19 November 2024, Tuesday
KSFE Galaxy Chits Banner 2

ഊര്‍ജോല്പാദന നയത്തില്‍ മാറ്റങ്ങള്‍ വേഗത്തിലാകണം

Janayugom Webdesk
September 8, 2023 5:00 am

കാലാവസ്ഥാവ്യതിയാനവും വൈദ്യുതിപ്രതിസന്ധിയും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും കല്‍ക്കരി ഉപയോഗിച്ചുള്ള താപവൈദ്യുത നിലയങ്ങളെ ആശ്രയിക്കുമ്പോള്‍ ധാരാളം നദികളുള്ള കേരളം ജലവൈദ്യുതപദ്ധതികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇടുക്കി ജലവൈദ്യുതപദ്ധതിയും ഒരു ഡസനോളം ചെറുകിട പദ്ധതികളുമാണ് കേരളത്തിന്റെ ഊര്‍ജോല്പാദനത്തിന്റെ നട്ടെല്ല്. മണ്‍സൂണ്‍ ക്രമംതെറ്റാതെ പെയ്തിരുന്നത് ഊര്‍ജോല്പാദന മേഖലയ്ക്കും സഹായകമായിരുന്നു. എന്നാല്‍ ഒരു ദശാബ്ദമായി ഇടവപ്പാതിയും കാലവര്‍ഷവും ക്രമംതെറ്റിയാണ് പെയ്യുന്നത്. കഴിഞ്ഞ അ‍ഞ്ചുവര്‍ഷമായി ജൂണ്‍-ജൂലൈ മാസത്തെ ഇടവപ്പാതിയും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലെ കാലവര്‍ഷവും കൂടിക്കലര്‍ന്ന് പെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടായി. ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ വലിയതോതില്‍ കേരളത്തെ ബാധിച്ചുകഴിഞ്ഞു. രണ്ട് മഴക്കാലങ്ങള്‍‍ ഒന്നായി പെയ്ത് മിന്നല്‍ പ്രളയങ്ങളും ഉരുള്‍പൊട്ടലും വ്യാപകമായി. മഴ നിന്നുപെയ്ത് അണക്കെട്ടുകള്‍ സാവധാനം നിറയുന്ന അവസ്ഥയില്‍ നിന്ന് മാറി വര്‍ഷകാലത്തും അവ പകുതിപോലും നിറയാത്ത അവസ്ഥ സംജാതമായതോടെയാണ് കേരളത്തിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.

 


ഇതുകൂടി വായിക്കൂ; ദാരിദ്ര്യ ലഘൂകരണവും സംസ്ഥാനങ്ങളും


കേരളത്തിന് ഒരിക്കലും വൈദ്യുതോല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷം ആവശ്യമായ വൈദ്യുതിയുടെ ഏതാണ്ട് പകുതിമാത്രമാണ് ആഭ്യന്തരോല്പാദനം. ബാക്കി ദീര്‍ഘകാല, ഹ്രസ്വകാല കരാറുകള്‍ വഴി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്വകാര്യകമ്പനികളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. നിലവിലെ പ്രതിസന്ധിക്ക് കാരണം ദീര്‍ഘകാലമായി കേരളത്തിന് വൈദ്യുതി നല്‍കിയിരുന്ന ജബുവ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡ് എന്നീ കമ്പനികളുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കിയതാണ്. ഇവരുമായുള്ള ദീര്‍ഘകാല വൈദ്യുതി കരാര്‍ സംസ്ഥാന റഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് കാരണം റദ്ദാക്കേണ്ടി വന്നതോടെ പുതിയ കമ്പനികളുമായി കരാറിലേര്‍പ്പെടേണ്ട സ്ഥിതി സംജാതമായി. എ ന്നാല്‍ പഴയ കരാര്‍ പ്രകാരം യൂണിറ്റിന് 4.26 രൂപയ്ക്ക് വൈദ്യുതി നല്‍കാന്‍ ആരും തയ്യാറല്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ അഡാനി പവര്‍, ഡിബി പവര്‍ എന്നീ കമ്പനികള്‍ വരുന്ന അഞ്ചുവര്‍ഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി നല്‍കുന്നതിന് തയ്യാറാണ്. യൂണിറ്റിന് 6.88 രൂപയ്ക്കാണ് ഇവര്‍ വൈദ്യുതി നല്‍കാന്‍ സന്നദ്ധരായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് 4.26 രൂപയ്ക്ക് വൈദ്യുതി ലഭിച്ചിരുന്ന പഴയ കരാര്‍ പുനഃസ്ഥാപിക്കാന്‍ നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. ഇത് ഫലപ്രാപ്തിയിലെത്തുമെന്ന് തന്നെ കരുതാം. കേരളത്തിന്റെ ഊര്‍ജമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഡാമുകളില്‍ വെള്ളമില്ലാതാകുമ്പോള്‍ വൈദ്യുതിപ്രതിസന്ധിയെന്ന നിലവിളി എത്രകാലം നമുക്ക് തുടരാനാകും? വന്‍വില കൊടുത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നത് കേരളത്തിലെ സാധാരണക്കാരുടെ മേല്‍ വന്‍പ്രഹരമാണ് ഏല്പിക്കുക.


ഇതുകൂടി വായിക്കൂ; ഇന്ത്യയെ ഭയക്കുന്നത് ആര് ?


 

വികസനത്തിലേക്ക് കുതിക്കുന്ന ഒരു സംസ്ഥാനത്ത് ഊര്‍ജവിതരണത്തിലെ അപാകതകള്‍ വലിയ തിരിച്ചടിയാകും. നിലവിലെ ലോകക്രമത്തിനനുസരിച്ച് പാരമ്പര്യേതര ഊര്‍ജോല്പാദന മേഖലയിലേക്ക് ശ്രദ്ധകൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാലംചെല്ലുംതോറും പെയ്യുന്ന മഴയുടെ അളവും ദൈര്‍ഘ്യവും കുറയുകയാണ്. നദികളിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുന്നു. കുടിവെള്ളത്തിന് തന്നെ കടുത്ത ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ നിലവില്‍ കേരളത്തിലുണ്ട്. ഇനിയൊരു വന്‍ അണക്കെട്ട് പണിത് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. ചൂടുകൂടിവരുന്ന കാലാവസ്ഥയെ പ്രയോജനപ്പെടുത്തി ഊര്‍ജോല്പാദനം നടത്തേണ്ട രീതിയിലേക്ക് നയംമാറ്റം ഉണ്ടാകണം. സൗരോര്‍ജത്തെ ഫലപ്രദമായി ഉപയോഗിക്കുന്ന ‘സിയാല്‍ മോഡല്‍’ തന്നെ നമ്മുടെ മുമ്പിലുള്ള മികച്ച മാതൃകയാണ്. സര്‍ക്കാര്‍ ഓഫിസുകള്‍, ആതുരാലയങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വാണിജ്യസ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങി എത്രയോ ലക്ഷം കെട്ടിടങ്ങളുടെ മേല്‍ക്കൂരകളെ ഊര്‍ജോല്പാദന കേന്ദ്രങ്ങളാക്കി മാറ്റാനാകും. സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്ന പണത്തിന്റെ പകുതി ഇവര്‍ക്ക് പ്രതിഫലമായി നല്‍കിയാല്‍ തന്നെ കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വുണ്ടാകും. വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വതമായ മാറ്റം ഉണ്ടാവുകയും ചെയ്യും. കേരളത്തിന് വൈദ്യുതി നല്‍കാന്‍ തയ്യാറായി മുന്നോട്ടുവന്ന അഡാനി പവര്‍ എന്ന കമ്പനി തന്നെ സൗരോര്‍ജ പദ്ധതിയിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടമുണ്ടാക്കാത്ത ഊര്‍ജോല്പാദന മേഖലകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഇനിയും വൈകിക്കൂടെന്നാണ് നിലവിലെ വൈദ്യുതി പ്രതിസന്ധി കേരളത്തെ ഓര്‍മ്മിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.