരിലാണ് അദ്ദേഹം ആത്മാവിൽ ഒരു ചിത എന്ന കവിതയെഴുതിയത്. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു.1948 ആഗസ്തിലാണ് ആദ്യ കവിതാസമാഹാരമായ പാദമുദ്രകള്‍ പ്രസിദ്ധീകരിക്കുന്നത്. 1975ലെ ‘വൃക്ഷ’മാണ് അവസാന കവിത. 1956 ൽ ഖദീജാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചിത്രത്തിൽ തുമ്പീ തുമ്പീ എന്ന ഗാനമെഴുതിക്കൊണ്ട് മലയാള ചലച്ചിത്ര ലോകത്തിലേക്ക് പ്രവേശിച്ചു.

1956 ല്‍ കൂടപ്പിറപ്പ് എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതി തന്റെ സിനിമാജീവിതം തുടങ്ങിയ വയലാര്‍ 250 ലേറെ ചിത്രങ്ങള്‍ക്കുവേണ്ടി 1300 ഓളം ഗാനങ്ങള്‍ രചിച്ചു. കൂടാതെ 25 ഓളം നാടകങ്ങളിലായി 150 ഓളം നാടകഗാനങ്ങളും അദ്ദേഹം എഴുതി.വയലാറിന്റെ ഗാനങ്ങളുടെ ഈരടികളും ശീലുകളും കേള്‍ക്കാതെ മലയാളി ഒരു ദിവസവും പിന്നിടുന്നില്ല. ആയിരത്തി നാനൂറോളം ഗാനങ്ങള്‍ സിനിമയില്‍! നാടകങ്ങളില്‍ ഏതാണ്ട് ഇരുനൂറിനു മേല്‍ പാട്ടുകള്‍ അനേകം കവിതകള്‍ ഇവയ്ക്ക് പുറമേ നിണമാര്‍ന്ന വിപ്ലവ സ്വപ്‌നങ്ങള്‍ക്കു കാവ്യസൗരഭ്യത്തിന്റെ കരുത്തും ശേഷിയും നല്‍കിയ കവിയാണ്.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.

കവിയെന്ന നിലയില്‍ ശ്രദ്ധ നേടിയ വയലാര്‍ സിനിമാഗാനരചയിതാവ് എന്ന നിലയിലും ആരാധകരെ സ്വന്തമാക്കി. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത വയലാര്‍ 1956 ല്‍ ‘കൂടപ്പിറപ്പ്’ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയാണ് ചലച്ചിത്ര ലോകത്തേയ്ക്ക് എത്തിയത്. ‘തുമ്പീ തുമ്പീ വാ വാ’ എന്ന ഗാനമാണ് വയലാര്‍ രചിച്ച ആദ്യ സിനിമാ ഗാനം. 22 സംഗീതസംവിധായകര്‍ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയ വയലാര്‍ ജി ദേവരാജന്‍ മാസ്റ്ററോടൊപ്പമാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ഒരുക്കിയത്.ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പത്താം വാര്‍ഷിക ദിനത്തിലായിരുന്നു 

ബലികുടീരങ്ങളേ എന്ന ഗാനം ഒരുക്കിക്കൊണ്ട് വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ട് പിറവിയെടുത്തത്. 1957 ല്‍ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയുടെ കാലത്ത് പാളയം (തിരുവന്തപുരം), രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിന് അവതരിപ്പിക്കുവാന്‍ വേണ്ടിയാണ് അദ്ദേഹം ‘ബലികുടീരങ്ങളെ…..’ എന്ന ഗാനം രചിച്ചത്. പിന്നീട് ഈ ഗാനം വിശറിക്കു കാറ്റു വേണ്ട എന്ന നാടകത്തിന് വേണ്ടി ഉപയോഗിച്ചു. പെരിയാറേ പെരിയാറേ, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, ആയിരം പാദസരങ്ങള്‍ കിലുങ്ങി, കടലിനക്കരെ പോണോരേ, ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ, വീണപൂവേ, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ, സ്വര്‍ണച്ചാമരം വീശിയെത്തുന്ന,ചക്രവര്‍ത്തിനീ, തേടിവരും കണ്ണുകളില്‍, ശബരിമലയില്‍ തങ്കസൂര്യോദയം, നീലാംബരമേ, സുമംഗലീ നീ ഓര്‍മിക്കുമോ, പുഴകള്‍ മലകള്‍, നിത്യ വിശുദ്ധയാം കന്യാമറിയമേ, സന്യാസിനീ നിന്‍, പത്മതീര്‍ഥമേ ഉണരൂ, പൂന്തേനരുവീ, പൂവുകള്‍ക്കു പുണ്യകാലം, സന്ധ്യമയങ്ങും നേരം ‚തുടങ്ങിയവയെല്ലാം വയലാറിന്റെ തൂലികയിലൂടെ മലയാളികളെ മയക്കിയ ഗാനങ്ങളാണ്.കാല്‍പ്പനികത പൂത്തുലഞ്ഞ സംഗീതസാന്ദ്ര കവിതകള്‍ നല്‍കിയാണ് വയലാര്‍ നമ്മുടെ മനസ്സില്‍ അനശ്വരനായിത്തീര്‍ന്നത്.സാമൂഹികമൂല്യങ്ങള്‍ക്കൊപ്പം സൗന്ദര്യാത്മക തലങ്ങളും ഉയര്‍ത്തിയ കവിതകള്‍ ഇന്നും മരണമില്ലാതെ നില്‍ക്കുന്നു. വയലാര്‍ രാമവര്‍മ്മ ജനിച്ചത് കവിയായിട്ടാണ്. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലോകത്തെത്തേടി ആ കവിഹൃദയം അലഞ്ഞു നടന്നു. കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തിവിടു കയും ഗാനങ്ങളുടെ ഹൃദയത്തിലേക്ക് കവിതയെ ആവാഹിക്കു കയും ചെയ്തിരുന്നു വയലാര്‍. 

വയലാര്‍ എഴുതിയ 1300ഓളം സിനിമാഗാനങ്ങളില്‍ 755ഉം സംഗീതം നല്‍കിയത് ദേവരാജനാണ്.വയലാറിനെപ്പറ്റി ദേവരാജന്‍ തന്റെ അവസാന കാലത്തു പറഞ്ഞതിങ്ങനെയെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു: നല്ല ആശയങ്ങളുള്ള ഗാനങ്ങളെഴുതാന്‍ വയലാറിനെപ്പോലെ ഒരാള്‍ ഈ ലോകത്തില്ല. ഇത്രയും നല്ലൊരു മനുഷ്യന്‍ വേറെയില്ല. പ്രതിഫലം നോക്കാതെ വരികളെഴുതിയ ആ നല്ല മനുഷ്യന്റെ മുന്നില്‍ നാം ശിരസ്സാ നമിക്കണം. ആ വരികളൊക്കെ ഇന്നും ജീവിക്കുന്നു. മലയാളത്തിന്റെ ഭാഗ്യമായിരുന്ന വയലാര്‍ പുനര്‍ജനിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയ നിമിഷങ്ങള്‍ അനവധി. ഞാന്‍ ഏറ്റവും അധികം ഈണം പകര്‍ന്നത് വയലാറിന്റെ വരികള്‍ക്കായിരുന്നു.

വയലാര്‍ തന്റെ കവിതകളിലൂടെ മനുഷ്യ മനസ്സിന്‍റെ എല്ലാ ഭാവ തലങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകുന്നു. വിടവാങ്ങി നാലര പതിറ്റാണ്ടുകൾക്കിപ്പുറവും കവിയുടെ സർഗസംഗീതത്തിന് മരണമില്ല. ആ കവിതകളും പാട്ടുകളും ഇനിയും തലമുറകൾ പാടിനടക്കും.

Eng­lish Summary:
Indrad­hanus was done by Vay­alar for Kairali

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.